Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിൽ സിദ്ധരാമയ്യയുടെ ഭരണത്തുടക്കം ഗംഭീരം; 200 യൂണിറ്റ് സൗജന്യ വൈദ്യുതി ജൂലൈ ഒന്ന് മുതൽ; തൊഴിൽരഹിത വീട്ടമ്മമാർക്ക് 2000 രൂപ ധനസഹായം ഓഗസ്റ്റ് 15 മുതൽ; ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ ധാന്യം ജൂലൈ മുതൽ; തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ അഞ്ച് പ്രധാന ക്ഷേമപദ്ധതികൾക്ക് അനുമതി നൽകി

കർണാടകയിൽ സിദ്ധരാമയ്യയുടെ ഭരണത്തുടക്കം ഗംഭീരം; 200 യൂണിറ്റ് സൗജന്യ വൈദ്യുതി ജൂലൈ ഒന്ന് മുതൽ; തൊഴിൽരഹിത വീട്ടമ്മമാർക്ക് 2000 രൂപ ധനസഹായം ഓഗസ്റ്റ് 15 മുതൽ; ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ ധാന്യം ജൂലൈ മുതൽ; തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ അഞ്ച് പ്രധാന ക്ഷേമപദ്ധതികൾക്ക് അനുമതി നൽകി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ മികച്ച തുടക്കവുമായി സിദ്ധരാമയ്യ സർക്കാർ. കോൺഗ്രസ് പ്രകടനപത്രികയിലെ 5 പ്രധാന ക്ഷേമപദ്ധതികൾക്ക് കർണാടക മന്ത്രിസഭയുടെ അനുമതി. 56,000 കോടി രൂപ വേണ്ടിവരുന്ന പദ്ധതികളുടെ നടപടിക്രമവും വ്യവസ്ഥകളും പ്രഖ്യാപിച്ചു. സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അനുമതി നൽകിയിരുന്നു.

സ്ത്രീകൾക്ക് എസി, ലക്ഷ്വറി സർവീസുകൾ ഒഴികെയുള്ള സർക്കാർ ബസുകളിൽ ഈ മാസം 11 മുതൽ സൗജന്യ യാത്ര അനുവദിക്കും. മറ്റു യാത്രക്കാരെ ബാധിക്കാതിരിക്കാൻ കർണാടക ആർടിസി ബസുകളിൽ 50% സീറ്റുകൾ പുരുഷന്മാർക്കായി മാറ്റിവയ്ക്കും. പ്രതിമാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾ ജൂലൈ മുതൽ ബിൽ അടയ്‌ക്കേണ്ടതില്ല. ഒരു വർഷത്തെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതി ഓഗസ്റ്റ് 15 ന് നിലവിൽ വരും.

വരുമാന വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം സൗജന്യ അരി ജൂലൈ 1 മുതലാണ് നടപ്പാക്കുന്നത്. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും 2 വർഷത്തേക്ക് ലഭിക്കും.

'മന്ത്രിസഭാ യോഗത്തിൽ അഞ്ചു വാഗ്ദാനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. ഈ സാമ്പത്തിക വർഷം തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ തീരുമാനിച്ചു.'- സിദ്ധരാമയ്യ പറഞ്ഞു. പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പ്രാബല്ല്യത്തിൽ വരുത്തുമെന്നും ജനങ്ങളിലേക്ക് എത്തുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും താനും 'ഗ്യാരന്റി കാർഡുകളിൽ' ഒപ്പിട്ടിരുന്ന കാര്യവും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

സർക്കാർ അംഗീകാരം നൽകിയ പദ്ധതികൾ ഇങ്ങനെയാണ്:

ഗ്യാരന്റെി 1 : (ഗൃഹജ്യോതി) ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതൽ. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല

ഗ്യാരന്റി 2 : ( ഗൃഹലക്ഷ്മി) തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നൽകും, ഇതിനായി അപേക്ഷ നൽകണം, ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിച്ച ഓൺലൈനായി ജൂലൈ 10 വരെ അപേക്ഷ നൽകാം . ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും. തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക. വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവർക്ക് ധനസഹായം നിഷേധിക്കില്ല. ഇതിൽ ബിപിഎൽ - എപിഎൽ ഭേദമില്ല.

ഗ്യാരന്റി 3 : (അന്നഭാഗ്യ) 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും - ജൂലൈ 1 മുതൽ വിതരണം തുടങ്ങും.

ഗ്യാരന്റി 4 (ശക്തി ) എല്ലാ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല.

കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല. ബിഎംടിസി ബസ്സുകളിലും കർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും..

ഗ്യാരന്റി 5( യുവനിധി ) 2024 വരെ ഓരോ തൊഴിൽ രഹിതരായ ഗ്രാജ്വേറ്റ്‌സിനും 3000 രൂപ, ഡിപ്ലോമ ഹോൾഡർമാർക്ക് 1500 രൂപ. ഇത് ട്രാൻസ്‌ജെൻഡർമാർക്കും ലഭിക്കും.

അതേസമയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നും വിജയത്തിനായി പ്രചാരണതന്ത്രങ്ങൾ മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇതും സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു. ക്യാബിനറ്റ് റാങ്കോടെയാണ് കനുഗോലുവിനെ നിയമിച്ചത്. മന്ത്രിമാരുടെ വകുപ്പുവിഭജനം ഉൾപ്പെടെ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് കനുഗോലുവിന് ക്യാബിനെറ്റ് റാങ്കോടെ നിയമനം നൽകിയത്.

ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി നിരവധി തിരഞ്ഞെടുപ്പുകൾ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം കോൺഗ്രസിൽ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങൾ ഏകോപിപ്പിച്ചത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വലിയ ഊർജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉൾപ്പെടുത്തിയിരുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ചുക്കാൻപിടിച്ചത് കനുഗോലുവായിരുന്നു. 2016-ൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങൾ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ 'നമുക്കുനാമേ' എന്ന പേരിൽ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു. സ്റ്റാലിന്റെ പേര് തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവന്നത് ഇതിലൂടെയായിരുന്നു. അന്ന് ഡി.എം.കെ. അധികാരത്തിലെത്തിയില്ലെങ്കിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഡി.എം.കെ.യുടെ പ്രചാരണത്തിന് ചുക്കാൻപിടിക്കാനെത്തിയപ്പോൾ 40-ൽ 39 സീറ്റുകൾ പാർട്ടി നേടി.

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിന്റെ പ്രചാരണതന്ത്രങ്ങൾ ആവിഷ്‌കരിച്ചതും സുനിൽ കനുഗോലുവാണ്. കർണാടകയിലെ ബെല്ലാരിയിൽ ജനിച്ച കനുഗോലു നിലവിൽ ബെംഗളൂരുവിലാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP