Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമം ഊർജ്ജിതമാക്കി ബിജെപി ; ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഫഡ്‌നാവിസും ഷിൻഡെയും; ഇരുവരും നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും; ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; സഭയിൽ വിശ്വാസ വോട്ട് തേടിയശേഷം മന്ത്രിസഭാ വികസനം; കൂറുമാറാൻ ശിവസേന എംപിമാരും; ആശ്വാസത്തിൽ ബിജെപി കേന്ദ്ര നേതൃത്വം

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമം ഊർജ്ജിതമാക്കി ബിജെപി ; ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഫഡ്‌നാവിസും ഷിൻഡെയും; ഇരുവരും നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും; ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; സഭയിൽ വിശ്വാസ വോട്ട് തേടിയശേഷം മന്ത്രിസഭാ വികസനം; കൂറുമാറാൻ ശിവസേന എംപിമാരും; ആശ്വാസത്തിൽ ബിജെപി കേന്ദ്ര നേതൃത്വം

ന്യൂസ് ഡെസ്‌ക്‌

മുംബയ്: മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ഒപ്പം നിർത്തി സർക്കാർ രൂപീകരണത്തിനുള്ള നീക്കം ഊർജ്ജിതമാക്കി ബിജെപി നേതൃത്വം. സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിക്കുന്നതിനായി ഗവർണ ഭഗത് സിങ് കോശിയാരിയുമായി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ് കൂടിക്കാഴ്ച നടത്തുകയാണ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്ക് ഒപ്പമാണ് ഫഡ്‌നാവിസ് മഹാരാഷ്ട്ര ഗവർണറെ കാണുന്നത്. ഫഡ്നാവിസ് സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. ഫഡ്നാവിസും ഷിൻഡെയും മാത്രമാകും നാളെ സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തും. നിയമസഭ വിപ്പിനെയും തെരഞ്ഞെടുത്ത്, സഭയിൽ വിശ്വാസ വോട്ടും തേടിയശേഷമാകും മന്ത്രിസഭാ വികസനം ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപിയും ശിവസേന വിമതരും തമ്മിൽ ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.

ഏകനാഥ് ഷിൻഡെയുടെ സംഘത്തിൽനിനിന്ന് ഗുലാബ് റാവു പാട്ടീൽ, ഉദയ് സാമന്ത്, ദാദാ ഭുസെ, അബ്ദുൾ സത്താർ, സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി, ബച്ചു കാഡു, താനാജി സാവന്ത് തുടങ്ങിയവർക്ക് പുതിയ സർക്കാരിൽ മന്ത്രിപദം ലഭിച്ചേക്കുമെന്നാണ് സൂചന.

ബിജെപിക്ക് 170 എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി നേതാവ് ഗിരീഷ് മഹാജൻ അവകാശപ്പെട്ടു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ആവശ്യം 145 എംഎ‍ൽഎമാരുടെ പിന്തുണയാണ്. വിമത എംഎ‍ൽഎമാർ ഇന്നലെ രാത്രി ഗോവയിലെത്തിയിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇവരുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ നടക്കുന്ന ദിവസം മുംബയിൽ എത്തിയാൽ മതിയെന്നാണ് ശിവസേന വിമതരോട് ബിജെപി മഹാരാഷ്ട്ര അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നിർദ്ദേശിച്ചിട്ടുള്ളത്.


ശിവസേന എംഎ‍ൽഎമാരുടെ യോഗം ഏക്നാഥ് ഷിൻഡെ വിളിച്ചിരുന്നു. എല്ലാ എംഎ‍ൽഎമാരും ഗോവയിലെ ഹോട്ടലിലെത്താൻ വിമതർ വിപ്പ് നൽകി. മഹാവികാസ് അഘാഡി വിട്ടാൽ ഉദ്ധവുമായി ചർച്ചയാകാമെന്ന് വിമതർ അറിയിച്ചു. മഹാരാഷ്ട്രിയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുന്നത്.

ശിവസേനയ്ക്കുള്ളിൽ ഷിൻഡെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട വിമതരുടെ കലാപമാണ് മഹാവികാസ് അഘാടി സർക്കാരിന്റെ പതനത്തിനും ഉദ്ധവ് താക്കറേയുടെ രാജിക്കും വഴിവെച്ചത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഷിൻഡെ ക്യാമ്പ് അവകാശപ്പെട്ടു. ഒരു പാർട്ടിയിലും തങ്ങൾ ലയിക്കില്ലെന്നും ശിവസേന എംഎൽഎ ദീപക് കേസർക്കർ പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് തങ്ങൾ ഒരു ആഘോഷവും നടത്തിയിട്ടില്ല. ഉദ്ധവിനെ അനാദരിക്കുകയോ, മുറിവേൽപ്പിക്കുകയോ ചെയ്യാൻ തങ്ങൾക്ക് ഒരു ഉദ്ദേശവുമില്ല.

തങ്ങളാരും താക്കറെ കുടുംബത്തിന് എതിരല്ല. തങ്ങൾ താക്കറെയെ വഞ്ചിച്ചിട്ടില്ല. ബാലാസാഹേബിന്റെ തത്വങ്ങൾ മുറുകെ പിടിക്കുകയാണ് തങ്ങൾ ചെയ്തത്. വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമാണ്. അതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കേസർക്കർ പറഞ്ഞു. 

ഭരണം നിലനിർത്താൻ ഉദ്ധവ് സർക്കാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും വിമതർ അനുനയത്തിന് തയാറാകാത്തതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് രാജിവച്ചത്.ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഉദ്ധവ് രാജിക്കത്ത് കൈമാറിയെങ്കിലും കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കൾക്കൊപ്പമാണ് അദ്ദേഹം ഗവർണറെ കാണാനെത്തിയത്. നിരവധി ശിവസേന പ്രവർത്തകരും രാജ്ഭവനിലേയ്ക്കുള്ള യാത്രയിൽ ഉദ്ധവിനെ അനുഗമിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്  പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

കൃത്യമായ ആസൂത്രണം നടത്തിയാണ് മഹാരാഷ്ട്രയിലെ സർക്കാരിനെ ബിജെപി വീഴ്‌ത്തിയത്. നിയമനടപടികളുടെ മേൽനോട്ടം അമിത് ഷായ്ക്കായിരുന്നു. വിമത എംഎൽഎമാർ ഉറച്ചു നില്ക്കും എന്ന് ഉറപ്പാക്കിയ ശേഷമാണ് അവസാന നീക്കങ്ങൾ നടന്നത്.

മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തിനറെ അധികാരം വരുന്നത് കേന്ദ്രസർക്കാരിന് കരുത്താവുകയാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്ത സംസ്ഥാനത്തെ അധികാരം പിടിക്കുന്നത് ബിജെപിക്ക് മുൻതൂക്കം നല്കും.

ശിവസേനയുടെ പതിനാല് എംപിമാരും പക്ഷം മാറും എന്ന സൂചനയുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുമ്പ് ഇതുണ്ടായാൽ പതിനാലായിരം വോട്ടുമൂല്യം എൻഡിഎ പക്ഷത്ത് കൂടും. ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗം ഹൈദരാബാദിൽ ശനിയാഴ്ച തുടങ്ങുകയാണ്. ബിജെപി ശ്രദ്ധ ഇനി രാജസ്ഥാനിലേക്ക് മാറാനാണ് സാധ്യത. സച്ചിൻ പൈലറ്റിനും അശോക് ഗലോട്ടിനുമിടയിലെ തർക്കം രൂക്ഷമാകുന്നത് മുന്നിൽ കണ്ടാകും ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP