Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നരന്മാരിലെ 'ഇന്ദ്രന്' ഇനി രണ്ടാമൂഴം; മെയ് 30ന് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന; രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി; മുതിർന്ന നേതാക്കളായ അദ്വാനിയുടേയും മുരളീ മനോഹർ ജോഷിയുടേയും കാൽതൊട്ട് വണങ്ങി മോദി; അമിത് ഷായ്ക്ക് നിർണായക വകുപ്പ് ലഭിക്കാനും സാധ്യത; ഐശ്വര്യപൂർണമായ രണ്ടാം വരവിന് കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനം; സത്യപ്രതിജ്ഞയ്ക്ക് പുടിനും നെത്യന്യാഹുവും അടക്കമുള്ള ലോകനേതാക്കളും എത്തിയേക്കും

നരന്മാരിലെ 'ഇന്ദ്രന്' ഇനി രണ്ടാമൂഴം; മെയ് 30ന് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന; രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി; മുതിർന്ന നേതാക്കളായ അദ്വാനിയുടേയും മുരളീ മനോഹർ ജോഷിയുടേയും കാൽതൊട്ട് വണങ്ങി മോദി; അമിത് ഷായ്ക്ക് നിർണായക വകുപ്പ് ലഭിക്കാനും സാധ്യത; ഐശ്വര്യപൂർണമായ രണ്ടാം വരവിന് കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനം; സത്യപ്രതിജ്ഞയ്ക്ക് പുടിനും നെത്യന്യാഹുവും അടക്കമുള്ള ലോകനേതാക്കളും എത്തിയേക്കും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്ത് അലയടിച്ച മോദി തരംഗത്തിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുകയാണ്. മോദി സർക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ഡൽഹിയിൽ പൂർത്തിയായതിന് പിന്നാലെ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് മോദി രാജിക്കത്ത് കൈമാറി. മോദിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. ഈ മാസം 30ന് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്നാണ് സൂചന.

ഇക്കുറി തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ എംപിമാരുടേയും യോഗം ശനിയാഴ്‌ച്ച വൈകിട്ട് കൂടണമെന്ന് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കിയതിന് പിന്നാലെ മുതിർന്ന ബിജെപി നേതാക്കളായ മുരളീ മനോഹർ ജോഷിയേയും എൽ. കെ അദ്വാനിയേയും മോദി സന്ദർശിച്ചു. ഇരുവരുടേയും കാൽ തൊട്ട് വണങ്ങാനും അനുഗ്രഹം വാങ്ങാനും മോദി മറന്നില്ല. ഇതിനു പിന്നാലെ അദ്വാനിയും മുരളീ മനോഹർ ജോഷിയുമാണ് തന്നെ രാഷ്ട്രീയത്തിൽ വളർത്തിയതെന്നും മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അദ്വാനിയേയും ജോഷിയേയും ഇക്കുറി തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറിൽ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തിൽപ്പരം വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗർ. കാൻപൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീ മനോഹർ ജോഷിക്കും ഇത്തവണ സീറ്റ്കിട്ടിയിരുന്നില്ല. കോൺഗ്രസിതര സർക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വർഷം പൂർത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സർക്കാരാണ് നരേന്ദ്ര മോദിയുടേത്.

സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വർദ്ധിപ്പിച്ച് അധികാരത്തിലെത്തിയ സർക്കാരും നരേന്ദ്ര മോദിയുടേത് തന്നെ. സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വ്യക്തമായിരുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച വോട്ടർമാർക്ക് മോദി നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന മോദി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോദി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളിൽ പങ്കെടുക്കും.

രണ്ടാം മോദി മന്ത്രിസഭയിൽ നിർണായകമായ വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കിൽ ഇപ്പോൾ സംഘടനാരംഗത്ത് അമിത് ഷാ തുടർന്ന്, പിന്നീട് മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. അമിത് ഷാ ബിജെപി അദ്ധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനകളും ഉണ്ട്. അമിത് ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്‌നാഥ് സിങ് തന്നെയാകും ആഭ്യന്തര മന്ത്രി. നിതിൻ ഗഡ്ഗരിക്ക് വലിയ പദവി നൽകണം എന്ന നിർദ്ദേശം ആർഎസ്എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ കാരണം അരുൺ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയിലുണ്ടായേക്കില്ലെന്നാണ് സൂചന.

പകരം ധനമന്ത്രിയായി പിയൂഷ് ഗോയലിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്. നിതിൻ ഗഡ്കരിക്ക് മികച്ച ഒരു വകുപ്പ് തന്നെ നൽകണമെന്നാണ് ആർഎസ്എസ്സിന്റെ ആവശ്യം. നല്ല ഭൂരിപക്ഷത്തിൽ ജയിച്ച ഗഡ്കരിക്ക് പ്രതിരോധമന്ത്രിപദം കിട്ടാൻ സാധ്യതയുണ്ടോ എന്നും കണ്ടറിയണം. സുഷമാ സ്വരാജിനും ഇത്തവണ മന്ത്രിസഭയിൽ അംഗത്വമുണ്ടാകും. ലോക നേതാക്കളുടെ വലിയ സാന്നിധ്യം മോദിയുടെ രണ്ടാംവരവിൽ ഉണ്ടാകുമെന്നാണ് സൂചന. മോദിയുമായി അടുത്ത സുഹൃദ് ബന്ധം സൂക്ഷിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുമെന്നും സൂചനയുണ്ട്.

2014ൽ സാർക്ക് രാഷ്ട്രതലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ.കേരളത്തിൽ നിന്ന് അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ എന്നീ പേരുകളാണ് അഭ്യൂഹങ്ങളിലുള്ളത്. പശ്ചിമ ബംഗാൾ, ഒഡീഷ, കർണ്ണാടക സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകും. എൻഡിഎ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുമെന്ന് അമിത്ഷാ സൂചന നൽകിയിരുന്നു.

കേരളത്തിൽ എറണാകുളത്ത് മത്സരിച്ച് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെങ്കിലും ക്രൈസ്തവ സമുദായവുമായി അടുക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനം ക്യാബിനെറ്റിൽ ഉൾപ്പെട്ടേക്കാം. ഒപ്പം തന്നെ രാജ്യത്തുടനീളം വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടും കേരളത്തിൽ വോട്ട് വർധിപ്പിച്ചതല്ലാതെ സീറ്റ് നേടാൻ കഴിയാത്തതിൽ അമിത്ഷായ്ക്ക് അതൃപ്തിയുണ്ട്. എന്നാൽ ഇക്കാരണം പറഞ്ഞ് സംസ്ഥാനത്തെ നേതാക്കളെ അവഗണിക്കാനും അമിത് ഷാ തയ്യാറാകില്ല.

ഒന്നിലധികം മലയാളികൾക്ക് സാധ്യതയുണ്ട് എന്നാണ് ഡൽഹി വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ അല്ഫോൺസ് കണ്ണന്താനത്തിന് പുറമെ ഒരു മന്ത്രിയെക്കൂടി ലഭിക്കും. മുൻപ് മന്ത്രിസഭയിലേക്ക് പരിഗണിച്ചത് അൽഫോൻസ് കണ്ണന്താനത്തിനെയാണ് എന്നും ഇതിൽ കേരളത്തിലെ നേതാക്കൾക്ക് നേട്ടമുണ്ടായില്ല എന്ന പരാതിയുമുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്ന ഒരു സംസ്ഥാന നേതാവിനെ തന്നെ പരിഗണിക്കണം എന്ന് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോൾ സാധ്യത കുമ്മനം രാജശേഖരന് തന്നെയാണ്. എന്നാൽ പ്രധാനമന്തിരി നേരിട്ട് സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടും കുമ്മനത്തിന് വിജയിക്കാൻ കഴിഞ്ഞില്ല.

മുൻപ് മിസോറാം ഗവർണർ പദവിയും നൽകി ആ ഇമേജിൽ കേരളത്തിലേക്ക് കൊണ്ട് വന്നെങ്കിലും ഒരു ലക്ഷം വോട്ടിന് ശശി തരൂരിനോട് കുമ്മനം തോറ്റത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. എന്തായാലും കേരളത്തിന് മന്ത്രിസഭയിൽ പ്രാധിനിത്യമുണ്ടാകുമോ എന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP