Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

പരീക്കറുടെ മകൻ അടക്കം ബിജെപി വിട്ടതോടെ ഗോവയിൽ കോൺഗ്രസിന് ലോട്ടറി അടിക്കുമോ? പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതിയ പാർട്ടിക്ക് ബിജെപിയിലെ കലഹങ്ങൾ പ്രതീക്ഷയാകുന്നു; ബിജെപിയിൽ നിന്നും സീറ്റുകിട്ടാതെ മറുകണ്ടം ചാടിയവരിൽ സീറ്റ് നിേഷധിക്കപ്പെട്ട മൂന്ന് മുതിർന്ന നേതാക്കളും; 2017നു കണക്ക് തീർക്കാൻ കോൺഗ്രസ്

പരീക്കറുടെ മകൻ അടക്കം ബിജെപി വിട്ടതോടെ ഗോവയിൽ കോൺഗ്രസിന് ലോട്ടറി അടിക്കുമോ? പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതിയ പാർട്ടിക്ക് ബിജെപിയിലെ കലഹങ്ങൾ പ്രതീക്ഷയാകുന്നു; ബിജെപിയിൽ നിന്നും സീറ്റുകിട്ടാതെ മറുകണ്ടം ചാടിയവരിൽ സീറ്റ് നിേഷധിക്കപ്പെട്ട മൂന്ന് മുതിർന്ന നേതാക്കളും; 2017നു കണക്ക് തീർക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തെരഞ്ഞെടുപ്പു വേളയിൽ ഗോവയിലെ ബിജെപിക്ക് അടിമുടി പിഴയ്ക്കുമ്പോൾ പ്രതീക്ഷയോടെ കോൺഗ്രസ്. മുൻ പ്രതിരോധമന്ത്രിയും ഗോവ മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടതാണ് അവർക്കേറ്റ ഏറ്റവും വലിയ തിരിച്ചടി. മനോഹർ പരീക്കർ കാൽ നൂറ്റാണ്ടായി മത്സരിച്ചിരുന്ന പനജി സീറ്റ് നിഷേധിച്ചതു കൊണ്ടാണ് ഉത്പൽ പരീക്കർ പാർട്ടി വിടുന്നത്. സ്വതന്ത്രനായി ജനവിധി തേടാനാണ ഉത്പലിന്റെ തീരുമാനം. ഇതോടെ എതിർചേരിയിലുള്ള കോൺഗ്രസിന് പ്രതീക്ഷ വർധിക്കുകയാണ്.

2019 ൽ കോൺഗ്രസിൽ നിന്നെത്തിയ അതനാസിയോ ബാബുഷ് മൊൺസെരാറ്റെയ്ക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. പരീക്കറുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി കോൺഗ്രസിനു തിളക്കമേറിയ വിജയം സമ്മാനിച്ച ബാബുഷ് പിന്നീട് മറ്റ് 9 കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്കു പോകുകയായിരുന്നു. ഇത്തവണ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്. വിജയസാധ്യതയുള്ള മറ്റൊരു സീറ്റും പദവികളുമടക്കം പല വാഗ്ദാനങ്ങൾ ബിജെപി നേതൃത്വം മുന്നോട്ടുവച്ചെങ്കിലും ഉത്പൽ പനജി സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

സീറ്റ് നിേഷധിക്കപ്പെട്ടതിനെ തുടർന്ന് 3 മുതിർന്ന നേതാക്കളുാണ് ബിജെപി വിട്ടിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ദീപക് പൗസ്‌കർ, ഡപ്യൂട്ടി സ്പീക്കർ ഇസിഡോർ ഫെർണാണ്ടസ്, ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്ലേക്കറുടെ ഭാര്യയും മഹിളാ മോർച്ച നേതാവുമായ സാവിത്രി കവ്ലേക്കർ എന്നിവരാണ് രാജിവച്ചത്. സീറ്റ് ലഭിക്കാത്ത മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രകടന പത്രികയുടെ ചുമതലയുള്ള നേതാവുമായ ലക്ഷ്മികാന്ത് പർസേക്കറും പാർട്ടി വിടാൻ ഒരുങ്ങുകയാണ്.

പരീക്കറുടെ മകനും മറ്റു 4 നേതാക്കളും സ്വതന്ത്രരായി കളത്തിലിറങ്ങുന്നത് ബിജെപിക്കു ക്ഷീണമാകും. സംസ്ഥാനത്ത് പാർട്ടി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പരീക്കറുടെ കുടുംബത്തെ തള്ളി കോൺഗ്രസിൽനിന്നു വന്നയാൾക്കു സീറ്റ് നൽകിയത് ന്യായീകരിക്കാൻ പാർട്ടി വിഷമിക്കേണ്ടിവരും.

അതസമയം അഞ്ചുവർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മുൻപ് പരീക്കറിനുണ്ടായിരുന്ന പ്രതിച്ഛായയല്ല പ്രമോദ് സാവന്തിനുള്ളത്. അന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യവുമല്ല ഇപ്പോഴുള്ളത്. സാവന്തിന്റെ ഭരണരീതിയിൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അസംതൃപ്തി നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. പലരീതിയിലായി മുതിർന്ന നേതാക്കളുടെ കൂടുമാറ്റത്തിലുടെ അത് പുറത്താകുകയും ചെയ്തു. ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് പരീക്കറിനു കിട്ടിയ സ്നേഹവും പിന്തുണയും സാവന്തിനു കിട്ടില്ലെന്നതാണ്.

സാവന്തിന്റെ ഭരണത്തിലും ഹിന്ദുത്വ വിഭജനരാഷ്ട്രീയത്തിലും കടുത്ത അസംതൃപ്തിയുണ്ട് ഗോവയിലെ ക്രിസ്ത്യൻ സമൂഹത്തിന്. കൂടെ അയൽസംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെ നടക്കുന്ന ഹിന്ദുത്വവേട്ടയും ഇവർക്കിടയിൽ ഭീതിയായി പടർന്നിട്ടുണ്ട്. ലോബോയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ ഇത്തവണത്തെ ക്രിസ്ത്യൻ വോട്ടിന്റെ ട്രെൻഡ് ബിജെപിക്ക് അനുകൂലമല്ലെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞു.

അതേസമയം 2017നു കണക്ക് തീർക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ബിജെപിയുടെ തുടർഭരണത്തിലുള്ള വിരുദ്ധ വികാരം മുതലെടുത്തായിരുന്നു 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണം. ഒരിടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ തിരിച്ചുവരവും നടത്തി. 40ൽ 17 സീറ്റും നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് ലഭിച്ചത് 13 സീറ്റ് മാത്രം. എംജിപി, ഗോവ ഫോർവേഡ് പാർട്ടി(ജിഎഫ്പി) എന്നീ കക്ഷികൾക്ക് മൂന്ന് സീറ്റ് വീതം ലഭിച്ചു. മൂന്ന് സ്വതന്ത്രന്മാരും വിജയിച്ചു. എൻസിപിക്ക് ഒരിടത്തും ജയിച്ചു. എൻസിപിയുടെ ഒരു സീറ്റിനു പുറമെ രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണ മാത്രം ലഭിച്ചാൽ മതിയായിരുന്നു കോൺഗ്രസിന് അധികാരം പിടിക്കാൻ.

സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദ്വിഗ്വിജയ് സിങ്ങും മറ്റുനേതാക്കളും പനാജിയിലെ മാണ്ഡവി ഹോട്ടലിൽ ക്യാംപ് ചെയ്തായിരുന്നു സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച് മൂന്നു പ്രമുഖ നേതാക്കൾ കണ്ണുംനട്ടിരിപ്പുണ്ടായിരുന്നു; സംസ്ഥാന പ്രസിഡന്റ് ലൂസിഞ്ഞോ ഫലെയ്റോ, മുൻ മുഖ്യമന്ത്രിമാരായ പ്രതാപ്സിങ് റാണെ, ദിഗംബർ കാമത്ത് എന്നിവർ. മൂന്നിൽ ആര് മുഖ്യമന്ത്രിയാകുന്നതും മറ്റുള്ളവർക്ക് സമ്മതമായിരുന്നില്ല. ഇതോടെ ഏറെവൈകിയും കോൺഗ്രസ് നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കാനായില്ല. ഇതോടെ അസംതൃപ്തരായ നേതാക്കന്മാർ ഹോട്ടലിൽനിന്ന് പുറത്തിറങ്ങി.

കോൺഗ്രസ് ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ ഇനിയും കഷ്ടപ്പെടുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാരെക്കൂട്ടി സർക്കാർ രൂപീകരണത്തിനുള്ള അവകാശം തേടി ബിജെപി നേതാക്കൾ രാജ്ഭവനിലെത്തുന്നത്. എംജിപിക്കും ജിഎഫ്പിക്കുമൊപ്പം സ്വതന്ത്ര എംഎൽഎമാരും പിന്തുണ ഉറപ്പാക്കിയതോടെ ബിജെപി മുന്നണിയുടെ അംഗസംഖ്യ 21 ആയി. അങ്ങനെയാണ് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറിനെ വീണ്ടും ഗോവയെ നയിക്കാൻ ബിജെപി തിരിച്ചയക്കുന്നത്. കോൺഗ്രസിനതൊരു ഞെട്ടലായിരുന്നെങ്കിൽ ബിജെപി വിരുദ്ധ ചേരിക്കെല്ലാം കടുത്ത നിരാശയാണ് ഗോവയിലെ സംഭവവികാസങ്ങൾ സമ്മാനിച്ചത്.

രാജ്യവ്യാപകമായി ബിജെപി മുന്നേറ്റം തുടരുമ്പോൾ ഒരു സംസ്ഥാനം കൈയിൽ കിട്ടിയിട്ടും സർക്കാരുണ്ടാക്കാനാകാത്ത കോൺഗ്രസിന്റെ ദയനീയസ്ഥിതി ഏറെ വിമർശിക്കപ്പെട്ടു. ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നേറ്റത്തെ നയിക്കാനുള്ള കോൺഗ്രസിന്റെ യോഗ്യത ഉറക്കെ ചോദ്യം ചെയ്യപ്പെട്ടു. കോൺഗ്രസിന് അപ്പാടെ നാണക്കേടായ ആ 2017ലെ വഞ്ചനയ്ക്ക് തിരിച്ചടി നൽകുക എന്നതുതന്നെയാകും കോൺഗ്രസിന്റെ ഒന്നാമത്തെ അജണ്ട. കോൺഗ്രസിനിത്തവണ ശരിക്കുമൊരു പ്രസ്റ്റീജ് പോരാട്ടം. ദേശീയരാഷ്ട്രീയത്തിൽ പ്രതിപക്ഷനിരയെ നയിക്കാനുള്ള തങ്ങളുടെ അർഹതയ്ക്കുനേരെ വിവിധ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ചോദ്യങ്ങളുയരുമ്പോൾ കോൺഗ്രസിന് ജയിച്ചേമതിയാകൂ. കറുത്ത കുതിരയാകാൻ തൃണമൂലും രംഗത്തുണ്ട്.

ഗോവയിൽ അവസാനലാപ്പിലുള്ള തൃണമൂലിന്റെ രംഗപ്രവേശം തന്നെയാണ് ഇത്തവണത്തെ സർപ്രൈസ് നീക്കം. ദേശീയരാഷ്ട്രീയത്തിലേക്ക് വേരുകൾ പടർത്താനുള്ള മമതയുടെ മോഹങ്ങളുടെ ആദ്യ പരീക്ഷണശാലയാകാനൊരുങ്ങുകയാണ് ഗോവ. ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്സിനെ ഇറക്കിയാണ് തൃണമൂലിന്റെ 'എയ്സ്'. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നത് പ്രശാന്ത് കിഷോറും പ്രചാരണതന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത് പാർട്ടിയുടെ വൈബ്രന്റ് എംപി മഹുവ മൊയ്ത്രയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP