Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീ ടൂവിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളി എം ജെ അക്‌ബർ; മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി; തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജണ്ടയുണ്ടോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയാ രമണി തന്നെ പറഞ്ഞതായും അക്‌ബർ

മീ ടൂവിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളി എം ജെ അക്‌ബർ; മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി; തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജണ്ടയുണ്ടോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയാ രമണി തന്നെ പറഞ്ഞതായും അക്‌ബർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മീടൂ കാമ്പയിന്റെ ഭാഗമായി ഉയർന്ന ലൈംഗിക ആരോപണത്തിൽ രാജി ആവശ്യം തള്ളി കേന്ദ്രസഹമന്ത്രി എം ജെ അക്‌ബർ. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജണ്ടയുണ്ടോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയാ രമണി തന്നെ പറഞ്ഞതായും അക്‌ബർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടാണ് അക്‌ബർ രംഗത്തെത്തിയത്.

മന്ത്രി വിദേശത്തായിരുന്ന വേളയിലാണ് ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നത്. ഞായറാഴ്ച രാവിലെയാണ് വിദേശ സന്ദർശനത്തിനുശേഷം അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട്, ആരോപണങ്ങളെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്ന് അക്‌ബർ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങൾക്കായി നൈജീരിയയിൽ ആയിരുന്ന അക്‌ബറിനെതിരെ വിദേശ മാധ്യമപ്രവർത്തക അടക്കം എട്ടുപേരാണ് മീ ടൂ ക്യാംപെയ്‌നിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്.

അക്‌ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള സൂചന. ആരോപണങ്ങൾ പരിശോധിക്കുമെന്നു പറഞ്ഞ ബിജെപി അധ്യക്ഷൻ അമിത് ഷാ, അക്‌ബറിന്റെ ഭാഗം കേൾക്കുമെന്നും വ്യക്തമാക്കി. നേരത്തെ എം ജെ അക്‌ബർ രാജിവെക്കുമെന്ന സൂചന പുറത്തുവന്നെങ്കിലും അത് മന്ത്രിതന്നെ നിഷേധിക്കുകയായിരുന്നു. ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് അയച്ചത് എന്നാണ് പുറത്തുവന്ന വാർത്തകൾ. അക്‌ബർ രാജിവച്ചൊഴിയണമെന്ന് അഭിപ്രായം സർക്കാരിലും ബിജെപിയിലും ഒരുവിഭാഗത്തിനിടയിൽ ശക്തമായിരുന്നു.

ഏഷ്യൻ ഏജിലെ മുൻ മാധ്യമപ്രവർത്തകയാണ് ഏറ്റവും ഒടുവിൽ ആരോപണം ഉന്നയിച്ചത്. അക്‌ബർ ലൈംംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. ന്യൂസ് എഡിറ്ററായിരിക്കെ, അക്‌ബർ തങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് ആറു വനിതാ മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് ചൂടുപിടിച്ചതോടെ, അക്‌ബർ തൃപ്തികരമായ വിശദീകരണം നൽകുകയോ, രാജി വച്ചൊഴിയുകയോ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിജെപിയും പ്രതിരോധത്തിലായിരുന്നു.

ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതോടെ, വിദേശപര്യടനം വെട്ടിക്കുറച്ച് തിരികെയെത്താൻ അക്‌ബറിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ എട്ടിന് മാധ്യമപ്രവർത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്‌ബറിനെതിരായ വെളിപ്പെടുത്തലുകൾ ആരംഭിച്ചത്. അക്‌ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സി പി എമ്മും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളിൽ പലരും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അക്‌ബറിനെ സംരക്ഷിക്കരുതെന്നും ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു.. ഈ സാഹചര്യത്തിൽ വിദേശത്തുള്ള മന്ത്രിയോട് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകുകയായിരുന്നു. ഓൺലൈൻ മാധ്യമമായ ദി വയറിൽ എഴുതിയ ലേഖനത്തിൽ മാധ്യമപ്രവർത്തക ഗസല വബാബാണ് കേന്ദ്രമന്ത്രിക്കെതിരെ ഏറ്റവും ഒടുവിൽ രംഗത്ത് വന്നത്. തന്റെ അനുവാദം കൂടാതെ ശരീരത്തിൽ ബലമായി കയറിപ്പിടിച്ചുവെന്നും, ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും ഇവർ ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. എം.ജെ. അക്‌ബറിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പ്രതികരിച്ചിരുന്നു.

ആരോപണത്തിൽ അന്വേഷണം ഉണ്ടാവണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയും ശക്തമായ പ്രതികരണവുമായെത്തി. മാധ്യമപ്രവർത്തകയായ പ്രിയ രമണി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. 1977ൽ നടന്ന ഒരുസംഭവമാണ് പ്രിയ രമണി ട്വിറ്ററിൽ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിൽ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബർ മോശം രീതിയിൽ പെരുമാറിയെന്നാണ് മാധ്യമപ്രവർത്തക ആരോപിച്ചത്. പ്രിയ രമണിക്ക് അന്ന് 23 വയസും, അക്‌ബറിന് 43 വയസുമായിരുന്നു. ഇക്കാര്യം താൻ 2017 ൽ വോഗ് മാസികയിലെ ലേഖനത്തിൽ താൻ വെളിപ്പെടുത്തിയിരുന്നതായും പ്രിയ പറയുന്നു.ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാർവെ വെയ്ൻസ്റ്റീൻ സംഭവത്തോടെയായിരുന്നു പ്രിയ വോഗിൽ ഇക്കാര്യം കുറിച്ചത്. അന്ന് അക്‌ബറിന്റെ പേര് പറയാതെയായിരുന്നു പരാമർശം. മറ്റുപല സ്ത്രീകൾക്കും ഇതുപോലെ ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ടെന്നും പ്രിയ ട്വീറ്റ് ചെയ്തു.

പ്രിയ രമണിയുടെ ട്വീറ്റിനെ തുടർന്ന് മറ്റ് മൂന്ന് മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരും അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻ എഡിറ്റർ കെ.ആർ.ശ്രീനിവാസ്, ഡിഎൻഎ മുൻ എഡിറ്റർ ഇൻ ചീഫ് ഗൗതം അധികാരി എന്നിവർക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തക സന്ധ്യ മേനോൻ ആരോപണങ്ങളുമായി രംഗത്തെത്തി. അടുത്തിടെ ടിവി പ്രൊഡ്യൂസറായ വിന്ത നന്ദ നടൻ അലോക് നാഥിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് കുരുക്ക് മുറുകിയത്. അതിനിടെ വിദേശ വനിതാ മാധ്യമ പ്രവർത്തകയും ആരോപണവുമായി രംഗത്തെത്തി. താൻ ഇന്റേൺഷിപ്പ് ചെയ്തിരുന്ന കാലത്ത് എം.ജെ അക്‌ബർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് മാധ്യമ പ്രവർത്തക മജ്‌ലി ഡി പൈ വെളിപ്പെടുത്തിയത്. 18ാം വയസിലാണ് ഇവർ ഇന്റേൺഷിപ്പിനായി അക്‌ബറിന്റെ ഏഷ്യൻ ഏജ് ഓഫീസിൽ എത്തിയത്.

2007ൽ ഏഷ്യൻ ഏജിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വേളയിൽ എം.ജെ അക്‌ബർ തന്നോട് മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.എം.ജെ അക്‌ബർ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെന്ന് യുവതി പറയുന്നു.'ഫോട്ടോകൾ നൽകാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഏറെ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകൾ നൽകി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.'അവർ വിവരിക്കുന്നു.

'ഞാനിരുന്നിരുന്ന ഡെക്സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നൽകി. അദ്ദേഹം എന്റെ ഷോൾട്ടറിന് താഴെയായി കയ്യിൽ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനു നേരേയ്ക്ക് വലിച്ച് എന്റെ വായിൽ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.' അവർ പറയുന്നു.'അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേൽ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.' എന്നും അവർ വിശദീകരിക്കുന്നു.

1990കളിൽ ഡൽഹിയിൽ വിദേശ കറസ്പോണ്ടന്റുകളായി ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കൾ വഴിയാണ് അക്‌ബറിനെ പരിചയപ്പെട്ടതെന്നും അവർ പറയുന്നു. 'അദ്ദേഹം എന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.' അവർ പറയുന്നു.എം.ജെ അക്‌ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവർത്തകർ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP