Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇന്നു രാത്രി എട്ടര വരെ സമയം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു ശ്രമവും നടത്താതെ എൻസിപി; കോൺഗ്രസിനും ഗവർണർ സമയം കൊടുക്കും; മറ്റെന്നാൾ തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിലേക്ക് വഴി തെളിക്കും; ഒറ്റക്ക് മത്സരിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം പിടിക്കാൻ വാശിയോടെ ബിജെപി; ശിവസേനയോടു നീക്കു പോക്കു നടത്തി അട്ടിമറിക്കാൻ എൻസിപി-കോൺഗ്രസ് സഖ്യവും; മഹാനാടകം അന്ത്യത്തിലേക്ക് അടക്കുമ്പോൾ നേട്ടം ആർക്ക്?

ഇന്നു രാത്രി എട്ടര വരെ സമയം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു ശ്രമവും നടത്താതെ എൻസിപി; കോൺഗ്രസിനും ഗവർണർ സമയം കൊടുക്കും; മറ്റെന്നാൾ തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിലേക്ക് വഴി തെളിക്കും; ഒറ്റക്ക് മത്സരിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം പിടിക്കാൻ വാശിയോടെ ബിജെപി; ശിവസേനയോടു നീക്കു പോക്കു നടത്തി അട്ടിമറിക്കാൻ എൻസിപി-കോൺഗ്രസ് സഖ്യവും; മഹാനാടകം അന്ത്യത്തിലേക്ക് അടക്കുമ്പോൾ നേട്ടം ആർക്ക്?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് എട്ടര വരെ സർക്കാർ ഉണ്ടാക്കാൻ എൻസിപിക്ക് അവസരം ലഭിച്ചു. ശിവസേന- ബിജെപി സഖ്യത്തിലെ പിളർപ്പാണ് മഹാരാഷ്ട്രയിൽ കാര്യങ്ങൾ തകിടം മറിക്കാൻ ഇടയാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പു ഫലം വന്നതിന് ശേഷം 18 ദിവസം ആകുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയിൽ കാര്യങ്ങൾ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. കേന്ദ്രസർക്കാറും ബിജെപിയും ആഗ്രഹിക്കുന്നതും ഇക്കാര്യം തന്നെയാണ്. അയോധ്യ അടക്കമുള്ള പ്രചരണ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും തിരഞ്ഞെടുപ്പു ഉണ്ടായാൽ അനായാസം വിജയിച്ചു കയറാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കാനുള്ള തന്ത്രമാണ് ഇവിടെ നടക്കുന്നത്.

Stories you may Like

ഇന്നലെ ശിവസേന നടത്തിയ സഖ്യനീക്കങ്ങൾ പൊളിഞ്ഞതോടെയാണ് എൻസിപിക്ക് സർക്കാർ ഉണ്ടാക്കാൻ ക്ഷണം ലഭിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീകരിക്കുന്നതിനു ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാൻ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണു നടപടി. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാൻ 24 മണിക്കൂർ സമയമാണ് എൻസിപിക്ക് അനുവദിച്ചിട്ടുള്ളത്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനമറിയിക്കാമെന്നു ഗവർണറെ നേരിട്ടു ബോധിപ്പിച്ചതായി എൻസിപി നേതാവ് ജയന്ത് പാട്ടീൽ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് രാത്രി 8.30 വരെയാണു ഗവർണർ സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തതായും കാത്തിരുന്നു കാണാനാണു തീരുമാനമെന്നും ബിജെപി അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളിൽ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാൻ ഞായറാഴ്ച നിർദ്ദേശിച്ചതുപ്രകാരം ശിവസേനാ സംഘവും ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യർത്ഥിച്ചു. എന്നാൽ കൂടുതൽ സമയം നൽകാനാകില്ലെന്ന് ഗവർണർ വ്യക്തമാക്കി. സർക്കാർ രൂപീകരണശ്രമവുമായി ശിവസേന മുന്നോട്ടു പോകുമെന്ന് ആദിത്യ താക്കറെ അറിയിച്ചു. ഒറ്റയ്ക്കു ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതും മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തെ തുടർന്നു ബിജെപിയുമായുള്ള സഖ്യത്തിൽ വിള്ളലുണ്ടായതുമാണു ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ആദ്യം ബിജെപിയെ ആണു ഗവർണർ ക്ഷണിച്ചത്. സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണു രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്.

യൂത്ത് വിങ് നേതാവ് ആദിത്യ താക്കറെ, ഏകനാഥ് ഷിൻഡേ തുടങ്ങിയവർ നേതൃത്വം നൽകിയ പ്രത്യേക ശിവസേന പ്രതിനിധി സംഘമാണ് തിങ്കളാഴ്ച വൈകിട്ട് ഗവർണറെ കണ്ടത്. ഇവരോടൊപ്പം ഏഴു സ്വതന്ത്ര എംഎൽഎമാരും ഗവർണറെ കാണാനെത്തി. തൊഴിലാളികളുടെയും കർഷകരുടെയും സർക്കാരാണ് ഉണ്ടാകുകയെന്നും ഉദ്ധവ് താക്കറെ പറയുന്നയാൾ മുഖ്യമന്ത്രിയാകുമെന്നും സ്വതന്ത്ര എംഎൽഎ ബച്ചു കണ്ഠു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശിവസേന സർക്കാരിനു പിന്തുണ തേടി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ശിവസേന തലവൻ ഉദ്ധവ് താക്കറെ ഫോണിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണ സംബന്ധിച്ച വ്യക്തത ഉണ്ടായില്ല. ചർച്ച തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എൻസിപി നേതാവ് ശരദ് പവാറുമായി സോണിയ സംസാരിച്ചതായും ചർച്ച തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.

നീങ്ങുന്നത് രാഷ്ട്രപതി ഭരണത്തിലേക്ക് തന്നെ

എൻസിപിയും സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ സാങ്കേതികത്വത്തിന്റെ പേരിൽ നാലാമത്തെ കക്ഷിയായ കോൺഗ്രസിനെ ഗവർണർ ക്ഷണിച്ചേക്കും. അതല്ലെങ്കിൽ എൻസിപിയുടെ മറുപടിക്ക് ശേഷം മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാർശ ചെയ്യും. അങ്ങനെയെങ്കിൽ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വരും. ശിവസേനയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി ഞായറാഴ്ച പിന്മാറിയിരുന്നു. പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. സർക്കാർ രൂപീകരണത്തിന് ശിവസേന എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടെടുത്തു. ഇതോടെ ശിവസേനയുമായി ചേരാൻ അരമനസുമായി നിന്ന എൻസിപിയും പിന്മാറി.

എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ശിവസേന സർക്കാരുണ്ടാക്കാൻ രണ്ടുദിവസത്തെ സാവകാശം ഗവർണറെ കണ്ട് തേടിയിരുന്നു. എന്നാൽ സമയം നീട്ടി നൽകാനാകില്ലെന്ന് അറിയിച്ച ഗവർണർ ഭഗത് സിങ് കോഷിയാരി എൻസിപിക്ക് കത്ത് നൽകി. സർക്കാരുണ്ടാക്കേണ്ടതില്ലെന്നാണ് എൻസിപി ഇപ്പോളെടുത്തിരിക്കുന്ന നിലപാട്.

25 വർഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചാണ് ശിവസേന ബിജെപിയുമായുള്ള കൂട്ടുകെട്ടിൽ നിന്ന് പുറത്തുവന്നത്. സേനയുടെ കേന്ദ്രമന്ത്രിസഭയിലെ അംഗമായ അരവിന്ദ് സാവന്ത് രാജിവെക്കുമെന്നും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരികയാണെങ്കിൽ പന്ത് വീണ്ടും ബിജെപിയുടെ കോർട്ടിലെത്തും. ഒന്നുകിൽ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് പത്തിമടക്കി ബിജെപി പാളയത്തിലേക്ക് തിരികെ വരികയോ അല്ലെങ്കിൽ ഒറ്റപ്പെടുകയോ എന്ന രണ്ട് വഴികൾ മാത്രമാണ് ശിവസേനയ്ക്ക് മുന്നിലുള്ളത്.

രാഷ്ട്രപതി ഭരണത്തിന്റെ കാലയളവിൽ മറ്റ് പാർട്ടികളെ പിളർത്തി ബിജെപി അധികാരത്തിൽ എത്താൻ ശ്രമിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് സംസ്ഥാന ഘടകത്തിനുള്ളിൽ ശിവസേന സർക്കാരിനെ പിന്തുണയ്ക്കാമെന്ന നിലപാടിനാണ് പ്രാമുഖ്യം. ഈ നീക്കത്തെ സിപിഎമ്മും പിന്തുണച്ചിരുന്നു. എന്നാൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും ഹൈക്കമാൻഡും എതിർത്തതോടെയാണ് ശിവസേനയ്ക്ക് പിന്തുണ നൽകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചത്. ശിവസേനയെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്നാണ് കോൺഗ്രസ് നിലപാട്.

അതേസമയം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാടുള്ള എൻസിപിയുമായി ചർച്ച തുടരുമെന്നാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്. 288 അംഗ നിയമസഭയിൽ 105 അംഗങ്ങളുള്ള ബിജപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രരുൾപ്പെടെ 125 അംഗങ്ങളുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് 56 അംഗങ്ങളും മൂന്നാമത്തെ കക്ഷിയായ എൻസിപിക്ക് 54 അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് 44 അംഗങ്ങളാണുള്ളത്.

ബിജെപി- ശിവസേന സഖ്യം വീണ്ടും തുടർന്നാൽ മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി അവസാനിക്കും. എന്നാൽ ബിജെപിയുമായി കൂടാനില്ലെന്ന നിലപാടിൽ ശിവസേന ഉറച്ചുനിന്നാൽ എൻസിപി, കോൺഗ്രസ് എന്നിവരുടെ പിന്തുണയില്ലാതെ ശിവസേനയ്ക്ക് സർക്കാർ രൂപീകരണം സാധ്യമാകില്ല. നിലവിലെ രാഷ്ട്രീയ സൂചനകൾ ഈ സമവാക്യം യാഥാർഥ്യമാകില്ലെന്ന വിവരങ്ങളാണ് നൽകുന്നത്. അല്ലെങ്കിൽ എൻസിപി- കോൺഗ്രസ് സഖ്യസർക്കാരിനെ ശിവസേന പുറത്തുനിന്ന് പിന്തുണയ്ക്കേണ്ടി വരും. അങ്ങനെയെങ്കിൽ നഷ്ടം ശിവസേനയ്ക്ക് തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ ബിജെപി ബാന്ധവം അവസാനിപ്പിച്ച ശിവസേനയ്ക്ക് സർക്കാരിൽ പങ്കാളിയാകാതെ പുറത്തിരിക്കേണ്ടി വരും.

ഉദ്ധവ് സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചിട്ടും അനിശ്ചിതത്വം നീങ്ങിയില്ല

ഒരു ദിവസം മുഴുവൻ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കിടെ കോൺഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുമെന്നും സേനാ എൻസിപി സർക്കാർ നിലവിൽ വരുമെന്നും അഭ്യൂഹമുയർന്നിരുന്നുന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി മുംബൈയിലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിലും ചർച്ച നടത്തുകയും ചെയ്തു. ആശംസ മാത്രം നേർന്ന് സോണിയ സംസാരം അവസാനിപ്പിച്ചു. സേനയ്‌ക്കൊപ്പം നിൽക്കാൻ എംഎൽഎമാർക്കു സമ്മതമാണെങ്കിലും ഹൈക്കമാൻഡ് സംശയിച്ചുനിൽക്കുന്നതാണു കോൺഗ്രസ് തീരുമാനം വൈകാൻ കാരണം. എങ്കിലും, ബിജെപി ഇതര സർക്കാരിനുള്ള നീക്കങ്ങൾ ഇപ്പോഴും സജീവമാണെന്നാണു സൂചന. ബിജെപിയോടു ചാഞ്ഞുനിന്നിരുന്ന മൂന്നു സ്വതന്ത്രർ ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രാജ്ഭവനിലെത്തി വെട്ടിലാകുകയും ചെയ്തു.

ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയാറാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പുതിയ സർക്കാരിനു പൊതുമിനിമം പരിപാടി വേണമെന്നും സ്പീക്കർ സ്ഥാനം നൽകണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ, അവസാനം അത്തരം നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP