Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി കേന്ദ്രമന്ത്രിയാകും; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മോദിയുടെ പരിഗണനയിൽ; മുരളീധരനും ബാലശങ്കറും സംഘടനാ പദവികൾക്കായുള്ള ചരടുവലികളിൽ; ജാനുവിനും സുഭാഷ് വാസുവിനും പദവികൾ ലഭിച്ചേക്കും; കാബിനറ്റ് പുനഃസംഘടനയിൽ നേതാക്കൾ കണക്കുകൂട്ടലിൽ

തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി കേന്ദ്രമന്ത്രിയാകും; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മോദിയുടെ പരിഗണനയിൽ; മുരളീധരനും ബാലശങ്കറും സംഘടനാ പദവികൾക്കായുള്ള ചരടുവലികളിൽ; ജാനുവിനും സുഭാഷ് വാസുവിനും പദവികൾ ലഭിച്ചേക്കും; കാബിനറ്റ് പുനഃസംഘടനയിൽ നേതാക്കൾ കണക്കുകൂട്ടലിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : യുപിയിലെ വമ്പൻ വിജയത്തിന്റെ ചുവടു പിടിച്ച് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗോവ മുഖ്യമന്ത്രിയാകാൻ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതും ഇതിന് കാരണമാകും. ബിജെപി പുനഃസംഘടനയും നടക്കും. ഇതിൽ കേരളത്തിന് പ്രാമുഖ്യം ലഭിക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷനെ കേന്ദ്രമന്ത്രിയാക്കുമെന്നാണ് വിലയിരുത്തുന്നത്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി എന്നിവർക്കും സാധ്യത ഏറെയാണ്. ബിജെപി ദേശീയ ഭാരവാഹിയായി വി മുരളീധരനെ ഉയർത്തുമെന്നും സൂചനയുണ്ട്. ആർ ബാലശങ്കറും പരിഗണനാപട്ടികയിലുണ്ട്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്നത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ഒ. രാജഗോപാൽ രണ്ടാമത് എത്തിയിരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും മുൻതൂക്കമുണ്ടാക്കി. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വ്യക്തിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കുമ്മനത്തിനാണ് കൂടുതൽ സാധ്യത. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് പ്രവർത്തകരുടെ പൊതു വികാരം. എന്നാൽ നിഷ്പക്ഷ വോട്ടുകൾ കൂടുതൽ പിടിക്കാൻ സുരേഷ് ഗോപിക്കാകുമെന്ന വിലയിരുത്തലുമുണ്ട്. ഏഷ്യാനെറ്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖറും തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.

കേരളത്തിലെ എൻഡിഎ സഖ്യകക്ഷികൾക്കു കേന്ദ്ര സർക്കാർ പദവികളിൽ നിയമനത്തിനും സാധ്യത തെളിയുന്നുണ്ട്. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു, ജെആർഎസ് നേതാവ് സി.കെ. ജാനു തുടങ്ങിയവരെയാണു പരിഗണിക്കുന്നത്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും സ്വാധീനം കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിനും കൂടുതൽ പരിഗണനയുണ്ടാകുന്ന തീരുമാനമെടുക്കുമെന്നാണ് സൂചന. കേരളത്തിലെ എൻഡിഎ സഖ്യകക്ഷികൾക്കു കേന്ദ്ര സർക്കാർ പദവികളിൽ നിയമനത്തിനും സാധ്യത തെളിയുന്നുണ്ട്. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു, ജെആർഎസ് നേതാവ് സി.കെ. ജാനു തുടങ്ങിയവരെയാണു പരിഗണിക്കുന്നത്. ഇരുവർക്കും കാബിനറ്റ് പദവിയുള്ള സ്ഥാനമാനം ലഭിച്ചേക്കും.

കേരളത്തിൽ നിന്ന് കുമ്മനത്തെ മന്ത്രിയാക്കിയാൽ അദ്ദേഹത്തെ രാജ്യസഭാ അംഗമാക്കും. പരീക്കർ കേന്ദ്രമന്ത്രിപദമൊഴിയുമ്പോൾ രാജ്യസഭാ അംഗത്വവും രാജി വയ്ക്കും. ഇത് കുമ്മനത്തിന് നൽകും. രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും നിലവിൽ രാജ്യസഭാ അംഗങ്ങളാണ്. കർണ്ണാടകത്തിൽ നിന്നാണ് രാജീവ് ചന്ദ്രശേഖർ എംപിയായത്. സുരേഷ് ഗോപി നോമിനേറ്റഡ് അംഗവും. കുമ്മനം കഴിഞ്ഞാൽ സുരേഷ് ഗോപിക്കാണ് തിരുവനന്തപുരത്ത് വിജയ സാധ്യത കൂടുതൽ. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകാൻ സാധ്യത ഏറെയാണ്. എൻഡിഎ വൈസ് ചെയർമാൻ എന്ന നിലയിലെ പ്രവർത്തനവും ദേശീയ നേതാക്കളുമായുള്ള അടുപ്പവും മുതലാക്കാൻ രാജീവ് ചന്ദ്രശേഖറും സജീവമാണ്. അതുകൊണ്ട് തന്നെ ഈ മൂന്നു പേരിൽ ആർ്ക്കും കാബിനറ്റിലെത്താനാകും.

കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും. സംസ്ഥാന അധ്യക്ഷനായി പലരേയും പരിഗണിക്കുന്നുണ്ട്. കെ സുരേന്ദരന്റെ പേരാണ് വി മുരളീധര പക്ഷം മുന്നോട്ട് വയ്ക്കുന്നത്. എംടി രമേശും എ എൻ രാധാകൃഷ്ണനും സംസ്ഥാന അധ്യക്ഷന്മാരാകാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ആർ എസ് എസ് നേതൃത്വത്തിന് കൂടുതൽ താൽപ്പര്യം എംടി രമേശിനോടാണ്. അതിനിടെ ആർ ബാലശങ്കർ കേരളത്തിലെ നേതൃത്വത്തിൽ എത്തുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

അതിനിടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ പ്രതിരോധ മന്ത്രാലയത്തിലേക്കു മാറ്റുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഊർജ സഹമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച പീയുഷ് ഗോയലിനു കേന്ദ്ര ധനമന്ത്രി സ്ഥാനത്തേക്കു കയറ്റവും ലഭിച്ചേക്കാം. കറൻസി അസാധുവാക്കൽ നടപടികൾ ജനങ്ങൾക്കു ബുദ്ധിമുട്ടാകാത്ത തരത്തിൽ നടപ്പാക്കാൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു കഴിഞ്ഞില്ലെന്ന ആക്ഷേപമുയർന്നിരുന്നു. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയാകുന്നതിനു മുൻപ് അരുൺ ജയ്റ്റ്‌ലിയാണു പ്രതിരോധ മന്ത്രാലയത്തിന്റെയും ചുമതല വഹിച്ചിരുന്നത്.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും. അമിത് ഷാ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ ഭാരവാഹി പുനഃസംഘടന നടത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP