Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി എന്തിന് വിമർശകരെ പേടിക്കുന്നു? മോദിയുടെ നയങ്ങളെ വിമർശിച്ച ഐഐടി വിദ്യാർത്ഥികളെക്കുറിച്ച് റിപ്പോർട്ട് തേടി മാനവശേഷി മന്ത്രാലയം; മോദിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും നിരോധിച്ച് മദ്രാസ് ഐഐടി

മോദി എന്തിന് വിമർശകരെ പേടിക്കുന്നു? മോദിയുടെ നയങ്ങളെ വിമർശിച്ച ഐഐടി വിദ്യാർത്ഥികളെക്കുറിച്ച് റിപ്പോർട്ട് തേടി മാനവശേഷി മന്ത്രാലയം; മോദിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും നിരോധിച്ച് മദ്രാസ് ഐഐടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതിനും അദ്ദേഹത്തിന്റെ നയപരിപാടികളെ ചോദ്യം ചെയ്യുന്ന ചർച്ചകൾ സംഘടിപ്പിക്കുന്നതിനും മദ്രാസ് ഐഐടിയിൽ വിലക്ക്. ബീഫ് നിരോധനം, ഹിന്ദി ഭാഷാ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ മോദിയുടെ നയങ്ങളെ ക്യാമ്പസ്സിലെ പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾ വിമർശിച്ചുവെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് ഐഐടി അധികൃതർ ഇത്തരമൊരു വിലക്കേർപ്പെടുത്തിയത്.

ക്യാമ്പസിലെ ദളിത് വിദ്യാർത്ഥി സംഘടനയായ അംബേദ്കർ പെരിയാർ സ്റ്റുഡന്റ് സർക്കിൾ മോദി സർക്കാരിനെ വിമർശിക്കുന്ന ചർച്ചകൾ സംഘടിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഈ സംഘടനയിൽപ്പെട്ട വിദ്യാർത്ഥികളെക്കുറിച്ച് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രാലയം വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. സംഘടനയുടെ ലഘുലേഖകളിലൊന്നിൽ മോദിയുടെ നയങ്ങൾ വിമർശിക്കപ്പെട്ടുവെന്നതാണ് അധികൃതരെ അലോസരപ്പെടുത്തിയത്.

മന്ത്രാലയത്തിന് ലഭിച്ച പരാതിയും ലഘുലേഖയുടെ കോപ്പിയും എച്ച്.ആർ മന്ത്രാലയം സെക്രട്ടറി പ്രിസ്‌ക മാത്യു ഐഐടി അധികൃതർക്ക് അയച്ചുകൊടുത്തിരുന്നു. ഇക്കാര്യത്തിൽ ഐഐടിയുടെ വിശദീകരണവും മന്ത്രാലയം ചോദിച്ചിരുന്നു. തുടർനടപടിയെന്നോണമാണ് മോദിയെക്കുറിച്ചുള്ള എല്ലാ ചർച്ചകൾക്കും സ്ഥാപനം വിലക്കേർപ്പെടുത്തിയത്.

അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിളിൽ അംഗങ്ങളായ വിദ്യാർത്ഥികളെക്കുറിച്ച് മന്ത്രാലയം വിവരങ്ങൾ ശേഖരിച്ചുവെന്ന കാര്യം ഐഐടിയിലെ സ്റ്റുഡന്റ് ഡീൻ ശിവകുമാർ എം ശ്രീനിവാസൻ തന്നെയാണ് സംഘടനയെ അറിയിച്ചത്. സംഘടനയുടെ അംഗീകാരവും പിൻവലിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകാതെയാണ് മന്ത്രാലയവും ഐഐടിയും വിലക്കേർപ്പെടുത്തിയതെന്ന് സംഘടന ആരോപിക്കുന്നു.

ഡോ. അംബേദ്കറുടെ പ്രസക്തിയെക്കുറിച്ച് ആർ. വിവേകാനന്ദ ഗോപാൽ നടത്തിയ പ്രസംഗമാണ് ലഘുലേഖയിലുണ്ടായിരുന്നത്. ഇതിൽ മോദിസർക്കാരിന്റെ പല നടപടികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനൊപ്പം വൻകിട കോർപറേറ്റുകളെ സഹായിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് വിവേകാനന്ദ ഗോപാൽ ആരോപിച്ചിരുന്നു. ഗോവധ നിരോധനവും ഘർവാപ്പസിയും ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞവർഷം ഏപ്രിൽ 14-നാണ് ക്യാമ്പസ്സിലെ ദളിത് വിദ്യാർത്ഥികൾ ചേർന്ന് അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ആരംഭിച്ചത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ക്ലാസ്സുകൾ സംഘടിപ്പിക്കുകയുമാണ് സംഘടന ചെയ്തുകൊണ്ടിരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ക്യാമ്പസ്സിലെ വലതുപക്ഷ സംഘടനകൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP