Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും ജെ പി നഡ്ഡ

കോൺഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും ജെ പി നഡ്ഡ

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: കോൺഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. ബിജെപി ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. രാജ്യം പഴയതിൽ നിന്നും ഒരുപാട് മാറിക്കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസിന് ഒന്നും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജവഹർലാൽ നെഹ്റുവും മന്മോഹൻസിങ്ങുമുൾപ്പടെയുള്ള നിരവധി കോൺഗ്രസ് പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ഉള്ളവരായിരുന്നുവെന്ന് ജെപി നഡ്ഡ ചൂണ്ടിക്കാട്ടി. 'പാക്കിസ്ഥാനിൽ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങൾക്ക് സഹായം നൽകണമെന്ന് നെഹ്റുജി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും അവർക്ക് ഇന്ത്യയിൽ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ൽ മന്മോഹൻ ജി പറഞ്ഞിട്ടുണ്ട്' - നഡ്ഡ പറഞ്ഞു.

സിഎഎയെ എതിർക്കുന്ന ദളിത് സമുദായ നേതാക്കളെയും നഡ്ഡ വിമർശിച്ചു. ഇന്ന് നിരവധി ദളിത് നേതാക്കൾ സിഎഎയെ എതിർക്കുന്നുണ്ട്. അവർക്കറിയില്ല അഭയാർഥികളിൽ എഴുപത് ശതമാനം പേരും ദളിതരാണെന്ന്. അവർക്ക് ഇന്ത്യയിൽ കഴിയുന്നതിനുള്ള അവകാശം നൽകി, അവർക്ക് പൗരത്വവും നൽകി.- അദ്ദേഹം പറഞ്ഞു.

നിശ്ശബ്ദനായ സംഘാടകൻ എന്നാണ് ബിജെപി.യുടെയും സംഘപരിവാറിന്റെയും പ്രവർത്തകർക്കിടയിൽ ജെ.പി. നഡ്ഡ അറിയപ്പെടുന്നത്. സദസ്സിൽ ആളനക്കമുണ്ടാക്കുന്ന ശരീരഭാഷയോ ആരവമുയർത്തുന്ന പ്രസംഗശൈലിയോ അദ്ദേഹത്തിന്റെ കൈമുതലുകളല്ല. എന്നാൽ, കറകലരാത്ത പ്രതിച്ഛായകൊണ്ടും വറ്റാത്ത പാർട്ടി പ്രതിജ്ഞാബദ്ധതയാലും ഉറച്ച സംഘാടനപാടവംകൊണ്ടും സൗമ്യമായ പെരുമാറ്റത്താലും നഡ്ഡ പ്രവർത്തകർക്ക് പ്രിയനേതാവാണ്. ആർക്കും എളുപ്പം സമീപിക്കുന്ന നേതാവെന്നാണ് അദ്ദേഹത്തെ അടുപ്പമുള്ളവർ വിശേഷിപ്പിക്കുന്നത്.

ആർ.എസ്.എസിലൂടെയാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തിന് തുടക്കം. പട്ന സെയ്ന്റ് സേവ്യേഴ്സിലെ പഠനശേഷം ഹിമാചൽ സർവകലാശാലയിൽ നിയമബിരുദ പഠനത്തിന് ചേർന്നപ്പോൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് സമരരംഗത്തിറങ്ങിയ നഡ്ഡ പിന്നീട് 1986-ൽ എ.ബി.വി.പി.യുടെയും 1991-ൽ യുവമോർച്ചയുടെയും പ്രസിഡന്റായി.

1993-ൽ ഹിമാചൽ നിയമസഭയിലേക്ക് ബിജെപി. സ്ഥാനാർത്ഥിയായി വിജയിച്ചുകയറിയതോടെ ഹിമാചൽ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനമുഖങ്ങളിലൊന്നായി. തുടർന്ന് 1998, 2007 വർഷങ്ങളിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ ആരോഗ്യം, പരിസ്ഥിതി വകുപ്പുകളിൽ സംസ്ഥാന മന്ത്രിയുമായി.

ഹിമാചൽപ്രദേശിലെ പ്രവർത്തനത്തിളക്കത്തിലൂടെയാണ് അദ്ദേഹം ദേശീയരാഷ്ട്രീയത്തിലെത്തുന്നത്. ദേശീയ അധ്യക്ഷനായിരുന്ന നിതിൻ ഗഡ്കരി 2010-ൽ പാർട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചതോടെയാണ് ദേശീയ രാഷ്ട്രീയപ്രവേശനം. പിന്നെ തട്ടകം ഡൽഹിയായി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നഡ്ഡയ്ക്കായിരുന്നു. എസ്‌പി., ബി.എസ്‌പി. സൃഷ്ടിയായ മഹാസഖ്യത്തെ തകർത്ത് യു.പി.യിൽ 2014 ആവർത്തിക്കാനായത് നഡ്ഡയുടെ സംഘാടനമികവാണെന്ന് പാർട്ടി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP