Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിലെത്തിയതിന് പിന്നാലെ സഖ്യ സർക്കാർ തീരുമാനങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി യെദ്യൂരപ്പ; ആദ്യപടിയായി ടിപ്പു ജയന്തി ആഘോഷങ്ങൾ റദ്ദാക്കി; മന്ത്രിസഭ യോഗ തീരുമാനം കുടകിലെ എംഎൽഎമാരുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം; ടിപ്പു ജയന്തിയിൽ കഴിഞ്ഞ വർഷം നടന്നത് വൻ അക്രമം; പിൻവലിച്ചത് ബിജെപിയുടെ വർഗ്ഗീയത കാരണമെന്ന് കോൺഗ്രസ്

അധികാരത്തിലെത്തിയതിന് പിന്നാലെ സഖ്യ സർക്കാർ തീരുമാനങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി യെദ്യൂരപ്പ; ആദ്യപടിയായി ടിപ്പു ജയന്തി ആഘോഷങ്ങൾ റദ്ദാക്കി; മന്ത്രിസഭ യോഗ തീരുമാനം കുടകിലെ എംഎൽഎമാരുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം; ടിപ്പു ജയന്തിയിൽ കഴിഞ്ഞ വർഷം നടന്നത് വൻ അക്രമം; പിൻവലിച്ചത് ബിജെപിയുടെ വർഗ്ഗീയത കാരണമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: ഒരു വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ജെഡിഎസ് സർക്കാരിനെ കുതിക്കച്ചവടത്തിലൂടെ എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ബിജെപി താഴെയിറക്കിയത്. ഇന്നലെ വിശ്വാസവോട്ടെടുപ്പും വിജയിച്ചതോടെ കർണാടകത്തിൽ കോൺഗ്രസും അതിന് ശേഷം വന്ന സഖ്യസർക്കാരും കൊണ്ട് വന്ന പല മാറ്റങ്ങളും പൊളിച്ചെഴുതാനൊരുങ്ങുകയാണ് കർണാടകയിലെ യെദ്യൂരപ്പ സർക്കാർ. ഇതിന്റെ ആദ്യപടിയായി കർണാടകത്തിൽ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദിയൂരപ്പ സർക്കാർ ഉത്തരവിറക്കി. ബിജെപി സർക്കാരിന്റെ തീരുമാനം വർഗീയത നിറഞ്ഞതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

2015ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് വാർഷികാഘോഷമായി ടിപ്പു സുൽത്താൻ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി അന്നുമുതൽ എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ൽ കുടക് മേഖലയിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതൽ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. കുടകിലെ എം എൽ എമാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സർക്കുലറും പുറത്തിറക്കി. എല്ലാ വർഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്. ഇക്കുറി നവംബർ 10നാണ് ആഘോഷം നടത്താൻ സഖ്യ സർക്കാർ നിശ്ചയിച്ചിരുന്നത്.

ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷസാധ്യത കണക്കിലെടുത്ത് കർണാടകത്തിലെ കുടക്, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കിയാണ് അന്ന് പരിപാടികൾ നടത്തിയിരുന്നു. ഉഡുപ്പിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് കൽബുർഗി ജില്ലയിലെ സർക്കാർ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷം പൊലീസ് വിലക്കുകയും ചെയ്തിരുന്നു. ടിപ്പു ജയന്തി ആഘോഷം സ്റ്റേ ചെയ്യണമെന്ന കുടക് സ്വദേശിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. നവംബർ പത്തിന് നടക്കുന്ന ആഘോഷങ്ങളെ ബിജെപിയും ആർഎസ്എസും എതിർത്തതാണ് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണം. 2 വർഷം മുമ്പ് ടിപ്പു ജയന്തിയോടനുബന്ധിച്ച് ഉണ്ടായ സംഘർഷങ്ങളിൽ നാല് പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP