Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

'മഹാ' നാടകത്തിന് എരിവും പുളിയും കൂട്ടി നിയമയുദ്ധവും; ബിജെപിയെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികൾ സുപ്രീം കോടതിയിൽ; ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യം; ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമെന്ന് ഹർജിയിൽ; 7 വിമത എൻസിപി എംഎൽഎമാർ കൂടി ശരദ് പവാർ വിളിച്ച യോഗത്തിൽ; ബിജെപിക്കൊപ്പം കൂടിയ അജിത് പവാറിന് തിരിച്ചടി

'മഹാ' നാടകത്തിന് എരിവും പുളിയും കൂട്ടി നിയമയുദ്ധവും; ബിജെപിയെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികൾ സുപ്രീം കോടതിയിൽ; ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യം; ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമെന്ന് ഹർജിയിൽ; 7 വിമത എൻസിപി എംഎൽഎമാർ കൂടി ശരദ് പവാർ വിളിച്ച യോഗത്തിൽ; ബിജെപിക്കൊപ്പം കൂടിയ അജിത് പവാറിന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനെ ചോദ്യം ചെയത് ശിവസേനയും കോൺഗ്രസും എൻസിപിയും സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. റിട്ട് ഹർജിയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്നും ആവശ്യമുണ്ട്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്.

അതേസമയം ബിജെപിയോടൊത്തു സർക്കാരുണ്ടാക്കിയതിൽ എൻസിപി നേതാവ് അജിത് പവാറിന്റെ വിശദീകരണവും പുറത്തുവന്നു. തുടർച്ചയായ ചർച്ചകളിൽ മനം മടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അജിത് പവാർ പ്രതികരിച്ചു. ഏഴ് വിമത എംഎൽഎമാർ എൻസിപി ക്യാംപിൽ തിരിച്ചെത്തിയതായും വിവരമുണ്ട്. ഡൽഹിക്കു പോകാനിരുന്നവരെയാണു തിരിച്ചെത്തിച്ചത്. പാർട്ടിയുടെ നിയമസഭാ കക്ഷിയോഗവും തുടരുകയാണ്. എൻസിപിയുടെ 54 എംഎൽഎമാരിൽ 42 പേർ മുംബായിലെ വൈബി ചവാൻ സെന്ററിൽ ശരദ് പവാർ വിളിച്ച യോഗത്തിന് എത്തിയതായാണ് വിവരം. അജിത് പവാർ ഉൾപ്പെടെയുള്ള നാലു പേർ യോഗത്തിൽ പങ്കെടുക്കുന്നില്ല.

അതേസമയം, താൻ ബിജെപിയെ പിന്തുണയ്ക്കുന്ന നിരവധി സ്വതന്ത്ര എംഎൽഎമാരുമായി ബന്ധപ്പെട്ട് വരികയാണെന്ന് സ്വതന്ത്ര എംഎൽഎ ര രവിറാണ പറഞ്ഞു. കിഷോർ ജോർഗേവാർ, വിനോദ് അഗർവാൾ എന്നിവരും പിന്തുണ അറിയിച്ചു.

എൻസിപി നേതാവ് ശരദ് പവാറിന് പിന്തുണ അറിയിച്ചു എൻസിപിയുടെ എംഎൽഎമാർ രംഗത്തുവരുന്നതു തുടരുകയാണ്. ശരദ് പവാറിന്റെ നിലപാടിനൊപ്പമാണു നിൽക്കുന്നതെന്ന് ശനിയാഴ്ച രാവിലെ രാജ്ഭവനിൽ പോയ എൻസിപി എംഎൽഎ ദിലീപ് റാവു ബങ്കാർ പ്രതികരിച്ചു. എൻസിപിക്കു മാത്രമാണു പിന്തുണ. അജിത് പവാർ കൂടെച്ചെല്ലാൻ പറഞ്ഞതുകൊണ്ടു മാത്രമാണു രാജ്ഭവനിലെത്തിയതെന്നും ദിലീപ് റാവു ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.മറ്റൊരു എൻസിപി എംഎൽഎയായ അതുൽ ബെങ്കെയും ശരദ് പവാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. പാർട്ടിയിൽ എല്ലാവരും ഒരുമിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന ശിവസേനയുടെ എംഎൽഎമാരെ അധ്യക്ഷൻ ഉദ്ധവ് താക്കറെ കണ്ടു.

എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനുള്ള തിരക്കിലാണ് കോൺഗ്രസും ശിവസേനയും. 9 എൻസിപി എംഎൽഎമാരെ ബിജെപി ഡൽഹിയിലേക്ക് മാറ്റി. ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം മുതൽ ഗവർണർ ഭഗത് സിങ് കോഷ്യാരിയുടെ റോൾ സംശയകരമാണെന്ന് കോൺ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. ഗവർണർ ആദ്യം ബിജെപിയെ ക്ഷണിച്ചു..പിന്നാലെ ശിവസേന, എൻസിപി, എന്നിവരെയും.എന്നാൽ, കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരവസരം നൽകിയതുമില്ല, പട്ടേൽ പറഞ്ഞു. ഇപ്പോൾ എംഎൽഎമാരുടെ പിന്തുണയുണ്ടോ എന്നുപോലും പരിശോധിക്കാതെ സർക്കാർ രൂപീകരിച്ചു. ഇവിടെ എന്തൊക്കൊയോ ചീഞ്ഞുനാറുന്നു. സത്യപ്രതിജ്ഞ നടത്തിയതാകട്ടെ, പുലർച്ചെ ഒരുമാധ്യമത്തിന്റെ മാത്രം സാന്നിധ്യത്തിൽ. നിയമങ്ങൾ, ഭരണഘടനാ മര്യാദ-ജനാധിപത്യപ്രക്രിയയെ തന്നെ നാണംകെട്ട നീതിയിൽ ബിജെപി അട്ടിമറിച്ചിരിക്കുകയാണ്. എൻസിപിയും, കോൺഗ്രസും. ശിവസേനയും ചർച്ചകളെല്ലാം പൂർത്തിയാക്കി വരവെയാണ് അതീവരഹസ്യമായി ഈ അട്ടിമറി സംഭവിച്ചത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കളങ്കമായി മാറിയ ഈ പ്രശ്‌നം പരിഹരിക്കാൻ രാഷ്ട്രീയപരവും നിയമപരവുമായ എല്ലാ വഴികളും നോക്കുമെന്നും അഹമ്മദ് പട്ടേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിനെതിരെ സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കാമെന്നാണ് എൻസിപിക്കും, ശിവസേനയ്ക്കും മുന്നിൽ കോൺഗ്രസ് മുന്നോട്ട് വച്ച നിർദ്ദേശം. കുതിരക്കച്ചടവം തടയാൻ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കോൺഗ്രസും ശിവസേനയും. അതേസമയം 9 എൻസിപി എംഎൽഎമാരെ ചാർട്ടേഡ് വിമാനത്തിൽ ബിജെപി ഡൽഹിയിലേക്ക് മാറ്റി. മുംബൈയിൽ അന്ധേരിയിലെ ലളിത് ഹോട്ടലിലാണ് ശിവസേന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ മൊബൈലുകൾ ഏൽപിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരിക്കുയാണ്.

അതേസമയം കോൺഗ്രസ്എൻസിപി ശിവസേന സഖ്യത്തിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കി. അജിത് പവാറിന് എൻസിപി പിന്തുണയില്ലെന്നും ഫഡ്‌നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയ്‌ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയ പവാർ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. അജിത്തിന്റെ നടപടി പാർട്ടിവിരുദ്ധമാണ്.

തങ്ങൾക്ക് ഇപ്പോവും 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അത് തെളിയിക്കുമെന്നും പവാർ പറഞ്ഞു. അജിത് പാർട്ടി അച്ചടക്കം ലംഘിച്ചെന്നും പറഞ്ഞ ശരത് പവാർ അജിതിനൊപ്പം പോയവരെ കൂറുമാറിയതായി കണക്കാക്കുമെന്നും വ്യക്തമാക്കി. എൻസിപിയിൽ നിന്ന് ആരും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞ പവാർ അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മൂന്ന് എംഎൽഎമാരെയും വാർത്താ സമ്മേളനത്തിൽ ഹാജരാക്കി.

പാർട്ടി അച്ചടക്കം ലംഘിച്ച അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്നും അജിതിനെ നിയമസഭാകക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്നും ശരത് പവാർ പറഞ്ഞു. പാർട്ടിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഇന്ന് വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ തെരഞ്ഞെടുക്കുമെന്നും പവാർ പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സമയം നൽകുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ അവർക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല. അപ്പോൾ തങ്ങൾക്ക് മുൻ നിശ്ചയിച്ച പ്രകാരം ഭൂരിപക്ഷം തെളിയിച്ച് സർക്കാർ രൂപീകരിക്കാനാകും- ശരത് പവാർ പറഞ്ഞു.

എംഎൽഎമാർ ത്രികക്ഷി സഖ്യത്തിന് പിന്തുണയറിയിച്ച് ഒപ്പിട്ടു നൽകിയ കത്തുകൾ മൂന്ന് പാർട്ടി നേതാക്കളുടെ പക്കലുണ്ട്. ഈ ലിസ്റ്റ് തന്നെയാകും എൻസി പിന്തുണയെന്ന വ്യജേന അജിത് പവാർ ഹാജരാക്കിയിട്ടുണ്ടാവുകയെന്നു കുറ്റപ്പെടുത്തിയ ശരത് പവാർ ഇക്കാര്യം പക്ഷേ, വ്യക്തമല്ലെന്നും ഗവർണറുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

സർക്കാർ രൂപീകരണത്തിനുള്ള എല്ലാ ഭരണഘടനാ മര്യാദകളും പാലിച്ചുകൊണ്ടാണ് സർക്കാർ രൂപീകരിച്ചതെന്ന് ബിജെപി നേതാവ് രവിശങ്കർ രപ്രസാദ് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കും. പിൻവാതിലിലൂടെ മുംബൈയെ നിയന്ത്രിക്കാൻ എൻസിപിയും കോൺ്ഗ്രസും ശിവസേനയും ഗൂഢാലോചന നടത്തി. ജനവിധി അവർക്ക് അനുകൂലമായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ സർക്കാർ രൂപീകരിച്ചില്ല. അധികാരത്തിന് വേണ്ടി പ്രത്യയശാസ്ത്രം വിൽക്കുന്നവർക്ക് ശിവാജിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതിനിടെ, ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാനമെന്ന് താൻ നേരത്തെ പറഞ്ഞത് ഇപ്പോൾ അന്വർഥമായെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP