Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമഭേദഗതിക്കായി കേന്ദ്ര സർക്കാർ ഒരുക്കം തുടങ്ങിയത് ആറുവർഷം മുമ്പേ; മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാൻ 2014 ഡിസംബറിന് ശേഷം ക്യത്യമായ ഇടവേളകളിൽ ഇറക്കിയത് അഞ്ച് ഉത്തരവുകൾ; പാസ്‌പോർട്ട് ചട്ടത്തിലും ഫോറിനേഴ്‌സ് ആക്റ്റിലും ഭേദഗതി വരുത്തിയ 2018 ലെ ഉത്തരവ് നിർണായകമായി; വിസാ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പിഴയിലും കടുത്ത വിവേചനം; സിഎഎയിലേക്ക് മോദിസർക്കാർ സഞ്ചരിച്ച വഴികൾ ഇങ്ങനെ

പൗരത്വ നിയമഭേദഗതിക്കായി കേന്ദ്ര സർക്കാർ ഒരുക്കം തുടങ്ങിയത് ആറുവർഷം മുമ്പേ; മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാൻ 2014 ഡിസംബറിന് ശേഷം ക്യത്യമായ ഇടവേളകളിൽ ഇറക്കിയത് അഞ്ച് ഉത്തരവുകൾ; പാസ്‌പോർട്ട് ചട്ടത്തിലും ഫോറിനേഴ്‌സ് ആക്റ്റിലും ഭേദഗതി വരുത്തിയ 2018 ലെ ഉത്തരവ് നിർണായകമായി; വിസാ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പിഴയിലും കടുത്ത വിവേചനം; സിഎഎയിലേക്ക് മോദിസർക്കാർ സഞ്ചരിച്ച വഴികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃത്യമായി പറഞ്ഞാൽ ആറ് വർഷം മുമ്പ് തുടങ്ങിയതാണ്. പൗരത്വ നിയമഭേദഗതിക്ക് അടിത്തറയിടാനുള്ള പണി കേന്ദ്ര സർക്കാർ തുടങ്ങിയത് 2014 ഡിസംബറിന് ശേഷം. സർക്കാർ തുടർച്ചയായി ഇറക്കിയ ഉത്തരവുകൾ വിലയിരുത്തിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭകരുടെ ഭാഷയിൽ പറഞ്ഞാൽ ശുദ്ധമായ മതവിവേചനം. അതായത് 2014 ഡിസംബർ മുതൽ മുസ്ലീങ്ങൾ ഇന്ത്യൻ പൗരത്വം നേടുന്നതിന് വഴിമുടക്കാൻ സർക്കാർ വിവിധതരത്തിലുള്ള 'കല്ലുകൾ' ഉത്തരവിന്റെ രൂപത്തിൽ ഇറക്കി എന്ന് ചുരുക്കം.

ഈ ഉത്തരവുകളിൽ ഏറ്റവും പ്രധാനം 2018 ഒക്ടോബർ 22 ലെ ഉത്തരവാണ്. 1950 ലെ പാസ്‌പോർട്ട് ചട്ടഭേദഗതി, 1946 ലെ ഫോറിനേഴ്‌സ് ആക്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവ്. ദീർഘകാല വിസകൾ അനുവദിക്കുന്നതിൽ മുസ്ലീങ്ങളോടും നിരീശ്വരവാദികളോടും വ്യക്തമായ വിവേചനം കാട്ടുന്നതായിരുന്നു ആ ഉത്തരവ്. ദീർഘകാല വിസകൾക്കായുള്ള വ്യവസ്ഥകൾ ( എൽടിവി റഗുലേഷൻസ്) മാറ്റിയത് ഇങ്ങനെയായിരുന്നു; പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധ, ജൈന വിഭാഗക്കാർ, പാഴ്‌സികൾ, ക്രൈസ്തവർ എന്നിവർക്ക് മാത്രമേ ദീർഘകാല വിസകൾക്ക് അപേക്ഷിക്കാനാവൂ'.

1955 ലെ പൗരത്വ നിയമപ്രകാരം, റസിഡൻഷ്യൽ പെർമിറ്റ് അല്ലെങ്കിൽ ദീർഘകാല വിസ ( എൽടിവി) യാണ് ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മുഖ്യമാനദണ്ഡം. മുസ്ലിം അഭയാർഥികൾക്ക് എൽടിവി അഥവാ ദീർഘകാല വിസ നിഷേധിക്കുന്നത് ഫലത്തിൽ പൗരത്വം നിഷേധിക്കുന്നതിന് തുല്യമാണ്. പൗരത്വ നിയമഭേദഗതി പാസാക്കുന്നതിന് മുമ്പാണ് പുതിയ ഉത്തരവ് കൊണ്ടുവന്നത് എന്നോർക്കണം.

2014 ഡിസംബർ 15 ലെ ഉത്തരവ്

പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്കും, സിഖുകാർക്കും, ക്രൈസ്തവർക്കും, ബുദ്ധമതവിഭാഗക്കാർക്കും ദീർഘകാല വിസ വാഗ്ദാനം ചെയ്യുന്നു. മുസ്ലീങ്ങളുടെയും, പാഴ്‌സികളുടെയും, ജൈനരുടെയും കാര്യം ഈ ഉത്തരവിൽ മിണ്ടുന്നില്ല.

2015 സെപ്റ്റംബർ 7 ലെ ഉത്തരവ്

ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായക്കാർക്ക് പാസ്‌പോർട്ട് അടക്കം സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ തങ്ങാൻ ഒഴിവ് നൽകുന്നു. മുസ്ലീങ്ങളുടെയും അഫ്ഗാനികളുടെയും കാര്യം പരാമർശിക്കുന്നില്ല.

2016 ജൂലൈ 18 ലെ ഉത്തരവ്

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തി. മുസ്ലീങ്ങളുടെ കാര്യം പരാമർശിക്കുന്നില്ല

2016 ഡിസംബർ 23 ലെ ഉത്തരവ്

പൗരത്വചട്ടങ്ങളിൽ ഭേദഗതി. പാസ്‌പോർട്ട് അടക്കം സാധുവായ യാത്രാരേഖകൾ ഇല്ലാതെ തന്നെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ വ്യവസ്ഥ.

മുസ്ലീങ്ങളോട് വിവേചനം കാട്ടുന്ന നാല് ചട്ടങ്ങൾ

1.പൗരത്വ നിയമഭേദഗതിയിൽ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നു

2. പൗരത്വത്തിന് കണക്കാക്കുന്ന പ്രാഥമിക മാനദണ്ഡമായ റസിഡൻസി പെർമിറ്റിന് അപേക്ഷിക്കുന്നതിൽ നിന്ന് ദീർഘകാല വിസാചട്ടങ്ങൾ വിലക്കുന്നു

3. വീട് വയ്ക്കാൻ വസ്തുക്കൾ വാങ്ങുന്നതിനോ, എൻആർഒ അക്കൗണ്ട് തുടങ്ങുന്നതിനോ ഫെമ നിയമപ്രപകാരം വിലക്ക്

4. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രൈസ്തവ വിഭാഗങ്ങൾക്ക് മാത്രം വിസ പെനാൽറ്റിയിൽ നിന്ന് കിഴിവ്

വിസ കാലാവധി കഴിഞ്ഞുള്ള താമസം-പിഴയിൽ വിവേചനം

വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പെനാൽറ്റി തുകയുടെ കാര്യത്തിലും മുസ്ലീങ്ങളോട് വിവേചനമുണ്ട്. വിസ കാലാവധി കഴിഞ്ഞ് 90 ദിവസം വരെയുള്ള താമസത്തിന് ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങൾക്ക് പിഴ 100 രൂപ മാത്രം. മുസ്ലീങ്ങൾക്ക്-21300 രൂപ.

91 ദിവസം മുതൽ രണ്ടുവർഷം വരെ- മറ്റുവിഭാഗങ്ങൾക്ക്-200 രൂപ. മുസ്ലീങ്ങൾക്ക്-28,500

രണ്ടുവർഷത്തിൽ കൂടുതൽ-മറ്റുവിഭാഗങ്ങൾക്ക്-300 മുസ്ലീങ്ങൾ-35,600

ഏതായാലും പൗരത്വ നിയമഭേദഗതി പാസാക്കും മുമ്പേ വിവിധ ഉത്തരവുകൾ വഴി കേന്ദ്രസർക്കാർ അതിന് അടിത്തറയിട്ടു എന്നാണ് വ്യക്തമാകുന്നത്. ദീർഘകാല വിസാ ചട്ടഭേദഗതികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പ്രത്യേകമായി കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും സുപ്രീം കോടതി അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ അഭിപ്രായപ്പെടുന്നു.

പാസ്‌പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്തു കൊണ്ടുള്ള 2015 ലെയും 2017 ലെയും ഉത്തരവുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14,21 എന്നിവയുടെ ലംഘനമാണെന്നും അവ ഉടൻ പിൻവലിക്കണമെന്നും സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് പീസ് പ്രവർത്തക തീസ്ത സെതൽവാദ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് അയച്ച ഇമെയിലുകൾക്ക് മറുപടി കിട്ടിയില്ലെന്നും അവർ പറയുന്നു. എന്നാൽ, ചില അഭയാർഥി വിഭാഗങ്ങൾക്ക് പാസ്‌പോർട്ട് ചട്ടത്തിൽ ഒഴിവ് കൊടുത്തത് ആ രാജ്യത്ത് അവർ നേരിടുന്ന പീഡനസാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

നിയമപ്രശ്‌നത്തേക്കാൾ, മനുഷ്യാവകാശ പ്രശ്‌നം

പൗരത്വ നിയമം, എൻആർസി, എൻപിആർ എന്നിവയുടെ കാര്യത്തിൽ ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളായി കണക്കാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ പൈതൃകമാണ് മുഖ്യമായി കണക്കാക്കുന്നത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ള ജനകോടികളിൽ എത്ര പേർക്കുണ്ട് എന്ന ചോദ്യം വരുമ്പോഴാണ് ഇതൊരു നിയമപ്രശ്‌നം എന്നതിനേക്കാൾ മനുഷ്യാവകാശ പ്രശ്‌നമായി മാറുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP