Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

വീരഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓർമിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്തൽ; അച്ഛന് കിട്ടിയ വിജയമായതിനാൽ അമ്മയെ മുഖ്യമന്ത്രിയാക്കാൻ മകൻ; ജയിച്ചവരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ സുഖ്വീന്ദർ സിങ് സുഖുവിനും; പ്രതിപക്ഷ നേതാവിനും മോഹം താക്കോൽ സ്ഥാനം; പ്രതിഭാ സിങ് കച്ചമുറുക്കുമ്പോൾ കോൺഗ്രസിന് പുതിയ പ്രതിസന്ധി; ഹിമാചൽ മുഖ്യമന്ത്രിയെ കണ്ടെത്തുക വെല്ലുവിളി

വീരഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓർമിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്തൽ; അച്ഛന് കിട്ടിയ വിജയമായതിനാൽ അമ്മയെ മുഖ്യമന്ത്രിയാക്കാൻ മകൻ; ജയിച്ചവരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ സുഖ്വീന്ദർ സിങ് സുഖുവിനും; പ്രതിപക്ഷ നേതാവിനും മോഹം താക്കോൽ സ്ഥാനം; പ്രതിഭാ സിങ് കച്ചമുറുക്കുമ്പോൾ കോൺഗ്രസിന് പുതിയ പ്രതിസന്ധി; ഹിമാചൽ മുഖ്യമന്ത്രിയെ കണ്ടെത്തുക വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയത് മികച്ച വിജയമാണ്. അധികാരത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോൺഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി പദവിക്കു വേണ്ടിയുള്ള നേതാക്കളുടെ ചരടുവലികൾ. ഇത് ഹൈക്കമാണ്ടിന് തലവേദനയാകും. ഹിമാചലിൽ 'ഓപ്പറേഷൻ ലോട്ടസിന്റെ' സാധ്യതകൾ പരീക്ഷിക്കാൻ ബിജെപിക്ക് കരുത്ത് നൽകുന്നതാണ് രാഷ്ട്രീയ ചർച്ചകൾ.

ഹിമാചൽ പിസിസി മുൻ അധ്യക്ഷൻ സുഖ്‌വീന്ദർ സിങ് സുഖു അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരിലൊരാൾ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. എന്നാൽ പിസിസി അധ്യക്ഷയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രിയാകാൻ കച്ചമുറുക്കിക്കഴിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിക്കസേരക്കായി വടംവലി രൂക്ഷമായത്. പ്രതിഭ സിങ്ങും കോൺഗ്രസ് വിജയത്തിൽ നിർണ്ണായക ശക്തിയായിരുന്നു. അവരുടെ ഇടപെടലും കോൺഗ്രസിന് വിജയം നൽകി.

പ്രതിഭ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എംഎൽഎയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ലോക്‌സഭാ എംപിയാണ് പ്രതിഭ സിങ്. മുഖ്യമന്ത്രിയായാൽ, ഈ സ്ഥാനം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കേണ്ടി വരും. വീരഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓർമിപ്പിച്ചാണ് കോൺഗ്രസ് വിജയത്തിലേക്കെത്തിയത്. എംഎൽഎമാർക്കിടയിലും പ്രതിഭ സിങിന് പിന്തുണയുണ്ട്. അതുകൊണ്ടു തന്നെ ഹൈക്കമാണ്ട് ഇടപെടലും പ്രതിഭയ്ക്ക് ഒപ്പമാകുമെന്ന വിലയിരുത്തൽ സജീവമാണ്.

മുഖ്യമന്ത്രി ആരാകുമെന്ന് എംഎൽഎമാരും കോൺഗ്രസ് ഹൈക്കമാൻഡും ചേർന്ന് തീരുമാനിക്കുമെന്നും വിക്രമാദിത്യ സിങ് ഷിംലയിൽ പറഞ്ഞു. എന്നാൽ ജയിച്ചവരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ സുഖ്വീന്ദർ സിങ് സുഖുവിനാണെന്നാണ് നിലവിലെ വിവരം. അങ്ങനെ വന്നാൽ സുഖു മുഖ്യമന്ത്രിയാകും. എന്നാൽ ഭാവിയിൽ ഈ മുഖ്യമന്ത്രി മോഹികൾ കോൺഗ്രസിന് തലവേദനയാകും. മധ്യപ്രദേശിൽ അധികാരം നഷ്ടമാകാൻ കാരണം ഇത്തരം പ്രശ്‌നങ്ങളാണ്. അണികൾക്കിടയിൽ സ്വാധീനമുള്ള പ്രതിഭ കരുതലോടെ കരുക്കൾ നീക്കം.

ഹിമാചലിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ, ബിജെപിയുടെ ചാക്കിട്ടു പിടിത്തം ഒഴിവാക്കുന്നതിനായി കനത്ത ജാഗ്രതയിലാണ് കോൺഗ്രസ് നേതൃത്വം. ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിക്രമാദിത്യ സിങ് പറഞ്ഞു. എഐഐസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹിമാചലിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. ഭൂരിപക്ഷം കിട്ടിയിട്ടും അട്ടിമറിയിലൂടെ ബിജെപി നേട്ടമുണ്ടാക്കിയാൽ അത് കോൺഗ്രസിന് നാണക്കേടാകും. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ എന്നിവരെ നിരീക്ഷകരായി ഹിമാചലിലേക്ക് അയച്ചു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ച ഷിംലയിൽ എംഎൽഎമാരുടെ യോഗം ചേരുമെന്ന് ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള രാജീവ് ശുക്ല പറഞ്ഞു.

ബിജെപിയേയും തോൽവി ബാധിക്കും. ഹിമാചലിലെ ബിജെപി രാഷ്ട്രീയത്തെ 2017 ൽ കീഴ്‌മേൽ മറിച്ച സുജാൻപുർ മണ്ഡലത്തിൽ ഇക്കുറിയും ബിജെപിക്ക് അടിതെറ്റിയിരുന്നു. 2 തവണ മുഖ്യമന്ത്രിയായ, പാർട്ടിയുടെ അതികായനായ പ്രേംകുമാർ ധൂമലിന്റെ തട്ടകമായ സുജാൻപുരിൽ 2017 ൽ അദ്ദേഹം പരാജയപ്പെട്ടതാണ് ജയ്‌റാം ഠാക്കൂറിനു മുഖ്യമന്ത്രി കസേരയിലേക്കു വഴിയൊരുക്കിയത്. കഴിഞ്ഞ തവണ 1919 വോട്ടുകൾക്കായിരുന്നു ധൂമലിനു മണ്ഡലവും മുഖ്യമന്ത്രിസ്ഥാനവും നഷ്ടമായത്. ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ രജീന്ദർ സിങ്ങിനോടു 399 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി രഞ്ജിത്ത് സിങ് റാണ തോറ്റു.

ഇക്കുറി വീണ്ടും ധൂമൽ സീറ്റ് മോഹിച്ചെങ്കിലും നേതൃത്വം വെട്ടി. പരിഭവിച്ച ധൂമലിനെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറാണ് അനുനയിപ്പിച്ചത്. ഏതാനും മണ്ഡലങ്ങളിൽ മാത്രമായി ധൂമൽ പ്രചാരണം ഒതുക്കി. സംസ്ഥാനത്തുടനീളം അനുയായികളുള്ള ധൂമലിനെ പിണക്കിയതും പാർട്ടിക്കു തിരിച്ചടിയായി. ധൂമലിന്റെ വീടിരിക്കുന്ന സുജാൻപുർ മണ്ഡലത്തിൽ തോറ്റത് മകൻ അനുരാഗിനെ രാഷ്ട്രീയമായി ബാധിച്ചേക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP