Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയലളിതയുടെ ജീവൻ നിലനിർത്തുന്നത് വെറ്റിലേറ്ററിലെന്ന് സൂചിപ്പിച്ച് ആശുപത്രി അധികൃതരും; പ്രതിപക്ഷ നേതാവ് സറ്റാലിനും രാഹുൽ ഗാന്ധിയും എത്തിയിട്ടും അമ്മയെ കാണാൻ കഴിഞ്ഞില്ല; ദുരന്തം നേരിടാൻ തമിഴ്‌നാട് മുഴുവൻ കനത്ത ജാഗ്രത

ജയലളിതയുടെ ജീവൻ നിലനിർത്തുന്നത് വെറ്റിലേറ്ററിലെന്ന് സൂചിപ്പിച്ച് ആശുപത്രി അധികൃതരും; പ്രതിപക്ഷ നേതാവ് സറ്റാലിനും രാഹുൽ ഗാന്ധിയും എത്തിയിട്ടും അമ്മയെ കാണാൻ കഴിഞ്ഞില്ല;  ദുരന്തം നേരിടാൻ തമിഴ്‌നാട് മുഴുവൻ കനത്ത ജാഗ്രത

ചെന്നൈ: ചികിൽസ രണ്ടാഴ്ച പിന്നിടുമ്പോഴും തമിഴ്‌നാട് മുഖ്യമന്ത്രി ജലളിതയുടെ രോഗം എന്തെന്ന കാര്യത്തിൽ ആശുപത്രിയോ സംസ്ഥാന സർക്കാരോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ 22നു രാത്രിയാണു ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നിർജലീകരണവുമാണെന്നായിരുന്നു ആശുപത്രിയിൽ നിന്നുള്ള ആദ്യ വിശദീകരണം. പിന്നീട് ഗുരുതരമായ രോഗമാണെന്ന് സ്ഥിരീകരിച്ചു. ജയലളിത സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റിയെന്നും റിപ്പോർട്ട്. ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ മാലിനി പാർഥസാരഥിയാണ് ഇക്കാര്യം ശനിയാഴ്ച ട്വീറ്റ് ചെയ്തത്. ശ്വസനനാളിയിൽ ട്യൂബ് ഘടിപ്പിച്ചതിനുശേഷം ജയലളിതയെ വെന്റിലേറ്ററിൽനിന്ന് മാറ്റിയെന്നും ഇത് വളരെനല്ല ലക്ഷണമാണെന്നും ട്വീറ്റിൽ പറയുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഉറപ്പായി.

തീവ്ര പരിചരണ വിഭാഗത്തിലെ വിദഗ്ദ്ധർ ജയലളിതയ്ക്ക് മികച്ച ചികിത്സ നൽകി വരികയാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ജയലളിതയ്ക്ക് കൃത്രിമ ശ്വാസം നൽകുന്നത് തുടരുകയാണ്. ശ്വാസകോശത്തിലെ തടസം നീക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. മുഖ്യമന്ത്രിക്കു കൂടുതൽ കാലം ചികിൽസ വേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന സൂചനയാണ് തരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലാകെ ജാഗ്രതാ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ അധികച്ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു ഒരാഴ്ചയിലേറെയായി ചെന്നൈയിൽ തന്നെ തങ്ങുന്നത് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ കേന്ദ്ര സർക്കാരും ഗൗരവത്തോടെ കാണുന്നതിന്റെ സൂചനയാണ്.

അതേസമയം ഡി.എം.കെ. ഖജാൻജിയും തമിഴ്‌നാട് പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിൻ ശനിയാഴ്ച അപ്പോളൊ ആശുപത്രിയിലെത്തി ജയലളിതയുടെ ആരോഗ്യനില ആരാഞ്ഞു. ഡോക്ടർമാരെയും സംസ്ഥാന ധനമന്ത്രി ഒ. പനീർശെൽവം, ആരോഗ്യമന്ത്രി വിജയഭാസ്‌കർ എന്നിവരെയും അദ്ദേഹം കണ്ടു. മുഖ്യമന്ത്രി സുഖംപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തങ്ങൾക്കുകിട്ടിയ വിവരമെന്ന് സ്റ്റാലിൻ പറഞ്ഞു. ുഖ്യമന്ത്രി എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കാൻ ആശംസിക്കുകയാണെന്നും പാർട്ടി പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടതനുസരിച്ചാണ് ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെ. നേതാക്കളായ ദുരൈമുരുകൻ, പൊന്മുടി എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് ജയലളിതയെന്ന തിരിച്ചറിവിലാണ് സ്റ്റാലിൻ ആശുപത്രിയിൽ എത്തിയതെന്നാണ് സൂചന.

മന്ത്രിമാരായ ഒ.പനീർശെൽവം, വിജയ ഭാസ്‌കർ എന്നിവരുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എത്രയും വേഗം അവർ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു സ്റ്റാലിൻ പറഞ്ഞു. ംഡിഎംകെ നേതാവ് വൈകോ, ബിജെപി സംസ്ഥാന പ്രസിഡന്റ് തമിലിസായ് സൗന്ദരരാജൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ജി.രാമകൃഷ്ണൻ എന്നിവരും ജയലളിതയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് അറിയാൻ ശനിയാഴ്ച ആശുപത്രിയിലെത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജയലളിതയെ സന്ദർശിക്കാനെത്തിയിരുന്നു. എന്നാൽ ഇവർക്കൊന്നും ജയലളിതയെ കാണാനായില്ല.

ജയലളിതയ്ക്കു ഫിസിയോതെറപ്പി നൽകിവരുന്നതായും ശ്വസനം സുഗമമാക്കാനുള്ള ചികിൽസ തുടരുന്നതായും അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ശാരീരിക നിലയനുസരിച്ചു ശ്വസനസഹായിയും ക്രമീകരിക്കുന്നു. അതിനിടെ, ജയലളിത വഹിക്കുന്ന വകുപ്പുകളുടെ ചുമതലകൾ മറ്റു മന്ത്രിമാർക്കു കൈമാറുന്നതിനെക്കുറിച്ചു ചർച്ച സജീവമാണ്. 1984ൽ യുഎസിൽ ചികിൽസയ്ക്കു പോയപ്പോൾ അന്നത്തെ മുഖ്യമന്ത്രി എംജിആറിന്റെ വകുപ്പുകൾ രണ്ടു മന്ത്രിമാർക്കായി നൽകിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. ആഭ്യന്തരം, പൊതുഭരണം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ മുതിർന്ന മന്ത്രിമാരായ ഒ. പനീർസെൽവത്തിനും എടപ്പാടി കെ. പളനിസാമിക്കും വിഭജിച്ചു നൽകാൻ സാധ്യതയേറെയാണെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP