Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗ പരിശീലനവുമായി റിനൈസൻസ് ഹോട്ടലിൽ വിമത കോൺഗ്രസ് എംഎൽഎമാർ; ക്ഷേത്ര സദ്യ ആസ്വദിച്ച് കഴിച്ച് ജെഡിഎസ് എംഎൽഎമാർ; ഒരു സംസ്ഥാനത്തിന്റെ ഭരണവും രണ്ടു പാർട്ടികളുടെ ഭാവിയും പ്രതിസന്ധിയിലായിരിക്കെ അവധിക്കാല മൂഡിൽ എംഎൽഎമാരും

യോഗ പരിശീലനവുമായി റിനൈസൻസ് ഹോട്ടലിൽ വിമത കോൺഗ്രസ് എംഎൽഎമാർ; ക്ഷേത്ര സദ്യ ആസ്വദിച്ച് കഴിച്ച് ജെഡിഎസ് എംഎൽഎമാർ; ഒരു സംസ്ഥാനത്തിന്റെ ഭരണവും രണ്ടു പാർട്ടികളുടെ ഭാവിയും പ്രതിസന്ധിയിലായിരിക്കെ അവധിക്കാല മൂഡിൽ എംഎൽഎമാരും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഒരു സംസ്ഥാനത്തെ ഭരണവും രണ്ടു പാർട്ടികളുടെ ഭാവിയും തുലാസിൽ ആടുമ്പോഴും ഇതൊന്നും ബാധിക്കാതെ ജീവിതം ആസ്വദിച്ച് വിമത എംഎൽഎമാർ. കർണാടകയിലെ നിയമസഭാ അംഗത്വം രാജിവെച്ച ശേഷം പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിനെ കുറിച്ചും തങ്ങളുടെ പാർട്ടികളെ കുറിച്ചുമുള്ള ചിന്തകൾ ഒന്നും മുംബൈയിലും ബംഗളരുവിലും കഴിയുന്ന വിമത എംഎൽഎമാരെ ബാധിക്കുന്നേയില്ല. മാധ്യമങ്ങളിൽ നിറയുന്ന ഇവരുടെ ഫോട്ടോകളിൽ നിന്നും ഇത് വ്യക്തമാണ്. സദ്യയുണ്ടും യോഗ പരിശീലിച്ചും എല്ലാം അവധിക്കാല മൂഡിലാണ് വിമത എംഎൽഎമാർ.

മുംബൈയിലെ റിനൈസൻസ് ഹോട്ടലിൽ കഴിയുന്ന വിമത കോൺഗ്രസ് എംഎൽഎമാരുടെയും ബംഗളൂരുവിലെ പ്രെസ്റ്റീജ് ഗോൾഫ്‌ഷെയർ ക്ലബ്ബിൽ കഴിയുന്ന ജെഡിഎസ് എംഎൽഎമാരുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമപ്രവർത്തകയായ പല്ലവി ഘോഷാണ് വിമത കോൺഗ്രസ് എംഎൽഎമാരുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. പുറത്ത് രാഷ്ട്രീയകോലാഹലങ്ങൾ തകർത്തുമുന്നേറുമ്പോഴും യോഗാ പരിശീലനത്തിന്റെ തിരക്കിലാണ് ഈ എംഎൽഎമാർ. ബിജെപി ചാക്കിട്ടുപിടിക്കാതിരിക്കാൻ ജെഡിഎസ് സുരക്ഷിതമായി താമസിപ്പിച്ചിരിക്കുന്ന എംഎൽമാർ ക്ഷേത്രസദ്യ ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. പ്രെസ്റ്റീജ് ഗോൾഫ് ഷെയർ ക്ലബ്ബിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നുള്ളതാണ് ചിത്രങ്ങളെന്നാണ് എഎൻഐ പറയുന്നത്.

വിമതപക്ഷത്തെ 11 പേരാണ് റിനൈസൻസ് ഹോട്ടലിൽ കഴിയുന്നത്. ഇവരെ എങ്ങനെയും അനുനയിപ്പിക്കാനുള്ള തിരക്കിട്ട പരിശ്രമങ്ങളിലാണ് കോൺഗ്രസ്. കൂടിക്കാഴ്‌ച്ചയ്‌ക്കെത്തിയ ഡി കെ ശിവകുമാറിനെ മഹാരാഷ്ട്ര പൊലീസ്, ഹോട്ടലിന് മുമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തതും വിവാദമായിരിക്കുകയാണ്.

ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ ലംഘിച്ചതിനാണ് ഡി കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ഗുലാം നബി ആസാദിനെയും കസ്റ്റഡിയിലെടുത്തു. തിരികെ പോവണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാണ് നടപടി. അതേസമയം ശിവകുമാർ ഭീഷണിപ്പെടുത്തുന്നതായി എംഎൽഎമാർ പരാതിയും നൽകിയിരുന്നു.

രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനായാണ് എംഎൽഎമാരെ കാണണമെന്ന ആവശ്യം ഉന്നയിച്ച് ഡികെ ശിവകുമാറും സംഘവും മുംബൈയിൽ ഹോട്ടലിന് പുറത്ത് കാത്തിരിപ്പ് തുടങ്ങിയത്. തുടർന്ന് ഡി.കെ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നിൽ ബിജെപി പ്രവർത്തകർ സംഘടിച്ചു. ഇതിന് പിന്നാലെ മുംബൈയിലെ കോൺഗ്രസ് പ്രവർത്തകർ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. തുടർന്നാണ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

ഹോട്ടൽ സ്ഥിതി ചെയ്യുന്ന പൊവെയ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ. ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ജൂലൈ ഒമ്പത് മുതൽ 12 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു.

ഏഴ് മണിക്കൂറോളമാണ് ശിവകുമാറും സംഘവും എംഎൽഎ മാരെ കാണാനായി ഹോട്ടലിന് മുന്നിൽ കാത്തിരിപ്പ് തുടർന്നത്. ശിവകുമാറിനോട് തിരികെ പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തിരികെ പോയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.

അതേസമയം കർണ്ണാടക ഗവർണ്ണർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ്സ് ആരോപിച്ചിരുന്നു. എംഎൽഎമാരുടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവർണ്ണർ സ്പീക്കർക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് കെസി വേണുഗോപാലും ഗുലാം നബി ആസാദും അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളുടെ പ്രതികരണം. രാജി സ്വീകരിക്കുന്ന കാര്യത്തിൽ അധികാരം സ്പീക്കർക്ക് മാത്രമാണുള്ളത്. ഗവർണ്ണർ സ്പീക്കറുടെ അധികാര പരിധിയിൽ ഇടപ്പെട്ടുവെന്നും കോൺഗ്രസ്സ് ആരോപിച്ചിരുന്നു. പിന്നീട്, സർക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ ഗവർണ്ണർക്ക് കത്ത് നൽകിയിരുന്നു. തുർന്നാണ് രാജ്ഭവനു പിന്നിൽ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP