Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീപ്രവേശനത്തിൽ രാഹുൽ ഗാന്ധി നിലപാട് തുറന്നുപറഞ്ഞിട്ടും മാധ്യമങ്ങളെ പഴിച്ച് മുല്ലപ്പള്ളി; എല്ലാം മീഡിയ വളച്ചൊടിച്ചത്; കെപിസിസി ഇപ്പോഴും യുവതീപ്രവേശനത്തിന് എതിരെന്നും അദ്ധ്യക്ഷൻ; രാഹുൽ കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല; വിശ്വാസികളെ ഒപ്പം നിർത്തിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർലൂവാകുമെന്ന് കെ.സുധാകരൻ; ഹൈക്കമാൻഡ് നിലപാടിനെ ന്യായീകരിക്കാൻ കെപിസിസി പെടാപ്പാട് പെടുമ്പോൾ പരിഹാസവുമായി പിണറായിയും കോടിയേരിയും

ശബരിമല യുവതീപ്രവേശനത്തിൽ രാഹുൽ ഗാന്ധി നിലപാട് തുറന്നുപറഞ്ഞിട്ടും മാധ്യമങ്ങളെ പഴിച്ച് മുല്ലപ്പള്ളി; എല്ലാം മീഡിയ വളച്ചൊടിച്ചത്; കെപിസിസി ഇപ്പോഴും യുവതീപ്രവേശനത്തിന് എതിരെന്നും അദ്ധ്യക്ഷൻ; രാഹുൽ കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല;  വിശ്വാസികളെ ഒപ്പം നിർത്തിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർലൂവാകുമെന്ന് കെ.സുധാകരൻ; ഹൈക്കമാൻഡ് നിലപാടിനെ ന്യായീകരിക്കാൻ കെപിസിസി പെടാപ്പാട് പെടുമ്പോൾ പരിഹാസവുമായി പിണറായിയും കോടിയേരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയോട് യോജിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനം സംസ്ഥാന കോൺഗ്രസിൽ സൃഷ്ടിച്ചത് വൻആശയക്കുഴപ്പം. രാഹുൽ ഗാന്ധിയുടെ നിലപാട് മാധ്യമങ്ങൾ വളച്ചൊടിച്ചെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസി ഇപ്പോഴും യുവതീപ്രവേശത്തിന് എതിരാണ്. അതിനൊപ്പമാണ് രാഹുൽ ഗാന്ധിയെന്ന് ഉറപ്പു ലഭിച്ചു. കേരളത്തിലെ വികാരമനുസരിച്ച് അനുകൂല നിലപാടെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആനന്ദ് ശർമയുടെ നിലപാടും വളച്ചൊടിച്ചെന്നു മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം, ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടിൽ ആശയക്കുഴപ്പമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണു യുഡിഎഫും കോൺഗ്രസും. നിലപാടിൽ മാറ്റമില്ല. രാഹുൽ ഗാന്ധി കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞതല്ല. കോൺഗ്രസ് അധ്യക്ഷന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കേരള നേതൃത്വത്തിന്റെ നിലപാടുമായി മുന്നോട്ടുപോകാൻ അനുമതി നൽകി. കോൺഗ്രസ് അധ്യക്ഷന്റെ മഹത്വമാണ് ഇതു വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല യുവതീപ്രവേശ വിഷയത്തിൽ തന്റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധമാണെന്നാണു രാഹുൽ വ്യക്തമാക്കിയത്. പുരുഷൻ പോകുന്നിടത്ത് സ്ത്രീയെയും പോകാൻ അനുവദിക്കണം. ഇതു വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാർട്ടിയുടെ നിലപാടിനെ എഐസിസി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ആനന്ദ് ശർമ രംഗത്തെത്തി.

അതേസമയം, ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ പാർട്ടി നശിക്കുമെന്ന് കെപിസിസി.വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചു. വിശ്വാസികളെ ഒപ്പം നിർത്താനായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർ ലൂ ആകും. ശബരിലയിൽ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിർത്തണം. ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറുക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. കാസർകോട്ട് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ ,ശബരിമല യുവതീപ്രവേശ വിഷയത്തിൽ കെപിസിസിയുടെ നിലപാട് തള്ളി, സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിലപാടെടുത്തതു സ്വാഗതാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷന്റെയും അഭിപ്രായം കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം അവർ എത്തിനിൽക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ ദൃഷ്ടാന്തം കൂടിയാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാൻ മാത്രമേ ഇടയാക്കൂ. പാരമ്പര്യങ്ങളെ നിഷേധിച്ചുകൊണ്ട് സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണു കേരളത്തിലെ കോൺഗ്രസിന്റെ സമീപനത്തിൽ പ്രതിഫലിക്കുന്നതെന്നും പിണറായി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനു താൻ അനുകൂലമാണെന്ന രാഹുൽഗാന്ധിയുടെ അഭിപ്രായം സ്വാഗതാർഹമാണ്. ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുൽ ഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് വക്താവായ ആനന്ദ് ശർമയും രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്.

അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്റിന്റെയും അഭിപ്രായം കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തിൽനിന്നു വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം അവർ എത്തിനിൽക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ ഉൾക്കൊണ്ട് രൂപീകരിക്കപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. അത്തരം മൂല്യങ്ങളിൽനിന്ന് കേരളത്തിലെ കോൺഗ്രസ് അകന്നുപോയിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാൻ മാത്രമേ ഇടയാക്കൂ.

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയ പാരമ്പര്യമാണ് ആദ്യ കാലഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചുവന്നിരുന്നത്. വൈക്കം സത്യാഗ്രഹം പോലുള്ളവ ഇതിന്റെ സാക്ഷ്യപത്രമായി ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്. ആ പാരമ്പര്യങ്ങളെ ആകെ നിഷേധിച്ചുകൊണ്ട് സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണ് കേരളത്തിലെ കോൺഗ്രസിന്റെ സമീപനത്തിൽ പ്രതിഫലിക്കുന്നത്.

നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നാം വളർത്തിയെടുത്ത നവോത്ഥാനപരവും മതനിരപേക്ഷവുമായ പാരമ്പര്യങ്ങളെ തള്ളിക്കളയുക മാത്രമല്ല, രാഹുൽ ഗാന്ധിയടക്കമുള്ള അഖിലേന്ത്യ നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും അംഗീകരിക്കുന്ന കോൺഗ്രസുകാരുടെ നിലപാട് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യവുമുണ്ട്. രാഹുൽ ഗാന്ധിയാണോ, രാഹുൽ ഈശ്വറാണോ കോൺഗ്രിനെ നയിക്കുന്നതെന്ന് അവർ തീരുമാനിക്കണമെന്നും കെപിസിസി പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണനും പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP