Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സർക്കാരിനെ പിരിച്ചുവിട്ടാലും തന്നെ ജയിലിടച്ചാലും പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ല; ആയിരങ്ങളെ മുന്നിൽ നിന്ന് നയിച്ച് മമത ബാനർജിയുടെ മെഗാറാലി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ താരമായി ദീദി

സർക്കാരിനെ പിരിച്ചുവിട്ടാലും തന്നെ ജയിലിടച്ചാലും പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ല; ആയിരങ്ങളെ മുന്നിൽ നിന്ന് നയിച്ച് മമത ബാനർജിയുടെ മെഗാറാലി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ താരമായി ദീദി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ താരമാകുന്നത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി തന്നെ. ആയിരങ്ങളെ അണിനിരത്തിയാണ് മമത മെഗാറാലി സംഘടിപ്പിച്ചത്. എല്ലാവരെയും നയിച്ച് ദീദി ഏറ്റവും മുന്നിൽ നടന്നപ്പോൾ ആയിരങ്ങൾ പിന്നിൽ ആർത്തുവിളിച്ചുകൊണ്ട് അണിനിരന്നു. കൊൽക്കത്തയിലെ റെഡ് റോഡിലെ ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച റാലി ജോരസാങ്കോ താകുർബാരി വരെയാണ്.

തന്റെ സർക്കാരിനെ പിരിച്ചു വിടുകയോ തന്നെ ജയിലിൽ അടയ്ക്കുകയോ ചെയ്താലും പൗരത്വനിയമവും ദേശീയ പൗരത്വ രജിസ്റ്ററും പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു. പൗരത്വനിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്വലിക്കുന്നതുവരെ സമരം തുടരും. സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടാൻ ബിജെപി കൂലിക്ക് ആളുകളെ ഇറക്കിയിട്ടുണ്ടെന്ന് മമത ആരോപിച്ചു. വരും ദിവസങ്ങളിലും നിരവധി റാലികൾ മമതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മമത ജനങ്ങളെ ആഹ്വാനം ചെയ്തതിനെയും കേന്ദ്ര സർക്കാരിന് എതിരെ റാലി നടത്തിയതിനെയും ഗവർണർ ജഗദീപ് ധാംകർ നിശിതമായി വിമർശിച്ചു. ഭരണഘടനാ വിരുദ്ധമാണ് മമത ബാനർജിയുടെ നടപടി എന്ന് ഗവർണർ ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി തെരുവിൽ സമരം ചെയ്യുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ഒരു തരത്തിലുള്ള ഭീഷണിക്കും താൻ വഴങ്ങില്ലെന്ന് മമതാ ബാനർജി തിരിച്ചടിച്ചു.

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് മമത ബാനർജി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. നമ്മൾ എന്തായാലും പോരാടും, എല്ലാം അവസാനിപ്പിക്കാനുള്ളതാണ് ഈ പോരാട്ടം. എല്ലായ്‌പ്പോയും നമ്മൾ വഴികാണിച്ചുനൽകി. ഇനിയും അത് ചെയ്യണം. മുന്നിൽനിന്ന് നയിക്കണം എന്നും മമത പറഞ്ഞു.

ഭരണഘടനയ്ക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുള്ളവർക്കും പൗരത്വം നൽകുകയാണെങ്കിൽ ഞങ്ങൾ അത് അംഗീകരിക്കും. പക്ഷേ, നിങ്ങൾ മതത്തിന്റെയും മറ്റുള്ളതിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെങ്കിൽ ഞങ്ങൾ അവസാനം വരെ അതിനെ എതിർക്കും- മമത വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിന്മേൽ ചർച്ചകളുണ്ടാക്കി സാമ്പത്തിക തകർച്ച ഉൾപ്പെടെയുള്ള രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനർജി ആരോപിച്ചു.

രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും അവർ പറഞ്ഞു. ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്നും മമത തുറന്നടിച്ചിരുന്നു. അതിനിടെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ബംഗാളിലും ശക്തമായി. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രക്ഷോഭകർ തീയിട്ടു. മുർഷിദാബാദ് ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാർ തീയിട്ടത്. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനും മൂന്ന് നില കെട്ടിടത്തിനുമാണ് തീയിട്ടത്. തടയാൻ ശ്രമിച്ച റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP