Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഒരുവെടി പോലും വെക്കാതെ എതിരാളിയെ അടിയറവ് പറയിക്കുന്ന യുദ്ധതന്ത്രമാണ് ചൈനാക്കാർ പയറ്റുന്നത്; കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു; ഇന്ത്യയുടെ ഫിംഗറുകൾ ചൈനീസ് ബൂട്ടുകൾക്കടിയിലായി..നിഷേധിച്ചതുകൊണ്ട് എന്തുകാര്യം? പാൻഗോങ് -ഗാൽവൻ മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന വാദവുമായി മുൻ സൈനിക ജനറൽ എച്ച്.എസ്. പനാഗിന്റെ ലേഖനം 'ദി പ്രിന്റിൽ

ഒരുവെടി പോലും വെക്കാതെ എതിരാളിയെ അടിയറവ് പറയിക്കുന്ന യുദ്ധതന്ത്രമാണ് ചൈനാക്കാർ പയറ്റുന്നത്; കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു; ഇന്ത്യയുടെ ഫിംഗറുകൾ ചൈനീസ് ബൂട്ടുകൾക്കടിയിലായി..നിഷേധിച്ചതുകൊണ്ട് എന്തുകാര്യം? പാൻഗോങ് -ഗാൽവൻ മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന വാദവുമായി മുൻ സൈനിക ജനറൽ എച്ച്.എസ്. പനാഗിന്റെ ലേഖനം 'ദി പ്രിന്റിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അംഗബലം കൂട്ടി ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുമ്പോൾ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ ഇനിയും അയവില്ല. 2017 ൽ ലഡാക് മേഖലയിലെ പ്രസിദ്ധമായ പാൻഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നുവെന്ന വാർത്തകൾ വന്നപ്പോഴും ചൈന പറഞ്ഞത് അതിർത്തിയിൽ ശാന്തിയും സമാധാനവുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഫിംഗർ4, ഫിംഗർ5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. അന്നുണ്ടായ കല്ലേറും തിരിച്ചടിയുമൊക്കെ ആരും മറന്നിട്ടില്ല.

2020 ലോ?ലഡാക്ക് അതിർത്തിയിൽപാൻഗോങ് തടാകത്തിനു വടക്ക് ഇന്ത്യ റോഡ് നിർമ്മിക്കുന്നത് ചൈനീസ് സൈനികർ തടഞ്ഞ മെയ്‌ 5 മുതൽ സംഘർഷം നിലനിൽക്കുകയാണ്. അന്ന് ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാൻഗോങ് ടിസോ തടാകത്തിനു ചുറ്റിലും ഗാൽവൻ താഴ്‌വരയിലും ഇരുപക്ഷവും കൂടുതൽ സൈന്യത്തെ വിന്യസിച്ചതോടെ സംഘർഷം രൂക്ഷമായി. ഈ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്കാണ് വ്യക്തമായ മേൽക്കൈ എന്നെഴുതുന്നു മുൻ സൈനിക ജനറൽ ഹർചരൺജിത്ത് സിങ് പനാഗ്. 'ദി പ്രിന്റിൽ' എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ തുറന്നെഴുതുന്നത്. ഇന്ത്യൻ സൈന്യത്തിൽ 40 വർഷം സേവനമനുഷ്ഠിച്ച എച്ച്.എസ് പനാഗ് നോർത്താൻ കമാൻഡിലും സെൻട്രൽ കമാൻഡിലും ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി) ആയിരുന്നു. വിരമിച്ചതിനുശേഷം സായുധസേനാ ട്രിബ്യൂണലിൽ അംഗമായിരുന്നു.

കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചതായാണ് പനാഗിന്റെ വിലയിരുത്തൽ. India's Fingers have come under Chinese boots. Denial won't help us എന്നാണ് എച്ച്. എസ്.പനാഗിന്റെ ലേഖനത്തിന്റെ തലക്കെട്ട്. മേജർ ജനറൽ തലത്തിലുള്ള ചർച്ചകൾ ജൂൺ 2 ന് കഴിഞ്ഞു. ജൂൺ 6 ന് കോർപ്‌സ് കമാൻഡർമാരുടെ തലത്തിൽ കൂടിക്കാഴ്ച നടക്കും.

ലഫ്റ്റനന്റ് ജന.എച്ച്.എസ്.പനാഗിന്റെ നിരീക്ഷണങ്ങൾ

ചർച്ചകളിൽ ചൈനയ്ക്ക് മുൻകൈ

ഇന്ത്യൻ പ്രദേശത്ത് മൂന്നു വ്യത്യസ്ത മേഖലകളിലായി ഏകദേശം 40- മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ ചൈന കൈയേറി കഴിഞ്ഞു. ഈ ആനുകൂല്യത്തിന്റെ മേൽക്കൈയോടെയാവും അവർ ചർച്ചയ്ക്കിരിക്കുക. അതുകൊണ്ട് തന്നെ അസ്വീകാര്യമായ ഉപാധികൾ അടിച്ചേൽപ്പിക്കാനായിരിക്കും ചൈനയുടെ ശ്രമം. പഴയ നില സ്വന്തമായി പുനഃസ്ഥാപിക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകരുത് എന്ന് അവർ നിബന്ധന വച്ചേക്കാം. അതിർത്തിയിൽ ഒരു കയ്യാങ്കളിക്കോ, പരിമിതമായ തോതിൽ യുദ്ധത്തിനോ കച്ചകെട്ടിയാണ് ചൈനാക്കാരുടെ വരവ്, ലഫ്റ്റനന്റ് ജന.എച്ച്.എസ്.പനാഗ് എഴുതുന്നു.

ഇന്ത്യയുടെ ദൗത്യം വിഷമം പിടിച്ചതാണ്. ഏപ്രിൽ 1 2020 ൽ നിലവിലുണ്ടായിരുന്ന നില പുനഃസ്ഥാപിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം മുട്ടാപ്പോക്കും പറഞ്ഞ് ചൈന വേലത്തരം എടുക്കാതിരിക്കാൻ അത് അത്യാവശ്യവുമാണ്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ തന്ത്രം രൂപീകരിക്കുന്നതിനും അത് രാജ്യത്തെ അറിയിക്കുന്നതിനും പകരം നരേന്ദ്ര മോദി സർക്കാർ ഒരുതുണ്ടുഭൂമിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് വാദിക്കുകയാണെന്ന് എച്ച്.എസ്.പനാഗ് വിമർശിക്കുന്നു. നിയന്ത്രണ രേഖയെ കുറിച്ച് നിലനിൽക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളിലാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്.

ചില മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും നിയന്ത്രണ രേഖയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നുണ്ട്. ചൈന ഇന്ത്യയുടെ ഒരുമേഖലയും പിടിച്ചെടുത്തില്ലെന്നാണ് അവർ പറയുന്നത്. ഒരുനയതന്ത്ര ധാരണയ്ക്കാണ് കളമൊരുക്കുന്നത്. ചൈനയ്ക്ക് ഇതിൽ പരം എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു പനാഗ്. നമ്മൾ അവരുടെ കോർട്ടിലേക്ക് പന്ത് ഇട്ടുകൊടുക്കുകയാണ്, അദ്ദേഹം എഴുതുന്നു.

ലഡാക്കിലെ പ്രതിരോധം എങ്ങനെ?

ഇന്ത്യക്ക് ആധിപത്യം നഷ്ടപ്പെട്ട മൂന്നുമേഖലകളിൽ യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണ്? യഥാർഥ നിയന്ത്രണ രേഖ ഇന്ത്യ-ചൈന അതിർത്തികളെ വേർതിരിക്കുന്ന രേഖയാണ്. ഇത് ഒരു ഔദ്യോഗിക കരാറിന്റെ രൂപത്തിൽ ഒപ്പുവച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. രണ്ട് അനൗപചാരിക ഉച്ചകോടികൾക്കും, 1993 ന് ശേഷം ഒപ്പ് വച്ച പരസ്പര വിശ്വാസ വർദ്ധക കരാറുകൾക്കും ശേഷവും സ്ഥിതിഗതികളിൽ കാര്യമായ മാറ്റമൊന്നുമില്ല. ലഡാക്കിലെ 857 ദൈർഘ്യമുള്ള അതിർത്തിയിൽ, 368 കിലോമീറ്റർ മാത്രമാണ് അന്താരാഷ്ട്ര അതിർത്തി. അവശേഷിക്കുന്ന 489 കിലോമീറ്റർ എൽഎസിയാണ്. 1962 മുതൽ ചൈന വാദം ഉന്നയിക്കുകയും തർക്കിക്കുകയും ഒക്കെ ചെയ്യുന്ന രേഖ.

സമുദ്രനിരപ്പിൽ നിന്ന് 14,000 മുതൽ 15,000 അടിവരെ ഉയരത്തിലുള്ള ദുഷ്‌കരമായ ഇടം. 16,000-18,000 അടി വരെ ഉയരമുള്ള പർവതങ്ങൾ. ഇങ്ങനെ എത്തിപ്പറ്റാനും താമസിക്കാനും പ്രയാസമുള്ള ഇടം. ലഡാക് റേഞ്ച്, പാങ്‌ഗോങ് റേഞ്ച്, ഷൈലോക് നദി, ഡെപ്‌സങ് സമതലം എന്നിവ ഉൾക്കൊള്ളുന്ന മേഖല. ഓരോ മേഖലയുടെയും കിടപ്പനുസരിച്ച് യഥാർഥ നിയന്ത്രണരേഖയിലേക്ക് 10 മുതൽ 80 കിലോമീറ്റർ വരെ ദൂരം. ഇവിടുത്തെ പ്രധാന പ്രതിരോധ ദൗത്യം സൈന്യത്തിനും എൽ.എ.സിയിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനുമാണ് ചുമതല. നിയന്ത്രണ രഖയിലെ ഐടിബിപി പോസ്റ്റുകൾ തമ്മിൽ വലിയ വിടവുണ്ട്. സമതലങ്ങളിലെ പോലെ അവ തുടർച്ചയായി അല്ല സ്ഥാപിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടെ അനുഭവപ്പെടുന്നുണ്ടെന്ന് പനാഗ് പറയുന്നു. എൽഒസിയിലെ പോലെ എൽഎസിയുടെ മുഴുവൻ മേഖലയും പ്രതിരോധിക്കണമെങ്കിൽ നിലവിലുള്ള ഒരു ഡിവിഷന് പകരം നാല് മുതൽ അഞ്ച് ഡിവിഷനുകൾ വേണ്ടി വരുമെന്നും പനാഗ് ലേഖനത്തിൽ പറയുന്നു.

പാൻഗോങ് മേഖല

പാൻഗോങ് ടിസോയുടെ വടക്ക് ഭാഗത്തുള്ള ഫിംഗേഴ്‌സിനെ ദുർവ്യാഖ്യാനം ചെയ്ത് ഇന്ത്യക്ക് മേഖല നഷ്ടപ്പെട്ടിട്ടില്ലെന്ന് ചില മാധ്യമപ്രവർത്തകർ വാദിക്കുന്നു. എന്നാൽ, ഈ വർഷം ഏപ്രിൽ അവസാനത്തിനും മെയ് ആദ്യത്തിനും ഇടയിൽ പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക മുന്നേറ്റം നടത്തി ഫിംഗർ 4 നും ഫിംഗർ 8 നും മധ്യേയുള്ള മേഖല കൈയടക്കി. ഫിംഗർ 8 മുതൽ ഫിംഗർ 4 വരെയുള്ള 8 കിലോമീറ്റർ പ്രദേശം ചൈനീസ് അധീനതയിലായി. 4,5,6,7,8 ഫിംഗറുകളിൽ 4500 -5000 മീറ്റർ ഉയരമുള്ള മേഖലയിൽ വടക്ക് ഭാഗത്തായി 4.5 കിലോമീറ്റർ വരെ ചൈന കയ്യടക്കി. അങ്ങനെ പിഎൽഎ അധിനതയിലാക്കിയത് 35-40 ചതുശ്ര കിലോമീറ്റർ ആണെന്നാണ് തന്റെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കെന്ന് പനാഗ് ലേഖനത്തിൽ കുറിക്കുന്നു. ഇവിടെ മേഖലയിലെ പ്രതിരോധത്തിനായി ഒന്നോ രണ്ടെ ബറ്റാലിയനുകളെയും ചൈന നിയോഗിച്ചിട്ടുണ്ട്.

ഗാൽവൻ മേഖല

ഗാൽവൻ മേഖലയിൽ ഗാൽവൻ നദിയുടെ തെക്ക്-വടക്ക് ഭാഗത്തുള്ള കുന്നുകൾ പിഎൽഎ കൈയടക്കിയതായി പനാഗ് പറയുന്നു. പർവതമേഖലയിലെ ആധിപത്യമെന്ന് പറയുന്നത് ഉയരങ്ങളുടെ നിയന്ത്രണം എന്നുതന്നെയാണ്. ചുറ്റും ശത്രുക്കളാണെങ്കിൽ താഴ് വരയിൽ എങ്ങനെ ജീവിക്കുമെന്ന് പനാഗ് ചോദിക്കുന്നു. ഗാൽവൻ കുന്നുകളിൽ രണ്ട് ബറ്റാലിയനുകളെ വിന്യസിച്ചിരിക്കാമെന്നും എൽഎസിയിൽ ഒരെണ്ണം റിസർവായി വച്ചിരിക്കാമെന്നുമാണ് പനാഗിന്റെ നിഗമനം.

ഹോട്ട് സ്പിങ്‌സ്

തന്റെ വിലയിരുത്തൽ പ്രകാരം, ഹോട്ട്‌സ്പിങ്‌സിൽ, ഒരുബറ്റാലിയനെ നിയോഗിച്ച് കോങ് ലാ പാസിലേക്ക് പ്രവേശിക്കുന്നത് പിഎൽഎ തടഞ്ഞിരിക്കുകയാണ്. ഈ മേഖല എൽഎസിലാണെങ്കിലും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശമല്ല.

ചൈനക്കാർക്ക് കളിക്കാൻ അവസരം കൊടുക്കരുത്

യഥാർഥ നിയന്ത്രണ രേഖയുടെ അലൈന്മെന്റിനെ കുറിച്ച് ഇന്ത്യക്ക് നല്ല വ്യക്തയുണ്ട്, 1962ലെ യുദ്ധത്തിൽ വീരമൃത്യ വരിച്ച സൈനികരെ സംസ്‌കരിച്ച ഇടം കൂടിയാണത്. 1950 ന് ശേഷം ചൈനയുടെ അവകാശവാദങ്ങളാണ് മാറിമറിയുന്നത്. അതുകൊണ്ട് തന്നെ നിയന്ത്രണരേഖയെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്ന വാദം ചൈനയ്ക്ക് അടിക്കാൻ വടി കൊടുക്കുന്നത് പോലെയാകും എന്ന് പനാഗ് പറയുന്നു. ഇതുപോലെ ഇന്ത്യൻ പ്രദേശങ്ങൾ തട്ടിയെടുക്കുന്നതിന് ചൈനയെ അനുവദിച്ചുകൂടാ.

2020 ഏപ്രിൽ ഒന്നിലെ തൽസ്ഥിതി അംഗീകരിച്ചുകൊണ്ടും ഭൂപടങ്ങൾ ഔദ്യോഗികമായി കൈമാറി എൽഎസി അംഗീകരിച്ചുകൊണ്ടുമാകണം ഈ സംഘർഷം അവസാനിപ്പിക്കേണ്ടത്. ചൈനയുടെ ആധിപത്യം അംഗീകരിച്ച് കൊടുക്കുന്നത് 1962 ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ 3000 ത്തോളം സൈനികരോട് കാട്ടുന്ന അനീതിയാവും. ഒരു വെടി പോലും ഉതിർക്കാതെ നമ്മുടെ മേഖലകൾ വിട്ടുകൊടുക്കുന്നത് നാണക്കേടായിരിക്കും. ചൈനയുടെ സൈനിക തന്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന സൺ ട്‌സു 2500 വർഷം മുമ്പ് പറഞ്ഞത് ഉദ്ധരിച്ചാണ് പനാഗ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. നൂറുയുദ്ധങ്ങളിൽ നൂറു വിജയം കൊയ്യുകയല്ല യുദ്ധമിടുക്ക്. പോരാടാതെ തന്നെ ശത്രുവിനെ കീഴ്‌പ്പെടുത്തുകയാണ് മിടുക്ക്.

(കടപ്പാട്-ദി പ്രിന്റ്‌)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP