Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

തലപ്പത്ത് മോദിയോ അമിത്ഷായോ? ട്രസ്റ്റികളുടെ എണ്ണം ഏഴോ ഒമ്പതോ? രാംലല്ലയ്ക്ക് വേണ്ടി കേസിൽ സുപ്രീംകോടതിയിൽ വാദിച്ച കെ.പരാശരൻ സി എസ് വൈദ്യനാഥൻ എന്നിവരെ ട്രസ്റ്റി ബോർഡിൽ ഉൾപ്പെടുത്തുമോ? സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ട്രസ്റ്റിയാക്കുമോ? അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് രൂപീകരിക്കാൻ പ്രധാനമന്ത്രി അടുത്താഴ്ച യോഗം വിളിക്കുമ്പോൾ മനസിലുണ്ടാവുക സോമനാഥ് ട്രസ്റ്റിന്റെ മാതൃക

തലപ്പത്ത് മോദിയോ അമിത്ഷായോ? ട്രസ്റ്റികളുടെ എണ്ണം ഏഴോ ഒമ്പതോ? രാംലല്ലയ്ക്ക് വേണ്ടി കേസിൽ സുപ്രീംകോടതിയിൽ വാദിച്ച കെ.പരാശരൻ സി എസ് വൈദ്യനാഥൻ എന്നിവരെ ട്രസ്റ്റി ബോർഡിൽ ഉൾപ്പെടുത്തുമോ? സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ട്രസ്റ്റിയാക്കുമോ? അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് രൂപീകരിക്കാൻ പ്രധാനമന്ത്രി അടുത്താഴ്ച യോഗം വിളിക്കുമ്പോൾ മനസിലുണ്ടാവുക സോമനാഥ് ട്രസ്റ്റിന്റെ മാതൃക

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അയോധ്യ കേസിൽ വിധി വന്നതോടെ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ഇനി രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് രൂപീകരണത്തിലാണ്. ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ മാതൃകയിലാവും അയോധ്യ ക്ഷേത്ര ട്രസ്റ്റും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ട്രസ്റ്റിന്റെ ഘടനയും ഭരണഘടനയും സംബന്ധിച്ച് സോമനാഥ ക്ഷേത്ര ട്രസ്റ്റ് ഏതാനും മാസങ്ങൾക്ക് മുമ്പേ കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അഭിപ്രായം തേടിയിരുന്നതായി ട്രസ്റ്റിയായ മുൻ ഗുജറാത്ത് ചീഫ് സെക്രട്ടറി പ്രവീൺ ലഹേരി വെളിപ്പെടുത്തി. എന്നാൽ, കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏതായാലും സോമനാഥ ക്ഷേത്രട്രസ്റ്റിനെ മാതൃകയാക്കാൻ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം എന്നറിയുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരം അയോദ്ധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനമുണ്ടാക്കാനാണ് നിർദ്ദേശം.

അടുത്ത ആഴ്ച അയോധ്യക്ഷേത്ര നിർമ്മാണ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേർക്കുന്നുണ്ട്. 1045 പേജ് വരുന്ന സുപ്രീംകോടതി വിധി വിശദമായി പഠിച്ച ശേഷവും, മന്ത്രിതല ചർച്ചകൾക്ക് ശേഷവുമായിരിക്കും അന്തിമ തീരുമാനം. സർക്കാർ ഫണ്ട് സ്വീകരിക്കാതെ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചായിരിക്കും അയോധ്യ ട്രസ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയെന്നും സൂചനയുണ്ട്.

Stories you may Like

സോമനാഥ് ട്രസ്റ്റിൽ, ലഹേരിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുതിർന്ന നേതാവ് എൽ.കെ.അദ്വാനി, വ്യവസായി ഹർഷവർദ്ധൻ നിയോത്തിയ, പ്രൊഫസർ ജിവൻഭായി പർമർ എന്നിവരാണ് അംഗങ്ങൾ. ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായി പട്ടേലാണ് ട്രസ്റ്റിന്റെ ചെയർമാൻ. അയോധ്യ ട്രസ്റ്റിൽ മോദിയും അമിത്ഷായും ബോർഡ് അംഗങ്ങൾ ആയിരിക്കുമെന്ന് ഉറപ്പാണ്. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിക്കണമെന്നാണ് സുപ്രീം കോടതി വിധിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് തർക്കഭൂമിക്ക് പുറത്തുനൽകണമെന്നും ഉത്തരവിലുണ്ട്.

അയോധ്യട്രസ്റ്റിൽ അംഗങ്ങളെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ട്രസ്റ്റിൽ എത്ര അംഗങ്ങൾ വേണമെന്ന കാര്യവും തീരുമാനിക്കണം. മൂന്നുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നാണ് വിധിയിൽ പറയുന്നത്. ആരൊക്കെയാണ് അംഗങ്ങൾ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. സോമനാഥ് ട്രസ്റ്റിൽ ഏഴ് അംഗങ്ങളാണുള്ളത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലായിരിക്കും ട്രസ്റ്റ് രൂപീകരിക്കുക എന്നാണ് സൂചന. ഇക്കാര്യത്തിൽ മന്ത്രാലയം ജോലികൾ തുടങ്ങിക്കഴിഞ്ഞു.

അതിനിടെ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഖനന-പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തിയ തെളിവുകൾ പുസ്തകരൂപത്തിൽ ആക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം. പുരാവസ്തുവകുപ്പ് മികച്ച പര്യവേക്ഷണമാണ് നടത്തിയതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വിശ്വാസികൾ പണം നൽകും; ക്ഷേത്രം ഉയരും

സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ മാതൃകയിൽ അയോധ്യ ട്രസ്റ്റ് രൂപീകരിച്ച ശേഷം വിശ്വാസികളുടെ സംഭാവനകൾ ഉപയോഗിച്ചായിരിക്കും ക്ഷേത്രം നിർമ്മിക്കുക എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാക്കൾ പറയുന്നു.സർക്കാർ ക്ഷേത്രത്തിനായി പണം മുടക്കില്ല എന്ന് വ്യക്തമായി കഴിഞ്ഞു. വിശ്വാസികളോട് ഫണ്ടിനായി അഭ്യർത്ഥിച്ചാൽ, പണത്തിന്റെ വൻപ്രവാഹമായിരിക്കും, വിഎച്ച്പി നേതാക്കൾ പറയുന്നു.

നവംബർ മൂന്നാം  വാരത്തോടെ ട്രസ്റ്റിൽ തീരുമാനം

സുപ്രീം കോടതി നിർദ്ദേശപ്രകാരം ട്രസ്റ്റ് രൂപീകരിക്കാൻ കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് ഉടൻ തന്നെ വിഷയം നോട്ടായി മന്ത്രിസഭയിൽ അവതരിപ്പിക്കും. നവംബർ മൂന്നാം വാരത്തോടെ തീരുമാനമായേക്കും. സമയം പാഴാക്കാതെ കാര്യങ്ങൾ ചെയ്യുക, അതാണ് മോദിയുടെ നിർദ്ദേശം.
ക്ഷേത്ര ട്രസ്റ്റിന്റെ നോഡൽ മന്ത്രാലയം സാംസ്‌കാരിക വകുപ്പ് ആയിരിക്കുമ്പോൾ, നിയമമന്ത്രാലയത്തിനായിരിക്കും നിയമകാര്യങ്ങളുടെ മേൽനോട്ടം. സർക്കാരിന്റെ പരിഗണനയ്ക്കായി സ്ുപ്രീം കോടതിയുടെ നിയമ ഉദ്യോഗസ്ഥർ വിധിയുടെ പധാന പോയിന്റുകൾ ക്രോഡീകരിച്ച് നൽകിയിട്ടുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 18 ന് തുടങ്ങാനിരിക്കെ ട്രസ്റ്റി അംഗങ്ങളുടെ കാര്യത്തിൽ അതിന് മുമ്പ് തീരുമാനം എടുത്തേക്കും. സോമനാഥ ക്ഷേത്രം. വൈഷ്‌ണോ ദേവി ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം എന്നിവയുടെ ട്രസ്റ്റുകൾ രൂപീകരിച്ച്ത് സംബന്ധിച്ച വിശദപഠനം നടത്തിയ ശേഷമായിരിക്കും അയോധ്യ ട്രസ്റ്റിന്റെ നിയമാവലിയും മറ്റും തീരുമാനിക്കുക.

സർക്കാരിന് എടുക്കേണ്ട തീരുമാനങ്ങൾ

അയോധ്യ ട്രസ്റ്റിനെ നയിക്കേണ്ടത് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ?
സോമനാഥ ക്ഷേത്രം പോലെ ട്രസ്റ്റികളുടെ എണ്ണം ഏഴോ ഒമ്പതോ?
യുപി സർക്കാരിൽ നിന്നുള്ള എത്ര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം?
രാംലല്ലയ്ക്ക് വേണ്ടി കേസിൽ സുപ്രീംകോടതിയിൽ വാദിച്ച കെ.പരാശരൻ, സി.എസ്.വൈദ്യനാഥൻ എന്നിവരെ ട്രസ്റ്റി ബോർഡിൽ ഉൾപ്പെടുത്തണമോ?
കേസിലെ വ്യവഹാരികളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുമോ?
സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ട്രസ്റ്റിയാക്കുമോ? ഗൊഗോയിയുടെ നിയമപരിജ്ഞാനം ട്രസ്റ്റിന് ഉപയോഗപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ കരുതുന്നു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിവിധ മതനേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു. അയോധ്യ വിധിക്ക് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകരമായിരുന്നു കൂടിക്കാഴ്‌ച്ച. നവംബർ 14 ന് സെക്രട്ടറിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP