Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്പഥിന്റെ പശ്ചാത്തലത്തിന് യോജിക്കാത്ത നിറമാണത്രേ കേരളത്തിന്റെ ടാബ്ലോക്ക്; സെൻട്രൽ വിസ്താര പദ്ധതിക്കുവേണ്ടി രാജ്പഥ് ഉഴുതു മറിച്ചിട്ടിരിക്കുകയാണ്; ഇതിനുപറ്റിയ നിറഭേദം എന്തായിരിക്കും? കാരണം രാഷ്ട്രീയം തന്നെ എന്ന് ജോൺ ബ്രിട്ടാസ് എംപി

രാജ്പഥിന്റെ പശ്ചാത്തലത്തിന് യോജിക്കാത്ത നിറമാണത്രേ കേരളത്തിന്റെ ടാബ്ലോക്ക്; സെൻട്രൽ വിസ്താര പദ്ധതിക്കുവേണ്ടി രാജ്പഥ് ഉഴുതു മറിച്ചിട്ടിരിക്കുകയാണ്; ഇതിനുപറ്റിയ നിറഭേദം എന്തായിരിക്കും? കാരണം രാഷ്ട്രീയം തന്നെ എന്ന് ജോൺ ബ്രിട്ടാസ് എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ളിക് ദിന നിശ്ചല ദൃശ്യ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ ഇന്നലെ രംഗത്തെത്തിയിരുന്നു. ഡിസൈനിലെ അപാകത കാരണമാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണ് ആദ്യം നൽകിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ല. രാജ്പഥിന് അനിയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചലദൃശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിച്ചു. എന്നാൽ, നിശ്ചലദൃശ്യത്തിന്റെ നാൾവഴികളും ജൂറിയിൽ നടന്ന ആശയവിനിമയവും പരിശോധിച്ചാൽ എന്താണ് യഥാർഥത്തിൽ നടന്നത് എന്ന് വ്യക്തമാകുമെന്ന് ജോൺ ബ്രിട്ടാസ് ഫേസബുക്കിൽ കുറിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തെ ഇകഴ്‌ത്താം, അവഗണിക്കാം എന്നാൽ ഗുരുവിനോട് വേണോ ഈ രീതി എന്നും എംപി ചോദിച്ചു.

രാജ്പഥിന്റെ പശ്ചാത്തലത്തിന് യോജിക്കാത്ത നിറമാണത്രേ കേരളത്തിന്റെ ടാബ്ലോക്ക്. സെൻട്രൽ വിസ്താര പദ്ധതിക്കുവേണ്ടി രാജ്പഥ് ഉഴുതു മറിച്ചിട്ടിരിക്കുകയാണ്. ഇതിനുപറ്റിയ നിറഭേദം എന്തായിരിക്കും എന്നും ബ്രിട്ടാസ് ചോദിച്ചു.

ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

രാജ്യത്തിന്റെ വൈവിധ്യങ്ങൾ ആഘോഷിക്കാനും ദേശീയഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് റിപ്പബ്ലിക്ദിന പരേഡിൽ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടുത്താൻ സ്വതന്ത്ര ഇന്ത്യ തീരുമാനിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം ആഘോഷിക്കുന്ന വേളയിൽ - സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ ഘട്ടത്തിൽ - ഈ ലക്ഷ്യം നേർവിപരീത ദിശയിലാണോ ഉപയോഗിക്കുന്നത് ?

റിപ്പബ്ലിക്ദിന പരേഡിനായി കേരളം സമർപ്പിച്ച നിശ്ചലദൃശ്യം (ടാബ്ലോ) തള്ളിയത് വിവാദമായപ്പോൾ അതിനുള്ള കാരണങ്ങൾ എന്ന് പറഞ്ഞ ഒരു റിപ്പോർട്ട് ഡൽഹി ഡേറ്റ് ലൈനിൽ കണ്ടു. ശ്രീനാരായണഗുരുവിനെ ഉൾപ്പെടുത്തിയുള്ള ജഡായുപ്പാറയുടെ രൂപശിൽപം തള്ളിയതിനെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് വിദഗ്ധസമിതിയുടേതായുള്ള ന്യായീകരണം വന്നിട്ടുള്ളത്. അതിലൊന്ന് വായിച്ചപ്പോൾ കൗതുകം വർദ്ധിച്ചു. രാജ്പഥിന്റെ പശ്ചാത്തലത്തിന് യോജിക്കാത്ത നിറമാണത്രേ കേരളത്തിന്റെ ടാബ്ലോക്ക്. സെൻട്രൽ വിസ്താര പദ്ധതിക്കുവേണ്ടി രാജ്പഥ് ഉഴുതു മറിച്ചിട്ടിരിക്കുകയാണ്. ഇതിനുപറ്റിയ നിറഭേദം എന്തായിരിക്കും?!

പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ് പുതിയ ന്യായവാദങ്ങൾ എന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്കെല്ലാം അറിയാം. കേരളത്തിന്റെ നിശ്ചലദൃശ്യവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ DRDO ഓഫീസിൽ വിദഗ്ധസമിതി /ജൂറിക്ക് മുമ്പാക്കെ അഞ്ച് യോഗങ്ങളാണ് നടന്നത്. അഞ്ചും നടന്നത് കഴിഞ്ഞ വർഷം അവസാനം നവംബർ12, നവംബർ 25, ഡിസംബർ 2 , ഡിസംബർ 10, ഡിസംബർ 18 എന്നീ തീയതികളിൽ.

ആദ്യയോഗത്തിൽ പതിവ് പോലെ, ഇൻഫർമേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. അഞ്ചാറ് ഡിസൈനുകൾ അവതരിപ്പിക്കുന്നു. ജഡായുപ്പാറയെ മുൻനിർത്തിയുള്ള ഡിസൈൻ വളരെ നന്നായിരിക്കുന്നു എന്ന് അഭിപ്രായം ഉയരുന്നു. ഇത് കേന്ദ്രീകരിച്ച് ഡിസൈൻ പുഷ്ടിപ്പെടുത്തി രൂപഘടന തയ്യാറാക്കാൻ നിർദ്ദേശിക്കുന്നു. ഈ ദൗത്യവുമായി കേരളം മുന്നോട്ടു പോകുന്നു. എന്നാൽ രണ്ടാം യോഗത്തിൽ ഒരു ബന്ധവും ഇല്ലാത്ത നിർദ്ദേശം ഒരു ജൂറി അംഗത്തിന്റെ ഭാഗത്തു നിന്ന് ഉയരുന്നു - ആദിശങ്കരനെ മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഡിസൈൻ തയ്യാറാക്കാം

കേരളം ഇക്കാര്യത്തിലുള്ള വിയോജിപ്പ് അറിയിക്കുന്നു. മാത്രമല്ല, ശ്രീനാരായണ ഗുരു ഭാഗഭാക്കാകുന്ന ദൃശ്യരൂപത്തിന്റെ 3D മോഡൽ സമർപ്പിക്കുന്നു. നവോത്ഥാനനായകനായ ഗുരുവിന്റെ പ്രാധാന്യവും ജഡായുപ്പാറയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന കാര്യവുമൊക്കെ വിശദീകരിക്കുന്നു. തുടർന്നുള്ള ചോദ്യം ആയിരുന്നു വിചിത്രം. ആദിശങ്കരനെയും ശ്രീനാരായണഗുരുവിനേയും ഒരുമിച്ച് ദൃശ്യത്തിന്റെ ഭാഗമാക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നു. സംസ്ഥാനത്തിന്റെ നിലപാട് കേരളത്തിന്റെ ഉദ്യോഗസ്ഥർ ആവർത്തിച്ചു പറയുന്നു.

അവസാന യോഗം നടന്ന ഡിസംബർ 18 ന് ആദിശങ്കരൻ വീണ്ടും ഉയർന്നു വരുന്നു. കേരളത്തിന്റെ നിലപാട് ആവർത്തിക്കപ്പെടുന്നു. മാത്രമല്ല, രണ്ടുപേരും കൂടി വരുന്നത് ഈസ്തറ്റിക്കലി ശരിയാകില്ലെന്നും വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് ഇക്കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സൂചിപ്പിക്കപ്പെടുന്നു. ടാബ്ലോയുടെ ഒപ്പമുള്ള മ്യൂസിക്കിന്റെ രണ്ടുമൂന്ന് വകഭേദം വർക്ക് ചെയ്യാൻ പറഞ്ഞ് മീറ്റിങ് അവസാനിപ്പിക്കുന്നു.

പ്രഥമയോഗത്തിൽത്തന്നെ വളരെ നല്ല ഡിസൈൻ എന്ന് ജൂറി അഭിപ്രായപ്പെട്ട കേരളത്തിന്റെ ഡിസൈൻ ഒഴിവാക്കപ്പെട്ടു എന്നറിഞ്ഞ് ഡിസംബർ 31ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി കേന്ദ്രത്തിന് എഴുതി. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ യോഗം വിളിച്ചപ്പോൾ കേരളം ഔട്ടായി എന്ന് സ്ഥിരീകരിക്കപ്പെടുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. നിശ്ചലദൃശ്യത്തിന്റെ നാൾവഴികളും ജൂറിയിൽ നടന്ന ആശയവിനിമയവും പരിശോധിച്ചാൽ എന്താണ് യഥാർഥത്തിൽ നടന്നത് എന്ന് വ്യക്തമാകും. രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തെ ഇകഴ്‌ത്താം, അവഗണിക്കാം എന്നാൽ ഗുരുവിനോട് വേണോ ഈ രീതി?!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP