Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലമെന്റിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഹൈബി ഈഡനും ടി എൻ പ്രതാപനും സസ്‌പെൻഡ് ചെയ്യപ്പെടുക അഞ്ച് വർഷത്തേക്കോ? രണ്ട് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കടുത്ത നടപടിക്ക് ലോക്‌സഭാ സ്പീക്കർ നീക്കം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കേരളത്തിൽ നിന്നുള്ള എംപിമാർ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് സ്പീക്കർ ഓം ബിർലയോട് കേന്ദ്രമന്ത്രിമാർ; മഹാരാഷ്ട്രയുടെ പേരിൽ നടപടി നേരിടുന്നത് മലയാളി നേതാക്കൾ

പാർലമെന്റിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഹൈബി ഈഡനും ടി എൻ പ്രതാപനും സസ്‌പെൻഡ് ചെയ്യപ്പെടുക അഞ്ച് വർഷത്തേക്കോ? രണ്ട് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കടുത്ത നടപടിക്ക് ലോക്‌സഭാ സ്പീക്കർ നീക്കം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; കേരളത്തിൽ നിന്നുള്ള എംപിമാർ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് സ്പീക്കർ ഓം ബിർലയോട് കേന്ദ്രമന്ത്രിമാർ; മഹാരാഷ്ട്രയുടെ പേരിൽ നടപടി നേരിടുന്നത് മലയാളി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാർലമെന്റിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എംപിക്കും ടിഎൻ പ്രതാപൻ എംപിക്കും എതിരെ ശക്തമായ നടപടിക്കൊരുങ്ങി ലോക്‌സഭാ സ്പീക്കർ. ഒരു ദിവസത്തേക്ക് മാത്രം സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള നീക്കം തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. അഞ്ച് വർഷംവരെ സസ്പൻഡ് ചെയ്യണം എന്ന നിർദ്ദേശവും പരിഗണനയിലുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രയിലെ അർധരാത്രി സർക്കാർ രൂപീകരണം ചൂണ്ടിക്കാട്ടിയാണ് ഹൈബിയും പ്രതാപനും പാർലമെന്റിൽ പ്രതിഷേധിച്ചത്. 

മഹാരാഷ്ട്രയിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി സഭയിൽ പ്രതിഷേധിച്ച ഹൈബിയേയും ടിഎൻ പ്രതാപനേയും മാർഷൽമാരെ വച്ച് സ്പീക്കർ ലോക്‌സഭയിൽ നിന്നും പുറത്താക്കിയിരുന്നു. സഭയിൽ നിന്നും തങ്ങളെ കൊണ്ടു പോകാനുള്ള മാർഷൽമാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമായിരുന്നു. പതിനാലാം ലോക്‌സഭ തുടങ്ങിയ ശേഷം ഇതാദ്യമായാണ് അംഗങ്ങളുടെ പ്രതിഷേധം കാരണം സഭാ നടപടികൾ നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നത്.

ലോക്‌സഭയിലെ നാടകീയരംഗങ്ങൾക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, രവിശങ്കർ പ്രസാദ്, പ്രഹ്‌ളാദ് ജോഷി എന്നിവർ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവർത്തിച്ച ഹൈബിക്കും പ്രതാപനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എംപിമാർ മാർഷൽമാരെ കയേറ്റം ചെയ്തതായി പരാതി ഉയർന്നിട്ടുണ്ടെന്നും ഇവർക്കെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

വൻ പ്രതിഷേധമാണ് പ്രതിപക്ഷം മഹാരാഷ്ട്ര വിഷയത്തിൽ ഇന്ന് ഇരു സഭകളിലും നടത്തിയത്. കോൺഗ്രസും മുസ്ലിം ലീഗും ത്രിണമൂൽ കോൺഗ്രസും സിപിഎമ്മും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പാർലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകി. രാവിലെ തന്നെ കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മഹാരാഷ്ട്ര വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ തീരുമാനിക്കുകയായിരുന്നു.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ്സ് എംപിമാർ പ്രതിഷേധിച്ചു. തുടർന്ന് ഇരുസഭകളിലും സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടർന്ന് ബഹളത്തെത്തുടർന്ന് ഇരുസഭകളും പിരിയുകയായിരുന്നു.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേരം ഇരുട്ടി വെളുക്കുംമുമ്പ്, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മരുമകൻ അജിത് പവാറിനെത്തന്നെ മറുകണ്ടം ചാടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ രൂപീകരിച്ച ദേവേന്ദ്ര ഫട്‌നവിസിന്റെയും ബിജെപിയുടെയും നീക്കം അക്ഷരാർത്ഥത്തിൽ സേന - എൻസിപി - കോൺഗ്രസ് സഖ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതി കയറിയ സഖ്യം, ഇന്ന് രാവിലെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദവും ഉന്നയിച്ചു. അജിത് പവാറിനൊപ്പം പോയ ഓരോ എംഎൽഎമാരെയും ചാടിച്ച് തിരികെ കൊണ്ടുവന്നാണ് ശരദ് പവാർ തിരിച്ചടിച്ചത്.

35 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അജിത് പവാറിന് അത്രയും പിന്തുണയില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നതാണ്. ഇപ്പോൾ രണ്ട് പേർ മാത്രമാണ് അജിത് പവാറിനെക്കൂടാതെ ബിജെപി സഖ്യത്തിനൊപ്പം എൻസിപിയിൽ നിന്നുള്ളതെന്നാണ് വ്യക്തമാകുന്നത്. സർക്കാർ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി സഖ്യം നൽകിയ ഹർജിയിൽ നാളെ രാവിലെ പത്തരയ്ക്ക് സുപ്രീംകോടതി വിധി പറയും. വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണമെന്നും സുപ്രീംകോടതി തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP