Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ മധുവിധു കഴിഞ്ഞു.. ഇനി ഡിവോഴ്‌സ്! ബിഹാറിൽ ബിജെപിയും ജെഡിയുവും രണ്ടു വഴിക്ക്; ഗവർണറെ കാണാൻ ഒരുങ്ങി നിതീഷ് കുമാർ; 16 ബിജെപി മന്ത്രിമാരും സ്ഥാനം രാജിവെക്കും; നിതീഷിനെ പിന്തുണക്കാൻ തയ്യാറായി കോൺഗ്രസ്; തേജസ്വി യാദവിന്റെ തീരുമാനം നിർണായകമാകും; മഹാരാഷ്ട്ര മോഡൽ ഓപ്പറേഷന് പദ്ധതിയിട്ട് ബിജെപിയും

രാഷ്ട്രീയ മധുവിധു കഴിഞ്ഞു.. ഇനി ഡിവോഴ്‌സ്! ബിഹാറിൽ ബിജെപിയും ജെഡിയുവും രണ്ടു വഴിക്ക്; ഗവർണറെ കാണാൻ ഒരുങ്ങി നിതീഷ് കുമാർ; 16 ബിജെപി മന്ത്രിമാരും സ്ഥാനം രാജിവെക്കും; നിതീഷിനെ പിന്തുണക്കാൻ തയ്യാറായി കോൺഗ്രസ്; തേജസ്വി യാദവിന്റെ തീരുമാനം നിർണായകമാകും; മഹാരാഷ്ട്ര മോഡൽ ഓപ്പറേഷന് പദ്ധതിയിട്ട് ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

പട്ന: ബിഹാറിലാ ബിജെപി- ജെഡിയു സംഖ്യത്തിന്റെ രാഷ്ട്രീയ മധുവിധുവിന് അവസാനമാകുന്നു. പരസ്പ്പരം വിശ്വാസം ഇല്ലാതെ മുന്നോട്ടു പോകുന്ന കക്ഷികൾ ഒടുവിൽ ചേരിപ്പോരുകൾക്ക് ശേഷം വേർപിരിയും എ്‌ന് ഉറപ്പായിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ അൽപ്പ സമയത്തിനകം ഗവർണറെ കാണും. അദ്ദേഹം രാജിവെക്കുമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമാകും. ഇന്ന് ചേർന്ന ജെഡിയു എംഎൽഎമാരുടേയും എംപിമാരുടേയും യോഗത്തിൽ സഖ്യം പിരിയാൻ തീരുമാനം എടുത്തതായാണ് വിവരം. 16 ബിജെപി മന്ത്രിമാർ സ്ഥാനം രാജിവെക്കാൻ തയ്യാറായി രംഗത്തുണ്ട്. ഇതിനായി ഉടൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഇതിനിടെ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്റി ദേവിയുടെ വസതിയിൽ യോഗം ചേർന്നു. മഹാസഖ്യത്തിന്റെ പിന്തുണയിൽ പുതിയ സർക്കാർ വരുമോ എന്നാണ് ഇനി അറിയേണ്ടത്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്് മനസ്സു തുറന്നിട്ടില്ല. അതേസമയം കോൺഗ്രസ് നിതീഷിനായി വാതിൽ തുറന്നിട്ടു കഴിഞ്ഞു. ആർജെഡി, കോൺഗ്രസ്, ഇടത് പാർട്ടി എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് ആർജെഡി എംഎൽഎമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കിൽ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കൾ അറിയിച്ചിരുന്നു.

ഇതിനിടെ ബിജെപി നേതാക്കളും ഗവർണറെ കാണുമെന്ന് റിപ്പോർട്ടുകളുണ്ട്. നിതീഷ് രാജിവെക്കുന്നതിന് മുമ്പായി ബിജെപി മന്ത്രിമാർ രാജിവെക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഉച്ചയ്ക്ക് 1.30-ന് ബിജെപി നേതാക്കൾ വാർത്താസമ്മേളനം വിളിക്കുകയും ചെയ്തിട്ടുണ്ട്. ജെ.ഡി.യു.വും ബിജെപി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് എംപി.മാരോടും എംഎ‍ൽഎ.മാരോടും ഉടൻ തലസ്ഥാനമായ പട്നയിലെത്താൻ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടത്.

പുതിയ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആർജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാർ ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി. ബന്ധമുപേക്ഷിച്ചാൽ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആർ.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സഖ്യം വിട്ടുവന്നാൽ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും പറഞ്ഞു. 243 അംഗ ബിഹാർനിയമസഭയിൽ 80 സീറ്റുമായി ആർ.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബിജെപി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആർ.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോൺഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

എൻ.ഡി.എ. സഖ്യത്തിലാണെങ്കിലും കുറച്ചുകാലമായി ബിജെപി.യും ജെ.ഡി.യു.വും സ്വരച്ചേർച്ചയിലല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബിജെപി. അണിയറയിൽ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യു.വിന്റെ ആക്ഷേപം. മഹാരാഷ്ട്ര മോഡലിൽ ശിവസേനയെ പിളർത്തി ഭരണം നേടിയതുപോലെ പാർട്ടിക്കുള്ളിൽ വിമതരെ സൃഷ്ടിക്കാൻ ബിജെപി. ശ്രമിക്കുന്നുവെന്നാണ് ജെ.ഡി.യു. നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദിസർക്കാരിൽ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആർ.സി.പി. സിങ്ങിനെ കരുവാക്കി ബിജെപി. വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിങ്ങിനു വീണ്ടും രാജ്യസഭാ സീറ്റ് നൽകാതിരുന്നത്. കഴിഞ്ഞദിവസം സ്വത്തുവിവരങ്ങൾ ചോദിച്ച് പാർട്ടി സിങ്ങിന് നോട്ടീസും നൽകി. തൊട്ടുപിന്നാലെ സിങ് രാജിവെച്ചു.

രാഷ്ട്രീയവഴിക്ക് ഇത്തരം നീക്കങ്ങൾ നടക്കുമ്പോൾ മറുവഴിക്ക് കേന്ദ്രവുമായി സർക്കാർ തലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവിൽ നിതി ആയോഗ് യോഗത്തിനുൾപ്പടെ ഒരുമാസത്തിനിടെ കേന്ദ്രസർക്കാർ വിളിച്ച നാലുപരിപാടികളിൽ നിതീഷ് കുമാർ പങ്കെടുത്തില്ല. ഇതിൽ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പിൽനിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽനിന്നും നിതീഷ് വിട്ടുനിന്നതും വാർത്തയായി.

പല കാരണങ്ങളാൽ മാസങ്ങളായി ബിഹാറിലെ എൻ.ഡി.എ. സഖ്യത്തിൽ കല്ലുകടിയുണ്ട്. കഴിഞ്ഞമാസം അവസാനം പട്നയിൽ നടന്ന ബിജെപി.യുടെ ദേശീയ സമ്മേളനത്തിൽ ദേശീയതയടക്കം പല വിഷയങ്ങളുമുയർത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബിജെപി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെൻസസ്, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് ബിജെപി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP