Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ്ടു കഴിഞ്ഞവർക്ക് 25,000 രൂപയും ഡിഗ്രി കഴിഞ്ഞവർക്ക് 50,000 രൂപയും ധനസഹായം; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ നിതീഷ് കുമാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇങ്ങനെ

പ്ലസ്ടു കഴിഞ്ഞവർക്ക് 25,000 രൂപയും ഡിഗ്രി കഴിഞ്ഞവർക്ക് 50,000 രൂപയും ധനസഹായം; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ നിതീഷ് കുമാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാട്ന: പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായതോടെ ഭരണമുന്നണിയായ എൻഡിഎയിൽ ഭരണത്തുടർച്ച സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. കോൺ​ഗ്രസിനൊപ്പം ഇടത് പാർട്ടികളെയും ഒപ്പം നിർത്തി മഹാസഖ്യം രൂപീകരിക്കുന്നതിൽ ആർജെഡി വിജയം കണ്ടപ്പോൾ എൻഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി മുന്നണിയിൽ ഇല്ലാത്തത് മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉയർത്തുന്ന ഭീഷണി ചെറുതല്ല. ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുകയും അതേ സമയം ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്യുന്ന അടവ് നയം എൽജെപി സ്വീകരിച്ചതോടെ തന്റെ കസേരക്ക് സ്ഥാനചലനം സംഭവിക്കുമോ എന്ന ആശങ്കയും നിതീഷ് കുമാറിനുണ്ട്. ഭൂരിപക്ഷം സീറ്റുകൾ ബിജെപിക്ക് ലഭിച്ചാലും മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകും എന്ന് ബിജെപി നേതൃത്വം ആവർത്തിക്കുന്നുണ്ട് എങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അത് എത്രത്തോളം പ്രായോ​ഗികമാകും എന്ന കാര്യത്തിൽ ജെഡിയു ക്യാമ്പിൽ ആശങ്ക ഉയരുന്നുണ്ട്. അതിനാൽ പരമാവധി സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷി ആകുകയാണ് നിതീഷ് കുമാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യം വെച്ച് ജനപ്രിയ പ്രഖ്യാപനങ്ങളാണ് നിതീഷ് കുമാർ നടത്തുന്നത്.

അധികാര തുടർച്ചകിട്ടിയാൽ പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികൾക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവർക്ക് 50000 രൂപയും വെച്ച് ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം. നേരത്തെ എഞ്ചിനീയറിങ് പഠിക്കാൻ വിദ്യാർത്ഥികൾ ബീഹാറിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാൽ ഇപ്പോൾ ബീഹാറിൽ മികച്ച എഞ്ചിനീയറിങ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകൾ ഇത്തരത്തിൽ സ്ഥാപിക്കാനായെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കാൻ പോകുന്നത്. അതുവഴി ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും കഴിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ഐ.ടികളും ഐ.ടി.ഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

‘ചില രാഷ്ട്രീയക്കാർ അവരുടെ കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, അവരുടെ ഭാര്യയ്ക്ക് വേണ്ടി മകന് വേണ്ടി മകൾക്ക് വേണ്ടി ബന്ധുക്കൾക്ക് വേണ്ടി എല്ലാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്’, നിതീഷ് കുമാർ പറഞ്ഞു. സ്ത്രീകളോട് സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവർ വളരെ അറിവുള്ളവരാണ്, സ്ത്രീകൾ ഇല്ലാതെ വികസനം നടക്കുമോ? സ്ത്രീകളുടെ വിദ്യാഭ്യാസം തന്നെയാണ് വികസനത്തിലേക്കുള്ള ചവിട്ടുപടി. വനിതാ ശാക്തീകരണത്തിനായി ഞങ്ങൾ എന്നും പ്രവർത്തിച്ചിട്ടുണ്ട്, സ്ത്രീകൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകളെ ആശ്രയിക്കാതെ തന്നെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സംസ്ഥാനത്ത് നിന്നുള്ളവരെ തന്നെ പരിശീലിപ്പിക്കും. ഇതിനായുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നും അ​ദ്ദേഹം പറഞ്ഞു.

ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാർ ഇലക്ഷൻ നടക്കുക. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും. ആർജെഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികൾ ചേർന്നുള്ള മഹാസഖ്യമായാണ്‌ ബിഹാറിൽ മത്സരിക്കുന്നത്. ഉപേന്ദ്ര കുശ്വഹയുടെ ആർഎൽഎസ്‌പി മഹാസഖ്യം ഉപേക്ഷിച്ച് ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി. ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച്എം) അധ്യക്ഷൻ ജിതിൻ റാം മഞ്ജി എൻഡിഎയിൽ ചേർന്നു. ലോക് ജനശക്തി പാർട്ടി (എൽജെപി)എൻഡിഎയോടൊപ്പമാണ് മത്സരിക്കുന്നത്. എൻഡിഎയിലാണെങ്കിലും ജെഡിയു മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്‌.

അതേസമയം, തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിനായി കോൺഗ്രസിന്റെ യോഗം ഇന്ന് നടക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർണമായതിന് ശേഷം, കോൺഗ്രസിന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഒക്ടോബർ 23നാണ് രാഹുലിന്റെ ആദ്യ റാലി തീരുമാനിച്ചിരിക്കുന്നത്. 243 സീറ്റുകളുള്ള ബിഹാറിൽ എഴുപത് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിലാണ് തെരഞ്ഞെടുപ്പ്. നവംബർ പത്തിന് ഫലപ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP