Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

ജയലളിതയുടെ മുറിയിൽ താമസം; ഇസഡ് കാറ്റഗറിയിൽ ബുള്ളറ്റ് പ്രൂഫ് കാറിൽ യാത്ര; പ്രധാന നേതാക്കളെയെല്ലാം ഷെഡ്യൂൾ ചെയ്തു കൂടിക്കാണും; നീറ്റ് പരീക്ഷയിലെ വിവേചനം നടക്കില്ലെന്ന് അറിയിക്കും; അനുമതി ഇല്ലെങ്കിലും വാക്‌സിൻ നിർമ്മാണ ഫാക്ടറി; 'ഒൻഡ്രിയ അരസിനെ' ചൊൽപ്പടിക്കു നിർത്താൻ സ്റ്റാലിൻ ഡൽഹിയിൽ

ജയലളിതയുടെ മുറിയിൽ താമസം; ഇസഡ് കാറ്റഗറിയിൽ ബുള്ളറ്റ് പ്രൂഫ് കാറിൽ യാത്ര; പ്രധാന നേതാക്കളെയെല്ലാം ഷെഡ്യൂൾ ചെയ്തു കൂടിക്കാണും; നീറ്റ് പരീക്ഷയിലെ വിവേചനം നടക്കില്ലെന്ന് അറിയിക്കും; അനുമതി ഇല്ലെങ്കിലും വാക്‌സിൻ നിർമ്മാണ ഫാക്ടറി; 'ഒൻഡ്രിയ അരസിനെ' ചൊൽപ്പടിക്കു നിർത്താൻ സ്റ്റാലിൻ ഡൽഹിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസമായി തമിഴനാട്ടിൽ പൊങ്കൽ സമയത്തെ സന്തോഷം പോലെയാണ് കാര്യങ്ങൾ. കാരണം ഡിഎംകെയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം പോലെ കോവിഡ് സഹായമായി ഓരോ റേഷൻ കാർഡ് ഉടമയ്ക്കും നാലായിരം രൂപയും ഭക്ഷ്യ കിറ്റും വിതരണം ചെയ്തു തുടങ്ങി. സർക്കാർ വാഗ്ദാനം ചെയ്ത പണം കൈയിൽ കിട്ടിയ സന്തോഷത്തിലാണ് തമിഴ്‌നാട്ടുകാർ. തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. കുത്തഴിഞ്ഞു കിടന്ന ഭരണ സംവിധാനത്തെ അദ്ദേഹം ചൊൽപ്പടിക്കു നിർത്തി. ഓരോ ചുവടും ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്.

തമിഴകത്തിന്റെ മനസ്സു വിജയിച്ച അദ്ദേഹം അടുത്ത ദൗത്യത്തിലേക്ക് കടന്നു കഴിഞ്ഞു. ഡൽഹിയിലെ അധികാര കേന്ദ്രത്തിൽ നിന്നും തമിഴകത്തിന് ആവശ്യമായ കാര്യങ്ങൽ നേടിയെടുക്കുക എന്നതാണ് ഇതിൽ പ്രധാന ലക്ഷ്യം. ഇന്ന് രാവിലെ ഡൽഹിയിൽ എത്തുന്ന അദ്ദേഹം ഉറച്ച കാൽവെപ്പോടെ നീങ്ങാനാണ് ശ്രമിക്കുന്നത്. ഇതിനു മുൻപു പിതാവ് കരുണാനിധിക്കു പിന്നിലായി നിന്നു സ്റ്റാലിൻ പലതവണ ഡൽഹിയിലെത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായി സ്റ്റാലിന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്. അതു കൊണ്ടുതന്നെ ചില ആവശ്യങ്ങൾ കൃത്യമായി അറിയിക്കേണ്ടവരെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു സ്റ്റാലിൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്‌ച്ച നടത്തും സ്റ്റാലിൽ. 17നു രാവിലെ ഏഴിനാണ് സ്റ്റാലിൻ പുറപ്പെടുക. ചെന്നൈ വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലിറങ്ങുന്ന സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയാണു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സ്വീകരിക്കാൻ ഡൽഹിയിലെ തമിഴ്‌നാടിന്റെ പ്രതിനിധിയും മുൻ എംപിയുമായ എ.കെ.എസ്. വിജയനും സംഘവുമെത്തും. തമിഴ്‌നാട്ടിൽനിന്നുള്ള എംപിമാരും മുതിർന്ന മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ടാകും. ഇവിടെനിന്നു ചാണക്യപുരിയിലെ പൊതിഗൈ തമിഴ്‌നാട് ഹൗസിലേക്കു പോകാൻ തനിക്കു കരുണാനിധി ഉപയോഗിച്ചിരുന്ന അതേ കാർ വേണമെന്നാണു സ്റ്റാലിന്റെ നിർദ്ദേശം.

ടൊയോട്ടയുടെ ആൽഫ്രഡ് എന്ന ആഡംബര കാറാണ് ഡൽഹിയിൽ കരുണാനിധി ഉപയോഗിച്ചിരുന്നത്. ഈ കാർ ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന കാലത്ത് ഇറക്കുമതി ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണു കരുണാനിധി ഉപയോഗിച്ചിരുന്നത്. കരുണാനിധിയുടെ മരണ ശേഷം വാഹനം കൃത്യമായി പരിപാലിക്കാനും ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, സ്റ്റാലിനു വേണ്ടി ബുള്ളറ്റ് പ്രൂഫ് കാർ ഒരുക്കിയിട്ടുണ്ടെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇതിൽ ഏതു തിരഞ്ഞെടുക്കുമെന്നതു കാത്തിരുന്നു കാണേണ്ടി വരും.

ജയലളിത നവീകരിച്ചു നിർമ്മിച്ച ചാണക്യപുരിയിലെ തമിഴ്‌നാട് ഹൗസിലെത്തുന്ന സ്റ്റാലിനു പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. തമിഴ്‌നാട് ഹൗസിലെത്തുമ്പോൾ ജയലളിത താമസിച്ചിരുന്ന അതേ സ്യൂട്ട് മുറിതന്നെ തനിക്കും വേണമെന്നു സ്റ്റാലിൻ മുൻകൂട്ടി അറിയിച്ചിരുന്നു. ജയലളിതയ്ക്കു ശേഷം ആദ്യമായാണ് മറ്റൊരു മുഖ്യമന്ത്രി ഈ മുറി ഉപയോഗിക്കുന്നത്. മുൻപ് ഒ.പനീർസെൽവവും എടപ്പാടി പളനിസ്വാമിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ മറ്റു മുറികളാണ് ഉപയോഗിച്ചിരുന്നത്.

സ്റ്റാലിന്റെ ഡൽഹി എൻട്രിക്കായി എല്ലാ ഒരുക്കങ്ങളും തയ്യാറായിട്ടുണ്ട്. സ്റ്റാലിന്റെ വരവിനു മുന്നോടിയായി പ്രത്യേക നിർദേശ പ്രകാരം ഈ മുറിയിൽ നിന്ന് പച്ച നിറത്തിലുള്ള ടൈലുകൾ എല്ലാം പൊളിച്ചു നീക്കി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്റെ പച്ച നിറത്തിനു സമമായ ടൈലുകളായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ പതിപ്പിച്ചിരുന്നത്. ഇതിനൊപ്പം ഇതേ നിറത്തിലുള്ള കർട്ടനുകളും നീക്കി. ജയലളിത ഉപയോഗിച്ചിരുന്ന തടി ഉപകരണങ്ങളും മാറ്റണമെന്നു നിർദേശിച്ചിട്ടുണ്ട്. പകരം പുതിയ അധികാരത്തിന്റെ ചിഹ്നങ്ങളാകും തമിഴ്‌നാട് ഹൗസിൽ ഉണ്ടാകുക.

ഏതൊക്കെ നേതാക്കളെ കാണണം എന്ന കാര്യത്തിലും കൃത്യമായ പദ്ധതി സ്റ്റാലിൻ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 17നു വൈകിട്ട് അഞ്ചിനാണ് സ്റ്റാലിൻ കാണുക. മോദിയെ കൂടാതെ നിർമല സീതാരാമൻ, രാജ്‌നാഥ് സിങ്, അമിത്ഷാ, പിയൂഷ് ഗോയൽ തുടങ്ങിയവരെയും സോണിയാ ഗാന്ധി, രാഹുൽഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരുമായും ചർച്ചകൾ നടത്തുന്ന സ്റ്റാലിൻ ഡൽഹി സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണു കൈകാര്യം ചെയ്യുന്നത്. നീറ്റ് പരീക്ഷ തമിഴ്‌നാട്ടിൽ നടത്തില്ലെന്ന കാര്യം ഔദ്യോഗികമായി സ്റ്റാലിൻ പ്രധാനമന്ത്രിയെ അറിയിക്കും.

നീറ്റ് പരീക്ഷ വഴി വിദ്യാർത്ഥികൾക്കിടയിൽ അസമത്വം ഉണ്ടാകുന്നതായും ഇതിനു പകരമായി 12ാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാനാണു തമിഴ്‌നാടിന്റെ തീരുമാനമെന്നും അറിയിക്കും. ചെങ്കൽപ്പെട്ടിലെ വാക്‌സീൻ നിർമ്മാണ യൂണിറ്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് ആരായും. നിലപാട് അനകൂലമായാലും പ്രതികൂലമായാലും പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണു സ്റ്റാലിൻ.

കേന്ദ്ര സർക്കാരിനെ വിശേഷിപ്പിക്കാൻ ഒൻഡ്രിയ അരസ് (യൂണിയൻ ഗവൺമെന്റ്) എന്ന പദമാണ് ഇപ്പോൾ സ്റ്റാലിന്റെ പ്രത്യേക നിർദേശ പ്രകാരം തമിഴ്‌നാട് സർക്കാർ ഉപയോഗിക്കുന്നത്. ഈ വാക്ക് സർക്കാർ രേഖകളിൽ മുൻപ് ഉപയോഗിച്ചിരുന്നില്ലെങ്കിലും ഡിഎംകെ അധികാരത്തിൽ എത്തിയതോടെ ഔദ്യോഗിക രേഖകളിലും ഇതേ പദം ഉപയോഗിച്ചു തുടങ്ങി. സർക്കാർ ഉത്തരവുകൾ, പാർട്ടി സമ്മേളനങ്ങൾ, വാർത്താ സമ്മേളനം എന്നിവയ്ക്കും 'ഒൻഡ്രിയ അരസ്' എന്ന വാക്കു തന്നെയാണ് ഉപയോഗിക്കുക.

മുഖ്യമന്ത്രിമാരായിരുന്ന അണ്ണാ ദുരൈയുടെയും കരുണാനിധിയുടെയും കാലത്ത് ഇതേ വാക്കാണ് ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് ഇതിനു പകരം 'മത്തിയ അരസ്' (കേന്ദ്ര സർക്കാർ) എന്ന പദം ഉപയോഗിച്ചു തുടങ്ങിയെങ്കിലും സ്റ്റാലിൻ പഴയ പ്രയോഗം തിരിച്ചു കൊണ്ടു വന്നു. ഭാഷാ രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ദ്രാവിഡ മണ്ണിൽ ഈ തീരുമാനം ഉണ്ടാക്കിയ സ്വാധീനവും ചില്ലറയല്ല.

ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് അടക്കം സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കോവിഡിനെ നേരിടാൻ ദുരുതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് മേട്ടൂർ ഡാമിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സ്വർണമാല യുവതി ഊരി നൽകിയതും വലിയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ പണം ഇല്ലാത്തതുകൊണ്ട് ആകെയുള്ള രണ്ടു പവന്റെ മാലയും ഒരു കത്തും എഴുതിയാണ് സൗമ്യ എന്ന യുവതി സ്റ്റാലിന് നൽകിയത്.

ഇക്കാര്യം സ്റ്റാലിൻതന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കംപ്യൂട്ടർ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സർവീസിൽ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിർന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു.

കോവിഡ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കഴിയാതെ വന്നതോടെയാണ് കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല ഊരി നൽകിയത്. തനിക്ക് ജോലിയൊന്നും ഇല്ലാത്തതിനാൽ കുടുംബം നോക്കാൻ കഷ്ടപ്പെടുകയണെന്നും അച്ഛന് ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കിട്ടിയ സമ്പാദ്യമെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പണമൊന്നും കൈവശം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നൽകുന്നതെന്നും യുവതി കത്തിൽ പറയുന്നു. ഇങ്ങനെ സമൂഹത്തിലെ എല്ലാവരെയും ഒന്നുച്ചു ചേർത്തുകൊണ്ടാണ് സ്റ്റാലിൻ മുന്നോട്ടു നീങ്ങുന്നത്. ആ രാഷ്ട്രീയത്തെ തമിഴകം ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP