Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മൂന്നു പതിറ്റാണ്ട് ഒപ്പമുണ്ടായിരുന്ന ശിവസേന പിണങ്ങിയതിന് പിന്നാലെ നാലു പതിറ്റാണ്ട് നേതൃത്വം നൽകിയ ഏക്നാഥ് ഖഡ്സെയും പടിയിറങ്ങി; മകൾ രോഹിണിയും അനുയായികളും കൂടാതെ 10 എംഎൽഎമാരും തനിക്കൊപ്പമെന്ന് ഖഡ്സെ; കേന്ദ്ര ഏജൻസികളെ പിന്നാലെ വിട്ട് വേട്ടയാടാൻ ശ്രമിച്ചാൽ കളി പഠിപ്പിക്കും എന്ന മുന്നറിയിപ്പും; മറാത്തയുടെ മണ്ണിൽ കാവി രാഷ്ട്രീയത്തിന് കാലിടറുന്നത് ഇങ്ങനെ

മൂന്നു പതിറ്റാണ്ട് ഒപ്പമുണ്ടായിരുന്ന ശിവസേന പിണങ്ങിയതിന് പിന്നാലെ നാലു പതിറ്റാണ്ട് നേതൃത്വം നൽകിയ ഏക്നാഥ് ഖഡ്സെയും പടിയിറങ്ങി; മകൾ രോഹിണിയും അനുയായികളും കൂടാതെ 10 എംഎൽഎമാരും തനിക്കൊപ്പമെന്ന് ഖഡ്സെ; കേന്ദ്ര ഏജൻസികളെ പിന്നാലെ വിട്ട് വേട്ടയാടാൻ ശ്രമിച്ചാൽ കളി പഠിപ്പിക്കും എന്ന മുന്നറിയിപ്പും; മറാത്തയുടെ മണ്ണിൽ കാവി രാഷ്ട്രീയത്തിന് കാലിടറുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പതിറ്റാണ്ടുകൾ നീണ്ട സഖ്യം ഉപേക്ഷിച്ച് ശിവസേന പോയതോടെ മഹാരാഷ്ട്രയിൽ ബിജെപിക്ക് കഷ്ടകാലം. മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെയും മകൾ രോഹിണിയും അനുയായികളോടൊപ്പം എൻസിപിയിൽ ചേർന്നതിന് പിന്നാലെ 10 എംഎൽഎമാരും ബിജെപി വിടുമെന്നാണ് റിപ്പോർട്ടുകൾ.

10 ബിജെപി എംഎൽഎമാർ ഒപ്പമുണ്ടെന്നു ഖഡ്സെ അവകാശപ്പെട്ടു. എന്നാൽ, ലോക്സഭാംഗമായ മരുമകൾ രക്ഷ ഖഡ്സെ ബിജെപിയിൽ തുടരും. പാർട്ടി മാറ്റത്തിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസികൾ പിന്നാലെ വന്നാൽ പല രേഖകളും പുറത്തു വിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ശിവസേനാ–എൻസിപി–കോൺഗ്രസ് സർക്കാരിൽ അദ്ദേഹം ഉടൻ മന്ത്രിയാകുമെന്നാണു സൂചന. ഇന്നലെ മുംബൈയിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖട്‌സേ എൻസിപിയിൽ ചേർന്നത്. വടക്കൻ മഹാരാഷ്ട്രയിൽനിന്നുള്ള പ്രമുഖ നേതാവും ലേവപാട്ടീൽ സമുദായത്തിന്റെ പിന്തുണയുമുള്ള ഖഡ്സേ ബിജെപി.യിൽനിന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. വെള്ളിയാഴ്ച എൻസിപിയിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എൻസിപിയിലേക്കെത്തുന്ന ഖഡ്‌സേയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ട്. കൃഷിമന്ത്രി സ്ഥാനമാണ് ഖഡ്സേയ്ക്ക് എൻ.സി.പി. വാഗ്ദാനം ചെയ്തിട്ടുള്ളത്. പകരം ഭവനമന്ത്രി ജിതേന്ദ്ര അവാഡ്, തൊഴിൽമന്ത്രി ദിലീപ് വത്സെപാട്ടീൽ എന്നിവരിൽ ഒരാൾ രാജിവെക്കുമെന്നാണ് എൻ.സി.പി. നേതാക്കൾ നൽകുന്ന സൂചന. ഖഡ്സേ പാർട്ടിയിൽ എത്തുന്നതോടെ വടക്കൻ മഹാരാഷ്ട്രയിൽ അടിത്തറ ശക്തമാക്കാമെന്ന് എൻ.സി.പി. നേതൃത്വം ചിന്തിക്കുന്നു. മറാഠാ സമുദായ പ്രതിച്ഛായയുള്ള പാർട്ടി പിന്നാക്ക വിഭാഗത്തിന്റെ പിന്തുണയും ഖഡ്സേ വഴി ഉറപ്പാക്കാനുള്ള നീക്കത്തിലാണ് എൻ.സി.പി.

പാർട്ടിയുമായുള്ള 40 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഖട്‌സേ എൻസിപിയിൽ ചേർന്നിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങളിൽ മനംനൊന്താണു പാർട്ടി വിടുന്നതെന്നും കേന്ദ്രനേതാക്കളോടു വിയോജിപ്പില്ലെന്നും ഖഡ്‌സെ പറഞ്ഞിരുന്നു. 2014ൽ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഖഡ്‌സെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. ഇതു തള്ളിയാണ് പാർട്ടി കേന്ദ്ര നേതൃത്വം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. അന്തരിച്ച ഗോപിനാഥ് മുണ്ടെയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽ പാർട്ടിയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്, ജൽഗാവിൽ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവായ ഖഡ്‌സെ.

കാവി പാർട്ടിക്ക് കാലിടറിയത് മഹാരാഷ്ട്രയിൽ മാത്രം

രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അധികാരം പിടിക്കുന്നതായിരുന്നു ബിജെപിയുടെ ശൈലി. ഓപ്പറേഷൻ കമലയിലൂടെ എതിർപക്ഷത്തെ എംഎൽഎമാരെ വിലയ്ക്കെടുത്തും മറ്റ് ഘടകക​ക്ഷികളെ മറുകണ്ടം ചാടിച്ചും ഭരണം പിടിക്കുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു. ബിജെപി - ശിവസേന സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി വിജയിച്ചപ്പോൾ പ്രതിപക്ഷത്തിരിക്കാനായിരുന്നു ബിജെപിയുടെ വിധി. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കത്തിൽ ശിവസേന കോൺ​ഗ്രസുമായും എൻസിപിയുമായും ചേർന്ന് മുന്നണിയുണ്ടാക്കി അധികാരത്തിലേറുകയായിരുന്നു.

മൂന്നു പതിറ്റാണ്ടിന്റെ ബന്ധം ഉപേക്ഷിച്ചത് മുഖ്യമന്ത്രി പദത്തിനായി

മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺ​ഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ബിജെപിയുടെ മുതിർന്ന നേതാവ് അന്തരിച്ച പ്രമോദ് മഹാജനുമായുള്ള ചർച്ചകളെ തുടർന്ന് 1989ലാണ് ശിവസേന – ബിജെപി സഖ്യം ആരംഭിക്കുന്നത്. ‘മഹാരാഷ്ട്ര ശിവസേനയ്ക്ക്, കേന്ദ്രം ബിജെപിക്ക്’ എന്ന നിലയിൽ ഒരു അലിഖിത ധാരണയും ഇരുവരും ചേർന്നുണ്ടാക്കിയിരുന്നു. സഖ്യത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ബിജെപിയും മൽസരിക്കുമെന്നായിരുന്നു ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP