Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീഹാറിൽ തനിച്ച് മത്സരിക്കാനുള്ള എൽജെപിയുടെ തീരുമാനം നിതീഷ് കുമാറിനെ തകർക്കാനുള്ള ബിജെപിയുടെ തിരക്കഥയോ? ചിരാ​ഗ് പാസ്വാന്റെ വെളിപ്പെടുത്തലിലെ സത്യമെന്താണ്; കാര്യങ്ങൾ തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി പ്രകാശ് ജാവ​ദേക്കർ

ബീഹാറിൽ തനിച്ച് മത്സരിക്കാനുള്ള എൽജെപിയുടെ തീരുമാനം നിതീഷ് കുമാറിനെ തകർക്കാനുള്ള ബിജെപിയുടെ തിരക്കഥയോ? ചിരാ​ഗ് പാസ്വാന്റെ വെളിപ്പെടുത്തലിലെ സത്യമെന്താണ്; കാര്യങ്ങൾ തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി പ്രകാശ് ജാവ​ദേക്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബീഹാറിൽ ബിജെപി, ലോക് ജനശക്തി പാർട്ടിയുമായി രഹസ്യ ധാരണയുണ്ടെന്ന ലോക് ജനശക്തി പാർട്ടി നേതാവ് ചിരാ​ഗ് പാസ്വാന്റെ പ്രസ്താവനയെ തള്ളി ബിജെപി. ചിരാ​ഗ് പാസ്വാൻ അടിസ്ഥാന ര​ഹിതമായ പ്രസ്താവനകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ​ദേക്കർ പറഞ്ഞു. ചിരാ​ഗ്, ബിജെപി നേതാക്കളുടെ പേരുകൾ വിവാ​ദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പാർട്ടിക്ക് എൽജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ജെഡി(യു), ജിതൻ റാം മഞ്ജിയുടെ എച്ച്എഎം(എസ്), വികാസ്ശീൽ ഇൻസാൻ പാർട്ടി എന്നിവ ഉൾപ്പെട്ട എൻഡിഎ സഖ്യം ബിഹാറിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടുമെന്നും ജാവദേക്കർ അവകാശപ്പെട്ടു. തനിച്ച് മത്സരിക്കുന്ന എൽജെപിക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറിലെ എൻഡിഎ സംഖ്യംവിടുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ചിരാഗ് പാസ്വാനെതിരെ ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളും നേരത്തെ വിമർശം ഉന്നയിച്ചിരുന്നു. നുണയുടെ രാഷ്ട്രീയമാണ് പാസ്വാൻ പയറ്റുന്നതെന്ന് യാദവ് ആരോപിച്ചിരുന്നു. മായിക ലോകത്ത് ജീവിക്കുകയോ മിഥ്യാ ധാരണകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ചിരാഗിനെ ഉപദേശിച്ചിരുന്നു. എൻഡിഎ ഘടകകക്ഷിയായ എൽജെപി ബീഹാർ നിയമ സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുകയാണ്. അതേസമയം, മുഴുവൻ ബിജെപി സ്ഥാനാർത്ഥികൾക്കും എൽജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നിരവധി ബിജെപി നേതാക്കളാണ് എൽജെപിയിലെത്തി സ്ഥാനാർത്ഥികളായിരിക്കുന്നത്.

അതേസമയം, ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവേടെ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കുന്നത് എൻഡിഎയിൽ ചെറുതല്ലാത്ത പ്രശ്നങ്ങളാണ് ഉയർത്തുന്നത്. തനിച്ച് മത്സരിക്കാനുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ പല ബിജെപി നേതാക്കളും എൽജെപിയിലേക്ക് ചേക്കേറി സ്ഥാനാർത്ഥികളായതും, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി-എൽജെപി സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ എത്തും എന്നുള്ള ചിരാ​ഗാ പാസ്വാന്റെ പ്രഖ്യാപനവും നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് പാർട്ടി തനിച്ച് മത്സരിക്കുന്നത് എന്ന ചിരാ​ഗ് പാസ്വാന്റെ പ്രഖ്യാപനം.

ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വം അം​ഗീകരിക്കാനാകില്ല എന്ന് പ്രഖ്യാപിച്ചാണ് എൽജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ജെഡിയു സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് എൽജെപി മത്സരിക്കുക. അതേസമയം, ബിജെപി സ്ഥാനാർത്ഥികൾക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎയിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും എന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. അതേസമയം, ബീഹാറിൽ എന്ത് രാഷ്ട്രീയ നിലപാട് എടുക്കണം എന്ന് ഫലപ്രഖ്യാപനത്തിന് ശേഷമാകും പാർട്ടി തീരുമാനിക്കുക.

ഒരു അഭിമുഖത്തിലാണ് തനിച്ച് മത്സരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് തന്റെ പിതാവ് രാം വിലാസ് പാസ്വാൻ ആയിരുന്നു എന്നും അതിന് ബിജെപിയിലെ ചില ​​ദേശീയ നേതാക്കളുടെ അറിവ് ഉണ്ടായിരുന്നു എന്നും ചിരാ​ഗ് വെളിപ്പെടുത്തിയത്. നിതീഷ്കുമാർ ഇപ്പോഴും ബീഹാറിന്റെ മുഖ്യമന്ത്രി ആയിരിക്കുന്നത് നീ കാരണമാണ് എന്നും അതിൽ പത്ത് പതിനഞ്ച് വർഷം കഴിഞ്ഞ് ദുഃഖിക്കേണ്ടി വരുമെന്നും അച്ഛൻ തന്നോട് പറഞ്ഞിരുന്നതായും ചിരാ​ഗ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തനിച്ച് മത്സരിക്കും എന്ന കാര്യം ബിജെപി ദേശീയ നേതാക്കൾക്ക് അറിയാമായിരുന്നു എന്നും ചിരാ​ഗ് വ്യക്തമാക്കുന്നു. ചിരാഗ് പാസ്വാനാണ് ലോക് ജനശക്തി പാർട്ടി എൻ.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് രാം വിലാസ് പാസ്വാനാണ് തന്നോട് ഒറ്റയ്ക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കിയത്.

” അച്ഛനായിരുന്നു എന്റെ എല്ലാ ശക്തിയും. അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോൾ എനിക്ക് എല്ലാം സാധിക്കുമായിരുന്നു. ഇപ്പോഴും ഞാനതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛനാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. നീ ചെറുപ്പമാണ് എന്തുകൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തുകൂടാ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു”. ചിരാഗ് പാസ്വാൻ പറഞ്ഞു. അദ്ദേഹം എപ്പോഴുമെന്നോട് പറയുമായിരുന്നു ചിരാഗ് നീ കാരണമാണ് ഇപ്പോഴത്തെ ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ ആ സ്ഥാനത്ത് തുടരുന്നതെന്ന്. ഒരു പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ നീ ഇതിൽ ദുഃഖിക്കും. ഇതിനെല്ലാം സംസ്ഥാനവും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം നിരന്തരം എന്നോട് പറയുമായിരുന്നു”, ചിരാഗ് പാസ്വാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP