Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർ‌ജെ‌ഡിക്ക് തേജസ്വി ഉണ്ടെങ്കിൽ സി‌പി‌ഐക്ക് കനയ്യയുണ്ട് എന്ന പഴയ സെക്രട്ടറിയുടെ പ്രസം​ഗം ഇന്ന് പഴംകഥ; തേജസ്വി യാദവിന്റെ പ്രഭാവം കുറയാതിരിക്കാൻ ഇന്ത്യൻ ചെ​ഗുവേരക്ക് രാഷ്ട്രീയ വനവാസം വിധിച്ചത് സ്വന്തം പാർട്ടി തന്നെ; അധികാരത്തിന്റെ പങ്കുപറ്റാൻ പാർട്ടി താത്പര്യം ബലികഴിച്ച് ബീഹാറിലെ സിപിഐ

ആർ‌ജെ‌ഡിക്ക് തേജസ്വി ഉണ്ടെങ്കിൽ സി‌പി‌ഐക്ക് കനയ്യയുണ്ട് എന്ന പഴയ സെക്രട്ടറിയുടെ പ്രസം​ഗം ഇന്ന് പഴംകഥ; തേജസ്വി യാദവിന്റെ പ്രഭാവം കുറയാതിരിക്കാൻ ഇന്ത്യൻ ചെ​ഗുവേരക്ക് രാഷ്ട്രീയ വനവാസം വിധിച്ചത് സ്വന്തം പാർട്ടി തന്നെ; അധികാരത്തിന്റെ പങ്കുപറ്റാൻ പാർട്ടി താത്പര്യം ബലികഴിച്ച് ബീഹാറിലെ സിപിഐ

മറുനാടൻ ഡെസ്‌ക്‌

പാട്ന: നിയമസഭാ തെരഞ്ഞെടുപ്പിനായി മുൻനിര രാഷ്ട്രീയക്കാർ ബീഹാറിൽ വ്യാപകമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ, സിപിഐയുടെ സ്റ്റാർ കാമ്പെയ്‌നറും മുൻ ജെഎൻയു പ്രസിഡന്റുമായ കനയ്യ കുമാറിനെ അടുപ്പിക്കാതെ പ്രതിപക്ഷ മഹാസഖ്യം. 33 കാരനായ നേതാവ് മൂന്ന് പൊതുയോഗങ്ങളെ മാത്രമാണ് ഇതുവരെ അഭിസംബോധന ചെയ്തത്. അതും കനയ്യയുടെ സ്വന്തം ജില്ലയായ ബ​ഗുസാരായിയിലെ ബഖ്രി, തെഗ്‌റ മണ്ഡലങ്ങളിലും, മധുബാനിയിലെ ബെനിപട്ടിയിലും. അതേസമയം, പ്രതിപക്ഷ മ​​ഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാ​ദവ് ദിവസേന ആറും ഏഴും റാലികളെയാണ് അഭിസംബോധന ചെയ്യുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സത്യനാരായൺ സിങ് രണ്ട് മാസം മുമ്പ് മരണമടഞ്ഞതോടെയാണ് കനയ്യയുടെ കാന്തി മങ്ങിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് സംസ്ഥാന സംഘടനയിൽ നേതൃമാറ്റം ഉണ്ടാകുകയും സിപിഐയിൽ ഉയർന്നുവന്ന കനയ്യയ്ക്ക് വിലങ്ങിടുകയുമായിരുന്നു. പാർട്ടിയുടെ ഭാഗധേയം പുനരുജ്ജീവിപ്പിക്കാൻ കനയ്യയെ പിന്തുണച്ചത് സിങ്ങായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധി മൈതാനത്ത് നടന്ന പാർട്ടി റാലിയിൽ “ആർ‌ജെ‌ഡിക്ക് തേജസ്വി ഉണ്ടെങ്കിൽ സി‌പി‌ഐക്ക് കനയ്യയുണ്ട്” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിങ്ങിന്റെ നിര്യാണം പാർട്ടിയിലെ യൂത്ത് ക്യാമ്പിനെ ക്രമാനുഗതമായി പാർശ്വവത്കരിക്കുന്നതായി പാർട്ടിക്കുള്ളിൽ തന്നെ ആരോപണം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലെ അവ​ഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന സിപിഐ ഓഫീസിന് പുറത്ത് എഐഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

സിപിഐയ്ക്കുള്ളിൽ ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ട്. കനയ്യയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പ് നേരിടുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം സജീവമായി പ്രചാരണം നടത്താത്തതിന്റെ ഒരു കാരണമാണിതെന്ന് വിശ്വസിക്കുന്നു എന്ന് ബീഹാറിലെ ഇടതുപക്ഷക്കാർ പോലും സമ്മതിക്കുന്നു.

ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയോടെ സി‌എ‌എ / എൻ‌ആർ‌സിക്കെതിരായ സംസ്ഥാനത്തൊട്ടാകെയുള്ള ബിഹാർ പര്യടനമായ കൻ‌ഹയ്യയുടെ ജൻ ഗൺ യാത്രയ്ക്ക് സി‌പി‌ഐ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും ആരോപണമുണ്ട്. മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരി​ഗണന കിട്ടാൻ പാർട്ടി അതിന്റെ പാത മാറ്റിയെന്നും പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ട്. “തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ അടിത്തറ വ്യാപിപ്പിക്കുന്നതിൽ ലോക്ക്ഡൗൺ പാർട്ടിയെ ബാധിച്ചു,” സിപിഐയിലെ ഒരു യുവനേതാവ് സമ്മതിച്ചു.

പ്രചാരണരംഗത്ത് കനയ്യകുമാറിനുള്ള സ്വീകാര്യത തന്റെ പ്രചാരണങ്ങൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആർജെഡി നേതൃത്വത്തിന്റെ ഭയമാണ് സിപിഐ യുവനേതാവിനെ മാറ്റി നിർത്തുന്നതിന് പിന്നിലെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഗിരിരാജ്‌സിങിനെതിരെ മത്സരിച്ചപ്പോൾ പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിക്കാൻ കനയ്യകുമാറിന് കഴിഞ്ഞിരുന്നു. ഇതുവരെ മൂന്ന് പ്രചാരണ പരിപാടികളിൽ മാത്രമാണ് കനയ്യകുമാർ പങ്കെടുത്തിട്ടുള്ളത്. രണ്ട് മൂന്നും ഘട്ടവോട്ടെടുപ്പിലെ പ്രചാരണരപരിപാടികളിൽ കനയ്യയുടെ ഷെഡ്യൂൾ ഇതുവരെ തയ്യാറായിട്ടില്ലെന്നും വരുദിവസങ്ങളിൽ സജീവമാകുമെന്നുമാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.

തേജസ്വി യാദവിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപ്പിക്കാത്തവിധത്തിൽ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ഇടതുപാർട്ടികളും ആർജെഡിയും തമ്മിൽ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനയ്യയെ പ്രചാരണരംഗത്തുനിന്ന് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിദിനം ആറും ഏഴും റാലികളിലാണ് തേജസ്വി പങ്കെടുക്കുന്നത്.

കനയ്യയും തേജസ്വിയും ഒരുമിച്ച് വേദി പങ്കിടുമോ എന്ന കാര്യം അറിയില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. കനയ്യകുമാർ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതായും അദ്ദേഹത്തിന്റെ അടുത്തഘട്ട ഷെഡ്യൂൾ തയ്യാറായി വരുന്നതായും പാർട്ടി നേതൃത്വം അറിയിച്ചു. എന്നാൽ കനയ്യകുമാറിനെ പ്രചാരണ രംഗത്തിറക്കാത്തതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കനയ്യയുടെ പ്രചാരണം പാർട്ടിയുടെ വിജയത്തിന് ഏറെ സഹായകമാകുമെന്നും ഇവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് ഇടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.

ബഖ്രി, തെഗ്‌റ, ബച്വാര, ഹർലഖി, ജൻജാർപൂർ, രൂപൗലി സീറ്റുകളിൽ സിപിഐ മത്സരിക്കുന്നത്. രണ്ടുതവണ എം‌എൽ‌എയായ പാണ്ഡെ വീണ്ടും മധുബാനി ജില്ലയിലെ ഹർലഖി നിയോജകമണ്ഡലത്തിൽ മത്സരിക്കും. ബച്വാര സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ച അവധേഷ് കുമാർ റായ് അതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. 2015 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാം രത്തൻ സിങ്, സൂര്യകാന്ത് പാസ്വാൻ എന്നിവർ യഥാക്രമം തെ​ഗ്ര, ബഖ്രി സീറ്റുകളിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

രൂപാലി സീറ്റിലേക്ക് പൂർണിയ ജില്ലാ സെക്രട്ടറി വികാസ് ചന്ദ്ര മണ്ഡലിനെയും ജൻജർപൂരിൽ രാം നാരായണ യാദവിനെയും സിപിഐ മത്സരിപ്പിക്കും. സിപിഐക്ക് നൽകുന്ന സീറ്റുകളുടെ എണ്ണം അതിന്റെ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെങ്കിലും മതേതര, ജനാധിപത്യ, പുരോഗമന ശക്തികളുടെ വോട്ടുകൾ വിഭജിക്കുന്നത് തടയാൻ തന്റെ പാർട്ടി അതിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐക്കുള്ളിൽ കനയ്യ കുമാറിനെ തഴയുന്നു എന്നാരോപിച്ച് എഐഎസ്എഫ് പ്രവർത്തകർ രം​ഗത്തെത്തിയത്.

നിസമസഭ തെരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുന്നേ കനയ്യ പ്രപാരണ പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ കനയ്യ കുമാർ മത്സരിക്കേണ്ടതില്ലെന്ന് വാദിക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കനയ്യ, ഇത്തവണ മറ്റുള്ളവർക്ക് വഴിമാറി കൊടുക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ ബിഹാറിലെ ബെഗുസരായിൽ മത്സരിച്ചിരുന്നു എങ്കിലും ബിജെപി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകൾക്ക് പക്ഷേ കനയ്യകുമാർ പരാജയപ്പെട്ടിരുന്നു.

പാർട്ടിക്കുള്ളിൽ വളർന്നു വരുന്ന യുവാക്കളെ മുളയിലെ നുള്ളുന്ന സമീപനമാണ് മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാ​ഗം ഉയർത്തുന്ന ആരോപണം. ഇക്കാര്യത്തിൽ പാർട്ടി കേരള ഘടകത്തെ കണ്ട് പഠിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് കേരളത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാറുണ്ട്. ജെഎൻയുവിൽ കനയ്യ കുമാർ സമരം നയിച്ചപ്പോൾ ആസാദി ​ഗാനത്തിന് കോറസ്സ് പാടാൻ നിന്നയാൾ പോലും കേരളത്തിൽ ഇന്ന് എംഎൽഎയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ ബ​ഗുസരായിയിലും സിപിഐക്കുള്ളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. ഇപ്പോൾ വിജയസാധ്യത വളരെയേറെയുള്ള സമയത്ത് കനയ്യ കുമാറിന് സീറ്റ് നൽകണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മഹാസഖ്യത്തിൽ ആർ‌ജെഡി 144 സീറ്റുകളിൽ മത്സരിക്കും, കോൺഗ്രസ് 70 സീറ്റുകളും സിപിഐ (എം‌എൽ) 19, സി‌പി‌ഐ (ആറ്), സി‌പി‌ഐ (എം) നാല് സീറ്റുകളും മത്സരിക്കും.

2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്‌ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP