Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വേട്ടയാടുന്നവരെ ഭയന്ന് ഓടാൻ ഇനി പി.ചിദംബരത്തിന് അധികദുരമില്ല; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആശ്വാസം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടും രക്ഷയില്ല; മുൻകൂർജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാതെ ഹർജി എങ്ങനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് രമണ; കേന്ദ്ര ഏജൻസികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ

വേട്ടയാടുന്നവരെ ഭയന്ന് ഓടാൻ ഇനി പി.ചിദംബരത്തിന് അധികദുരമില്ല; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആശ്വാസം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടും രക്ഷയില്ല; മുൻകൂർജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാതെ ഹർജി എങ്ങനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് രമണ; കേന്ദ്ര ഏജൻസികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌


ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. മുൻകൂർജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല. ലിസ്റ്റ് ചെയ്യാതെ ഹർജി എങ്ങനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് എൻ.കെ.രമണ ചോദിച്ചു. നാളെ ലിസ്റ്റ് ചെയ്താൽ കേസ് പരിഗണിച്ചേക്കും. അതേസമയം, ചിദംബരം ഒളിച്ചോടിയെന്ന വാർത്തകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ നിഷേധിച്ചു. അറസ്റ്റ് ഭയന്ന് ചിദംബരം ഒളിവിൽ പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കോൺഗ്രസ് നേതാവിനായി എൻഫോഴ്‌സമെന്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉച്ചതിരിഞ്ഞ് തീരുമാനമെടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. രാവിലെ കോടതി കേസെടുത്തപ്പോൾ ജസ്റ്റിസ് എൻ.വി.രമണ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ഇതോടെ ഉടനടി ചിദംബരത്തിന് ജാമ്യം കിട്ടുകയില്ലെന്ന വ്യക്തമായിരുന്നു. ചിദംബരത്തിന്റെ ഹർജിയിൽ പിഴവുകളുണ്ടെന്നാണ് സൂചന. തുടർന്ന് ഡിഫെക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി. ചിദംബരത്തിന്റെ ഹർജിക്കെതിരെ സിബിഐ സുപ്രീംകോടതിയിൽ തടസഹർജിയും നൽകി. സിബിഐയുടെ വാദം കേൾക്കാതെ ഉത്തരവിറക്കരുതെന്നാണ് ആവശ്യം.

ചീഫ ്ജസ്റ്റിസിന്റെ മുമ്പാകെ കേസ് വയ്ക്കുമെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെയാണ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. ചിദംബരത്തിന് വേണ്ടി സിബലിന് പുറമേ സൽമാൻ ഖുർഷിദ്, വിവേക് തൻഖ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

അതേസമയം സിബിഐ ചിദംബരത്തെ വേട്ടയാടുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. അഴിമതിക്കേസിൽ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയത്തിൽ സഹോദരി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ ചിദംബരത്തെ പിന്തുണച്ച് രംഹത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ആരോപണം.എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. അധികാരം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രിയങ്ക ഗാന്ധി അടക്കം വിവിധ നേതാക്കൾ ഇക്കാര്യം ഉന്നയിച്ചു. അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി ചിദംബരത്തിന്റെ വസതിയിൽ ഇന്നലെ രാത്രി സിബിഐ സംഘമെത്തിയിരുന്നു. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്റെ ഡൽഹിയിലെ വീട്ടിലെത്തിയത്. എന്നാൽ ചിദംബരം വീട്ടിൽ ഇല്ലാത്തതിനെ തുടർന്ന് സംഘം മടങ്ങുകയായിരുന്നു. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയയായിരുന്നു സിബിഐയുടെ നീക്കം.

. ഡൽഹി ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള നിയമവിദഗ്ധരുടെ സംഘമാണ് സുപ്രീംകോടതിയിൽ ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപേക്ഷ നൽകിയത്.

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി നിരവധി രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു.

ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എൻഫോഴ്സ്മെന്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. അഴിമതി നടക്കുന്ന കാലത്ത് ഐഎൻഎക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് ഇരുവരും കാർത്തി ചിദംബരത്തിനും പി ചിദംബരത്തിനുമെതിരെ മൊഴിയും നൽകിയിരുന്നു.

യു.പി.എ ഗവൺമെന്റിൽ ധനകാര്യ മന്ത്രിയായിരിക്കെ, ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് ചിദംബരം വഴിവിട്ട സഹായം ചെയ്തു എന്നാണ് കേസ്. എന്നാൽ രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്ന് ചിദംബരം പറഞ്ഞു. കേസ് നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ചിദംബരത്തിനായി വാദിക്കുന്ന കപിൽ സിബൽ അറിയിച്ചു. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യം നിരസിക്കുകയായിരുന്നു. മുൻകൂർ ജാമ്യം തള്ളിയ പശ്ചാതലത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ് ചിദംബരം സുപ്രീകോടതിയെ സമീപിച്ചത്. ഐ.എൻ.എക്സ് മീഡിയ ഉടമകളായ പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവർ, മകളായ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP