Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബം​ഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി

ബം​ഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും സീറ്റ് പങ്കിടലിൽ ധാരണയിലെത്തി. ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് 92 സീറ്റുകളിൽ ജനവിധി തേടും. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് ( ഐഎസ്എഫ് ) 37 സീറ്റ് നൽകാനും ധാരണയായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി നടന്നിരുന്നു. ഇടതുപാർട്ടികൾക്കും കോൺ​ഗ്രസിനും​ പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്​.എഫും റാലിയിൽ പ​ങ്കെടുത്തിരുന്നു​. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഐ.എസ്​.എഫ്​ നേതാവ്​ അബ്ബാസുദ്ദീൻ സിദ്ദിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു.

തെ​രഞ്ഞെടുപ്പിൽ തൃണമൂലിനും ബിജെപിക്കും പുറമെ മൂന്നാംകക്ഷിയായാണ്​ ഇടതുപാർട്ടികളുടെ മത്സരം. കോൺ​ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തർക്കങ്ങൾക്ക് സിപിഎമ്മിനേക്കാൾ പഴക്കമുണ്ട്. സംഘപരിവാർ ഇത്രവലിയ ശക്തിയായി എത്തുന്നതിനും വളരെ മുന്നേ ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടവരായികുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ, അതുകൊണ്ട് തന്നെ വളർന്നു വരുന്ന വർ​ഗീയതടെ ചെറുക്കാനും കുത്തക മുതലാളിത്തത്തെ തകർക്കാനും ദേശീയ ബൂർഷ്വാസി അഥവാ കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കണം എന്ന് സിപിഐ എന്നും വാദിച്ചിരുന്നു. എന്നാൽ, അതേ തുടർന്നുണ്ടായ തർക്കങ്ങൾ പാർട്ടിയുടെ പിളർപ്പിലേക്കും സിപിഎമ്മിന്റെ രൂപീകരണത്തിലേക്കുമാണ് നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ബൂർഷ്വാസിയുമായി ഐക്യമുന്നണി രൂപപ്പെടുത്തി വലതുപക്ഷത്തെ തോൽപ്പിച്ച് വിപ്‌ളവത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്ന നയം ചർച്ചയാക്കിയത് മുതൽ എതിർത്ത് നിന്നവർ പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.

ഇതിനിടയിൽ, സിപിഐ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും സിപിഐ ജനറൽ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ​ഗുപ്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആകുകയും ചെയ്തെങ്കിലും ഇടത് ഐക്യത്തിന് വേണ്ടി പലപ്പോഴും കോൺ​ഗ്രസ് സഖ്യം എന്ന ആശയം ഒഴിവാക്കുകയായിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചേരണം എന്ന പാർട്ടി താത്പര്യത്തെയയും നേതൃത്വം ബലികൊടുത്തത് ഇടത് ഐക്യം പറഞ്ഞായിരുന്നു. ജനാഭിലാഷ സഫലീകരണത്തിന് സർക്കാരിന്റെ ഭാ​ഗമാകണം എങ്കിലും ഇടത് ഐക്യം കാത്തുസൂക്ഷിക്കാൻ മന്ത്രിസഭയിൽ അം​ഗമാകുന്നില്ല എന്നായിരുന്നു സിപിഐ നിലപാട്. ഇപ്പോൾ ശക്തി കേന്ദ്രങ്ങളിലെല്ലാം കൂടുതൽ ദുർബലമായതോടെ സിപിഎമ്മും സിപിഐയും മറ്റ് ഇടത് പാർട്ടികളും കോൺ​ഗ്രസിനൊപ്പം ചേർന്ന് മുന്നണി രൂപീകരിക്കുകയാണ്. കോൺ​ഗ്രസിന് മുന്നിലും മറ്റ് മാർ​ഗങ്ങളില്ല എന്നതാണ് വാസ്തവം.

നിലവിൽ പലയിടത്തും സഖ്യം

കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോൺ​ഗ്രസുമായി കൈകോർക്കുകയാണ് സിപിഎം. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ബം​ഗാളിന് പുറമേ തമിഴ് നാട്ടിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺ​ഗ്രസ് മുന്നണിയുടെ ഭാ​ഗമായി സിപിഎം മത്സരിച്ചിരുന്നു. പശ്ചിമ ബം​ഗാളിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് സഖ്യമുണ്ടായിരുന്നില്ലെങ്കിലും പരസ്പരം മത്സരിക്കരുത് എന്ന ധാരണയിലെത്താൻ കോൺ​ഗ്രസും സിപിഎമ്മും പരിശ്രമിച്ചിരുന്നു. എന്നാൽ, ലോക് സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബം​ഗാളിൽ പൂർണമായും പരാജയപ്പെട്ടതോടെ കോൺ​ഗ്രസ് മുന്നണിയുടെ ഭാ​ഗമാകുക മാത്രമാണ് പാർലമെന്ററി രം​ഗത്ത് സാന്നിധ്യം അറിയിക്കാനെങ്കിലും തങ്ങൾക്ക് മുന്നിൽ മാർ​ഗമുള്ളു എന്ന് സിപിഎം തിരിച്ചറിയുകയാണ്.

ബീഹാറിൽ, ആർജെഡി-കോൺ​ഗ്രസ് മഹാസഖ്യത്തിന്റെ ഭാ​ഗമായതിന് പിന്നാലെ, ജമ്മു കശ്മീരിലും പിഡിപി- നാഷണൽ കോൺഫറൻസ്- കോൺ​ഗ്രസ് സഖ്യത്തിലും സിപിഎം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആസാമിലും ബം​ഗാളിലും കോൺ​ഗ്രസിനൊപ്പം സഖ്യമുണ്ടാക്കി ശക്തി ആർജ്ജിക്കാൻ ഇറങ്ങുകയാണ് ഇടത് പാർട്ടികൾ. പ്രതിപക്ഷ മഹാസഖ്യത്തിൽ ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഐ.എം.എൽ എന്നിവരുമായി ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ പോരാടുമെന്ന് നേരത്തെ തന്നെ കോൺഗ്രസും സിപിഐ.എമ്മും ധാരണയിലെത്തിയിരുന്നു.

ബംഗാളിലെ ഹൂഗ്ലിയിലെ ഫർഫുറ ഷെരീഫ് ദേവാലയത്തിലെ അബ്ബാസ് സിദ്ദിഖി അടുത്തിടെ രൂപീകരിച്ച പാർട്ടിയാണ് ഐഎസ്എഫ്. മുതിർന്ന നേതാവ് ആനന്ദ് ശർമ്മ പുതിയ പാർട്ടിയായ ഐഎസ്എഫുമായി കോൺഗ്രസ് സഖ്യം ചേരുന്നതിനെ എതിർത്ത് രംഗത്തു വന്നിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയേയും തകർക്കാൻ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി.

പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാർച്ച് 27 ന് നടക്കും. ഏപ്രിൽ ഒന്ന്, ആറ്, 10,17,22,16, ഏപ്രിൽ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ബംഗാളിൽ ഭരണം നേടാൻ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP