Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് മധുരപ്രതികാരം! 14 മാസം മുമ്പ് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന കസേരയിൽ വീണ്ടും തല ഉയർത്തി ഇരിക്കാം; ഓപ്പറേഷൻ ലോട്ടസ് സക്‌സസായതിന്റെ ആത്മവിശ്വാസം കരുത്താക്കി കർണാടകത്തിൽ ബിജെപി അധികാരത്തിൽ; മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച; കർഷകർക്ക് 4000 രൂപ വീതം നൽകുമെന്ന് യെദ്യൂരപ്പയുടെ ആദ്യപ്രഖ്യാപനം

ഇത് മധുരപ്രതികാരം! 14 മാസം മുമ്പ് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന കസേരയിൽ വീണ്ടും തല ഉയർത്തി ഇരിക്കാം; ഓപ്പറേഷൻ ലോട്ടസ് സക്‌സസായതിന്റെ ആത്മവിശ്വാസം കരുത്താക്കി കർണാടകത്തിൽ ബിജെപി അധികാരത്തിൽ; മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച; കർഷകർക്ക് 4000 രൂപ വീതം നൽകുമെന്ന് യെദ്യൂരപ്പയുടെ ആദ്യപ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഓപ്പറേഷൻ ലോട്ടസ് വിജയിക്കുകയും കുമാരസ്വാമി സർക്കാർ താഴെവീഴുകയും ചെയ്തതോടെ കർണാടകത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ. മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 6.30നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസും ജെ.ഡി.എസും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്ന് രാവിലെ 10 ന് രാജ്ഭവനിലെത്തി യെദ്യൂരപ്പ ഗവർണർ വാജുഭായി വാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം യെദ്യൂരപ്പ അറിയിച്ചിരുന്നു.സത്യപ്രതിജ്ഞയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നൽകിയതായും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

29 ന് സഭയിൽ വിശ്വാസ വോട്ട്‌തേടുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സഭയിൽ വിശ്വാസ വോട്ട് തേടുമെന്നും തുടർന്ന് സംസ്ഥാന ബജറ്റ് പാസാക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. അധികാരമേറ്റെടുത്തതിന് പിന്നാലെ, പ്രധാന്മന്ത്രി കിസാൻ യോജൻ പദ്ധതിയിൽ കർഷകർക്ക് നൽകുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ നൽകുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു. എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞങ്ങൾ കാണിച്ചുതരാമെന്നും യെദ്യൂരപ്പ പറഞ്ഞു. കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണനിർവഹണം തകർന്ന അവസ്ഥയിലായിരുന്നു .പ്രതികാരത്തിന്റെ രാഷ്ട്രീയം തങ്ങൾ അനുവർത്തിക്കില്ലെന്നും പ്രതിപക്ഷം വിമർശിച്ചാലും അവരെ സുഹൃത്തുക്കളായി കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നതാണ് തന്റെ ആദർശമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര എംഎ‍ൽഎയെയും രണ്ട് കോൺഗ്രസ് വിമത എംഎ‍ൽഎമാരെയും കഴിഞ്ഞ ദിവസം സ്പീക്കർ കെ.ആർ.രമേഷ് കുമാർ അയോഗ്യരാക്കിയിരുന്നു. സ്വതന്ത്ര എംഎ‍ൽഎ ആർ.ശങ്കർ(കെ.പി.ജെ.പി), കോൺഗ്രസ് എംഎ‍ൽഎമാരായ രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. മറ്റുള്ള എംഎ‍ൽഎമാരുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജിവച്ച പതിനഞ്ച് എംഎ‍ൽഎമാർക്കെതിരെ കോൺഗ്രസും ജെ.ഡി.എസും അയോഗ്യതയ്ക്ക് ശുപാർശ നൽകിയിരുന്നു.

14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവം ആവർത്തിക്കാനായിരിക്കും യെദ്യുരപ്പയുടെ ശ്രമം. 2007 നവംബറിലാണ് യെദ്യൂരപ്പ ആദ്യമായി കർണാടകയുടെ മുഖ്യമന്ത്രിപദത്തിലെത്തിയത്. എന്നാൽ ഏഴുദിവസം മാത്രമാണ് അധികാരത്തിലിരിക്കാനായത്. പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം 2008 മെയ്‌ 30ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. മൂന്നുവർഷവും രണ്ടുമാസവും ഭരിച്ചു. 2018 മെയ്‌ 17നാണ് യെദ്യൂരപ്പ മൂന്നാംവട്ടവും മുഖ്യമന്ത്രിയായത്. ആറുദിവസം മാത്രമാണ് അധികാരത്തിൽ തുടരാനായത്. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ്-ജെ ഡി എസ് സഖ്യം സർക്കാർ രൂപവത്കരിച്ചത്.

ഇത്തവണ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. എന്നാൽ സർക്കാർ രൂപീകരിച്ചാലും സഭയിൽ വിശ്വാസം തെളിയിക്കുകയാണ് യെദ്യൂരപ്പയ്ക്കും ബിജെപിക്കും വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP