Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

24 മണിക്കൂറിനുള്ളിൽ വിശ്വാസം നേടാൻ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ കുടുങ്ങുക ബിജെപി; അജിത് പവാറിനൊപ്പമുള്ളത് വെറും 4 എംഎൽഎമാർ മാത്രം; 105 എംഎൽഎമാരുള്ള ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാൻ 40 പേരുടെ പിന്തുണ കൂടി ഉറപ്പിക്കുകയെന്നത് ഭഗീരഥ പ്രയത്‌നം; ശിവസേനയേയും കോൺഗ്രസിനേയും പിളർത്താനും സാധ്യതകൾ തേടി അമിത് ഷാ; എംഎൽഎമാരെ സുരക്ഷിതരാക്കി കോൺഗ്രസും ശിവസേനയും എൻസിപിയും; പവർ രാഷ്ട്രീയത്തിൽ ആർക്കും പിടികിട്ടാത്തത് തരത്തിൽ കരുക്കൾ നീക്കി ശരത് പവാർ

24 മണിക്കൂറിനുള്ളിൽ വിശ്വാസം നേടാൻ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ കുടുങ്ങുക ബിജെപി; അജിത് പവാറിനൊപ്പമുള്ളത് വെറും 4 എംഎൽഎമാർ മാത്രം; 105 എംഎൽഎമാരുള്ള ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാൻ 40 പേരുടെ പിന്തുണ കൂടി ഉറപ്പിക്കുകയെന്നത് ഭഗീരഥ പ്രയത്‌നം; ശിവസേനയേയും കോൺഗ്രസിനേയും പിളർത്താനും സാധ്യതകൾ തേടി അമിത് ഷാ; എംഎൽഎമാരെ സുരക്ഷിതരാക്കി കോൺഗ്രസും ശിവസേനയും എൻസിപിയും; പവർ രാഷ്ട്രീയത്തിൽ ആർക്കും പിടികിട്ടാത്തത് തരത്തിൽ കരുക്കൾ നീക്കി ശരത് പവാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പന്ത് സുപ്രീംകോടതിയിൽ. സർക്കാർ രൂപീകരിച്ച ബിജെപി നീക്കത്തിനെതിരായി ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച സംയുക്ത ഹർജി ഞായറാഴ്ച പരിഗണിക്കുകയാണ്. അവധി ദിനം കേസ് കോടതി പരിഗണിക്കുന്നത് അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ്. രാവിലെ 11.30നാണ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ വരിക. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സുപ്രീം കോടതിയിലെ ഹർജിയിൽ കോൺഗ്രസ് എൻസിപി സേന സഖ്യം ഉന്നയിച്ചിരിക്കുന്നത് രണ്ട് ആവശ്യങ്ങൾ. തങ്ങളെ ക്ഷണിക്കാൻ ഗവർണർക്കു നിർദ്ദേശം നൽകുക, അല്ലാത്തപക്ഷം 24 മണിക്കൂറിനകം വിശ്വാസവോട്ട് നേടാൻ ബിജെപിയോട് ആവശ്യപ്പെടുക.

ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണു വാദം കേൾക്കുക. 24 മണിക്കൂറിനകം വിശ്വാസവോട്ട് നേടാൻ ബിജെപിയോട് ആവശ്യപ്പെടുകയാണെങ്കിൽ പോലും സർക്കാർ രൂപീകരണത്തിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. നിലവിൽ അവർക്ക് സഭയിൽ ഭൂരിപക്ഷം നേടാനുള്ള അംഗ ബലമില്ലെന്നതാണ് ഇതിന് കാരണം. അതേസമയം ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയെ സുപ്രീം കോടതിയിൽ തടഞ്ഞു. തുടർന്നു മുതിർന്ന അഭിഭാഷകൻ ദേവ്ദത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. മഹാരാഷ്ട്രയിൽ നിർണ്ണായകമാകുക ശരത് പവാറിന്റെ നീക്കങ്ങളാണ്. ബിജെപിക്കെതിരെ ചടുലമായ നീക്കങ്ങളാണ് പവാർ നടത്തുന്നത്.

ഇന്നലെ രാവിലെ 7.50നു രാജ്ഭവനിൽ അധികമാരും അറിയാതെയായിരുന്നു ഫ്ട്‌നാവിസിന്റെ സത്യപ്രതിജ്ഞ. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. അതേസമയം, അജിത് പവാറിനു പാർട്ടി പിന്തുണയില്ലെന്നു വ്യക്തമായതോടെ ഭരണം നിലനിൽക്കുമോയെന്ന ഉദ്വേഗം ബാക്കിയായി. ബിജെപിക്കൊപ്പമല്ലെന്നു വ്യക്തമാക്കിയ എൻസിപി അധ്യക്ഷൻ ശരദ് പവാർ, വൈകിട്ടു വിളിച്ച നിയമസഭാകക്ഷി യോഗത്തിൽ 54 എംഎൽഎമാരിൽ 49 പേരും പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. യോഗം അജിത്തിനെ നേതൃസ്ഥാനത്തുനിന്നു നീക്കി, ജയന്ത് പാട്ടീലിനെ പകരം തിരഞ്ഞെടുത്തു. വിശ്വാസവോട്ട് തേടാൻ പുതിയ സർക്കാരിനു ഗവർണർ ഭഗത് സിങ് കോഷിയാരി ശനിയാഴ്ച വരെയാണു സമയം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിനേയും ശിവസേനയേയും പിളർത്തി സർക്കാരിന് ആയുസ് നീട്ടിയെടുക്കാനാകും ബിജെപി ശ്രമം.

105 എംഎൽഎമാരുള്ള ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാൻ 40 പേരുടെ പിന്തുണ കൂടി വേണം. 13 സ്വതന്ത്രരുടെയും ചെറുകക്ഷികളിൽ സിപിഎം (1), എഐഎംഐഎം (2) എന്നിവയുടേത് ഒഴികെ 13 പേരുടെയും പിന്തുണ ഉറപ്പാക്കിയാലും മറ്റു 14 പേർകൂടി വേണം. അജിത് പവാർ പക്ഷത്ത് അഞ്ചിലേറെ എംഎൽഎമാരുണ്ടോ എന്നതാണ് നിർണ്ണായകം. സത്യപ്രതിജ്ഞാ വേളയിൽ അജിത്തിനൊപ്പമുണ്ടായിരുന്ന ഒൻപത് എംഎൽഎമാരെ എൻസിപി യോഗത്തിനെത്തിച്ചു. ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്കു പോകാനിരുന്ന ചിലരെ വിമാനത്താവളത്തിൽനിന്നുവരെ മടക്കിക്കൊണ്ടുവന്നു. കൂറുമാറ്റം തടയാൻ കോൺഗ്രസ് എംഎൽഎമാരെ ഇന്നു രാജസ്ഥാനിലെയോ മധ്യപ്രദേശിലെയോ റിസോർട്ടിലേക്കു മാറ്റുമെന്നാണു സൂചന. ശിവസേനാ, എൻസിപി എംഎൽഎമാർ മുംബൈയിലെ ഹോട്ടലുകളിലാണ്.

സർക്കാർ നിലനിൽക്കുമെന്നു തന്നെയാണ് ബിജെപിയുടെ വിശ്വാസം. സ്ഥിരതയുള്ള സർക്കാർ ആയിരിക്കുമെന്ന് ഉറപ്പാക്കാൻ ഫഡ്‌നാവിസ് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപിയുമായി വകുപ്പുകൾ തുല്യമായി പങ്കിടാൻ ബിജെപി തയാറാണ്. അതിനർഥം അജിത്തിന്റെ വിഭാഗത്തിന് 21 വകുപ്പുകൾ കിട്ടുമെന്നാണ്. 26 പേർ ഒപ്പം വന്നാൽ അതിൽ 21 പേരും മന്ത്രിമാരാകും. എന്നാൽ ആകെയുള്ള 54 എൻസിപി എംഎൽഎമാരിൽ മൂന്നിൽ രണ്ടിന്റെ, അതായത് 36 പേരുടെ പിന്തുണ അജിത് പവാറിന് കിട്ടിയില്ലെങ്കിൽ അവർ അയോഗ്യരാവുകയും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുകയും ചെയ്യും. അജിത് പവാറിന് 26 പേരുടെ പിന്തുണ കിട്ടാൻ സാധ്യത കുറവാണെന്നാണ് എൻസിപിയുടെ പുണെയിലുള്ള ഒരു നേതാവ് പറഞ്ഞത്. എംഎൽഎമാരെ കൊണ്ടുപോയാലും പാർട്ടി ശരദ് പവാറിനൊപ്പമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ബിജെപിക്ക് മഹാരാഷ്ട്രയിലേതു പ്രയാസകരവും ദൈർഘ്യമേറിയതുമായ ഓപ്പറേഷനായിരുന്നു. ശിവസേനയെ പിളർത്താമെന്ന ആദ്യ മോഹങ്ങൾ യാഥാർഥ്യമായില്ല. എൻസിപിയെയും കോൺഗ്രസിനെയും പിളർത്താനും സമാന്തരനീക്കങ്ങൾ നടന്നു. ഒടുവിൽ വലയിൽ കുടുങ്ങിയത് എൻസിപി നേതാവ് അജിത് പവാറായിരുന്നു. എന്നാൽ പവാറിന് എൻസിപി എംഎൽഎമാരിൽ നാലു പേരുടെ മാത്രമേ പിന്തുണയേ ഉള്ളൂവെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിജെപി ഇപ്പോൾ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ശരദ് പവാറിനെയും എൻസിപിയെയും സംബന്ധിച്ചിടത്തോളം ഇനി നിർണ്ണായകമാണ്ു. എത്ര എംഎൽഎമാർ അജിത് പവാറിനൊപ്പം പോകും, എത്ര പേർ സംഘടനയിൽ തുടരും എന്നതാവും നിർണായകം.

ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉദ്ധവ് താക്കറെ ആയിരിക്കുമെന്നു ശരദ് പവാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണു അജിത് പവാറിന്റെ രഹസ്യനീക്കം. ശരദ് പവാറിന് അനന്തരവന്റെ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നോ എന്ന സംശയം പല കോൺഗ്രസ് നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സഹാദരപുത്രന്റെ ചാട്ടമെന്നു ശരദ് പവാർ ഉറപ്പിച്ചുപറഞ്ഞു. ഫഡ്സനാവിന്റെ കഴിഞ്ഞ സർക്കാർ എടുത്ത അഴിമതിക്കേസുകൾ കുഴിച്ചുമൂടാമെന്ന് ഉറപ്പിലാണ് അജിത് മറു കണ്ടം ചാടി ഉപമുഖ്യമന്ത്രിയായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം കർണാടകയിൽ തിരഞ്ഞെടുപ്പിനുശേഷം ജനതാദൾ എസിനു പിന്തുണ പ്രഖ്യാപിച്ചതിലൂടെ, ബിജെപിക്കെതിരെ ചടുല നീക്കമാണു കോൺഗ്രസ് നടത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല. ഒരുവർഷത്തിലേറെ കാത്തിരുന്ന ശേഷം കോൺഗ്രസ് ജെഡിഎസ് വിമതരുടെ സഹായത്തോടെയാണു കുമാരസ്വാമി സർക്കാരിനെ ബിജെപി വലിച്ചുതാഴെയിട്ടത്. സമാനമായ അട്ടിമറിയാണു മഹാരാഷ്ട്രയിൽ അരങ്ങേറിയത്.

അജിത് പവാറിന്റെ ബിജെപി.യിലേക്കുള്ള അപ്രതീക്ഷിത ചുവടുമാറ്റത്തിന് പ്രധാനമായും രണ്ടുകാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൻ.സി.പി.യുടെ അമരത്തെത്താനുള്ള അജിത്തിന്റെ മോഹങ്ങൾക്ക് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ വരവോടെയുണ്ടായ തിരിച്ചടിയാണ് ഒന്ന്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അജിത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്തിരിക്കുന്ന കേസാണ് മറ്റൊന്ന്. യു.പി.എ. ഭരണകാലത്ത് സുപ്രിയ സുലെയെ കേന്ദ്രത്തിലും അജിത് പവാറിനെ സംസ്ഥാനത്തും പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നു. കേന്ദ്രഭരണം പോയതോടെ സംസ്ഥാനത്തെ കാര്യങ്ങളിൽ സുപ്രിയ ഇടപെട്ടുതുടങ്ങി. ഇതോടെ പ്രശ്‌നങ്ങളും തുടങ്ങി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്റെ പേരിൽ അജിത് പവാറും ശരദ് പവാറും ഉൾപ്പെടെ 70 എൻ.സി.പി. നേതാക്കൾക്കെതിരേയാണ് ഇ.ഡി. കേസുള്ളത്. തിരഞ്ഞെടുപ്പിനുമുമ്പ് സെപ്റ്റംബർ 24-നായിരുന്നു ഇ.ഡി. കേസെടുത്തത്. പഞ്ചസാര സഹകരണസംഘങ്ങൾക്കു വായ്പനൽകിയതിൽ മഹരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ 25,000 കോടി രൂപയുടെ ക്രമക്കേടു നടന്നതായാണ് കേസ്. കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിൽ അന്വേഷണം നടക്കുകയാണെന്നും ശനിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് കേസിൽ ബിജെപി. പിടിമുറുക്കിയാൽ മുൻ ധനമന്ത്രി പി. ചിദംബരത്തെപ്പോലെ അജിത് പവാറും ജയിലിൽ കിടക്കേണ്ടിവരും. ഇതാണ് കൂറുമാറ്റത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതിനിടെ എൻസിപിയുടെ എംഎൽഎമാരെ മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്കു മാറ്റി. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയത്. പാർട്ടി ഐകകണ്‌ഠ്യേന പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കണ്ടതായി എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ഏഴ് വിമത എംഎൽഎമാർ എൻസിപി ക്യാംപിൽ തിരിച്ചെത്തി. ഡൽഹിക്കു പോകാനിരുന്നവരെയാണു തിരിച്ചെത്തിച്ചത്. മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിൽ എംഎൽഎമാരുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കുശേഷം പുറത്തെത്തിയ എൻസിപി നേതാവ് സുപ്രിയ സുലെ കൈകൊണ്ട് വിജയ ചിഹ്നം കാണിച്ചാണ് അനുയായികളെ അഭിവാദ്യം ചെയ്തത്. 50 എംഎൽഎമാർ യോഗത്തിനെത്തി. അജിത് പവാർ ഉൾപ്പെടെയുള്ള നാലു പേർ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം ബിജെപിയോടൊത്തു സർക്കാരുണ്ടാക്കിയതിൽ എൻസിപി നേതാവ് അജിത് പവാറിന്റെ വിശദീകരണവും പുറത്തുവന്നു. തുടർച്ചയായ ചർച്ചകളിൽ മനം മടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അജിത് പവാർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP