Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസിയുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ അക്രമികൾ ക്യാമ്പസിൽ കടന്നത് എങ്ങനെ? അജ്ഞാതർ ആയുധങ്ങളുമായി ക്യാമ്പസിൽ തമ്പടിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് അനങ്ങാപ്പാറനയം തുടർന്നത് എന്തുകൊണ്ട്? ജെഎൻയുവിലെ മുഖംമൂടി ആക്രമണത്തിൽ പ്രതിഷേധം മറ്റു സർവകലാശാലകളിലും; സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്; അക്രമികൾക്കെതിരെ ആയുധമേന്തിയ കലാപശ്രമം അടക്കം ആറുവകുപ്പുകൾ ചേർത്ത് കേസ്; ആസൂത്രിത ആക്രമണമെന്ന ആരോപണത്തിന് ബലം കൂടുന്നു

വിസിയുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ അക്രമികൾ ക്യാമ്പസിൽ കടന്നത് എങ്ങനെ? അജ്ഞാതർ ആയുധങ്ങളുമായി ക്യാമ്പസിൽ തമ്പടിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് അനങ്ങാപ്പാറനയം തുടർന്നത് എന്തുകൊണ്ട്? ജെഎൻയുവിലെ മുഖംമൂടി ആക്രമണത്തിൽ പ്രതിഷേധം മറ്റു സർവകലാശാലകളിലും; സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്; അക്രമികൾക്കെതിരെ ആയുധമേന്തിയ കലാപശ്രമം അടക്കം ആറുവകുപ്പുകൾ ചേർത്ത് കേസ്; ആസൂത്രിത ആക്രമണമെന്ന ആരോപണത്തിന് ബലം കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയുവിലെ അക്രമസംഭവത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്തുനീളമുള്ള സർവകലാശാലകളിലേക്കും വ്യാപിച്ചു. മുഖം മൂടി ആക്രമണം കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനമെന്നാണ് പ്രതിപക്ഷം വിമർശിച്ചത്. ജെഎൻയു വിസി എം.ജഗദീഷ് കുമാറിനെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. അതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. എഫ്ഐആറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൽ, ആറ് വകുപ്പുകൾ ചേർത്താണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആയുധമേന്തിയുള്ള കലാപ ശ്രമം, അനധികൃതമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജെഎൻയു ഹോസ്റ്റലിൽ രാത്രി നടന്ന മുഖം മൂടി ആക്രമണത്തിൽ വൻ പ്രതിഷേധമാണ് ഇന്നും നടന്നത്. ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. അക്രമികൾ അടിച്ച് തകർത്ത സബർമതി ഹോസ്റ്റലിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ എത്തി. മാർച്ചിന് പിന്തുണയുമായി വിവിധ ഇടത് സംഘടന പ്രവർത്തകർ ക്യാമ്പസിന് മുന്നിലെത്തിയിരുന്നു. മാർച്ച് കണക്കിലെടുത്ത് ജെഎൻയുവിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. പ്രധാന ഗേറ്റിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ കാമ്പസിന് മുന്നിൽ കുത്തിയിരിന് പ്രതിഷേധിച്ചു.

യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കം പരിക്കേറ്റ വിദ്യാർത്ഥികൾ മാധ്യമങ്ങളെ കണ്ടു. സർവകലാശാലയിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ആരോപിച്ചു. ആർഎസ്എസ് ചായ് വുള്ള ചില പ്രൊഫസർമാരുടെ ആസൂത്രിത ആക്രമണമാണിതെന്ന് ഐഷി ആരോപിച്ചു. തലയിൽ 15 സ്റ്റിറ്റുകളാണ് ഐഷിനുള്ളത്. ' ഇതൊരു ആസൂത്രിത ആക്രമണമായിരുന്നു. അവർ ആളുകളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു, ജെഎൻയുവിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അക്രമികളും തമ്മിൽ വ്യക്തമായ ബന്ധമുണ്ട്. അവർ അക്രമം അവസാനിപ്പിക്കാൻ ഇടപെട്ടില്ല. കഴിഞ്ഞ നാല്-അഞ്ച് ദിവസമായി ചില ആർഎസ്എസ് ചായ് വുള്ള പ്രൊഫസർമാർ ഞങ്ങളുടെ സമരത്തെ പൊളിക്കാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു'- ഐഷി പറഞ്ഞു.

വിസി ജഗദീഷ് കുമാറിനെ ഉടൻ നീക്കം ചെയ്യണമെന്നും ഐഷി ആവശ്യപ്പെട്ടു. ജെഎൻയു അദ്ധ്യാപക അസോസിയേഷനും വിസിയെ മാറ്റണമെന്ന് ആവസ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വാഴ്‌സിറ്റി ഭരണാധികാരികളുടെ ഒത്താശയില്ലാതെ അക്രമികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാനാവില്ലെന്നാണ് അസോസിയേഷന്റെ വാദം.

അതേസമയം, കേന്ദ്ര മന്ത്രി അമിത്ഷാ ഇന്ന് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജെഎൻയു പ്രതിനിധികളുമായി സംസാരിക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. ലഫ്.ജന. ജെഎൻയു രജിസ്ട്രാറെയും പ്രോ-വിസിയെയും കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സംഭവപരമ്പരയെ കുറിച്ച് വിശദമായ റിപ്പോർട്ട് മാനവിവിഭവശേഷി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് വിസി ജഗദീഷ് കുമാർ പിടിഐയോട് പറഞ്ഞു.

ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ ക്യാംപസിലുള്ള ചിലരും പുറത്ത് നിന്നുള്ള ചിലരും ചേർന്ന് ചില കുട്ടികളെ ഉന്നമിട്ട് മർദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ അറിയിച്ചു. മുസ്‌ലിം വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നുവെന്ന് വിദ്യാർത്ഥികൾ യൂണിയനിൽ പരാതി നൽകിയിരുന്നു. വസന്ത്കുൻജ് പൊലീസ് സ്റ്റേഷൻ എസ് ഐയെ അറിയിച്ചിരുന്നു. മൂന്നരയോടെ അജ്ഞാതർ ക്യാംപസിൽ തമ്പടിക്കുന്നുണ്ടെന്നും സുരക്ഷിതരായി തോന്നുന്നില്ലെന്നും പൊലീസിനെ അറിയിച്ചു. ഇവരുടെ പക്കൽ ആയുധങ്ങളുണ്ടെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എസിപിയോടും വിവരം അറിയിച്ചിരുന്നു. വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും ആയുധങ്ങളുമായി ക്യാംപസിലെത്തിയ വിവരം സർവ്വകലാശാല പ്രതിനിധിയായിട്ടാണ് പൊലീസിനെ അറിയിച്ചത്.

പക്ഷേ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടി പോലുമുണ്ടായില്ലെന്നാണ് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ ആരോപിക്കുന്നത്. എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ചു.സബർമതി ഹോസ്റ്റലിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് നേരേ ആക്രമണമുണ്ടായത്. കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയും ചില്ലുകൾ പൊട്ടിക്കുകയും ചെയ്തു. അനഘ എന്ന വിദ്യാർത്ഥിനിയുടെ വാക്കുകൾ ഇങ്ങനെ:

'കഴിഞ്ഞ കുറെ ദിവസങ്ങളായി ജെഎൻയുവിലെ എബിവിപി കുട്ടികൾ സമാധാനപരമായി പ്രതിഷേധം നടത്തിയിരിരുന്ന കുട്ടികളുമായി സംഘർഷത്തിലായിരുന്നു. അതിന് എതിരെ ജെഎൻയു അദ്ധ്യാപക യൂണിയൻ കഴിഞ്ഞ ദിവസം സമാധാനയോഗം നടത്തുകയുണ്ടായി. കുറച്ചുകഴിഞ്ഞപ്പോൾ വലിയൊരു ആൾക്കൂട്ടം സബർമതി ഹോസ്റ്റൽ ലക്ഷ്യമാക്കി പാഞ്ഞുവന്നു. എന്തെങ്കിലും മനസ്സിലാക്കും മുമ്പേ അവർ കല്ലേറു തുടങ്ങി. അതിന് മുമ്പേ തന്നെ ഒരുപ്രൊഫറെ അവർ മർദ്ദിച്ചു. അതിനും മുമ്പ് ക്യാന്റീനിൽ അതിക്രമിച്ചുകയറി അവിടെയുണ്ടായിരുന്ന എല്ലാ കുട്ടികളെയും തല്ലി. പൊലീസും അവരുടെ കൂടെയുണ്ടായിരുന്നു. പൊലീസും കുട്ടികളെ ആക്രമിച്ചിട്ടുണ്ട്. ക്യാന്റീനിൽ നിന്ന് കുട്ടികളെ തല്ലിയിറക്കിയതിന് പിന്നാലെ സബർമതിയിലേക്ക് വന്ന് കല്ലേറ് തുടങ്ങി. ഇതോടെ, ഒരുകൂട്ടം കുട്ടികൾ രക്ഷയ്ക്കായി ഹോസ്റ്റലിലേക്കും മറുകൂട്ടർ എതിർഭാഗത്തേക്കും പോയി. ആയിഷയെ വളരെ ക്രൂരമായിട്ടാണ് മർദ്ദിച്ചത്. തുടർന്ന് ഹോസ്റ്റലിന്റെ പുറത്തെ ഡോർ ഗ്ലാസുകൾ തല്ലിത്തകർത്ത് അകത്ത് കടന്നു. ഓരോ മുറിയും തല്ലിപ്പൊട്ടിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു. നാലും അഞ്ചും കുട്ടികൾ മുറിക്ക് അകത്തിരുന്ന് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ കമ്പിവടികൾ കൊണ്ട് വാതിലുകളും, ജനലുകളും തകർക്കുകയായിരുന്നു. അതുകഴിഞ്ഞ് വഴിയിൽ ഉണ്ടായിരുന്ന കോമൺ സ്റ്റുഡൻസിനെ അടക്കം അവർ ആക്രമിച്ചു.'

ഇതിനിടെ, ജെഎൻയു കാമ്പസിന് മുന്നിൽ 700 പൊലീസുകാരുടെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.കഴിഞ്ഞ രാത്രി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിന് മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ വൻ പ്രതിഷേധം തുടരുകയാണ്. എബിവിപി-ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP