Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാളീദേവി പരാമർശത്തെ പാർട്ടി അപലപിച്ചു; തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്ത് മഹുവ മോയിത്ര; നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാൻ പിന്തുണച്ചിട്ടില്ലെന്ന് ബിജെപി പ്രചരണങ്ങൾ തള്ളഇ മഹുവ

കാളീദേവി പരാമർശത്തെ പാർട്ടി അപലപിച്ചു; തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്ത് മഹുവ മോയിത്ര; നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാൻ പിന്തുണച്ചിട്ടില്ലെന്ന് ബിജെപി പ്രചരണങ്ങൾ തള്ളഇ മഹുവ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ അൺഫോളോ ചെയ്ത് പാർട്ടി എംപി. മഹുവാ മോയിത്ര. കഴിഞ്ഞദിവസം, കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമർശത്തെ പാർട്ടി നേതൃത്വം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത് അവർ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ലീനാ മണിമേഖലയുടെ ചിത്രത്തിന്റെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്ന കാളീദേവിയുടെ ചിത്രം വിവാദമായ വിഷയത്തെ കുറിച്ച് മഹുവയോട് അഭിപ്രായം ആരാഞ്ഞത്. കാളിയെന്നാൽ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ പരാമർശം.

സിക്കിമിൽ ചെന്നാൽ, കാളീദേവിക്ക് വിസ്‌കി നേദിക്കുന്നത് കാണാം. എന്നാൽ ഉത്തർ പ്രദേശിൽചെന്ന് ദേവിക്ക് പ്രസാദമായി വിസ്‌കി നേദിക്കാറുണ്ടെന്ന് പറഞ്ഞാൽ അവർ അതിനെ ഈശ്വരനിന്ദയെന്ന് പറയും എന്നും മഹുവ പറഞ്ഞിരുന്നു.

അതേസമയം, മഹുവയുടെ പരാമർശത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു. മഹുവ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണെന്നും അതിനെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാർട്ടി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ മഹുവ പിന്തുടരുന്ന ഏക ട്വിറ്റർ അക്കൗണ്ട് തൃണമൂൽ കോൺഗ്രസ് ചെയർപേഴ്സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടേത് മാത്രമാണ്.

നേരത്തെ കാളി ദേവിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ സംഘപരിവാർ പ്രചരണത്തിൽ മറുപടിയുമായി മഹുവ രംഗത്തുവന്നിരുന്നു. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു പോലും താൻ ഉപയോഗിച്ചിട്ടില്ലെന്നും മൊയ്ത്ര വിശദീകരിച്ചു. എല്ലാ സംഘികളോടും കൂടിയാണ് എന്ന ഉപചാരവാക്കോടു കൂടി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മഹുവയുടെ മറുപടി.''എല്ലാ സംഘികളോടും പറയുകയാണ്. നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാൻ പിന്തുണച്ചിട്ടില്ല. പുകവലി എന്ന വാക്കുപോലും ഞാൻ ഉപയോഗിച്ചിട്ടില്ല. താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നൽകുന്നതെന്ന് നോക്കൂ''.

ഇന്ത്യാ ടുഡേ നടത്തിയ കോൺക്ലേവിലായിരുന്നു മഹുവ മൊയ്ത്ര കാളി ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ചത്. കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി അർപ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാകും,' മഹുവ പറഞ്ഞു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രസ്താവന.ടിഎംസി എല്ലായ്‌പ്പോഴും ഹിന്ദു മതത്തെ അവഹേളിക്കുന്നു എന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി കാളി ദേവിയെക്കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പരാമർശങ്ങളോട് പ്രതികരിച്ചത്.

മുൻ പാർട്ടി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ബിജെപി നടപടിയെടുത്ത രീതിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികാരി പറഞ്ഞു.കഴിഞ്ഞ ദിവസം ലീന മണിമേഖല സമൂഹ മാധ്യമത്തിൽ തന്റെ പുതിയ ഡോക്യുമെന്ററി 'കാളി'യുടെ പോസ്റ്റർ ഷെയർ ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഭദ്രകാളിയുടെ വേഷം ധരിച്ചുകൊണ്ട് ഒരു സ്ത്രീ പുകവലിക്കുന്നതായാണ് പോസ്റ്ററിൽ ഉള്ളത്. പിന്നിലായി എൽജിബിടി കമ്മ്യൂണിറ്റിയുടെ കൊടിയും കാണാം. ഈ പോസ്റ്റർ തങ്ങളുടെ മത വികാരത്തെ വൃണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം ലീന മണി മേഖലയ്‌ക്കെതിരെ പരാതിപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP