Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്ര മോദി പ്രധാനമന്ത്രി ആകും; ബിജെപിക്ക് മൂന്നൂറിലേറെ സീറ്റുകൾ കിട്ടും; പ്രതിപക്ഷ പദവി നഷ്ടമായ കോൺഗ്രസിന് നിലവിലുള്ള സീറ്റുകൾ പോലും കിട്ടില്ല; പ്രതിപക്ഷ ഐക്യത്തിന് കൊണ്ടുപിടിച്ച് ശ്രമം നടക്കുന്നതിനിടെ അവകാശവാദവുമായി അമിത് ഷാ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്ര മോദി പ്രധാനമന്ത്രി ആകും; ബിജെപിക്ക് മൂന്നൂറിലേറെ സീറ്റുകൾ കിട്ടും; പ്രതിപക്ഷ പദവി നഷ്ടമായ കോൺഗ്രസിന് നിലവിലുള്ള സീറ്റുകൾ പോലും കിട്ടില്ല; പ്രതിപക്ഷ ഐക്യത്തിന് കൊണ്ടുപിടിച്ച് ശ്രമം നടക്കുന്നതിനിടെ അവകാശവാദവുമായി അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: പ്രതിപക്ഷം ഐക്യത്തിന്റെ കാഹളം മുഴക്കാൻ പാടുപെടുമ്പോൾ, ചങ്കുതകർത്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അവകാശവാദം. പൊതുതിരഞ്ഞടുപ്പിൽ, തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുമെന്നാണ് ഷാ പറഞ്ഞത്. 300 ലേറെ സീറ്റുകൾ ബിജെപിക്ക് കിട്ടുകയും ചെയ്യും, ഗുവാഹത്തിയിൽ പൊതുപരിപാടിയിൽ സംസാരിക്കവേ അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.

കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞ് പഴിക്കുകയും ചെയ്തു. കോൺഗ്രസിന് നെഗറ്റീവ് സമീപനമാണെന്ന് പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ പരാമർശിച്ച് കൊണ്ട് ഷാ പറഞ്ഞു. കോൺഗ്രസിന് പ്രതിപക്ഷ പാർട്ടി പദവി ഇതിനകം നഷ്ടമായി കഴിഞ്ഞു. അടുത്ത വട്ടം ഇപ്പോഴുള്ള അത്രയും സീറ്റുകൾ പോലും ലോക്‌സഭയിൽ അവർക്കുകിട്ടില്ല, അമിത് ഷാ പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരം മെയ്‌ 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്നാൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോൺഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പുതിയ നിയമസഭാ മന്ദിരങ്ങളുടെ തറക്കല്ലിട്ടത് അതാത് മുഖ്യമന്ത്രിമാരാണ്, അല്ലാതെ ഗവർണർമാരല്ല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിരാണ് ഗവർണർമാർക്ക് പകരം പലപ്പോഴും തറക്കല്ലിട്ടത്.

'പ്രധാനമന്ത്രിയെ പാർലമെന്റിൽ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കാറില്ല. പാർലമെന്റിൽ സംസാരിക്കാൻ വേണ്ടിയാണ് മോദിയെ ജനങ്ങൾ ജയിപ്പിച്ചുവിട്ടത്. പ്രധാനമന്ത്രിയെ ബഹുമാനിക്കാത്തത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണ്.' അമിത് ഷാ പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ ബിജെപി ഒരുലക്ഷം സർക്കാർ ജോലികളാണ് വാഗ്ദാനം ചെയ്തത്. രണ്ടരവർഷത്തിനകം 86,000 തൊഴിലുകൾ നൽകിയെന്നും, അടുത്ത ആറുമാസത്തിനകം, അവശേഷിക്കുന്നവ കൂടി നൽകുമെന്നും ഷാ പറഞ്ഞു.

അതേസമയം, മെയ് 28ന് പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചത്. സിപിഐ എം, സിപിഐ, കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന തുടങ്ങിയ 19 പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉദ്ഘാടനചടങ്ങിൽ നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരിക്കുന്നത്. ജനാധിപത്യം ഇല്ലാതാക്കിയുള്ള പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യമാണ് ഉദ്ഘാടന ചടങ്ങിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

.'സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും' എന്ന് പ്രസ്താവനയിൽ വിമർശനമുണ്ട്. പാർലമെന്റിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ പുറന്തള്ളപ്പെടുമ്പോൾ പുതിയ മന്ദിരത്തിന് യാതൊരു മൂല്യവുമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ പോരാട്ടം തുടരും. തങ്ങളുടെ സന്ദേശം ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കും.

രാഷ്ട്രപതിയെ ഒഴിവാക്കി സ്വന്തമായി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണവുമാണ്. രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്റെ തലവൻ മാത്രമല്ല പാർലമെന്റിന്റെ അവിഭാജ്യഘടകം കൂടിയാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്റിന് പ്രവർത്തിക്കാനാവില്ല. എന്നിട്ടും രാഷ്ട്രപതിയില്ലാതെ ഉദ്ഘാടനം നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

രാഷ്ട്രപതി പദവിയെ അവഹേളിക്കുകയാണ് ചെയ്യുന്നത്. പാർലമെന്റ് വിളിച്ചു ചേർക്കാനുള്ള അവകാശം രാഷ്ട്രപതിക്കാണെന്നിരിക്കെ അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഭരണഘടനക്ക് വിരുദ്ധവും, ജനാധിപത്യ നിഷേധവുമായ ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

സിപിഐ എം, കോൺഗ്രസ്, സിപിഐ, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർട്ടി, ശിവസേന, സമാജ് വാദിപാർട്ടി, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ(യുണൈറ്റഡ്), എൻസിപി, ആർജെഡി, മുസ്ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർഎസ്‌പി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈഗൾ കച്ചി എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP