Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202220Friday

ഇഷ്ടക്കാർ സ്‌നേഹപൂർവം വിളിക്കുന്നത് 'ദാദ' എന്ന്; 'ഭായി' ആയ വിജയ് രുപാണി പടി ഇറങ്ങിയപ്പോൾ ഗുജറാത്തിന്റെ തലപ്പത്ത് എത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭുപേന്ദ്ര പട്ടേൽ; കേന്ദ്ര മന്ത്രിമാർ വരെ മോഹിച്ച പദവി കൊണ്ടുപോയതോടെ കറുത്ത കുതിര എന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ; പട്ടേൽ സമുദായത്തെ കൈയിൽ എടുത്തുള്ള മോദിയുടെ നിർണായക നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കി

ഇഷ്ടക്കാർ സ്‌നേഹപൂർവം വിളിക്കുന്നത് 'ദാദ' എന്ന്; 'ഭായി' ആയ വിജയ് രുപാണി പടി ഇറങ്ങിയപ്പോൾ ഗുജറാത്തിന്റെ തലപ്പത്ത് എത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭുപേന്ദ്ര പട്ടേൽ; കേന്ദ്ര മന്ത്രിമാർ വരെ മോഹിച്ച പദവി കൊണ്ടുപോയതോടെ കറുത്ത കുതിര എന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ; പട്ടേൽ സമുദായത്തെ കൈയിൽ എടുത്തുള്ള മോദിയുടെ നിർണായക നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കി

മറുനാടൻ മലയാളി ബ്യൂറോ

 അഹമ്മദാബാദ്: പ്രചരിച്ച പേരുകൾ എത്രയോ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ ഉണ്ടായിരുന്നത് ആരും പ്രതീക്ഷിക്കാത്ത പേരും. അതുകൊണ്ടാണ് ഭുപേന്ദ്ര പട്ടേലിനെ കറുത്ത കുതിര എന്നു രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്ര മന്ത്രിമാരായ പുർഷോത്തം രുപാല, മൻസുഖ് മാണ്ഡവ്യ, സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പാട്ടീൽ, മന്ത്രി ആർ.സി.ഫൽദു തുടങ്ങിയവരാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട് പേരുകൾ. ഗോർധൻ ജഡാഫിയ, പ്രഫുൽ പട്ടേൽ എന്നിവരുടെ പേരുകളും കേട്ടിരുന്നു. ഇതിൽ, സി.ആർ.പാട്ടീൽ താൻ പദവിയിലേക്കില്ലെന്ന് നേരത്തെ മുൻകൂർ ജാമ്യം എടുത്തു.

പട്ടേൽ സമുദായത്തെ വിശ്വാസത്തിൽ എടുത്തു

ഒരുകാര്യം ഉറപ്പായിരുന്നു. മൃദുസമീപനമുള്ള വിജയ് രൂപാണി മാറിയ ശേഷം പട്ടേൽ സമുദായത്തിൽ നിന്നൊരു നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ എത്തുമെന്ന്. ഭുപേന്ദ്ര പട്ടേലിന്റെ പേര് സാധ്യത പട്ടികയിലേ ഉണ്ടായിരുന്നില്ല. ആദ്യവട്ടം എംഎൽഎയായ ഭുപേന്ദ്ര പട്ടേൽ അങ്ങനെ കറുത്ത കുതിരയായി.

മൃദുഭാഷിയാണ് ഭുപേന്ദ്ര പട്ടേൽ. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു രാഷ്ട്രീയ കുതിപ്പാണ് അദ്ദേഹം ഉണ്ടാക്കിയത്. മുനിസിപാലിറ്റിതലത്തിൽ പ്രവർത്തിച്ചുതുടങ്ങി നിയമസഭയിലെ ആദ്യടേമിൽ തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തി. അഹമ്മദാബാദിലെ ഘട്ടലോദിയ മണ്ഡലച്ചിൽ നിന്ന് 2017 ൽ ജയം. 1.17 ലക്ഷം വോട്ടുകളുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. വിജയ് രൂപാണിയെ എല്ലാവരും ഭായി എന്നാണ് വിളിക്കുന്നതെങ്കിൽ, ഭുപേന്ദ്ര പട്ടേലിനെ സ്‌നേഹപൂർവം ദാദ എന്നാണ് വിളിക്കുന്നത്. ഗുജറാത്ത് മുന്മുഖ്യമന്ത്രിയും യുപി ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഭുപേന്ദ്ര പട്ടേൽ. അമിത്ഷാ പ്രതിനിധീകരിക്കുന്ന ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗാമാണ് ഭുപേന്ദ്രയുടെ നിയമസഭാ മണ്ഡലം. വിജയ് രുപാണിയാണ് ഭുപേന്ദ്രയുടെ പേര് നിർദ്ദേശിച്ചതെന്നും പറയപ്പെടുന്നു.

ഗുജറാത്തിലെ പ്രബലന്മാരായ പട്ടേൽ വിഭാഗം ഏറെ നാളായി അതൃപ്തിയിലായിരുന്നു. രാഷ്ട്രീയ- സാമ്പത്തിക മേഖലകളിൽ സ്വാധീനമുള്ള പട്ടേൽ സമുദായത്തെ ഇനിയും അകറ്റി നിർത്തിയാൽ തിരഞ്ഞെടുപ്പിൽ, തിരിച്ചടി കിട്ടുമെന്ന് ബിജെപി നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. 1970 വരെ സംസ്ഥാനത്തിന്റെ അധികാരം കയ്യാളിയ പട്ടേൽ വിഭാഗം നേരെത്ത കോൺഗ്രസിനെയാണു പിന്തുണച്ചിരുന്നത്. എന്നാൽ 1980ൽ കോൺഗ്രസിനെ വിട്ട് ബിജപിയോടൊപ്പം ചേർന്നു. 182 നിയമസഭ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ 70ൽ അധികം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കാൻ ഇവർക്കു കഴിയും. ഇവിടെ 15 ശതമാനമോ അതിൽ കൂടുതലോ വോട്ടർമാർ പട്ടേൽ സമുദായക്കാരാണ്.

ആറു കോടി ജനസംഖ്യയുള്ള ഗുജറാത്തിൽ ഏകദേശം 1214 ശതമാനം പട്ടേൽ സമുദായക്കാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വോട്ട് വിഹിതം പരിശോധിച്ചാൽ അതിൽ നാലിൽ ഒന്നും പട്ടേൽ വിഭാഗത്തിൽനിന്നാണ്. 2012ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച 48 ശതമാനം വോട്ടുവിഹിതത്തിൽ 11 ശതമാനവും പട്ടേൽ സമുദായത്തിൽനിന്നാണ്. ഗുജറാത്ത് മന്ത്രിസഭ അഴിച്ചുപണിയിലും കേന്ദ്ര മന്ത്രിസഭാ വികസനത്തിലും പട്ടേൽ വിഭാഗത്തിനു വലിയ പരിഗണന നൽകിയതും സമുദായത്തെ ഇണക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്.

ദാദയുടെ കുതിപ്പ്

ഇന്ന് ഗാന്ധിനഗറിൽ ചേർന്ന നിയമസഭാ കക്ഷിയോഗമാണ് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 59കാരനായ ഭൂപേന്ദ്ര പട്ടേൽ, കട്വ പട്ടീദാർ അഥവാ പട്ടേൽ സമുദായാംഗമാണ്. കൂടാതെ സർദാർ ധാം, വിശ്വ ഉമിയ ഫൗണ്ടേഷൻ എന്നീ പട്ടീദാർ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. സ്വാധീനശക്തിയും നിർണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാർ സമുദായം. ബിജെപിക്ക് വീണ്ടും ഭരണത്തുടർച്ച സമ്മാനിക്കാൻ ഈ സമുദായത്തിന് വലിയ പങ്കുണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിൽപ്പരം വോട്ടിനാണ് കോൺഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്. സിവിൽ എൻജിനീയറിങ്ങിൽ ഭൂപേന്ദ്ര പട്ടേൽ ഡിപ്ലോമ നേടിയ ഭൂപേന്ദ്ര 1999-2000 കാലത്ത് മേംനഗഗർ മുൻസിപ്പാലിറ്റി അധ്യക്ഷനായിരുന്നു. 2008-10 വർഷങ്ങളിൽ എ.എം.സി. സ്‌കൂൾ ബോർഡ് വൈസ് ചെയർമാനുമായിരുന്നു. 2010-15ൽ തൽതേജ് വാർഡിൽനിന്നുള്ള കൗൺസിലറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP