Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

ഗെലോട്ട് പിന്മാറിയെങ്കിലും ത്രികോണ മത്സരം വരുമോ? തരൂരിനും ദിഗ് വിജയ് സിങ്ങിനും പുറമേ മുകുൾ വാസ്‌നികും മത്സര രംഗത്തേക്ക്; വാസ്‌നിക് മാറ്റുരയ്ക്കുന്നത് ഔദ്യോഗിക സ്ഥാനാർത്ഥിയായി; എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി; ജി-23 ഗ്രൂപ്പിലെ അംഗമെങ്കിലും ഹൈക്കമാൻഡിന് പ്രിയങ്കരൻ

ഗെലോട്ട് പിന്മാറിയെങ്കിലും ത്രികോണ മത്സരം വരുമോ? തരൂരിനും ദിഗ് വിജയ് സിങ്ങിനും പുറമേ മുകുൾ വാസ്‌നികും മത്സര രംഗത്തേക്ക്; വാസ്‌നിക് മാറ്റുരയ്ക്കുന്നത് ഔദ്യോഗിക സ്ഥാനാർത്ഥിയായി; എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി; ജി-23 ഗ്രൂപ്പിലെ അംഗമെങ്കിലും ഹൈക്കമാൻഡിന് പ്രിയങ്കരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് എതിരാളിയായി മുകുൾ വാസ്‌നിക് വന്നേക്കും. ഔദ്യോഗിക സ്ഥാനാർത്ഥിയായി വാസ്‌നിക് വരുമെന്നാണ് സൂചന. ജി 23 ഗ്രൂപ്പിൽ പെട്ട നേതാവായ വാസ്‌നിക് 2020 ൽ സോണിയ ഗാന്ധിക്ക് കത്തയച്ചവരുടെ കൂട്ടത്തിലാണെങ്കിലും, ഇപ്പോൾ ഗ്രൂപ്പിൽ നിന്ന് അകന്നു നിൽക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്താൻ കഴിഞ്ഞുവെന്ന് മാത്രമല്ല, രാജ്യസഭാ സീറ്റും കിട്ടിയിരുന്നു.

അശോക് ഗെലോട്ട് പിന്മാറിയതോടെയാണ് മുകുൾ വാസ്‌നിക്കിന്റെ പേര് പൊന്തി വന്നത്. വാസ്‌നിക് ഇതിനകം, എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. ഗെലോട്ടിനെയും വാസ്‌നിക് കാണുന്നുണ്ട്. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

ശശി തരൂരും, ദിഗ് വിജയ് സിങ്ങും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ രണ്ടുപേരെയും അപേക്ഷിച്ച് താരതമ്യേന നിശ്ശബ്ദനാണ് വാസ്‌നിക്. ഇതുതന്നെയാണ് അദ്ദേഹത്തിന് അനുകൂല ഘടകമാകുന്നത്. പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും, മുമ്പ് വിവാദങ്ങളിലും മറ്റും പെട്ട ദിഗ് വിജയ് സിങ്ങിനെ അദ്ധ്യക്ഷനാക്കുന്നതിനോട് താൽപര്യമില്ല.

ജി-23 യുടെ ഭാഗമാകും മുമ്പ് വാസ്‌നിക് വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. രാഹുൽ ഗാന്ധി 2019 ൽ സ്ഥാനമൊഴിഞ്ഞപ്പോൾ, സാധ്യത പട്ടികയിൽ വന്ന പേരുകൾ ഒന്ന് വാസ്‌നിക്കിന്റേതാണ്. അതേസമയം, ദിഗ് വിജയ് സിങ്് നാളെ പത്രിക നൽകുമെങ്കിലും, അദ്ദേഹം ഗാന്ധി കുടുംബം അംഗീകരിച്ച സ്ഥാനാർത്ഥിയല്ല. താൻ അവർ അധികാരപ്പെടുത്തിയ സ്ഥാനാർത്ഥി അല്ലെന്ന് സിങ് വ്യക്തമാക്കി കഴിഞ്ഞു. ഗെലോട്ട് മത്സരിക്കുന്നില്ലെന്ന് വന്നപ്പോഴാണ് താൻ മത്സരിക്കാമെന്ന് തീരുമാനിച്ചതെന്നും, അദ്ദേഹം പറഞ്ഞു. എന്നാൽ, സ്ഥാനാർത്ഥിത്വം പിൻവലിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവായ വാസ്‌നിക് അന്തരിച്ച മുൻ എംപി ബാലകൃഷ്ണ വാസ്‌നിക്കിന്റെ മകനാണ്. അടുത്തിടെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, വിപുലമായ രാഷ്ട്രീയ-ഭരണ പരിചയമുള്ള നേതാവാണ് അദ്ദേഹം. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രിയായികുന്നു.

ഗലോട്ട് പിന്മാറി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. രാജസ്ഥാനിൽ, തന്റെ വിശ്വസ്തരായ എംഎൽഎമാരുടെ കലാപത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താൻ മത്സരിക്കുന്നില്ലെന്ന് ഗെലോട്ട് പറഞ്ഞു. രാജസ്ഥാൻ പ്രതിസന്ധിയുടെ പേരിൽ സോണിയ ഗാന്ധിയോട് താൻ മാപ്പ് ചോദിച്ചെന്നും ഗലോട്ട് അറിയിച്ചു.

സോണിയയുമായുള്ള ഗലോട്ടിന്റെ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. താൻ മത്സരത്തിൽ നിന്ന് പിൻവാങ്ങുകയാണെന്നും തീരുമാനം പാർട്ടി നേതൃത്വതിന് വിടുകയാണെന്നും ഗെലോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ടുദിവസം മുമ്പ് സംഭവിച്ച കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ മുഖ്യമന്ത്രി കസേര വിടാൻ വിസമ്മതിച്ചുവെന്നൊരു പ്രതിച്ഛായ വന്നുചേർന്നിട്ടുണ്ട്. ഞാൻ 50 വർഷത്തോളമായി കോൺഗ്രസിന്റെ വിശ്വസ്ത പടയാളിയാണ്, ഗെലോട്ട് പറഞ്ഞു. ഗെലോട്ടിന്റെയും കൂട്ടരുടെയും കളികളിൽ പെട്ട് മുഖ്യമന്ത്രി സ്ഥാന മോഹം വിഫലമായ സച്ചിൻ പൈലറ്റും ഇന്ന് സോണിയയെ കാണുന്നുണ്ട്.

മത്സരിക്കാൻ ദിഗ് വിജയ് സിങ്

നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. അതിനിടെ, ദിഗ് വിജയ് സിങ് താൻ മത്സരിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ പത്രിക സമർപ്പിക്കും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്ന സിങ്ങിനെ സോണിയ ഗാന്ധി ഇന്നലെ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിഗ് വിജയ് സിങ് നാമനിർദ്ദേശ പത്രിക വാങ്ങാനെത്തിയത്. പാർട്ടി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് താൻ സ്വയം ഒഴിഞ്ഞുനിൽക്കുന്നില്ലെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും, തീരുമാനം എടുത്തിരുന്നില്ല. ത്രികോണ മത്സരമാണോ അതോ ദ്വികോണ മത്സരമാണോ നടക്കുക എന്ന ചോദ്യത്തിന്, ഒക്ടോബർ നാല് വരെ കാത്തിരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തന്റെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ 3 മണിവരെയാണ് പത്രിക സമർപ്പിക്കാനാവുക. ദിഗ് വിജയ് സിങ്ങിന്റെ സ്ഥാനാർത്ഥിത്വത്തെ തരൂർ സ്വാഗതം ചെയ്തു. ഇത് ശത്രുക്കൾ തമ്മിലെ യുദ്ധമല്ല മറിച്ച് സഹപ്രവർത്തകർ തമ്മിലെ സൗഹൃദ മത്സരമാണ്. ഫലമെന്തായാലും, കോൺഗ്രസ് ജയിക്കണം, ദിഗ് വിജയ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP