Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോഡ്‌സെ രാജ്യസ്‌നേഹി..അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും; അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി ഇത്തരക്കാർക്ക് കിട്ടും: ഗോഡ്‌സെയെ ആദ്യത്തെ ഹിന്ദുതീവ്രവാദി എന്ന് വിശേഷിപ്പിച്ച കമൽഹാസന് മറുപടിയുമായി പ്രഗ്യ സിങ് ടാക്കൂർ; അവസാനഘട്ടത്തിൽ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ ഒരുങ്ങി ബിജെപി

ഗോഡ്‌സെ രാജ്യസ്‌നേഹി..അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും; അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി ഇത്തരക്കാർക്ക് കിട്ടും: ഗോഡ്‌സെയെ ആദ്യത്തെ ഹിന്ദുതീവ്രവാദി എന്ന് വിശേഷിപ്പിച്ച കമൽഹാസന് മറുപടിയുമായി പ്രഗ്യ സിങ് ടാക്കൂർ; അവസാനഘട്ടത്തിൽ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ ഒരുങ്ങി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ഭോപ്പാൽ: ഗോഡ്‌സെയെ ഹിന്ദുതീവ്രവാദിയെന്ന് വിളിച്ചവർക്ക് തിരിച്ചടി കിട്ടുമെന്ന് പ്രഗ്യ സിങ് ടാക്കൂർ. ഗോഡ്‌സെയെ ആദ്യ ഹിന്ദുതീവ്രവാദിയെന്ന് വിശേഷിപ്പിച്ച മക്കൾ നീതി മയ്യം നേതാവ് കമൽഹാസന് മറുപടി നൽകുകയായിരുന്നു അവർ. ഗോഡ്‌സെ ദേശഭക്തനാണ്. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അദ്ദേഹത്തെ തീവ്രവാദി എന്നുവിളിക്കുന്നവർ ആത്മപരിശോധന നടത്തണം. അത്തരക്കാർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അർഹിക്കുന്ന മറുപടി ഈ തിരഞ്ഞെടുപ്പിൽ കിട്ടുമെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പറഞ്ഞു.

തന്റെ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കമൽഹാസൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗോഡ്‌സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ്. താൻ ചരിത്രസത്യം മാത്രമാണ് പറഞ്ഞത്. ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളാണ് തെറ്റുകാരെന്നും കമൽ തിരുപ്പറംകുണ്ട്രം തോപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു

ഹിന്ദു തീവ്രവാദത്തെക്കുറിച്ചുള്ള പാർട്ടി അധ്യക്ഷൻ കമൽഹാസന്റെ പരാമർശത്തിൽ വിശദീകരണവുമായി മക്കൾ നീതി മയ്യം രംഗത്തെതി. കമലിന്റെ പരാമർശത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ഹിന്ദുവിരുദ്ധമായി ചിത്രീകരിച്ചെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഇതിനിടെ കമൽഹാസനെതിരെ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി.

മതങ്ങളുടെ സഹിഷ്ണുതയും വർഗീയചേരിതിരിവില്ലാത്ത സമൂഹനിർമ്മിതിയും മുന്നിൽക്കണ്ട് നടത്തിയ പ്രസംഗത്തിലെ ഒരുഭാഗമാണ് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കിയതെന്ന് മക്കൾ നീതി മയ്യം വിശദീകരിച്ചു. ഏത് മതവിഭാഗത്തിൽ നിന്നുള്ള തീവ്രവാദവും ഒരുപോലെ എതിർക്കപ്പെടേണ്ടതും ചെറുത്ത് തോൽപ്പിക്കേണ്ടതുമാണ് എന്ന സന്ദേശമാണ് പ്രസംഗത്തിലുടനീളം പാർട്ടി അധ്യക്ഷൻ നൽകിയത്. അതിൽ നിന്ന് ഒരുഭാഗം മാത്രമെടുത്ത് പെരുപ്പിച്ചുകാട്ടി ഹിന്ദുവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

അധികാരപരിധിയിൽ പെടാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ കേസെടുക്കണമെന്ന പൊതുതാൽപര്യഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കോടതി വ്യക്തമാക്കയിരുന്നു. കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. സമാനമായ പരാതിയിൽ കമൽഹാസനെതിരെ തമിഴ്‌നാട് ആൽവാക്കുറിച്ചി പൊലീസ് കേസെടുത്തിരുന്നു.

പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമൽഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വലതു പക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ഒരു തുറന്ന പോരിനാണ് കമൽ ഹാസൻ വഴിതുറന്നിരിക്കുന്നത്. അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യം സ്ഥാനാർത്ഥി എസ്. മോഹൻരാജിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കമൽ. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്. മുസ്ലിങ്ങൾ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്. നല്ലൊരു ഇന്ത്യക്കാരൻ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയിൽ മൂന്ന് നിറങ്ങളും നിലനിൽക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാൻ മടിയില്ല'- കമൽഹാസൻ പറഞ്ഞു.മെയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് അരവാകുറിച്ചി.

നേരത്തെ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയിൽ തമിഴ്‌നാട്ടിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കെതിരെ കമൽ ഹാസൻ രംഗത്തെത്തിയിരുന്നു. ഭരണപാർട്ടിയായ എ.ഐ.എ.ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കുമെതിരെ ഒരു രാഷ്ട്രീയ വിപ്ലത്തിന്റെ വക്കിലാണ് തമിഴ്‌നാട് എന്നായിരുന്നു വിമർശനം. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഈ ദ്രവീഡിയൻ പാർട്ടികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 നവംബറിലും 'ഹിന്ദു വിഘടനവാദം' എന്ന വാക്ക് ഉപയോഗിച്ച് കമൽഹാസൻ വിവാദമുണ്ടാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP