Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച മൂന്നു വെടിയുണ്ടകൾ; രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് 75 വയസ്; ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച മൂന്നു വെടിയുണ്ടകൾ; രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് 75 വയസ്;  ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യത്തിന്റെ പുതുതലമുറ അടക്കം എല്ലാവർക്കും എന്നും അനുഭവവേദ്യമാകുന്ന ഇടമാണ് ഡൽഹി ബിർള ഹൗസ്. ജീവിതം പോലെതന്നെ നിത്യപ്രസക്തമായി തുടരുന്ന രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ഇടം.

1947 സെപ്റ്റംബർ 9 ന് ബിർള ഹൗസിൽ എത്തിയതായിരുന്നു ഗാന്ധിജി. 144 ദിവസം ഇവിടെ തങ്ങി. ഉപ പ്രധാനമന്ത്രി വല്ലഭായ് പട്ടേലുമായി ചർച്ചയിലായിരുന്ന ഗാന്ധി. അന്ന് സമയം വൈകിയതിനാൽ എഴുന്നേറ്റു. അതിവേഗത്തിൽ പ്രാർത്ഥന മണ്ഡപത്തിലേക്ക് നീങ്ങി. മനുവും ആബെയും ഒപ്പം. പ്രാർത്ഥന മണ്ഡപത്തിലേക്കെത്താനിനി അഞ്ചടി മാത്രം. പെട്ടെന്ന് അടുത്തേക്ക് ഒരു 35 വയസുകാരൻ എത്തി. ഗാന്ധിയെ വണങ്ങുന്നതുപോലെ കുനിഞ്ഞഴുന്നേറ്റു. ഗോഡ്‌സെ എന്ന ഘാതകൻ. ആ ദുർബലമായ ശരീരത്തിലേക്ക് മൂന്ന് തവണ നിറയൊഴിച്ചു. ആ മുറിവേറ്റത് സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിലായിരുന്നു.

സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ വളർച്ചയാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കും മുൻപേ അദ്ദേഹം വീണു പോയി. ഒരു മതഭ്രാന്തന്റെ തോക്കിൽ നിന്നു വന്ന മൂന്നു ബുള്ളറ്റുകൾ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കുമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ്.

1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സേയുടെ തോക്കിന് ഗാന്ധിജി ഇരയാകുന്നത്. പ്രാർത്ഥന യോഗത്തിനിടെയായിരുന്നു അത്. ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിക്കാനായി എത്തിയ ആൾ ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. വെടിയേറ്റ് നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികളാണുണ്ടായിരുന്നത്. ഒരു മനുഷ്യായുസ് മുഴുവൻ പോരാടി നേടിയ സ്വതന്ത്ര്യ ഇന്ത്യയിൽ ഗാന്ധിജിയുടെ 168ാം ദിവസം മാത്രമായിരുന്നു അത്.

മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാൻ ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇങ്ങനെ മന്ത്രിച്ചു;' നമ്മുടെ ജീവിതങ്ങളിൽനിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സർവവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു...' എന്നാൽ ആ വെളിച്ചം ഇന്നും ഇന്ത്യയിൽ അവശേഷിക്കുകയാണ്.

ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി

1948 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു. ഡൽഹിയിൽ, ആൽബുഖർഖ് റോഡിലെ ബിർള ഹൗസിൽ, പുലർച്ചെ 3.30ന് ഗാന്ധിജി ഉറക്കമുണരുന്നു; സഹായികളിൽ മനുവും ബ്രിജ് കൃഷ്ണ ഛന്ദിവാലയും ഉണർന്നിട്ടുണ്ട്. 3.45ന് ഗാന്ധിജി പ്രാർത്ഥനയ്ക്കായി വരാന്തയിലേക്കു നടക്കുന്നു.

ആഭ അപ്പോഴും ഉറക്കത്തിലാണ്. ആഭ തന്നെ വിട്ടുപോകുന്നതാവും ഉചിതമെന്നും ഇത്തരം രീതികൾ തനിക്ക് അനിഷ്ടമുണ്ടാക്കുന്നുവെന്നും ഇതൊക്കെ കാണാൻ ഇടവരുത്തുന്ന ജീവിതം തുടരാൻ ഈശ്വരൻ ദീർഘായുസ്സ് തരാതിരിക്കട്ടെയെന്നും ഗാന്ധിജി പിറുപിറുക്കുന്നു. പ്രാർത്ഥനയ്ക്കു ശേഷം ഗാന്ധിജി സഹായികൾക്കൊപ്പം മുറിയിലേക്ക്.

ജോലികളിലേക്കു കടക്കുകയാണ്. ഉണർന്ന ആഭ സഹായിക്കാനെത്തുന്നു; ഗാന്ധിജി ഗൗനിക്കുന്നില്ല. അദ്ദേഹം പഴ്‌സനൽ സെക്രട്ടറി വി.കല്യാണവുമായി സംസാരത്തിലാണ്. ഫെബ്രുവരി രണ്ടു മുതൽ 10 ദിവസം ഗാന്ധിജിക്കു സേവാഗ്രാം സന്ദർശിക്കണം. തയ്യാറെടുപ്പുകൾ വേണം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുള്ള പുതിയ ഭരണഘടനയുടെ കരട് ഗാന്ധിജി തലേന്നു തയാറാക്കിയിരുന്നു. അതു ടൈപ്പ് ചെയ്തത് കല്യാണം അദ്ദേഹത്തിനു കൈമാറുന്നു.

4.45ന്, നാരങ്ങാനീരും തേനും ചേർത്ത ചൂടുവെള്ളം ഗാന്ധിജിക്കു മനു നൽകുന്നു. 12 ദിവസം മുൻപ് അവസാനിപ്പിച്ച ഉപവാസത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടില്ല; ഗാന്ധിജി അൽപനേരം മയങ്ങുന്നു. അരമണിക്കൂർ കഴിഞ്ഞ് ഉണരുന്നു. ഗാന്ധിജിയുടെ സഹചാരിയായിരുന്ന കിഷോറിലാൽ മഷ്‌റുവാലയ്ക്ക് തലേന്ന് എഴുതിയ കത്ത് പോസ്റ്റ് ചെയ്യാൻ ഗാന്ധിജി ഓർമിപ്പിക്കുന്നു. സേവാഗ്രാമിൽ മഷ്‌റുവാലയെ തനിക്കും കാണാമല്ലോയെന്നു മനു പറയുമ്പോൾ ഗാന്ധിജിയുടെ മറുപടി: 'ഭാവിയെക്കുറിച്ച് ആർക്കറിയാം

നടത്തത്തിനുള്ള സമയമായി. തണുപ്പായതിനാൽ, മുറിയിൽത്തന്നെയാണു നടത്തം. ഗാന്ധിജിക്കു ചുമയുണ്ട്. പനങ്കൽക്കണ്ടവും ഗ്രാമ്പു പൊടിച്ചതുമാണ് മരുന്ന്. ഗ്രാമ്പു പൊടിച്ചതു തീർന്നിരുന്നു. അതുണ്ടാക്കിയിട്ടു നടത്തത്തിൽ പങ്കുചേരാമെന്നു മനു; ഇപ്പോൾതന്നെ പൊടി ഉണ്ടാക്കിയില്ലെങ്കിൽ രാത്രിയിലേക്കു മരുന്നുണ്ടാവില്ലെന്നും. ഗാന്ധിജിയുടെ ചോദ്യം: 'ഇരുട്ടുവീഴും മുൻപ് എന്തൊക്കെ സംഭവിക്കുമെന്നോ ഞാൻ ജീവനോടെ ഉണ്ടാകുമെന്നോ ആർക്കറിയാം രാത്രിയിലും ഞാൻ ജീവനോടെയുണ്ടെങ്കിൽ, അപ്പോൾ പൊടി ഉണ്ടാക്കാവുന്നതല്ലേയുള്ളൂ

ഉഴിച്ചിലിനുള്ള മുറിയിലേക്കു പോകുന്നതിനിടെ സെക്രട്ടറി പ്യാരേലാൽ നയ്യാറുടെ മുറിയിൽചെന്ന് കോൺഗ്രസിന്റെ കരടു ഭരണഘടന കൈമാറി കുറവുകളുണ്ടെങ്കിൽ നീക്കണമെന്നു നിർദേശിക്കുന്നു.

കുളികഴിഞ്ഞ് ഭക്ഷണത്തിന് എത്തുമ്പോഴേക്കും സമയം 9.30. പുഴുങ്ങിയ പച്ചക്കറി, ആട്ടിൻപാൽ, തക്കാളി, ഓറഞ്ച്, കാരറ്റ് ജ്യൂസ് തുടങ്ങിയവയാണു കഴിക്കുന്നത്. അതിനിടെ, പ്യാരേലാലുമായി ചർച്ച. തലേന്ന് ഹിന്ദു മഹാസഭാ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയുമായി നടത്തിയ ചർച്ച ഗുണകരമായില്ലെന്നു പ്യാരേലാൽ. ഹിന്ദു മഹാസഭക്കാരിൽ ചിലരുടെ വിദ്വേഷപ്രസംഗം നിർത്തിക്കണമെന്ന അഭ്യർത്ഥനയായിരുന്നു ഡോ.മുഖർജിയോടു പ്യാരേലാൽവഴി ഗാന്ധിജി നടത്തിയത്. നവ്ഖാലിയിലേക്കു പ്യാരേലാൽ വീണ്ടും പോകണമെന്നും തനിക്കു പാക്കിസ്ഥാൻ സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും ഗാന്ധിജി പറയുന്നു. സമയം 10.30. വീണ്ടും വിശ്രമത്തിലേക്ക്.

12.30 മുതൽ വീണ്ടും സന്ദർശകരെ കാണുകയാണ്. ഡൽഹിയിലെ ഏതാനും മുസ്ലിം നേതാക്കൾ തങ്ങളുടെ പ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ചു പറയുന്നു. ബ്രിട്ടിഷ് സർക്കാരുമായുള്ള ചർച്ചകളിൽ ഗാന്ധിജിയുടെ ദൂതനായിരുന്ന സുധീർ ഘോഷും കാണാനെത്തിയിട്ടുണ്ട്. നെഹ്‌റുവും പട്ടേലുമായി ഭിന്നതകളുണ്ടെന്നു ബ്രിട്ടിഷ് പത്രങ്ങളിൽ റിപ്പോർട്ടുകൾ വരുന്നതിനെക്കുറിച്ചാണു ഘോഷ് പറയുന്നത്. പട്ടേലിന്റെ രാജിക്കത്ത് ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിലുണ്ട്.

രണ്ടു മണിക്കാണ് ലൈഫ് മാഗസിന്റെ സ്റ്റാഫ് ഫൊട്ടോഗ്രഫർ മാർഗരറ്റ് ബുർക് വൈറ്റുമായുള്ള സംഭാഷണം. 125 വയസ്സുവരെ ജീവിക്കണമെന്നു ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചതിന്റെ കാരണത്തെക്കുറിച്ചു മാർഗരറ്റ് ചോദിക്കുമ്പോൾ, ആ പ്രതീക്ഷ അസ്തമിച്ചെന്നു മറുപടി. അതെന്തുകൊണ്ടെന്ന ചോദ്യത്തിന്, ലോകത്തെ മോശമായ സംഭവങ്ങളാണു കാരണമെന്നും ഗാന്ധിജി. 3.15ന് ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെന്റി കാർട്ടിയബ്രെസൻ എത്തുന്നു. താനെടുത്ത ചിത്രങ്ങളുടെ ആൽബം അദ്ദേഹം ഗാന്ധിജിക്കു സമ്മാനിക്കുന്നു.

നാലു മണിയോടെ സർദാർ പട്ടേൽ എത്തുന്നു; മകൾ മണിബെനും ഒപ്പമുണ്ട്. നെഹ്‌റു അല്ലെങ്കിൽ പട്ടേൽ, ഒരാൾ മന്ത്രിസഭയിൽനിന്നു മാറണമെന്ന അഭിപ്രായത്തിൽനിന്നു താൻ പിന്മാറിയെന്നും രണ്ടുപേരും തുടരണമെന്ന മൗണ്ട്ബാറ്റന്റെ അഭിപ്രായമാണ് ഇപ്പോൾ തനിക്കുമെന്നും ഗാന്ധിജി പറയുന്നു; രാജി പിൻവലിക്കണമെന്നു പട്ടേലിനോട് ആവശ്യപ്പെടുന്നു; താനും നെഹ്‌റുവും പട്ടേലും ഒരുമിച്ചിരുന്നു തർക്കങ്ങൾ പറഞ്ഞുതീർക്കാമെന്നു വ്യക്തമാക്കുന്നു. ചർച്ചയ്ക്കിടെ ആഭ അത്താഴവുമായി എത്തുന്നു.

5 മണിക്കു പ്രാർത്ഥനയുള്ളതാണ്. എന്നിട്ടും, ചർച്ച തുടരുകയാണ്. സമയം വൈകുന്നതിൽ ആഭയും മനുവും അസ്വസ്ഥരാണ്. 5.10ന് മണിബെൻ ഇടപെട്ട് ചർച്ച അവസാനിപ്പിക്കുന്നു. ഗാന്ധിജി പ്രാർത്ഥനാസ്ഥലത്തേക്കു നീങ്ങുന്നു, മനുവിന്റെയും ആഭയുടെയും തോളിൽ കൈകൾവച്ചാണ് നടത്തം. ഒരാൾ 'നമസ്‌തേ! ഗാന്ധിജി' എന്നു പറഞ്ഞ് കുമ്പിടുന്നു. അയാൾ ഗാന്ധിജിയുടെ കാലുകൾ തൊട്ടുവന്ദിക്കാൻ ശ്രമിക്കുകയാണെന്നു കരുതി മനു തടയുന്നു: ബാപ്പു ഇപ്പോൾതന്നെ പ്രാർത്ഥനയ്ക്കു വൈകി, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്

അയാൾ ഇടതുകൈകൊണ്ട് മനുവിനെ തട്ടിമാറ്റി വലതുകൈകൊണ്ട് ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. 5.17. മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികൾ ഉയർന്നു. പ്രാർത്ഥനാ നിർഭരമായ നിമിഷങ്ങൾ....

പൊതു ദർശനത്തിന് വച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളെത്തി. ബിർള ഹൗസ് എല്ലാവർക്കും സന്ദർശിക്കാനാകും വിധം മ്യൂസിയമാക്കണമെന്ന് പ്രധാനമന്ത്രി ശാഠ്യം പിടിച്ചു. 1928 ൽ നിർമ്മിച്ച 12 കിടപ്പുമുറികളുള്ള വീട് വിൽക്കാൻ ഘനശ്യാംദാസ് ബിർള തയ്യറായില്ല. 1971-ൽ നീണ്ടചർച്ചകൾക്കൊടു വിൽ 54 ലക്ഷം രൂപയ്ക്ക് സർക്കാർ ബിർള ഹൗസ് വാങ്ങി. 1975 ലെ സ്വാതന്ത്ര ദിനത്തിൽ ഗാന്ധി സ്മ്യതി എന്ന പേരിൽ രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP