Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിമാചൽ സർക്കാറിന് തൽക്കാലം ഭീഷണിയില്ലെന്ന് ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട്; നേതൃമാറ്റ ആവശ്യം എംഎൽഎമാരുടെ മനോഗതി അറിഞ്ഞ ശേഷം പിന്നീടെന്ന് നേതാക്കൾ; ബിജെപി വിരുദ്ധ ജനവിധി സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ അഭിമാന പ്രശ്‌നം

ഹിമാചൽ സർക്കാറിന് തൽക്കാലം ഭീഷണിയില്ലെന്ന് ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട്; നേതൃമാറ്റ ആവശ്യം എംഎൽഎമാരുടെ മനോഗതി അറിഞ്ഞ ശേഷം പിന്നീടെന്ന് നേതാക്കൾ; ബിജെപി വിരുദ്ധ ജനവിധി സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ അഭിമാന പ്രശ്‌നം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭരണം നിലനിർത്തുന്നത് ശ്രമകരമായി മാറിയ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഹൈകമാൻഡിന്റിന് നിരീക്ഷകർ റിപ്പോർട്ട് നൽകി. ഹിമാചൽ സർക്കാറിന് തൽക്കാലം ഭീഷണികൾ ഇല്ലെന്നാണ് നിരീക്ഷക സംഘം നൽകിയിരിക്കുന്ന വിവരം. നേതൃമാറ്റ ആവശ്യം എംഎൽഎമാരുടെ മനോഗതി അറിഞ്ഞ ശേഷം പിന്നീട് മതിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എംഎൽഎമാരുടെ പിന്തുണ നിലനിലെ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന് ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് എത്തിയ മുതിർന്ന നേതാക്കളായ ഭൂപീന്ദർസിങ് ഹൂഡ, ഭൂപേശ് ബാഘേൽ, ഡി.കെ. ശിവകുമാർ, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രാജീവ് ശുക്ല എന്നിവരോട് പാർട്ടി എംഎ‍ൽഎമാരോട് വെവ്വേറെ സംസാരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം നടത്തിയ സംഭാഷണത്തിന് ശേഷമാണ് സർക്കാറിന് തൽക്കാലം ഭീഷണിയില്ലെന്ന് നിരീക്ഷവർ വിലയിരുത്തിയത്.

അതനുസരിച്ച് കൂറുമാറ്റം എന്തുകൊണ്ട് സംഭവിച്ചു, ജനവിധി സംരക്ഷിക്കാൻ ഇനി എന്തു വേണം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം നിരീക്ഷകർ വ്യാഴാഴ്ച റിപ്പോർട്ടിലൂടെ കൈമാറും. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിനെ മാറ്റണമെന്ന ആവശ്യം എതിർപക്ഷ എംഎ‍ൽഎമാർ ഉയർത്തുകയും മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് പൊതുമരാമത്തു മന്ത്രി വിക്രമാദിത്യ സിങ് രാജിവെക്കുകയും ചെയ്തിരിക്കെ, ഭരണം നിലനിർത്താൻ വേണ്ടിവന്നാൽ മുഖ്യമന്ത്രിയെ മാറ്റാനും തയാറായേക്കും. വ്യക്തികളല്ല, പാർട്ടി താൽപര്യമാണ് പ്രധാനമെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് പ്രതികരിച്ചു.

വിക്രമാദിത്യ സിങ് രാജി പിൻവലിച്ചതും അനുനയ പാതയിൽ എത്തിയതും കോൺഗ്രസിന് ആശ്വസമാണ്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാറിനെയാണ് ഹിമാചൽ പ്രദേശിൽ ബിജെപി പ്രതിസന്ധിയിലാക്കിയത്. തൂക്കുസഭയായി മാറിയ നിയമസഭയുടെ സമ്മേളനം നിശ്ചയിച്ചതിനേക്കാൾ ഒരു ദിവസം മുമ്പേ അനിശ്ചിത കാലത്തേക്ക് പിരിയാൻ തീരുമാനിച്ചതും 15 ബിജെപി എംഎ‍ൽഎമാരെ സസ്‌പെൻഡ് ചെയ്യുകവഴി ബജറ്റ് പാസാക്കാൻ സാധിച്ചതും കോൺഗ്രസിന് തൽക്കാല പിടിവള്ളിയാണ്. എന്നാൽ, ഒമ്പതുപേരെ വലവീശി പിടിച്ച ബിജെപിക്ക് കൂടുതൽ പേരെ വലയിലാക്കാൻ കഴിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്.

പണമെറിഞ്ഞ് ജനവിധി അട്ടിമറിച്ച് അധികാരം പിടിക്കുന്ന ബിജെപിയുടെ നിന്ദ്യരാഷ്ട്രീയത്തെ അപലപിക്കുമ്പോൾ തന്നെ, വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നിലനിർത്താൻ കഴിയാത്ത ആഭ്യന്തര കലാപമാണ് പാർട്ടിയിലെന്ന യാഥാർഥ്യം കൂടിയാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്.

ആറുവട്ടം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന വീരഭദ്ര സിങ്ങിന്റെ മകനാണ് 14 മാസത്തെ കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്. ഹൈകമാൻഡിന്റെ താൽപര്യങ്ങളെയും രാജ്യസഭ തെരഞ്ഞെടുപ്പിലെ ഹൈകമാൻഡ് പ്രതിനിധിയെത്തന്നെയുമാണ് കോൺഗ്രസ് എംഎ‍ൽഎമാർ മറുകണ്ടം ചാടി തോൽപിച്ചത്. വ്യക്തമായൊരു ജനവിധി സംരക്ഷിക്കേണ്ടത് ഹൈകമാൻഡിന് ഇപ്പോൾ അഭിമാന പ്രശ്‌നമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP