Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഒന്നറയ്ക്കുമ്പോഴും മുട്ടു വിറയ്ക്കാതെ നിന്ന് ശിവസേനയെ വെല്ലുവിളിച്ച് കങ്കണ; അഹങ്കാരം തകർക്കപ്പെടുമെന്ന വെല്ലുവിളിക്ക് പിന്നാലെ സോണിയാ സേനയെന്ന പരിഹാസവും വ്യക്തമാക്കുന്നത് കൃത്യമായ രാഷ്ട്രീയ നീക്കം; തുടക്കത്തിൽ മൗനം പാലിച്ച ബിജെപിയും താരത്തിന് പിന്തുണയുമായി കളത്തിലെത്തി; മറാത്താ വാദത്തിലൂടെ മഹാമേരുവായി വളർന്ന ശിവസേനയുടെ അടിവേരിളക്കാൻ കങ്കണ ബിജെപിയിലേക്കോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയ കേന്ദ്രങ്ങളും

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഒന്നറയ്ക്കുമ്പോഴും മുട്ടു വിറയ്ക്കാതെ നിന്ന് ശിവസേനയെ വെല്ലുവിളിച്ച് കങ്കണ; അഹങ്കാരം തകർക്കപ്പെടുമെന്ന വെല്ലുവിളിക്ക് പിന്നാലെ സോണിയാ സേനയെന്ന പരിഹാസവും വ്യക്തമാക്കുന്നത് കൃത്യമായ രാഷ്ട്രീയ നീക്കം; തുടക്കത്തിൽ മൗനം പാലിച്ച ബിജെപിയും താരത്തിന് പിന്തുണയുമായി കളത്തിലെത്തി; മറാത്താ വാദത്തിലൂടെ മഹാമേരുവായി വളർന്ന ശിവസേനയുടെ അടിവേരിളക്കാൻ കങ്കണ ബിജെപിയിലേക്കോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയ കേന്ദ്രങ്ങളും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കങ്കണ- ശിവസേന തർക്കത്തിൽ ബിജെപി നേരിട്ട് ഇടപെടുന്നു. കങ്കണ റണാവത്തിന്റെ ഓഫീസ് തകർത്തതിൽ ശിവസേനയെ വിമർശിച്ച് ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രം​ഗത്തെത്തി. കങ്കണയുടെ ഓഫീസ് തകർക്കാൻ ഉത്തരവ് നൽകിയ ശിവസേന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ നഗരത്തിലുള്ള വസതി തൊട്ടില്ലെന്ന് ഫഡ്‌നാവിസ് ആരോപിച്ചു. 'കങ്കണയുമായുള്ള പ്രശ്‌നം നിങ്ങൾ ഊതിപ്പെരുപ്പിച്ചു. അവരൊരു രാഷ്ട്രീയ നേതാവല്ല. നിങ്ങൾ ദാവൂദിന്റെ വസതി തകർക്കാനായി പോകുന്നില്ല. എന്നാൽ കങ്കണയുടെ വസതി തകർത്തു.' ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണിൽ നിന്ന് ശിവസേനയെ വെല്ലുവിളിക്കാൻ കങ്കണ റണാവത്തിനോളം ധൈര്യം കാട്ടിയ മറ്റൊരു സ്ത്രീയോ പുരുഷനോ ഇല്ലെന്ന തിരിച്ചറിവിൽ കങ്കണയെ പിന്തുണയ്ക്കുകയാണ് ബിജെപി. അതുകൊണ്ട് തന്നെയാണ് മറാത്താ വാദത്തിന്റെ അടിവേരറുക്കാൻ കങ്കണയെ കൂട്ടുകിട്ടുമെങ്കിൽ അത് നല്ലതാണ് എന്ന് ബിജെപി കരുതുന്നത്. കഴിഞ്ഞ ദിവസം കങ്കണ റണാവത്തുമായി കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ അവരുടെ മുംബൈയിലെ വസതിയിൽ എത്തി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് തീരുമാനിച്ചാൽ ബിജെപിയോ ആർപിഐയോ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിൽ ചേരാൻ തനിക്ക് താൽപ്പര്യമില്ലെന്ന് കങ്കണ പറഞ്ഞതായാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അത്തവാലെ പറഞ്ഞത്. സിനിമയിൽ നിൽക്കുന്നിടത്തോളം കാലം രാഷ്ട്രീയത്തിൽ ചേരാൻ താത്പര്യമില്ല എന്നാണ് കങ്കണ പറഞ്ഞത്.

അതേസമയം, കങ്കണ മഹാരാഷ്ട്രയിൽ ശിവസേനക്കെതിരെ പൊരുതാൻ പറ്റിയ യോദ്ധാവാണ് എന്ന കണക്കുകൂട്ടലിലാണ് ബിജെപി. സംസ്ഥാനത്തെ ഭരണകക്ഷിയായ ശിവസേനയുടെ ഭീഷണിയെ തുടർന്ന് വൈ പ്ലസ് സുരക്ഷയാണ് കേന്ദ്രം കങ്കണക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യുടെ പ്രസിഡൻറ് അത്തവാലെ, കങ്കണയും ശിവസേനയും തമ്മിലുള്ള തർക്കത്തിൽ നടിയെ ശക്തമായാണ് പിന്തുണക്കുന്നത്. നഗരത്തെ പാക്കിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തുമ്പോൾ മുംബൈയിൽ കാലുകുത്തരുതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കങ്കണയോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് തന്റെ പാർട്ടി പ്രവർത്തകർ കങ്കണയ്ക്ക് സംരക്ഷണം നൽകുമെന്ന് അതവാലെ പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച കേന്ദ്രം നടിക്ക് വൈ-പ്ലസ് കാറ്റഗറി സുരക്ഷ നൽകി. നടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനുവദിച്ച പദ്ധതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ച് ബ്രിഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ പൊളിച്ചുനീക്കിയ ദിവസം ബുധനാഴ്ച കങ്കണ മുംബൈയിലെത്തി. ബോംബെ ഹൈക്കോടതി വ്യാഴാഴ്ച പൊളിച്ചുനീക്കൽ സ്റ്റേ സ്റ്റേ ചെയ്തു.

ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്കെതിരെ കങ്കണ നടത്തുന്ന രൂക്ഷ വിമർശനങ്ങളാണ് ബിജെപിയെ കങ്കണയോട് അടുക്കാൻ പ്രേരിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ ഇത്ര രൂക്ഷമായി വിമർശിക്കാൻ ധൈര്യം കാട്ടുന്ന മറ്റൊരാൾ രാഷ്ട്രീയത്തിലോ പുറത്തോ ഇല്ല എന്നതാണ് കങ്കണയെ ഒപ്പം നിർത്താൻ പാർട്ടി ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം. ശിവസേന പ്രത്യശാസ്ത്രം മറന്ന് ‘സോണിയ സേന’ ആയി മാറിയെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ നാടുവാഴിക്ക്‌ ഉദാഹരണമാണെന്നും കങ്കണ റണാവത്ത് തുറന്നടിച്ചിരുന്നു‌. ബാലസാഹെബ്‌ താക്കറെ മുന്നോട്ടുവച്ച ആശയങ്ങളിൽ ശിവസേന വെള്ളംചേർത്തു. തെരഞ്ഞെടുപ്പിൽ തോറ്റ ശിവസേന അധികാരത്തിനുവേണ്ടി വിട്ടുവീഴ്‌ചകൾ ചെയ്‌ത്‌ ഒടുവിൽ “സോണിയ സേന” ആയി മാറിയെന്ന് താരം ആരോപിച്ചു. ഉദ്ധവിന്റെ അഹങ്കാരം തകർന്നടിയുമെന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു.

കങ്കണ- ശിവസേന തർക്കം തുടങ്ങുന്നത് ഇങ്ങനെ

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ കങ്കണ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കങ്കണയെ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന് ഭരണഘടനാനുസൃതമായ സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

എന്നും ബിജെപി.ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന കങ്കണ മുംബൈയ്ക്കും ശിവസേനക്കും പൊലീസിനുമെതിരേ ശക്തമായ വിമർശനമുന്നയിച്ചതാണ് വിവാദമായത്. മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.ജീവിക്കാൻ പറ്റാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു.

നടിയുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മണിക‌‌ർണിക ഫിലിംസിന്റെ ഓഫീസ് ബൃഹദ് മുംബയ് കോർപറേഷൻ (ബി.എം.സി.) ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയാണ് ശിവസേന പ്രതികാരം ചെയ്തത്. ബാന്ദ്ര പാലി ഹിൽസിലുള്ള മന്ദിരത്തിലെ ശുചിമുറി ഓഫീസ് ക്യാബിനാക്കി, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിച്ചു തുടങ്ങി ഒരു ഡസനിലധികം അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട് നടിക്ക് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ അധികൃതർ കെട്ടിടം പുറത്തു നിന്നും അകത്തു നിന്നും പൊളിക്കുകയായിരുന്നു. അനധികൃത നിർമ്മാണമല്ലെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ സെപ്‌റ്റംബർ 30 വരെ പൊളിക്കലിന് വിലക്കുണ്ടെന്നും കാട്ടി കങ്കണ കോടതിയെ സമീപിച്ചതിനെ തുടർന്ന്, ഉടമ സ്ഥലത്തില്ലാത്തപ്പോൾ കെട്ടിടത്തിൽ അതിക്രമിച്ചു കയറി പൊളിക്കരുതെന്ന് കോടതി മുംബയ് കോർപ്പറേഷനെ വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിവസേനയെ രൂക്ഷമായി വിർശിച്ച് താരം രംഗത്തെത്തുതയായിരുന്നു.

കങ്കണ

1987 മാർച്ച് 20ന് സ്‌കൂൾ ടീച്ചറായ ആശയുടെയും ബിസിനസ്സുകാരനായ അമർദീപിന്റെയും മകളായി ഹിമാചലിലാണ് കങ്കണയുടെ ജനനം. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. കങ്കണ തന്റെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്. പഠനം കഴിഞ്ഞ് നാടകത്തിലാണ് അവൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് അവൾ ശ്രദ്ധിക്കപ്പെടുന്നത്.

കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.. കങ്കണയുടെ വേഷവും ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം. ഫിലിം ഫെയർ അവാർഡുകൾ അടക്കമുള്ള നിരവധി അവാർഡുകളും അവർക്ക് കിട്ടിയിട്ടുണ്ട്.

പക്ഷേ അഭിനയത്തേക്കാൾ ഉപരിയായി കങ്കണ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ വിവാദ ട്വീറ്റുകളിലൂടെ ആയിരുന്നു. നടൻ സുശാന്ത് സിങ്് രജ്പുതിന്റെ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താൻ അവർ നിരന്തരം ഇടപെട്ടു. സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്നും ഖാൻ- കപുർ ടീമിന്റെ സ്വജനപക്ഷപാതിത്വത്തിന്റെ ഇരയാണ് സുശാന്ത് എന്നും ആദ്യം പറഞ്ഞത് കങ്കണയാണ്. ഇത് വലിയ കൊടുങ്കാറ്റാണ് ഹിന്ദി സിനിമയിൽ ഉണ്ടാക്കിയത്.

ശിവസേന

19 ജൂൺ 1966- ലാണ് ശിവസേന ജന്മം കൊള്ളുന്നത്. തന്റെ നാൽപ്പതാം വയസ്സിലാണ് ശിവസേനക്ക് ബാൽ താക്കറെ രൂപം നൽകുന്നത്. ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിലാണ് ബാൽതാക്കറെയുടെ പിതാവ് ആ പാർട്ടിക്ക് ശിവസേന എന്ന് നാമകരണം ചെയ്തത്. ്മറാത്തി ജനതക്ക് മറ്റ് ദേശീയ ജനവിഭാഗത്തിൽനിന്ന് അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമാണ് താക്കറെ ഉയർത്തിയത്. അച്ഛൻ പ്രബോദൻകർ താക്കറെ പത്രാധിപരായിരുന്ന മാസികയ്ക്ക് ബ്രാഹ്മണവിരോധമായിരുന്നു മുതൽക്കൂട്ടെങ്കിൽ മകൻ താക്കറെയുടെ മാസിക മാർമിക് മഹാരാഷ്ട്രക്കാരുടെ വൈകാരികതയെയാണ് പരമാവധി ചുഷണംചെയ്തത്.

പതിറ്റാണ്ടുകളായി ബിജെപിയുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസുമായും സഖ്യം ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ ബിജെപി - ശിവസേന സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ബിജെപി പ്രതിപക്ഷമായി മാറുകയായിരുന്നു. ഇത് സമീപകാലത്ത് ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. മഹാരാഷ്ട്രയിൽ ബിജെപി ഓരോ നീക്കവും നടത്തുന്നത് ശ്രദ്ധയോടെയാണ്. ശക്തമായ പ്രാദേശിക വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ദേശീയതയെക്കാൾ മറ്റ് വിഷയങ്ങൾ ഉയർത്തി ശിവസേനയേയും സഖ്യകക്ഷികളേയും ചെറുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കങ്കണക്ക് പരമാവധി പിന്തുണ നൽകാനും വിവാദങ്ങളിൽ നിന്ന് താത്ക്കാലികമായി ഒഴിഞ്ഞ് നിൽക്കാനുമാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത് എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP