Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാജിക് നമ്പർ എത്തിപ്പിടിക്കാൻ ഫട്‌നാവിസിന് ഒരുകൈനോക്കാം; ശിവസേന പിന്നിൽ നിന്ന് കുത്തിയെങ്കിലും തോറ്റുപിന്മാറാതെ ഒരുകളി കളിക്കാൻ ബിജെപി; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് ഗവർണറുടെ ക്ഷണം; വോട്ടെടുപ്പ് ഫലം വന്നിട്ട് 15 ദിവസം പിന്നിട്ടിട്ടും ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുന്നതെന്ന് ഭഗത് സിങ് കോഷിയാരി; ആവശ്യം വന്നാൽ ശിവസേനയെ സർക്കാരുണ്ടാക്കാൻ സഹായിക്കാമെന്ന നിലപാടിൽ കോൺഗ്രസും എൻസിപിയും

മാജിക് നമ്പർ എത്തിപ്പിടിക്കാൻ ഫട്‌നാവിസിന് ഒരുകൈനോക്കാം; ശിവസേന പിന്നിൽ നിന്ന് കുത്തിയെങ്കിലും തോറ്റുപിന്മാറാതെ ഒരുകളി കളിക്കാൻ ബിജെപി; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് ഗവർണറുടെ ക്ഷണം; വോട്ടെടുപ്പ് ഫലം വന്നിട്ട് 15 ദിവസം പിന്നിട്ടിട്ടും ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുന്നതെന്ന് ഭഗത് സിങ് കോഷിയാരി; ആവശ്യം വന്നാൽ ശിവസേനയെ സർക്കാരുണ്ടാക്കാൻ സഹായിക്കാമെന്ന നിലപാടിൽ കോൺഗ്രസും എൻസിപിയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ബിജെപിയെ ക്ഷണിച്ചു. നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് നിലയിലാണ് ക്ഷണം. 13 ാം നിയമസഭയുടെ കാലാവധി ശനിയാഴ്ച അർദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് ഗവർണറുടെ ക്ഷണം.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. പുതിയ ബിജെപി ശിവസേനാ സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നാവിസ് ഇപ്പോൾ കാവൽ മുഖ്യമന്ത്രിയാണ്. സർക്കാർ രൂപീകരിക്കാനുള്ള കത്ത് ദേവേന്ദ്ര ഫട്‌നാവിസിന് കിട്ടിയതിന് പിന്നാലെ, രാജ്ഭവൻ ഇക്കാര്യത്തിൽ പ്രസ്താവനയും ഇറക്കി.

ഒക്ടോബർ 21 നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം 24 ന് പുറത്തുവരികയും ചെയ്തു. 15 ദിവസം പിന്നിട്ടിട്ടും ഏതെങ്കിലും കക്ഷിയോ സഖ്യമോ സർക്കാർ രൂപീകരണത്തിന് മുന്നോട്ട് വന്നിട്ടില്ല. ഇക്കാരണത്താലാണ് സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുന്നതെന്ന് ഗവർണറുടെ കത്തിൽ പറയുന്നു.

വെള്ളിയാഴ്ച ഫട്‌നാവിസിനോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. 288 അംഗസഭയിൽ 105 സീറ്റുകളാണ് ബിജെപിക്കുള്ളത്. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ ഫട്‌നാവിസിന് വെള്ളിയാഴ്ച സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാമായിരുന്നു. എന്നാൽ, ശിവസേനയുടെ നിസ്സഹകരണത്തോടെ, മാജിക് നമ്പറായ 145 സീറ്റിൽ ( കേവല ഭൂരിപക്ഷം) എത്താൻ വിഷമമാണെന്ന് തിരിച്ചറിഞ്ഞാണ് ഫട്‌നാവിസ് പിന്മാറിയത്. ഇതോടെ ശിവസേന സർക്കാർ രൂപീകരണത്തിന് കോൺഗ്രസും എൻസിപിയുമായി ചർച്ചകൾ തുടരുകയും ചെയ്തു. സർക്കാർ രൂപീകരണത്തിന് ആവശ്യമെങ്കിൽ പിന്തുണയ്ക്കാമെന്നാണ് കോൺഗ്രസിന്റെയും എൻസിപിയുടെയും നിലപാട്്. പ്രതിപക്ഷത്തിരിക്കുന്നതാണ് ന്യായമെന്ന നിലപാടിലായിരുന്നു നേരത്തെ ഇരുകക്ഷികളും. ശിവസേനയ്ക്ക് 56 സീറ്റാണുള്ളത്. കോൺഗ്രസിന് 44 ഉം എൻസിപിക്ക് 54 ഉം.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു കാര്യങ്ങൾ തകിടം മറിഞ്ഞത്. പ്രതിസന്ധിക്കു ശിവസേനയെ രൂക്ഷമായി കുറ്റപ്പെടുത്തിയാണു ഫഡ്‌നാവിസ് രാജിവച്ചത്. വാക്കു തെറ്റിച്ച ബിജെപി ജനങ്ങളുടെ മുന്നിൽ തന്നെ കള്ളനാക്കാൻ നോക്കുകയാണെന്നും അമിത് ഷായിൽ വിശ്വാസമില്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തുറന്നടിച്ചു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ്, എൻസിപി നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ അടിയന്തര യോഗം ചേരുന്നതിനിടെ, ശിവസേനയുടെ സഞ്ജയ് റാവുത്ത് അവിടെയെത്തിയത് അഭ്യൂഹങ്ങൾക്കു വഴിതുറന്നു. ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ ഹോട്ടലിൽ നിന്നു മലാഡിലെ റിസോർട്ടിലേക്കു മാറ്റി. തങ്ങളുടെ എംഎൽഎമാർക്കായി ബിജെപി വലവിരിച്ചിരിക്കുകയാണെന്നും 50 കോടി രൂപ വരെയാണു വാഗ്ദാനമെന്നും കോൺഗ്രസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP