Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങി ചെങ്കോട്ട; എൻഎസ്ജി സ്‌നൈപ്പേഴ്‌സും സ്വാറ്റ് കമാൻഡോകളും കാവൽ നിൽക്കുന്ന സുരക്ഷാവലയം; ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കാൻ ഇത്തവണ വനിതാ സൈനിക ഓഫീസർ; ദൗത്യം ഏൽപിച്ചിരിക്കുന്നത് ഫ്‌ളാഗ് ഓഫീസർ മേജർ ശ്വേത പാണ്ഡെയെ; കോവിഡ് മുൻകരുതലുകൾ ഉണ്ടെങ്കിലും ചടങ്ങുകൾ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും കാത്തുകൊണ്ടെന്ന് പ്രതിരോധ മന്ത്രാലയം

രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങി ചെങ്കോട്ട; എൻഎസ്ജി സ്‌നൈപ്പേഴ്‌സും സ്വാറ്റ് കമാൻഡോകളും കാവൽ നിൽക്കുന്ന സുരക്ഷാവലയം; ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കാൻ ഇത്തവണ വനിതാ സൈനിക ഓഫീസർ; ദൗത്യം ഏൽപിച്ചിരിക്കുന്നത് ഫ്‌ളാഗ് ഓഫീസർ മേജർ ശ്വേത പാണ്ഡെയെ; കോവിഡ് മുൻകരുതലുകൾ ഉണ്ടെങ്കിലും ചടങ്ങുകൾ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും കാത്തുകൊണ്ടെന്ന് പ്രതിരോധ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ചെങ്കോട്ട ഒരുങ്ങി. ഇത്തവണ ദേശീയ പതാക ഉയർത്തൽ ചടങ്ങിന് ഒരുസവിശേഷതയുണ്ട്. വനിതാ സൈനിക ഓഫീസറായിരിക്കും ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കുക. ഫ്‌ളാഗ് ഓഫീസർ മേജർ ശ്വേത പാണ്ഡെയ്ക്കാണ് ഈ ദൗത്യം. സൈന്യത്തിൽ ഇലക്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറാണ് ശ്വേത. ഇതിന് മുമ്പും മാർച്ചിനെ നയിക്കുന്നതടക്കം സുപ്രധാന റോളുകളിൽ വനിതകൾ വന്നിട്ടുണ്ട്.

പതാക ഉയർത്തലിനൊപ്പം ആചാരപരമായ ഗൺസല്യൂട്ട് ഉണ്ടാകും. ചടങ്ങിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 7.18 ന് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, പ്രതിരോധ സെക്രട്ടറി അജയ് കുമാറും ചേർന്ന് ചെങ്കോട്ടയിലെ ലാഹോർ ഗേറ്റിൽ സ്വീകരിക്കും.

കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതലുകളും കർശന സുരക്ഷകളോടെയുമാണ് ആഘോഷ ചടങ്ങുകൾ. നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്. കോവിഡ്19 സാഹചര്യവുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ നടത്തുമ്പോൾ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിഥികൾ തമ്മിൽ ആറടി അകലത്തിൽ വരുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ഗാർഡ് ഓഫ് ഓണറിലെ അംഗങ്ങളെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.

ചെറിയ കുട്ടികൾക്ക് പകരം ഇത്തവണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എൻസിസി കേഡറ്റുകളാണ് എത്തുക. എല്ലാ അതിഥികളോടും നിർബന്ധമായും മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്‌കുകളും തയ്യാറാക്കി. വിവധയിടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കും. ആളുകളുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കൾക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റൽ ഡിറ്റക്ടറുകളുള്ള കൂടൂതൽ കവാടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്.

കവാടങ്ങളിൽ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും സമഗ്രമായ ശുചിത്വവത്കരണം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവർക്കായി നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ ആംബുലൻസുകളും ഒരുക്കി നിർത്തും.

വൻ സുരക്ഷാ വലയത്തിലാണ് ചെങ്കോട്ട. എൻഎസ്ജി സ്‌നൈപ്പേഴ്‌സ്, സ്വാറ്റ് കമാൻഡോകൾ എന്നിവരുടെ സുക്ഷാവലയമാണ് ചുറ്റും. 24 മണിക്കൂറും പ്രവർത്തിക്കുന്ന മുന്നൂറോളം ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിരുക്കുന്നത്. ഇതു നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമൂഹിക അകലം പാലിച്ച് നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ചെങ്കോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കും. റെയിൽവേ സ്റ്റേഷനിലെയും സുരക്ഷ ശക്തമാക്കി. ട്രാക്കിലും സ്റ്റേഷനിലുമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിവിഐപി റാങ്കിലുള്ള അതിഥികൾ വരുന്നതിനാൽ ചെങ്കോട്ട പ്രദേശത്ത് രാവിലെ 6.45 മുതൽ 8.45 വരെ ട്രെയിൽ ഗതാഗതം ഉണ്ടായിരിക്കില്ല.

സംസ്ഥാനത്ത് നാല് ജില്ലകളിൽ കളക്ടർമാർ പതാക ഉയർത്തും

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.

എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയർത്തും. മറ്റു ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമായിരിക്കും അഭിവാദ്യം സ്വീകരിക്കുക.

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാശംസ

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്.

നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി.

വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയർച്ചയിലേയ്ക്കുള്ള വാതിൽ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികൾ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂർത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നതിനും സാധിച്ചു. ജനപിന്തുണയോടെയാണ് ഇതെല്ലാം സാധ്യമാക്കിയത് എന്നതാണ് സർക്കാരിന്റെ അഭിമാനം.

കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അർത്ഥം. ഭേദ ചിന്തകൾക്ക് അതീതമായി മാനവികത വളർത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം. ദളിത് ന്യൂനപക്ഷ പിന്നോക്ക ദുർബല വിഭാഗങ്ങളെ കൈപിടിച്ചുയർത്തി നമുക്കു മുൻപോട്ടു പോകേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല.

സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്കാകെ ഈ മഹാമാരിയുടെ കാലത്തും ആശ്വാസമേകാൻ സർക്കാരിനായിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതിന്റെ പിൻബലത്തിലാണ് വലിയ തോതിലുള്ള വികസനവും സർവ്വ മേഖലയിലുമുള്ള വലിയ മുന്നേറ്റവും ഇനിയും നമുക്ക് ആർജിക്കേണ്ടത്.

മുഴുവൻ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ നമുക്കൊന്നായി കൈകോർക്കാം. ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സർവ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം.

സ്വാതന്ത്ര്യദിനാശംസകൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP