Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിന് പകരം നടക്കുന്നത് കിരീടധാരണം: മുഴുവൻ സമയവും രണ്ട് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരുടെ സേവനം; പുറമേ നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാ കവചം; ഡൽഹിയിൽ കലാപത്തിന് വഴിമരുന്നിട്ട കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ

വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിന് പകരം നടക്കുന്നത് കിരീടധാരണം: മുഴുവൻ സമയവും രണ്ട് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരുടെ സേവനം; പുറമേ നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാ കവചം; ഡൽഹിയിൽ കലാപത്തിന് വഴിമരുന്നിട്ട കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗകൻ എന്ന നിലയിൽ കോടതിയുടെ അടക്കം വിമർശനത്തിന് വിധേയനായ ആളാണ് കപിൽ മിശ്ര. ഇപ്പോഴിതാ നേതാവിന് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടെന്ന് കാണിച്ച് കപിൽ മിശ്ര നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ വർധിപ്പിച്ചത് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നുള്ളത് ഏറെ വിചിത്രമാണ്.

നിലവിൽ രണ്ട് സുരക്ഷ ജീവനക്കാരാണ് കപിൽ മിശ്രക്കൊപ്പം ഉള്ളത്. വൈ കാറ്റഗറിയിലേത് ആറായി മാറും. ഫോണിലും വാട്സ് ആപ്പിലും ഇ മെയിലിലും തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്യുകയുണ്ടായി. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് കപിൽ മിശ്ര പറഞ്ഞത്. കപിൽ മിശ്രയുടെ അറസ്റ്റിന് പകരം കിരീട ധാരണം ആണ് നടക്കാൻ പോകുന്നതെന്ന് കോൺഗ്രസ് ആരോപിച്ച് രംഗത്തെത്തി. സർക്കാർ വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ് വീർ ഷെർഗിൽ വിമർശിച്ചു. വിദ്വേഷ രാഷ്ട്രീയത്തിന്റെ ചിറകുകൾ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഡൽഹിയിൽ കലാപത്തിന് കാരണമായ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചതും. കപിൽ മിശ്രയ്‌ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അഭയ് വർമ്മ, പർവേഷ് വർമ്മ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

കപിൽ മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഡൽഹിയിൽ കലാപം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻ ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലങ്കിൽ നിയമം കയ്യിലെടുക്കുമെന്നായിരുന്നു പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരെ നടന്ന റാലിയിൽ കപിൽ മിശ്രയുടെ ഭീഷണി. മണിക്കൂറുകൾക്കകം പൗരത്വഭേദതഗതിക്ക് അനുകൂലമായി മൗജ്പൂരിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സംഘർഷമുണ്ടയായി. പിന്നാലെ ഡൽഹിയിൽ നിരവധി സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായി. കലാപത്തിൽ നിലവിൽ നാൽപ്പത്തിമൂന്നോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

വിദ്വേഷ പരാമർശങ്ങളിലൂടെ ഡൽഹി കലാപത്തിനു വഴിമരുന്നിട്ട ബിജെപി നേതാവ് കപിൽ മിശ്ര സമാധാന റാലിയുമായി ജന്തർ മന്തറിൽ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. ഡൽഹി സമാധാന കൂട്ടായ്മ എന്ന പേരിലുള്ള ഒരു എൻ ജി ഓ സംഘടിപ്പിച്ച സമാധാന റാലിയിലാണ് കപിൽ മിശ്ര പങ്കെടുത്തത്. നൂറോളം പേർ ദേശീയ പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പങ്കെടുത്തു എന്ന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നു കേട്ടത്. വേദിയിൽ കയറുകയോ പ്രഭാഷണം നടത്തുകയോ ചെയ്യാതെ ജനങ്ങൾക്കൊപ്പം സദസ്സിൽ ഇരുന്നാണ് കപിൽ മിശ്ര റാലിക്ക് ശേഷമുള്ള സമ്മേളനത്തിന്റെ ഭാഗമായതെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഡൽഹി കലാപത്തിൽ ഇരയായ ഹിന്ദുക്കൾക്ക് സഹായം എത്തിക്കാൻ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ട് ബിജെപി നേതാവ് കപിൽ മിശ്ര എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കലാപത്തിനരയായ ഹിന്ദുക്കൾക്ക് മാത്രം സഹായം എത്തിക്കാനാണ് നീക്കം. ഇതിനായി 71 ലക്ഷം രൂപ സമാഹരിക്കാനാണ് തീരുമാനമെന്ന് ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച പ്രചാരണങ്ങളും ട്വീറ്റും പ്രചരിക്കുന്നുണ്ട്. അതേസമയം കലാപമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ അതീവജാഗ്രത തുടരുന്നു.167 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നും 885 പേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിനു 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി വിവരങ്ങൾ ലഭിക്കുന്നത്്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP