Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഇനി സഖാവ് ജോസ്.കെ.മാണി! രാഷ്ട്രീയകാറ്റ് മാറി വീശി എന്നറിയിച്ച് കൊണ്ട് ജോസ്.കെ.മാണിയുടെ സ്മാർട്ട് മൂവ്; കാർഷിക ബില്ലിനെതിരെ പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിൽ പ്ലക്കാർഡുമേന്തി ഇടത് എംപിമാർക്കൊപ്പം; വീഡിയോ ഫേസ്‌ബുക്കിലും ഷെയർ ചെയ്തതോടെ യുഡിഎഫ് നേതാക്കൾക്ക് നടുക്കം; ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം 29ന്

ഇനി സഖാവ് ജോസ്.കെ.മാണി! രാഷ്ട്രീയകാറ്റ് മാറി വീശി എന്നറിയിച്ച് കൊണ്ട് ജോസ്.കെ.മാണിയുടെ സ്മാർട്ട് മൂവ്; കാർഷിക ബില്ലിനെതിരെ പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിൽ പ്ലക്കാർഡുമേന്തി ഇടത് എംപിമാർക്കൊപ്പം; വീഡിയോ ഫേസ്‌ബുക്കിലും ഷെയർ ചെയ്തതോടെ യുഡിഎഫ് നേതാക്കൾക്ക് നടുക്കം; ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം 29ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതെ, മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. കെ.എം.മാണിയുടെ കാലത്ത് നടക്കാതെ പോയ ഒരുനീക്കം മകൻ ജോസ്.കെ.മാണിയുടെ കാലത്ത് യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. കേരള കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിക്കുകയാണ്. കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ എട്ട് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം ഇന്ന് നടത്തിയ പ്രതിഷേധത്തിലാണ് ഇടതുപക്ഷ എംപിമാർക്കൊപ്പം ജോസ് കെ മാണിയും പങ്കെടുത്തത്.

സിപിഎമ്മിന്റെ രാജ്യസഭ എംപിമാരായ സോമപ്രസാദ്, എളമരം കരീം, കെ.കെ രാഗേഷ്, സിപിഐ അംഗം ബിനോയ് വിശ്വം സിപിഎമ്മിന്റെ ലോക്സഭയിലെ പ്രതിനിധി എ.എം ആരിഫ് എന്നിവർക്കൊപ്പമാണ് കേന്ദ്രത്തിനെതിരെ പ്ലക്കാർഡുമായി ജോസ് കെ മാണി സമരത്തിൽ പങ്കാളിയായത്. കേന്ദ്രത്തിൽ യു.പി.എയുടെ ഭാഗമായി നിൽക്കുമെന്ന നിലപാട് വ്യക്തമാക്കിയ ജോസ് കെ മാണിയുടെ നീക്കം യുഡിഎഫിൽ അമ്പരപ്പുണ്ടാക്കിയെന്ന വ്യക്തം. 'കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധബില്ലിനെതിരായി പാർലമെന്റിൽ പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ' എന്ന തലക്കെട്ടോടെ ജോസ് കെ.മാണി തന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോയും ഷെയർ ചെയ്തു.

സെപ്റ്റംബർ 9ന് ജോസ്.കെ.മാണി പറഞ്ഞ വാക്കുകളിൽ അദ്ദേഹത്തിന്റെ മനസ്സ് വായിക്കാം:

'കെ.എം മാണിസാർ രോഗശയ്യയിൽ ആയപ്പോൾ മുതൽ കേരളാ കോൺഗ്രസ്സ് (എം) നെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചവരാണ് പി.ജെ ജോസഫ് വിഭാഗം. അവർക്ക് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം ചാർത്തിക്കൊടുത്തവർ ഓരോ കേരളാ കോൺഗ്രസ്സ് പ്രവർത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. കേരളാ കോൺഗ്രസ്സിനെ പുറത്താക്കി അപമാനിച്ചവർ ഈ പ്രസ്താവനയിലൂടെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. കെ. എം മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തിൽ കേരളാ കോൺഗ്രസ്സിന് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. കേരളാ കോൺഗ്രസ്സിന്റെ ആത്മാഭിമാനം ആരുടേയും അടിയറവ്വെയ്ക്കില്ല.'

ഇടത് എംപിമാർക്കൊപ്പം സമരത്തിൽ പങ്കെടുത്തതോടെ യുഡിഎഫിന് മാത്രമല്ല, എൽഡിഎഫിനും വ്യക്തമായ സന്ദേശം നൽകുകയാണ് ജോസ് കെ മാണി വിഭാഗം. യു.ഡി.എഫിൽ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് രാജിവയ്ക്കുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എംപി സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണി നേരത്തെ പറഞ്ഞത്.

ഇടതുമുന്നണി യോഗം 29ന്

കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെ കൂടെകൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ ഇടതു മുന്നണി സെപ്റ്റംബർ 29ന് ചേരും.മുന്നണിയോഗത്തിന്റെ മുന്നോടിയായി 26, 27 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും പാർട്ടി സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ, സിപിഐ ഇന്നും നാളെയും ചേരുന്ന പാർട്ടിയുടെ സംസ്ഥാന നിർവ്വാഹകസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ജോസ് പക്ഷത്തോടുള്ള കടുത്ത എതിർപ്പിൽ അയവ് വരുത്തിയെങ്കിലും പരസ്യമായി സി.പി. ഐ അത് പ്രകടിപ്പിച്ചിട്ടില്ല. സിപിഐക്ക് കൂടി സ്വീകാര്യമായ രീതിയിലാവും ഫോർമുല തയ്യാറാക്കുക.

നേരത്തേ നടന്ന സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാറിയ രാഷ്ട്രീയ സാഹചര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്നാണ് നിർവാഹകസമിതി ചേർന്ന് വിലയിരുത്താൻ സിപിഐ നേതൃത്വം തീരുമാനിച്ചത്.

ജോസ് വിഭാഗം കൂടെയുണ്ടെങ്കിൽ മദ്ധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.നിയമസഭാ സീറ്റുകൾ പങ്കുവയ്ക്കുന്നതിലടക്കം വിപുലമായ ചർച്ച വേണ്ടിവരും
പത്തോ അതിനടുത്തോ സീറ്റുകൾ കേരള കോൺഗ്രസിന് നൽകിയക്കുമെന്നാണ് സൂചന. ജോസ് കെ മാണി വരുന്നതുകൊണ്ട് കോട്ടയം,പത്തനംതിട്ട ജില്ലകളിലെ ചില മണ്ഡലങ്ങളിലും മലയോര മണ്ഡലങ്ങളിലും നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
https://www.facebook.com/josek.mani/posts/1818134371660039

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP