Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുസ്‌ളീങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടുചെയ്യില്ല; അപ്പോൾ പിന്നെ എന്തിന് അവരെ സ്റ്റേജിൽ കയറ്റണം? പരമാവധി ഹിന്ദു വോട്ടുകൾ സ്വാംശീകരിക്കാൻ ഇക്കുറി മുസ്‌ളീങ്ങൾക്ക് ഗുജറാത്തിലെ കോൺഗ്രസ് വേദികളിൽ പ്രവേശനം ഇല്ല; മുസ്‌ളീം സ്ഥാനാർത്ഥികളെ നിർത്തി തിരിച്ചടിച്ച് അമിത്ഷായും

മുസ്‌ളീങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടുചെയ്യില്ല; അപ്പോൾ പിന്നെ എന്തിന് അവരെ സ്റ്റേജിൽ കയറ്റണം? പരമാവധി ഹിന്ദു വോട്ടുകൾ സ്വാംശീകരിക്കാൻ ഇക്കുറി മുസ്‌ളീങ്ങൾക്ക് ഗുജറാത്തിലെ കോൺഗ്രസ് വേദികളിൽ പ്രവേശനം ഇല്ല; മുസ്‌ളീം സ്ഥാനാർത്ഥികളെ നിർത്തി തിരിച്ചടിച്ച് അമിത്ഷായും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുസ്‌ളീം സമുദായങ്ങളുടെ നിലപാട് എന്താവും? എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യമാണിത്. ഇതുതന്നെയാകും ഗുജറാത്തിന്റെ വിധിയെഴുത്തിൽ നിർണായകമാകുന്ന ഘടകവും. എന്നാൽ എകെ ആന്റണിയെന്ന കോൺഗ്രസിലെ മുതിർന്ന ദേശീയ നേതാവിന്റെ നിർദ്ദേശം പാലിച്ച് ഇക്കുറി മുഖ്യ വേദികളിൽ നിന്നുപോലും മുസ്‌ളീങ്ങളെ അകറ്റി നിർത്തിയിരിക്കുകയാണ് കോൺഗ്രസ്.

ന്യൂനപക്ഷങ്ങൾക്ക് ഒപ്പമാണ് കോൺഗ്രസ് എന്ന തോന്നൽ മൂലമാണ് ഭൂരിപക്ഷ സമുദായം പാർട്ടിയിൽ നിന്ന് അകലുന്നതെന്ന ആന്റണി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖവിലയ്‌ക്കെടുത്താണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുതിയ രാഷ്ട്രീയ പരീക്ഷണം നടത്തുന്നതെന്നാണ് ഇതുവരെയുള്ള നടപടികളിലൂടെ വ്യക്തമാകുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളിൽ ഒന്നായിരുന്നു ഇത്. ഭൂരിപക്ഷ സമുദായം പാർട്ടിയെ കൈവിട്ട് ബിജെപിക്ക് ഒപ്പം പോകുന്നതിന് പ്രധാന കാരണം പാർട്ടി ന്യൂനപക്ഷങ്ങളോട് കൂടെയാണെന്ന തോന്നലാണെന്നും ഭൂരിപക്ഷത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ ഈ മുഖം കോൺഗ്രസ് മാറ്റണമെന്നും ആയിരുന്നു ആന്റണി കമ്മിറ്റിയുടെ ശുപാർശ. ഇതാണ് ഇപ്പോൾ ഗുജറാത്തിൽ കോൺഗ്രസ് നടപ്പാക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്.

മിയാൻ എന്ന് പരിഹാസച്ചുവയോടെയാണ് സോണിയയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെ ബിജെപി വിശേഷിപ്പിക്കുന്നത്. അഹമ്മദ് പട്ടേലിനെതിരെ ബറൂച്ചിൽ മുസ്ലിങ്ങളെ ബിജെപി പരസ്യ പ്രചാരണത്തിനിറക്കുമ്പോഴെല്ലാം ഇത് കേൾക്കാം. പക്ഷേ, ഇക്കുറി കോൺഗ്രസ് മുസ്‌ളീങ്ങളെ കൈവിട്ടാണ് നീങ്ങുന്നതെന്ന സന്ദേശമാണ് മൊത്തത്തിൽ പ്രചരിക്കുന്നത്. മുസ്‌ളീം സമുദായങ്ങൾക്കിടെ വലിയ പ്രതിഷേധവും ഉയരുന്നു.

എന്നാൽ മുസ്‌ളീങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടുചെയ്യില്ലെന്നും മറ്റൊരു വഴിയും ഇല്ലാതെ അവർ കോൺഗ്രസിനേ വോട്ടുചെയ്യൂ എന്നുമാണ് രാഹുലിന്റേയും കൂട്ടരുടേയും നിലപാടെന്ന ആക്ഷേപമാണ് ഉയരുന്നത്. അതിനാൽ തന്നെ ഇക്കുറി പട്ടേൽ സമുദായവുമായി കൂട്ടുകൂടി ബിജെപിക്കെതിരെ ആഞ്ഞടിക്കാമെന്ന പ്രതീക്ഷയിൽ ഇറങ്ങുന്ന കോൺഗ്രസിന്റെ പ്രചരണവേദികളിൽ പോലും മുസ്‌ളീം സമുദായാംഗങ്ങളെ അടുപ്പിക്കുന്നില്ല. ചുവന്ന കുറിതൊട്ട് രാഹുലിന്റെ ക്ഷേത്രദർശനം മുതൽ ഇങ്ങോട്ട് ഒരു ഘട്ടത്തിലും മുസ്‌ളീങ്ങളെ അടുപ്പിക്കാതെയാണ് കോൺഗ്രസ് നീക്കം. ഒരുതരത്തിൽ ബിജെപി അനുകരണമെന്ന് വിശേഷിപ്പിക്കാവുന്ന പ്രചരണക്കാഴ്ചകളാണ് ഗുജറാത്തിൽ. എന്നാൽ ബിജെപിയുടെ തുടർഭരണത്തിന് എതിരെയും ദളിതുകൾക്ക് എതിരെയുള്ള ബിജെപി നിലപാടുകൾ ചൂണ്ടിക്കാണിച്ചും പ്രചരണം കൊഴിക്കുമ്പോൾ അതിൽ പ്രതീക്ഷയർപ്പിക്കുകയാണ് കോൺഗ്രസ്.

അതേസമയം, മുമ്പെല്ലാം കോൺഗ്രസ് പ്രചരണങ്ങളിലെ കാഴ്ചകൾ ഇപ്പോഴില്ല. പ്രചാരണ വാഹനങ്ങളിൽ അള്ളിപ്പിടിച്ച് നിന്നിരുന്ന, തൊപ്പിയും താടിയും ഇത്തവണയില്ല. മുസ്‌ളിങ്ങൽ തിങ്ങിപ്പാർക്കുന്ന തെരുവുകളിൽ പോലും അത്തരം കാഴ്ചകൾ ഇല്ല. ക്രിസ്ത്യൻ നേതാക്കളേയും അടുപ്പിക്കുന്നില്ല കോൺഗ്രസ്. പ്രാദേശിക തലത്തിൽ നടക്കുന്ന യോഗങ്ങളിൽ പോലും കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത് മുസ്‌ളീം നേതാക്കളായിരുന്നു. അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസിൽ ദിവസവും രണ്ടുനേരം പത്രസമ്മേളനം ഉണ്ട്. ഇതിന് പോലും ഒരു മുസ്‌ളീം, ക്രിസ്ത്യൻ നേതാവിനെ കൂടെ ഇരുത്താതിരിക്കാൻ കോൺഗ്രസ് കരുതലോടെ നീങ്ങുന്നു. ചാനൽ ദൃശ്യങ്ങളിൽ പോലും ഒരു ഹൈന്ദവ പ്രതിച്ഛായ വരുത്താൻ ആസൂത്രിത നീക്കം നടക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. ആറു സീറ്റുകളാണ് ഇക്കുറി മുസ്‌ളീങ്ങൾക്ക് കോൺഗ്രസ് നൽകിയത്. ഇതുതന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഭാവിയിൽ കോൺഗ്രസ് രാ്ജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഒപ്പം നിൽക്കുമോ? ഈയൊരു ചോദ്യമാണ് ഇപ്പോൾ ഗുജറാത്തിൽ ഉയരുന്നത്. ന്യൂനപക്ഷത്തിനൊപ്പം ന്ിൽക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നതിനൊപ്പം ഭൂരിപക്ഷത്തിന് ഒപ്പം നിൽക്കുന്നുവെന്ന പ്രകടനത്തിന്റെ പരീക്ഷണം. ഇതോടെ ഇക്കുറി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാകുന്നു. ഇപ്പോഴത്തെ നിലയിൽ കോൺഗ്രസിനും ഗുജറാത്തിൽ മുന്നേറ്റമുണ്ടാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബിജെപിയെ തോൽ്പ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും നില മെച്ചപ്പെടുത്താനായാൽ ഒരു ഹിന്ദു ലൈൻ കോൺഗ്രസിന്റെ അജണ്ടയിലേക്ക് കയറിപ്പറ്റുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

പ്രചരണ രംഗത്ത് കോൺഗ്രസിന് വൻ മുന്നേറ്റം പുതിയ നയത്തിലൂടെ ഉണ്ടായി എന്നാണ് പാർട്ടിയുടെയും രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തൽ. മുസ്‌ളീം വോട്ടുകൾ പുറത്തുപോവിലെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്. ഒ്ട്ടും സ്വാധീനമില്ലാത്ത പാർ്ട്ടികളുടെ പേരിൽ മുസ്‌ളീം സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയുമാണ്. ഭൂരിഭാഗം മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിഎസ്‌പി, ചില സീറ്റുകളിൽ അങ്കത്തിനിറങ്ങുന്ന എൻസിപി, സമജ് വാദി പാർട്ടികൾ ഇവരെല്ലാം നിർത്തുന്ന മുസ്‌ളീം സ്ഥാനാർത്ഥികളെ അകമഴിഞ്ഞ് സഹായിക്കുന്നു ബിജെപി. ഇത് കോൺഗ്രസിനെതിരെ ബിജെപിയുടെ സമർത്ഥമായ നീക്കവുമായി മാറുന്നു.

അഞ്ചുപേരെ ഇക്കുറി സിപിഎമ്മും മത്സരത്തിന് നിർത്തുന്നു. ഗുജറാത്തിൽ ഒന്നുമല്ലാതിരുന്നിട്ടും ആറ് സ്ഥാനാർത്ഥികളെ നിർത്തി ഇന്ത്യൻ നാഷണൽ ലീഗും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ 31 സീറ്റുകളിൽ ബിജെപിയുടെ ഭൂരിപക്ഷം ആയിരം വോട്ടിൽ താഴെയായിരുന്നു. ഇത് കോൺഗ്രസിന് വഴിമാറുന്നത് ഒഴിവാക്കാനേ ഇത്തരത്തിലുള്ള മത്സരംകൊണ്ട് ഗുണമുണ്ടാകൂ എന്ന ആക്ഷേപവും ഉയരുന്നു.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുൻ മന്ത്രി കപിൽ സിബലിനെ കോൺഗ്രസ് മാറ്റിനിർത്തിയെന്ന സൂചനകളും പുറത്തുവരുന്നു. ബാബ്‌റി മസ്ജിദ് കേസിൽ കപിലിന്റെ വാദങ്ങൾ തിരിച്ചടിയാകുമെന്ന ഭയം കോൺഗ്രസിനുണ്ട്. സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ സിബൽ കഴിഞ്ഞദിവസം 2019ലെ പൊതു തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിലെ വാദം കേൾക്കൽ മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിൽ ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP