Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

നാല് മുൻ മുഖ്യമന്ത്രിമാരും 18 മുൻ സംസ്ഥാന മന്ത്രിമാരും, 39 മുൻ എംഎൽഎമാരും; 9 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാർ; കർഷകർ മുതൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഐഎഎസുകാരും അടക്കമുള്ള പ്രൊഫഷണലുകൾ വരെ; മന്ത്രിസഭയുടെ ശരാശരി പ്രായം 58; ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും പ്രാതിനിധ്യം; മുഖം മിനുക്കിയ രണ്ടാം മോദി സർക്കാർ പാൻ ഇന്ത്യൻ മഴവിൽ സഭ

നാല് മുൻ മുഖ്യമന്ത്രിമാരും 18 മുൻ സംസ്ഥാന മന്ത്രിമാരും, 39 മുൻ എംഎൽഎമാരും; 9 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാർ; കർഷകർ മുതൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഐഎഎസുകാരും അടക്കമുള്ള പ്രൊഫഷണലുകൾ വരെ; മന്ത്രിസഭയുടെ ശരാശരി പ്രായം 58;  ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും പ്രാതിനിധ്യം; മുഖം മിനുക്കിയ രണ്ടാം മോദി സർക്കാർ പാൻ ഇന്ത്യൻ മഴവിൽ സഭ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ മന്ത്രിസഭയെ മഴവിൽ മന്ത്രിസഭ എന്ന് വിശേഷിപ്പിക്കാം. 130 കോടി ജനങ്ങളുടെ ആശയും അഭിലാഷവും നിറവേറ്റാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ മന്ത്രിസഭയിലുണ്ട്. വനിതാ നേതാക്കൾ, പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ, യുവാക്കൾ, പ്രൊഫഷണലുകൾ, സംസ്ഥാനങ്ങൾക്ക് മതിയായ പ്രാതിനിധ്യം അങ്ങനെ സവിശേഷതകൾ ഏറെ എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു.

മറ്റുപിന്നോക്ക വിഭാഗങ്ങളിൽ നിന്ന് 27 മന്ത്രിമാർ. അവരിൽ അഞ്ചും ക്യാബിനറ്റ് റാങ്കുള്ളവർ. യാദവ്, ഗുജ്ജർ, ജാട്ട്, ടാക്കൂർ, ലോധ് വിഭാഗങ്ങളിൽ പെട്ടവർ.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 12 മന്ത്രിമാർ. ഛമർ-രാംദസിയ്, ഖാടിക്, പാസി, കോറി, മാഡിഗ, മഹർ, അരുന്ധതിയാർ, മേഘ് വാൾ, രാജ്‌ബോൺഷി, മാട്ടുവ-നാമശൂദ്ര, ധൻഗാർ, ദുസാദ് എന്നീ വിവിധ ദളിത് വിഭാഗങ്ങളിൽ പെടുന്നവർ. പട്ടികവർഗ്ഗക്കാരായ 8 മന്ത്രിമാരുണ്ട്. ക്യാബിനറ്റ് പദവിയുള്ള രണ്ട് എസ്സി-എസ്ടി മന്ത്രിമാരുണ്ട്.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മൂന്നുനേതാക്കൾക്ക് ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്. ബ്രാഹ്മമണർ, ക്ഷത്രിയ, ബാനിയ, ഭൂമിഹാർ, കായസ്ത, ലിംഗായത്ത്, ഖാത്രി, കട്വ, ല്യൂവ പട്ടേൽ, മറാത്ത, റെഡ്ഡി സമുദായങ്ങളിൽ നിന്ന് 29 മന്ത്രിമാർ.

വനിതാ പ്രാതിനിധ്യം

9 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാർ. രണ്ടുപേർ ക്യാബിനറ്റ് മന്ത്രിമാർ. യുവാക്കളുടെയും മുതിർന്നവരുടെയും സമ്മിശ്ര പ്രാതിനിധ്യമാണ് മന്ത്രി സഭയിലുള്ളത്. മന്ത്രിമാരുടെ ശരാശരി പ്രായം 58. പഴയ മന്ത്രിസഭയിൽ അത് 61 ആയിരുന്നു.

14 മന്ത്രിമാർ 50 വയസിൽ താഴെ. ഇതിൽ ആറുപേർ ക്യാബിനറ്റ് മന്ത്രിമാർ. പരിചയസമ്പന്നരായ ഭരണകർത്താക്കളും നിയമജ്ഞരും മന്ത്രിമാരുടെ കൂട്ടത്തിലുണ്ട്. 46 നേതാക്കൾ മുമ്പ് കേന്ദ്രസർക്കാരിൽ സേവനം അനുഷ്ഠിച്ചവരാണ്. നാല് മുൻ മുഖ്യമന്ത്രിമാരും 18 മുൻ സംസ്ഥാന മന്ത്രിമാരും, 39 മുൻ എംഎൽഎമാരും.


പ്രൊഫഷണൽ മികവും തെളിയിച്ചവരും ഏറെ. 13 അഭിഭാഷകരും, ആറ് ഡോക്ടർമാരും, അഞ്ച് എഞ്ചിനിയർമാരും, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥരും. ഏഴ് പുതിയ മന്ത്രിമാർക്ക് പിഎച്ച്ഡിയും. മൂന്നുപേർക്ക് എംബിഎ ബിരുദവും ഉണ്ട്. 68 മന്ത്രിമാർ ബിരുദധാരികളാണ്.

പാൻ ഇന്ത്യ പ്രാതിനിധ്യം

25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നും പ്രാതിനിധ്യം. ബിജെപിക്ക് മുന്നേറ്റമുണ്ടായ ബംഗാളിൽ നിന്ന് പുതുമുഖങ്ങളുണ്ട്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപൂര എന്നിവിടങ്ങളിൽ നിന്ന് അഞ്ച് മന്ത്രിമാരും.

മന്ത്രിമാരെ പരിചയപ്പെടാം

നാരായൺ റാണെ (69)

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപി. മഹാരാഷ്ട്രയിൽനിന്ന് ആറുതവണ എംഎ‍ൽഎയായും ഒരു തവണ നിയമസഭ കൗൺസിലംഗമായും തിരഞ്ഞെടുക്കപ്പെട്ടു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി. മന്ത്രിയായിരുന്നപ്പോൾ വ്യവസായം, റവന്യൂ, തുറമുഖം, മൃഗസംരക്ഷണം തുടങ്ങി സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. 1971 മുതൽ 1984 വരെ ആദായനികുതി വകുപ്പിൽ ഉദ്യോഗസ്ഥൻ.

2. സർബാനന്ദ സോനോവാൾ (58)

അസമിൽനിന്നു രണ്ടുതവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ 2021 വരെ അസം മുഖ്യമന്ത്രി. രണ്ടുതവണ എംഎ‍ൽഎയായിരുന്നു. ഒന്നാം മോദിമന്ത്രിസഭയിൽ സഹമന്ത്രി (നൈപുണി വികസനം, സംരംഭകത്വം, കായികം, യുവജനകാര്യം). വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം. മൂന്നു പതിറ്റാണ്ടായി രാഷ്ട്രീയത്തിൽ സജീവം. ഗുവാഹാട്ടി സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം.

3. ഡോ. വീരേന്ദ്ര കുമാർ(67)

മധ്യപ്രദേശിലെ തികാംഗഢിൽ നിന്നുള്ള ലോക്‌സഭാഗം. ഏഴുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം മോദി മന്ത്രിസഭയിൽ സ്ത്രീ, ശിശുവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്നു. നാലുപതിറ്റാണ്ടായി പൊതുരംഗത്ത് സജീവം. ഡോ.ഹരിസിങ് ഗൗർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി.

4. ജ്യോതിരാദിത്യ എം. സിന്ധ്യ(50)

മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപി. അഞ്ചുതവണ എംപി.യായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ കേന്ദ്രമന്ത്രിസഭകളിൽ ഊർജം, വാണിജ്യം-ആശയവിനിമയം വകുപ്പുകളിൽ
സഹമന്ത്രിയായി പ്രവർത്തിച്ചു. രണ്ടുപതിറ്റാണ്ടായി സജീവ രാഷ്ട്രീയത്തിലുള്ള സിന്ധ്യ മധ്യപ്രദേശിലെ രാജകുടുംബാംഗമാണ്. മധ്യപ്രദേശ് കിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഹാർവാർഡ് സർവകലാശാലയിൽനിന്ന് ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് എം.ബി.എ.യും നേടി.

5. രാമചന്ദ്ര പ്രസാദ് സിങ് (63)

ബിഹാറിൽ നിന്നുള്ള രാജ്യസഭാ എംപി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥൻ. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടി.

6. അശ്വിനി വൈഷ്ണവ് (50)

ഒഡിഷയിൽനിന്നുള്ള രാജ്യസഭാ എംപി. 1994 ബാച്ച് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. 15 വർഷത്തോളം സുപ്രധാനപദവികൾ വഹിച്ചു. ഐഐടി കാൺപുരിൽ നിന്ന് എംടെക് ബിരുദം. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം എന്നിവ നേടിയിട്ടുണ്ട്.

7. പശുപതി കുമാർ പരസ് (68)

ബിഹാറിലെ ഹാജിപുരിൽനിന്നുള്ള ലോക്‌സഭാ എംപി. ഏഴുതവണ എംഎ‍ൽഎയും ഒരുതവണ എം.എൽ.സിയുമായായിരുന്നു. 45 വർഷമായി പൊതുരംഗത്ത് സജീവമായ പരസ് ബിഹാർ മന്ത്രിസഭാംഗമായിരുന്നു. ബഗൽപുർ സർവകലാശാലയിൽ നിന്ന് ബി.എഡ് നേടിയിട്ടുണ്ട്.

8. ഭുപേന്ദർ യാദവ് (52)

രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപി. ഒട്ടേറെ പാർലമെന്റ് സമിതികളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. അജ്‌മേറിലെ സർക്കാർ കോളേജിൽനിന്നു നിയമബിരുദം നേടി. മുൻ സുപ്രീം കോടതി അഭിഭാഷകനായിരുന്നു.

9. പങ്കജ് ചൗധരി (56)

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ലോക്‌സഭാ എംപി. ആറുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗോരഖ്പുരിലെ മുൻ ഡെപ്യൂട്ടി മേയറായിരുന്നു. മുപ്പത് വർഷമായി പൊതുരംഗത്ത് സജീവം. ഗൊരഖ്പുർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

10. അനുപ്രിയ സിങ് പട്ടേൽ (40)

ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നുള്ള ലോക്‌സഭാംഗം. ഒന്നാം മോദി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് സഹമന്ത്രി. ഉത്തർപ്രദേശിൽ നിന്നുള്ള എംൽഎ ആയിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് അമിറ്റി സർവകലാശാലയിലെ പ്രൊഫസറായിരുന്നു.

11. പ്രൊഫ. സത്യപാൽ സിങ് ബാഘേൽ (61)

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള ലോക്സഭാ എംപി. അഞ്ച് തവണ എപിയായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഉത്തർപ്രദേശിലെ നിയമസഭാംഗമായിരുന്നു. ഉത്തർപ്രദേശ് മന്ത്രിസഭയിൽ മത്സ്യ-മൃഗ സംരക്ഷണ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. മീററ്റിലെ ചൗധരി ചരൺ സിങ് യൂണിവേഴ്സിറ്റിയിൽ നിന്ന് മിലിറ്ററി സയൻസിൽ എൽ.എൽ.ബി, പി.എച്ച്.ഡി, എം.എ, എം.എസ്.സി. ബിരുദവും നേടിയിട്ടുണ്ട്.

12. രാജീവ് ചന്ദ്രശേഖർ (57)

കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപി. മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗമായിരുന്നു. ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.ടെക് ബിരുദം.

13. ശോഭ കരന്ദലജെ (54)

കർണാടകയിലെ ഉടുപ്പി ചിക്കമംഗളൂരുവിൽ നിന്നുള്ള ലോക്സഭാ എംപി. രണ്ട് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കർണാടകയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
ഭക്ഷ്യ-സിവിൽ സപ്ലൈസ്, പവർ, റൂറൽ ഡെവലപ്മെന്റ്, പഞ്ചായത്ത് രാജ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. മംഗളൂരു സർവകലാശാലയിൽ നിന്ന് എം.എ. സോഷ്യോളജിയിൽ ബിരുദം.

14. ഭാനു പ്രതാപ് സിങ് വർമ (63)

ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ എംപി. അഞ്ച് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ നിയമസഭാംഗമായിരുന്നു. 1980 മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ബുന്ദേൽഖന്ദ് സർവകലാശാലയിൽ നിന്ന് എം.എ. എൽ.എൽ.ബിയിൽ ബിരുദം നേടിയിട്ടുണ്ട്.

15. ദർശന വിക്രം ജർദോഷ്

ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ലോക്സഭാ എംപി. മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിലെ കോർപ്പറേറ്റർ, ഗുജറാത്ത് സോഷ്യൽ വെൽഫെയർ ബോർഡിലെ അംഗം, സംസ്‌കൃതി ആർട്സ് ആൻഡ് കൾചറൽ ഓർഗനൈസേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സൂറത്തിലെ കെ.പി കൊമേഴ്സ് കോളേജിൽ നിന്ന് ബികോമിൽ ബിരുദം.

16. മീനാക്ഷി ലേഖി (54)

ന്യൂ ഡൽഹിയിൽ നിന്നുള്ള ലോക്സഭാ എംപി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യപ്രവർത്തകയും സുപ്രീം കോടതി വക്കീലുമാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബിയിൽ ബിരുദം നേടിയിട്ടുണ്ട്.

17. അന്നപൂർണ്ണ ദേവി (51)

ഝാർഖണ്ഡിലെ കോദാർമയിൽ നിന്നുള്ള ലോക്സഭാ എംപി. നേരത്തെ ജാർഖണ്ഡ് - ബിഹാർ എന്നിവിടങ്ങളിൽ നിന്ന് നാല് തവണ എംഎ‍ൽഎ ആയി തെരഞ്ഞെടുത്തിരുന്നു. ജാർഖണ്ഡ് മന്ത്രി സഭയിൽ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 30-ാം വയസ്സിൽ ബിഹാർ മന്ത്രി സഭയിൽ മൈൻസ് - ജിയോളജി വകുപ്പ് മന്ത്രിയായിരുന്നു. റാഞ്ചി സർവകലാശാലയിൽ നിന്ന് എം.എ ഹിസ്റ്ററിയിൽ ബിരുദം.

18. എ നാരായണ സ്വാമി (64)

കർണാടകയിലെ ചിത്രദുർഗിൽ നിന്നുള്ള ലോക്സഭാ എംപി. നേരത്തെ കർണാടക നിയമസഭയിൽ നാല് തവണ എംഎ‍ൽഎ ആയിരുന്നു. ബംഗളൂരുവിലെ സർക്കാർ ആർട്സ് സ്‌കൂളിൽ നിന്ന് ബി.എ ബിരുദം.

19. കൗശൽ കിഷോർ (61)

ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ചിൽ നിന്നുള്ള ലോക്സഭാ എംപി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ് നിയമസഭാംഗമായിരുന്നു. കാളി ചരൺ ഇന്റർ കോളേജിൽ നിന്ന് ബി.എസ്.സിയിൽ ബിരുദം.

20. അജയ് ഭട്ട് (60)

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ - ഉദ്ദംസിങ് നഗറിൽ നിന്നുള്ള ലോക്സഭാ എംപി. ഉത്തർപ്രദേശ് - ഉത്തരാഖണ്ഡ് നിയമസഭയിൽ നിന്ന് മൂന്ന് തവണ എംഎ‍ൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ പർലമെന്ററി കാര്യം, ആരോഗ്യം, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കുമൗൺ സർവകലാശാലയിൽ നിന്ന് എൽ. എൽ. ബിയിൽ ബിരുദധാരിയാണ്.

21. ബി.എൽ വർമ്മ (59)

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗം. 35 വർഷമായി രാഷ്ട്രീയത്തിൽ സജീവം. വാരണാസിയിലെ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

22. അജയ് കുമാർ (60)

ഉത്തർപ്രദേശിലെ ഖേരിയിൽ നിന്നുള്ള ലോകസഭാ എംപി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിലെ നിയമസഭാ അംഗവും ഖേരി ജില്ലാ പരിഷദ് അംഗവുമായിരുന്നു. കാൻപുർ സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം നേടിയിട്ടുണ്ട്.

23. ചൗഹാൻ ദേവുസിൻഹ് (56)

ഗുജറാത്തിലെ ഖേഡ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണ ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ ഗുജറാത്ത് നിയമസഭാംഗമായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന് മുൻപ് ഓൾ ഇന്ത്യ റേഡിയോയിൽ എഞ്ചിനീയറായിരുന്നു. പോർബന്ദറിലെ സർക്കാർ പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

24. ഭഗവന്ത് ഖൂബ (54)

കർണാടകയിലെ ബിദാറിൽ നിന്നുള്ള ലോക്സഭാ എംപി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്രീസിദ്ധഗംഗാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി.

25. കപിൽ മൊരേശ്വർ പാട്ടീൽ (60)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നിന്നുള്ള ലോക്സഭാംഗം. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നുപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവൃത്തിപരിചയം. ഗ്രാമപഞ്ചായത്ത് സർപഞ്ച് പദവി മുതൽ താനെ ജില്ലാ പരിഷദ് പ്രസിഡന്റ് പദവിവരെ വഹിച്ചു. മുംബൈ സർവകലാശാലയിൽ നിന്നും ബിരുദം നേടി.

26. പ്രതിമ ഭൗമിക് (52)

ത്രിപുര വെസ്റ്റിൽ നിന്നുള്ള ലോക്സഭാഗം. ത്രിപുര സർവകലാശാലയിൽ നിന്ന് ബയോ സയൻസിൽ ബിരുദം നേടി.

27. സുഭാഷ് സർക്കാർ (67)

പശ്ചിമബംഗാളിലെ ബങ്കുരയിൽ നിന്നുള്ള ലോക്സഭാംഗം. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് എം.ബി.ബി.എസ് ബിരുദം. ഗൈനക്കോളജിസ്റ്റ്, കല്യാണി എയിംസ് ആശുപത്രി ബോർഡ് അംഗം. അഞ്ചു പതിറ്റാണ്ടായി പൊതുരംഗത്ത് സജീവം.

28. ഭഗവത് കൃഷ്ണറാവു കാരാട് (64)

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗം. ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ, മറാത്ത്വാഡ ലീഗൽ ഡവലപ്‌മെന്റ് കോർപറേഷൻ ചെയർമാൻ പദവികളിൽ പ്രവർത്തിച്ചു. ബി. ആർ അംബേദ്കർ മറാത്ത്വാഡ സർവകലാശാല, മുംബൈ സർവകലാശാല എന്നിവടങ്ങളിൽ നിന്ന് എം.ബി.ബി.എസ്, എം.എസ്, എം.സി എച്ച്, എഫ്.സിപിഎസ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഔറംഗബാദിൽ ഡോ.കാരാട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി & റിസേർച്ച് സെന്റർ നടത്തുന്നു.

29. രാജ്കുമാർ രഞ്ജൻ സിങ് (68)

മണിപ്പുരിൽ നിന്നുള്ള ലോക്സഭാംഗം, ഗുവാഹട്ടി സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനനന്തര ബിരുദവും ഡോക്ടടറ്റേറ്റും നേടി. ജ്യോഗ്രഫി പ്രൊഫസറായി 40 വർഷത്തെ പ്രവൃത്തിപരിചയം. മണിപ്പുർ സർവകലാശാല കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്ടർ ആയിരുന്നു.

30. ഭാരതി പ്രവീൺ പവാർ (42)

മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗം. നാസിക് ജില്ലാ പരിഷദ് അംഗമായിരുന്നു. എൻ.ഡി.എം വിപി.എസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി.

31. ബിശ്വേശ്വർ തുഡു (56)

ഒഡിഷയിലെ മയുർഭഞ്ജിൽ നിന്നുള്ള ലോക്സഭാംഗം. സജീവരാഷ്ട്രീയപ്രവർത്തനാവും മുൻപ് ഒഡിഷ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ എൻജിനീയർ ആയിരുന്നു.

32. ശന്തനു താക്കുർ (38)

പശ്ചിമബംഗാളിൽ നിന്നുള്ള ലോക്സഭാംഗം. കർണാടക സ്റ്റേറ്റ് ഓപ്പൺ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം, ഹോസ്പ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ. മതുവ സമുദായത്തിന്റെ മുതിർന്ന നേതാവ്.

33. ഡോ. മുഞ്ജപര മഹേന്ദ്രഭായി (52)

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നുള്ള ലോക്സഭാംഗം. ഹൃദ്രോഗ വിധഗ്ധൻ, മെഡിസിൻ പ്രൊഫസർ എന്നീ നിലകളിൽ മുപ്പതു വർഷത്തെ പ്രവൃത്തിപരിചയം. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ജനറൽ മെഡിസിൻ ആൻഡ് തെറാപ്യൂട്ടിക്‌സിൽ എം.ഡി ബിരുദം നേടി. സാമൂഹ്യ പ്രവർത്തകനാണ്. മെഡിക്കൽ ക്യാമ്പുകളിലൂടെ എട്ട് ലക്ഷത്തോളം രോഗികളെ ചികിത്സിച്ചു.

34. ജോൺ ബർള (45)

ബംഗാളിൽ നിന്നുള്ള നിന്നുള്ള ലോക്‌സഭാ അംഗം. അസമിലെയും ഉത്തരബംഗാളിലെയും തോട്ടം തൊഴിലാളികൾക്ക് വേണ്ടി പോരാട്ടം നയിച്ചിട്ടുണ്ട്. 14ാം വയസ്സ് മുതൽ തോട്ടം തൊഴിലാളിയായി പ്രവർത്തിച്ചിട്ടുണ്ട്.

35. ഡോ. എൽ മുരുഗൻ (44)

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന് മുൻപ് 15 വർഷം മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ ആയിരുന്നു. 2017-2020 വരെ ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ എൽഎൽഎം, പിഎച്ച്ഡി എന്നിവ പാസ്സായി.

36. നിസിത് പ്രമാണിക് (35)

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നിന്നുള്ള എംപി. മുൻപ് പ്രൈമറി സ്‌കൂളിൽ അദ്ധ്യാപകനായി പ്രവർത്തി പരിചയം. ബിസിഎ ബിരുദധാരിയാണ്.

37. ജി. കിഷൻ റെഡ്ഡി (61)

ലോക്‌സഭാ മണ്ഡലം- സെക്കന്തരാബാദ്, തെലങ്കാന. 2019 മുതൽ ആഭ്യന്തര സഹമന്ത്രി. 1980ൽ ജനതാപാർട്ടി പ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക്. 2004 മുതൽ 2009 വരെ ഹിമായത്‌നഗർ മണ്ഡലത്തിൽ നിന്നുള്ള എംഎ‍ൽഎ.

38 .രാജ് കുമാർ സിങ് (68)

ലോക്്സഭാ മണ്ഡലം- അര, ബിഹാർ. എംപിയായി രണ്ടാം തവണ. 1974 ബാച്ച് ഐ.പി.എസ് കിട്ടി. 1975 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ. മുൻ ആഭ്യന്തര സെക്രട്ടറി
ഒന്നാം മോദി മന്ത്രിസഭ മുതൽ ഊർജ സഹമന്ത്രി.

39. കിരൺ റിജിജു (49)

ലോക്‌സഭാ മണ്ഡലം- അരുണാചൽ വെസ്റ്റ്. ലോക്‌സഭയിൽ മൂന്നാം തവണ. ഡൽഹി സർവകലാശാലയുടെ ക്യാംപസ് ലോ സെന്ററിൽ നിന്ന് നിയമബിരുദം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തനായ നേതാവ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരുണാചൽ മുൻ മുഖ്യമന്ത്രി നബാം തുക്കിയെ നേരിട്ടു. ഒന്നാം മോദി മന്ത്രിസഭ മുതൽ ആഭ്യന്തര സഹമന്ത്രി, ന്യൂനപക്ഷ സഹമന്ത്രി, സ്പോർട്സ്, യുവജനകാര്യ സഹമന്ത്രി പദവികൾ വഹിച്ചു.

40. അനുരാഗ് സിങ് ഠാക്കൂർ (47)

ഹിമാചൽ പ്രദേശിലെ ഹാമിർപുറിൽ നിന്നുള്ള ലോക്‌സഭാഗം. ധനകാര്യം, കോർപ്പറേറ്റ് കാര്യസഹമന്ത്രി. നാലുതവണ എംപി.യായി. 2015 മെയ്‌ മുതൽ 2017 ഫെബ്രുവരി വരെ ബി.സി.സിഐ. പ്രസിഡന്റായിരുന്നു.

41. ഹർദീപ് സിങ് പുരി (69)

മുൻ നയതന്ത്രജഞനായ പുരി 1974 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. 2009 മുതൽ 2013 വരെ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. നിലവിൽ വ്യോമയാനം, ഭവന, നഗരകാര്യമന്ത്രി. മുൻ സർക്കാരുകളിൽ പ്രതിരോധമന്ത്രാലയം ജോയിന്റ് സെക്രട്ടറി തുടങ്ങി സുപ്രധാനപദവികൾ വഹിച്ചു.

42. മൻസുഖ് എൽ. മാംഡവിയ(49)

ഗുജറാത്തിൽനിന്നുള്ള രാജ്യസഭാഗം. തുറമുഖം, ഷിപ്പിങ്, ജലപാത സഹമന്ത്രി (സ്വതന്ത്ര ചുമതല). സ്ത്രീകളുടെ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട സംഭാവനകൾക്ക് അടുത്തിടെ യൂണിസെഫിന്റെ ആദരം ലഭിച്ചു. ഭാവ്‌നഗർ സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി.

43. പുരുഷോത്തം രൂപാല (67)

ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി. കൃഷി, കർഷകക്ഷേമം, പഞ്ചായത്തിരാജ് സഹമന്ത്രി. ഗുജറാത്ത് നിയമസഭയിൽ നിയമസഭാംഗമായിരുന്ന രൂപാല മന്ത്രിയുമായിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ധ്യാപകനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP