Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസുകാരനായിരിക്കെ മനസ്സിൽ സ്വപ്‌നം കണ്ട മോഹം; തരുൺ ഗൊഗോയുടെ മകന്റെ വരവോടെ കളം മാറി പരിവാറുകാരനായി; 2016ൽ ബിജെപിക്ക് നേടിക്കൊടുത്തത് 60 സീറ്റ്; നോർത്ത് ഈസ്റ്റിൽ ബിജെപി തരംഗം എത്തിച്ചതും ഈ കരുത്തൻ; അമിത് ഷായ്‌ക്കൊപ്പം നിന്ന വിശ്വസ്തന് ഒടുവിൽ മുഖ്യമന്ത്രി പദം; ഇനി അസമിനെ ഹിമന്ദ ബിശ്വ ശർമ നയിക്കും

കോൺഗ്രസുകാരനായിരിക്കെ മനസ്സിൽ സ്വപ്‌നം കണ്ട മോഹം; തരുൺ ഗൊഗോയുടെ മകന്റെ വരവോടെ കളം മാറി പരിവാറുകാരനായി; 2016ൽ ബിജെപിക്ക് നേടിക്കൊടുത്തത് 60 സീറ്റ്; നോർത്ത് ഈസ്റ്റിൽ ബിജെപി തരംഗം എത്തിച്ചതും ഈ കരുത്തൻ; അമിത് ഷായ്‌ക്കൊപ്പം നിന്ന വിശ്വസ്തന് ഒടുവിൽ മുഖ്യമന്ത്രി പദം; ഇനി അസമിനെ ഹിമന്ദ ബിശ്വ ശർമ നയിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭരണത്തുടർച്ചനേടിയ അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി മുഖത്തിന് മാറ്റം. മുതിർന്നനേതാവ് ഹിമന്ദ ബിശ്വ ശർമ മുഖ്യമന്ത്രി ആകും. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ രാജിവച്ചു. പാർട്ടി പാർലമെന്ററി പാർട്ടി യോഗം ഹിമന്ദ ബിശ്വ ശർമയെ നേതാവായി തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനാണ് ഹിമന്ദ.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സർബാനന്ദ് സോനോവാളുംഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇരുവരും ശനിയാഴ്ച ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇന്ന് ഗുവാഹാട്ടിയിൽ പാർലമെന്ററിപാർട്ടി യോഗത്തിലേക്ക് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങിനെ നിരീക്ഷകരായി നിയോഗിച്ചു. ഈ യോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ഇതോടെ അസമിലെ പ്രതിസന്ധിക്കും ബിജെപിയിൽ വിരാമമായി.

ആർഎസ്എസിനും പ്രധാനമന്ത്രിക്കും സോനോവാൾ സ്വീകാര്യനാണ്. കോൺഗ്രസിൽ ആയിരിക്കെ 7 വർഷം മുൻപ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടയാളാണ് ഹിമന്ദ ബിശ്വ സർമ. എന്നാൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയ് യുടെ മകനും പാർലമെന്റംഗവുമായ ഗൗരവ് ഗൊഗോയ് രാഹുലിന്റെ വിശ്വസ്തനായിരുന്നതിനാൽ അതു നടന്നില്ല. തുടർന്നാണ് ഹതാശനായ ഹിമന്ദ ബിജെപിയിൽ ചേക്കേറിയത്. ഇത് ബിജെപിക്ക് വലിയ മുതൽക്കൂട്ടാകുകയും ചെയ്തു. തൊണ്ണൂറുകളിൽ അസമിൽ ബിജെപി തീർത്തും ദുർബലമായ പാർട്ടിയായിരുന്നു. എന്നാൽ 2016ൽ പാർട്ടി ഒറ്റയ്ക്കു നേടിയത് 60 സീറ്റ്. ഇതിന് പിന്നിലെ പ്രധാന ശക്തി ഹിമന്ദയായിരുന്നു.

ഇത്തവണ അസമിൽ 126-ൽ 75 സീറ്റുനേടിയാണ് എൻ.ഡി.എ. സഖ്യം ഭരണം നിലനിർത്തിയത്. ബിജെപി.ക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യു.പി.പി.എല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റുനേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനുമുമ്പുതന്നെ മുഖ്യമന്ത്രിപദത്തിനായി ഹിമന്ദ അവകാശവാദമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിപദമില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അമിത് ഷാ ഇടപെട്ടാണ് ഹിമന്ദയെ അനുനയിപ്പിച്ചത്. കോൺഗ്രസിൽനിന്ന് 2016-ൽ ബിജെപി.യിൽ ചേക്കേറിയ ഹിമന്ദ അമിത് ഷായുടെ വിശ്വസ്തനാണ്. നോർത്ത ഈസ്റ്റിലേക്ക് ബിജെപി കടന്നു കയറുന്നത് ഈ നേതാവിലൂടെയാണ്.

ബിജെപി.യുടെ വടക്കുകിഴക്കൻ രാഷ്ട്രീയപദ്ധതികളുടെ സൂത്രധാരനായ ഹിമന്ദ മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവുമാണ്. വടക്കുകിഴക്കൻ ജനാധിപത്യസഖ്യത്തിന്റെ കൺവീനറായ ഹിമന്ദയാണ് പാർട്ടിയുടെ ഈ മേഖലയിലെ പ്രധാനി. അസമിലെ ജാതിസമവാക്യങ്ങൾ അനുസരിച്ച് സർബാനന്ദ് സോനോവാളിനാണ് 2016-ൽ മുഖ്യമന്ത്രി പദം നൽകിയത്. തദ്ദേശീയ സോനോവാൾ-കച്ചാഡി ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയാണ് സർബാനന്ദ്. മികച്ച പ്രതിച്ഛായയുള്ള സർബാനന്ദ് ഒന്നാം മോദിമന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരിക്കെയാണ് മുഖ്യമന്ത്രിപദവിയിൽ നിയുക്തനായത്.

സർബാനന്ദ് സോനോവാളും ഹിമന്ദ ബിശ്വശർമയും തമ്മിലുള്ള അധികാരത്തർക്കം അസം ബിജെപി.യുടെ ആഭ്യന്തരതലത്തിൽ 2016 മുതലുള്ള തലവേദനയാണ്. ഇതിന് പരിഹരാമുണ്ടാക്കാൻ അമിത് ഷാ തന്നെ നേരിട്ട് പല ഇടപെലുകളും നടത്തിയിരുന്നു. വടക്ക് കിഴക്കന് മേഖലയിൽ കോൺഗ്രസിനെ തകർക്കാൻ സഹായിച്ച ഹിമന്ദയോട് മോദിക്കും പ്രത്യേക താൽപ്പര്യമുണ്ട്. ത്രിപുരയിലെ വിജയത്തിന് പിന്നിലും ഈ നേതാവിന്റെ രാഷ്ട്രീയ ബുദ്ധിയായിരുന്നു.

ഇത്തവണത്തെ വിജയം അസം ബിജെപിക്ക് വിജയത്തിന്റെ മറ്റൊരു വാതിൽ കൂടിയാണ് തുറക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ പ്രവേശനത്തിന്റെ വഴി കൂടുതൽ സുഗമമാക്കും. അസം തിരഞ്ഞെടുപ്പു വിജയത്തോടെ വടക്കുകിഴക്കൻ മേഖലയിലെ കോൺഗ്രസിന്റെ മേൽക്കൈയ്ക്ക് തടയിടുകയാണ് ബിജെപി ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം കൂടി 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. അസമിലെ 14 സീറ്റ് അടക്കം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ വിജയവും ബിജെപിക്ക് ഗുണം ചെയ്യും. കോൺഗ്രസിന്റെ 15 വർഷത്തെ തുടർച്ചയായ ഭരണം അട്ടിമറിച്ചാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിൽ വന്നത്. 126 അംഗ നിയമസഭയിൽ ബിജെപി, എജിപി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവ 86 സീറ്റ് നേടിയത് കോൺഗ്രസിനെ ഞെട്ടിച്ചു. കാരണം കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമായിരുന്നു അസം.

ശക്തമായ അടിത്തറയുള്ള സംസ്ഥാനത്ത് ഇത്തവണ എങ്ങനെയും ഭരണം പിടിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ടുനീങ്ങിയത്. ഇതിനായി ഉദാരമായ സഖ്യത്തിന് തയാറായി. എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ- എംഎൽ, അഞ്ചാലിക് ഗണ മോർച്ച എന്നിവയുടെ സഖ്യമുണ്ടാക്കി. എന്നിട്ടും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനായില്ല. രാഹുലും പ്രിയങ്കയും നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിനും പാർട്ടിയെ കരകയറ്റാനായില്ല. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് മാറിയതോടെ ബിജെപി പക്ഷത്ത് അസം ഗണപരിഷത്തും ബോഡോ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും മാത്രമാണെന്നതും കോൺഗ്രസിന് അനുകൂലമായ സാഹചര്യമൊരുക്കുമെന്നായിരുന്നു വിശ്വാസം. പക്ഷേ ഒന്നും സംഭവിച്ചില്ല.

അസമിൽ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ ഇടിച്ചുകയറിയാണ് ബിജെപി വളർന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കിഴക്കൻ അസമിൽ നിന്നാണ് കൂടുതൽ സീറ്റു പാർട്ടിക്ക് കിട്ടിയത്. ഇവിടത്തെ തേയിലത്തോട്ടം തൊഴിലാളികളാണ് ബിജെപിയെ പിന്തുണച്ചത്. അവർക്ക് നിരവധി വാഗ്ദാനങ്ങളും ബിജെപി നൽകിയിരുന്നു. വാക്കുനൽകിയിരുന്നതുപോലെ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ വഴി 2 തവണ അക്കൗണ്ടിലേക്കു പണം നൽകാനും സർക്കാരിനു കഴിഞ്ഞു. സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയും തുടങ്ങി. ഇതെല്ലാം ബിജെപിക്ക് ഗുണം ചെയ്തു.

സംസ്ഥാനത്തെ കിഴക്കൻ മേഖലയിലുള്ള ഗോത്രവിഭാഗങ്ങൾ പൗരത്വനിയമത്തിന് എതിരാണ്. ഇതു ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്നാണ് കരുതിയത്. കോൺഗ്രസ് ആകട്ടെ, അധികാരത്തിലെത്തിയാൽ പൗരത്വനിയമം നടപ്പാക്കില്ല എന്നു വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ ബിജെപിക്ക് പോറലേൽപ്പിക്കാൻ പൗരത്വനിയമത്തിന് സാധിച്ചില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP