Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃണമുൽ കോൺഗ്രസുമായി ഇടഞ്ഞ മിഥുൻ ചക്രവർത്തി എംപി സ്ഥാനം രാജിവച്ചു; ചലച്ചിത്ര താരത്തിന്റെ രാജി ശാരദ കേസിൽ മമതയുടെ പാർട്ടിക്കു തിരിച്ചടി

തൃണമുൽ കോൺഗ്രസുമായി ഇടഞ്ഞ മിഥുൻ ചക്രവർത്തി എംപി സ്ഥാനം രാജിവച്ചു; ചലച്ചിത്ര താരത്തിന്റെ രാജി ശാരദ കേസിൽ മമതയുടെ പാർട്ടിക്കു തിരിച്ചടി

ന്യൂഡൽഹി: മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ചലച്ചിത്രതാരം മിഥുൻ ചക്രവർത്തി രാജ്യസഭ എംപി സ്ഥാനം രാജിവച്ചു. തൃണമൂൽ കോൺഗ്രസുമായി ഇടഞ്ഞതാണ് മിഥുന്റെ രാജിയിൽ കലാശിച്ചത്.

പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് മിഥുൻ രാജ്യസഭയിൽ എത്തിയത്. മിഥുന്റെ രാജി ശാരദ അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണു ചെയ്തത്. പാർട്ടിയുമായുള്ള ഭിന്നതയാണ് മിഥുന്റെ രാജിയിൽ എത്തിച്ചതെന്നു വ്യക്തമാണെങ്കിലും ആരോഗ്യ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.

നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖത്തിന് മിഥുൻ നേരത്തെ അമേരിക്കയിൽ വിദഗ്ധ ചികിത്സ തേടിയിരുന്നു. 2009ൽ സിനിമാ ചിത്രീകരണത്തിനിടെയാണ് മിതുന് പരുക്കേറ്റത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ പിടിച്ചുലച്ച ശാരദ അഴിമതി കേസിൽ മിഥുൻ ചക്രവർത്തിയും ആരോപണ വിധേയനാണ്. പുറത്തുവന്ന രേഖകളിൽ മിഥുൻ പണം വാങ്ങി എന്ന് വ്യക്തമായിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തു.

തുടർന്നു ശാരദ ഗ്രൂപ്പുമായി ബന്ധപ്പെട്ട പണം മിഥുൻ തിരികെ നൽകി. പണം തിരികെ നൽകിയ തൃണമൂൽ കോൺഗ്രസിലെ ഏക നേതാവാണ് മിഥുൻ ചക്രവർത്തി. കഴിഞ്ഞ ജൂൺ 16ന് 1.19 കോടി രൂപയുടെ ഡ്രാഫ്റ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. കൊൽക്കത്തയിൽ നടത്തിയ ചോദ്യംചെയ്യലിന് പിന്നാലെയായിരുന്നു മിതുന്റെ നീക്കം. ഇത് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ശാരദ കേസിൽ ആരോപണങ്ങളെ ഒരിടത്ത് പ്രതിരോധിക്കുമ്പോൾ മറ്റൊരിടത്ത് വീഴ്ചപറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു മിഥുൻ ചക്രവർത്തിയുടെ നടപടി. ഇത് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇപ്പോൾ രാജിയും വിരൽ ചൂണ്ടുന്നതു തൃണമുൽ നേതൃത്വത്തിലേക്കാണ്.

ശാരദ കേസിലെ ആരോപണങ്ങൾ വ്യക്തിജീവിതത്തെ ബാധിച്ചുവെന്നും മിതുൻ ചക്രവർത്തിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും ആണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതേത്തുടർന്ന് തൃണമൂൽ നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലാണ് മിഥുൻ ചക്രവർത്തി. വിവാദങ്ങൾക്ക് ശേഷം പാർട്ടിയുടെ ഒരു വേദിയിലും മിഥുൻ ചക്രവർത്തി പങ്കെടുത്തിരുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്നും തൃണമൂൽ കോൺഗ്രസിനായി പ്രചരണം നടത്തേണ്ടതില്ലെന്നും മിഥുൻ ചക്രവർത്തി തീരുമാനിച്ചിരുന്നു.2014 ജനുവരിയിലാണ് മിഥുൻ ചക്രവർത്തിയെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ മമത ബാനർജി തീരുമാനിച്ചത്.

1976 മുതൽ ബോളിവുഡിലെ സജീവ സാന്നിധ്യമാണ് മിഥുൻ ചക്രവർത്തി. മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയയിലൂടെയാണ് സിനിമാ ലോകത്തേക്ക് മിഥുൻ രംഗപ്രവേശം ചെയ്തത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മിഥുൻ ചക്രവർത്തി നേടുകയുണ്ടായി. ഡാൻസ് ഡാൻസ്, പ്യാർ ജൂട്ടാ നഹീ, അഗ്‌നീപഥ് അടക്കം നിരവധി ഹിറ്റു ചിത്രങ്ങൾ മിഥുൻ ചക്രവർത്തി ബോളിവുഡിന് സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP