Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മീടു ആരോപണം പരിഹരിക്കാൻ അന്ന് കാലുപിടിച്ചപേക്ഷിച്ചു; അന്ന് ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്; പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച ആസൂത്രിതം'; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിങ്

'മീടു ആരോപണം പരിഹരിക്കാൻ അന്ന് കാലുപിടിച്ചപേക്ഷിച്ചു; അന്ന് ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്; പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച ആസൂത്രിതം'; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിങ്

ന്യൂസ് ഡെസ്‌ക്‌

അമൃത്‌സർ: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിൽ ഉണ്ടായ വീഴ്ച അടക്കമുള്ള വിഷയത്തിൽ കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്.

തന്നെ പുറത്താക്കി പിൻഗാമിയായെത്തിയ നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെയും അമരിന്ദർ കടുത്ത ആരോപണങ്ങളുയർത്തി. 'മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ച ഛന്നി സർക്കാർ ആസൂത്രണം ചെയ്തതാണെന്നു വ്യക്തമാണ്. ഫിറോസ്പുരിലെ വേദിയിലേക്കു വരുന്ന ബിജെപിയുടെ വാഹനങ്ങൾ തടയുന്ന കർഷകരെ അവിടെനിന്നു മാറ്റേണ്ടെന്നു സർക്കാർ പൊലീസിനു നിർദ്ദേശം നൽകി. മോദി വരുന്നതിനു മുൻപേ ഫിറോസ്പുരിലെ മേൽപ്പാലത്തിലൂടെ ഞാൻ പോയപ്പോൾ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധിക്കുന്നതിനു പകരം മുഖ്യമന്ത്രി നിർവ്യാജം ഖേദം പ്രകടിപ്പിക്കണം.' അമരിന്ദർ പറഞ്ഞു.

പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന തന്ത്രപ്രധാന സംസ്ഥാനമാണു പഞ്ചാബ്. ഐഎസ്‌ഐ ഇവിടെ പ്രശ്‌നമുണ്ടാക്കാൻ എപ്പോഴും നോക്കുന്നുണ്ട്. അവരുടെ കൈകളിലേക്കു കാര്യങ്ങൾ എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛന്നിക്കെതിരെ വ്യക്തിപരമായ ആക്രമണവും അമരിന്ദർ നടത്തി.

മീടൂ ആരോപണത്തിനു പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ഛന്നി തന്റെ കാലിൽ വീണു. അന്നു ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്. ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാത്ത വ്യക്തിയാണ് അദ്ദേഹം. ഛന്നിയുടെ ബന്ധുവിൽനിന്നു കോടിക്കണക്കിന് രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തതോടെ ഇതു 'സ്യൂട്ട്‌കേസ് സർക്കാർ' ആണെന്നു വെളിപ്പെട്ടു അമരിന്ദർ ആരോപിച്ചു.

ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ 2018ൽ ഉയർന്ന മീടു ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് അമരീന്ദർ സിങ്. ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച ആരോപണത്തിൽ പിന്നീട് ഛന്നി മാപ്പ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങ് ഛന്നിക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആഭ്യർത്ഥിച്ച ഛന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താൻ ഇടപെട്ട് വിഷയങ്ങൾ പരിഹരിച്ചെന്നുമാണ് ക്യാപ്റ്റൻ പറയുന്നത്. ജീവിതംകാലം മുഴുവൻ തന്നോട് നന്ദികാണിക്കുമെന്ന് പറഞ്ഞ ചരൺജിത്ത് സിങ്ങ് ഛന്നി പിന്നീട് തനിക്കെതിരെ പ്രവർത്തിച്ചെന്നും അമരീന്ദർ ആരോപിക്കുന്നു.

മീടു ആരോപണത്തിൽ പഞ്ചാബ് വനിതാ കമ്മീഷൻ കേസ് എടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. എന്നാൽ അമരീന്ദറിന്റെ പുതിയ ആരോപണത്തിൽ ഛന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൂരക്ഷാ വീഴ്ച ആസൂത്രിതമാണെന്നാണ് അമരിന്ദറിന്റെ ആരോപണം. സുരക്ഷാവീഴ്ച, നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണെന്നു ബിജെപിക്കു പിന്നാലെ അമരിന്ദറും ഓർമിപ്പിക്കുകയാണ്. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച അമരിന്ദർ, ബിജെപി സഖ്യത്തിനൊപ്പമാണു മത്സരിക്കുന്നത്.

അതേസമയം തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന് ചരൺജിത്ത് സിങ്ങ് ഛന്നി അറിയിച്ചു. നോട്ട് കെട്ടുകളുമായി നിൽക്കുന്ന ചരൺ ജിത് സിങ് ഛന്നിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിനെതിരെയാണ് കെജരിവാളിനെതിരെ ഛന്നി രംഗത്തെത്തിയത്. കെജരിവാൾ മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചെന്ന് ഛന്നി ആരോപിച്ചു. പാർട്ടിയുമായി ആലോചിച്ച് കെജരിവാളിനെതിരെ അപകീർത്തി കേസ് നൽകുമെന്ന് ഛന്നി വ്യക്തമാക്കി

അതിനിടെ, ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു തന്നെ സത്യസന്ധതയില്ലാത്ത വ്യക്തിയായി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിച്ച ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നു ഛന്നി പറഞ്ഞു. പ്രമുഖരെ അപകീർത്തിപ്പെടുത്തുന്നതു കേജ്രിവാളിന്റെ ശീലമാണ്. നേരത്തേ, ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, അരുൺ ജയ്റ്റ്ലി, ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയ എന്നിവരോടു സമാനസംഭവങ്ങളിൽ കേജ്രിവാളിനു മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെന്നും ഛന്നി പറഞ്ഞു.

കോൺഗ്രസ് സർക്കാരിനെതിരെ പുതിയ ആരോപണം പുറത്ത് വിടാനൊരുങ്ങുകയാണ് ശിരോമണി അകാലിദൾ. അതിനിടെ, പിസിസി അദ്ധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവിനെതിരെ കോൺഗ്രസിൽ നിന്ന് രാജി വച്ച വക്താവ് പ്രീത് സിങ് ബലിവാൽ രംഗത്തു വന്നു. സിദ്ദുവിന് പാക്കിസ്ഥാൻ അനുകൂല നിലപാടെന്ന് ബലിവാൽ ആരോപിച്ചു.. അനധികൃത മണൽക്കടത്ത് കേസിൽ പ്രതിയായ ഭൂപേന്ദ്രസിങ്ങ ഹണിക്ക് പഞ്ചാബ് സർക്കാർ സുരക്ഷ നൽകിയെന്ന് ആരോപണവുമായി ശിരോമണി അകാലിദളും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP