Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യപ്രദേശിൽ കമൽനാഥ് അത്ഭുതം കാട്ടുമോ? മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് വ്യക്തമാക്കി ഗവർണറെ കണ്ട് മുഖ്യമന്ത്രി കമൽനാഥ്; ജ്യോതിരാദിത്യ സിന്ധ്യ മറുകണ്ടം ചാടിയത് ആദായ നികുതി അന്വേഷണം ഭയന്നെന്ന ആരോപണത്തിനിടെ വ്യാജ ആധാരകേസിൽ മധ്യപ്രദേശ് സാമ്പത്തിക വിഭാഗവും അന്വേഷണം തുടങ്ങി; എംഎൽഎമാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന് കാട്ടി കോടതിയെയും സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്; വിമത എംഎൽഎമാർ സിന്ധ്യയുടെ നാമനിർദ്ദേശ സമർപ്പണത്തിലും എത്തിയില്ല

മധ്യപ്രദേശിൽ കമൽനാഥ് അത്ഭുതം കാട്ടുമോ? മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് വ്യക്തമാക്കി ഗവർണറെ കണ്ട് മുഖ്യമന്ത്രി കമൽനാഥ്; ജ്യോതിരാദിത്യ സിന്ധ്യ മറുകണ്ടം ചാടിയത് ആദായ നികുതി അന്വേഷണം ഭയന്നെന്ന ആരോപണത്തിനിടെ വ്യാജ ആധാരകേസിൽ മധ്യപ്രദേശ് സാമ്പത്തിക വിഭാഗവും അന്വേഷണം തുടങ്ങി; എംഎൽഎമാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന് കാട്ടി കോടതിയെയും സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്; വിമത എംഎൽഎമാർ സിന്ധ്യയുടെ നാമനിർദ്ദേശ സമർപ്പണത്തിലും എത്തിയില്ല

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: രാജ്യത്തെ തലമുതിർന്ന രാഷ്ട്രീയക്കാരിൽ പ്രമുഖനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള ഉടക്കിനെ തുടർന്ന് കാര്യങ്ങൾ കൈവിട്ടു പോയതോടെ മധ്യപ്രദേശിലെ ഭരണം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മറുകണ്ടം ചാടിയ സിന്ധ്യ ബിജെപി പാളയത്തിലേക്ക് നീങ്ങി രാജ്യസഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്നു. ഇന്ന് അദ്ദേഹം നോമിനേഷൻ നൽകുകയുമുണ്ടായി. എന്നാൽ കമൽനാഥ് അണിയറയിൽ ഒരുക്കി വെച്ചിരിക്കുന്നത് എന്താണ് എന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. നിരാശ പടരുന്നതിനിടെയിലും കമൽനാഥ് അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസുകാരുമുണ്ട്.

വിമത എംഎൽഎമാരുടെ രാജിയെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടണ്ടനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുത്ത ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും തടവിലാക്കിയിരിക്കുന്ന ഇവരെ മോചിപ്പിക്കണമെന്നും വെള്ളിയാഴ്ച കമൽനാഥ് ഗവർണറെ കണ്ട് അഭ്യർത്ഥിച്ചു. ഗവർണർക്ക് നൽകിയ മൂന്ന് പേജുള്ള കത്തിൽ മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വരെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇക്കാലയളവിൽ തങ്ങളുടെ എംഎൽഎമാരെ ബിജെപി പണം കൊടുത്ത് വിലക്ക് വാങ്ങിയെന്ന് കമൽനാഥ് ആരോപിച്ചു. മാർച്ച് എട്ടിന് കോൺഗ്രസിന്റെ 19 എംഎ‍ൽഎമാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലേക്ക് കടത്തി. ഇവർക്ക് ആശയവിനിമയം നിഷേധിച്ച് റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പിന്തുണക്കുന്ന 22 എംഎ‍ൽഎമാർ രാജി പ്രഖ്യാപിച്ചത്. ഇത് സർക്കാറിനെ പ്രതിസന്ധിയിലാക്കി. 230 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് 120 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സർക്കാർ താഴെവീഴുന്ന സാഹചര്യമാണ്. വിശ്വാസവോട്ടെടുപ്പിന് തങ്ങൾ തയാറാണെന്നും എന്നാൽ, 22 എംഎ‍ൽഎമാരുടെ രാജിക്കാര്യത്തിൽ തീർപ്പുണ്ടായിട്ടുമതി ഇതെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. എംഎ‍ൽഎമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സഭയുടെ അംഗബലം 206 ആകും. കോൺഗ്രസിന് 92, ബിജെപിക്ക് 107. കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം.

മാർച്ച് 16ന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനം കോവിഡ് ഭീതിക്കിടെ മാറ്റിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സമ്മേളനം നീട്ടിവെക്കുകയാണെങ്കിൽ വിമത എംഎ‍ൽഎമാരെ അയോഗ്യരാക്കാൻ സർക്കാറിന് സമയം ലഭിച്ചേക്കും. അതേസമയം ഒരു പോരാട്ടത്തിന് ഒരുങ്ങാൻ തന്നെയാണ് കമൽനാഥിന്റെ നീക്കമെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി സിന്ധ്യക്കും കുടുംബത്തിനുമെതിരെ മധ്യപ്രദേശ് സർക്കാറിന്റെ സാമ്പത്തിക അന്വേഷണ വിഭാഗം വ്യാജരേഖ ചമച്ച കേസിൽ അന്വേഷണത്തിന് അനുമതി നൽകി. ഭൂമി വിൽപ്പനയ്ക്ക് വേണ്ടി വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണമാണ് കമൽനാഥ് പൊടിതട്ടി എടുത്തിരിക്കുന്നത്.

സുരേന്ദ്ര ശ്രീവാസ്തവ എന്നയാൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവായതെന്ന് ഇക്കോണമിക് ഒഫൻസസ് വിങ് അധികൃതർ അറിയിച്ചു. നേരത്തെ, ഇതേ പരാതി 2014 മാർച്ച് 26ന് ശ്രീവാസ്തവ നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിന് ശേഷം 2018ൽ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, തെളിവുകൾ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ വീണ്ടും എത്തിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത ഒരു രേഖയിൽ സിന്ധ്യയും കുടുംബവും കൃത്രിമം കാണിച്ചുവെന്നാണ് പരാതി. 2009ൽ ധാരണപ്രകാരമുള്ള കരാറിൽ നിന്ന് 6000 ചതുരശ്ര്വ അടി കുറച്ചാണ് വിറ്റതെന്നും അതിൽ വ്യാജ രേഖ ചമച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയോടുള്ള വൈരാഗ്യം കൊണ്ടാണ് വീണ്ടും അദ്ദേഹത്തിനെതിരെയുള്ള കേസിൽ പുനരന്വേഷണം നടത്തുന്നതെന്ന് സിന്ധ്യയുടെ അടുപ്പമുള്ള പങ്കജ് ചതുർവേദി പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ മറുകണ്ടം ചാടിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ഭയന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാറും സിന്ധ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. യെസ് ബാങ്ക് സ്ഥാപകനായ റാണാ കപൂർ താമസിച്ചിരുന്ന ഫ്ളാറ്റ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുംബൈയിലെ വോർളി മേഖലയിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന സമുദ്രമഹൽ എന്ന ഇരട്ട സമുച്ചയത്തിലാണ് ഈ ഫ്ളാറ്റ്. ഗ്വാളിയർ രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്നു ഇപ്പോൾ 20 ഏക്കറിൽ പടർന്നു കിടക്കുന്ന ഈ റസിഡൻഷ്യൽ ടവർ. ആഗാ ഖാനിൽ നിന്നാണ് ഗ്വാളിയർ കുടുംബം ഇത് വിലയ്ക്കു വാങ്ങിയത്.

ചതുരശ്ര അടിക്ക് ഒന്നേകാൽ ലക്ഷം വരെ വാടകയുള്ള കെട്ടിടമാണിത്. സമുദ്രമഹലിന്റെ മിക്ക ഭാഗവും പിന്നീട് രാജകുടുംബം വിറ്റു. ഇൻഫോസിസ് ഡയറക്ടർമാരായ നന്ദൻ നിലേകനി, എൻ.ആർ നാരായണ മൂർത്തി, വേദാന്ത ഗ്രൂപ്പ് സ്ഥാപകൻ പ്രതീക് അഗർവാൾ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഐ.ടി.സി ആൻഡ് എൽ ആൻഡ് ടി കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥന്മാർ തുടങ്ങി അതിസമ്പന്നർ മാത്രമാണ് അറബിക്കടലിനോട് അഭിമുഖമായി നൽക്കുന്ന ഈ ബഹുനില സമുച്ചയത്തിൽ താമസിക്കുന്നത്. ഇന്ത്യയിൽ നിന്ന് മുങ്ങിയ വജ്ര വ്യവസായി നീരവ് മോദിക്കും കിങ് ഫിഷർ ഉടമ വിജയ് മല്യയ്ക്കും ഇവിടെ ഫ്ളാറ്റുണ്ടായിരുന്നു. ഇതിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളിൽ ഒന്നിലാണ് ഇപ്പോൾ അറസ്റ്റിലായ റാണ കപൂർ താമസിച്ചിരുന്നത് എന്നാണ് മുംബൈ മിറർ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇവിടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സമുദ്രമഹൽ ഞായറാഴ്ചയാണ് റാണ കപൂറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും.

തൊട്ടടുത്ത ദിവസം മദ്ധ്യപ്രദേശിലെ വിമത എംഎ‍ൽഎമാർ ബംഗളൂരുവിലെ റിസോർട്ടിലെത്തി. അടുത്ത ദിവസം സിന്ധ്യ രാജി വയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. നേരത്തെ, പ്രിയങ്ക ഗാന്ധിയിൽ നിന്ന് റാണാ കപൂർ, എം.എഫ് ഹുസൈൻ ചിത്രം രണ്ടു കോടിക്ക് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ സിന്ധ്യ-കപൂർ ബന്ധം പുറത്തു പറയാൻ പാർട്ടി തയ്യാറായതുമില്ല. പകരം, സിന്ധ്യ പാർട്ടിയിലേക്ക് സ്വീകരിച്ചതിന് പുറമേ, രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും വാഗ്ദാനം നൽകുകയും ചെയ്തു. എം.എഫ് ഹുസൈന്റെ ചിത്രം രണ്ടു കോടിക്ക് കപൂർ വാങ്ങിയത് ചെക്ക് മുഖേനയാണ്. പ്രിയങ്കയുടെ ആദായ നികുതി റിട്ടേണിൽ ഇത് കാണിച്ചിട്ടുമുണ്ട്.

അതേസമയം മദ്ധ്യപ്രദേശിൽ ബിജെപിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ കോൺഗ്രസിന്റെ നീക്കം നടത്തുന്നുമുണ്ട്. 19 എംഎ‍ൽഎമാരെ ബിജെപി ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും ഇവരെ കാണാൻ ശ്രമിച്ച കമൽനാഥ് സർക്കാരിലെ രണ്ടു മന്ത്രിമാരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തുവെന്നുമാരോപിച്ചാണ് കോൺഗ്രസ് സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്, വിവേക് തങ്ക എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുവ്യക്തമാക്കുന്ന തെളിവുകളും ഇവർ പുറത്തുവിട്ടിരുന്നു. മന്ത്രിമാരായ ജിതു പത്വാരി, ലഖാൻ സിങ് യാദവ് എന്നിവരെ ബംഗളൂരിൽ വച്ച് കയ്യേറ്റം ചെയ്യുന്ന വീഡിയോയാണ് ഇവർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നത്.

റിസോട്ടിൽ താമസിപ്പിച്ചിരിക്കുന്ന 19 കോൺഗ്രസ് എംഎ‍ൽഎമാരിൽ ഒരാളായ മനോജ് ചൗധരിയുടെ പിതാവ് നാരായൺ ചൗധരിക്കൊപ്പമാണ് രണ്ടു മന്ത്രിമാരും റിസോർട്ടിലേക്കു പോയത്. മനോജ് ചൗധരിയുടെ ബന്ധുവാണ് പത്വാരി. എന്നാൽ, ഇവരെ ബംഗളൂരു പൊലീസ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ദിഗ്‌വിജയ് സിങ്ങും തങ്കയും ആരോപിച്ചു. പൊലീസ് ഇവരെ കയ്യേറ്റം ചെയ്യുന്നതിന്റേയും പൊലീസ് ബസിലേക്ക് പിടിച്ചുകയറ്റുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളാണ് ഇവർ പുറത്തുവിട്ടിരുന്നത്. ഈ സമയം ചൗധരി സ്വിമ്മിങ് ഷോർട്സായിരുന്നു ധരിച്ചത്. കഴുത്തിൽ ഒരു തൂവാലയും ഉണ്ടായിരുന്നു. ഇത് തട്ടിക്കൊണ്ടുപോകലും നിർബന്ധിത അടിമത്തവുമാണെന്ന് അഭിഭാഷകൻ കൂടിയായ തങ്ക ആരോപിച്ചു.

'നിങ്ങൾ ഞങ്ങളുടെ എംഎ‍ൽഎമാരെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു പ്രദേശത്ത് ബന്ദികളാക്കുകയും ചെയ്തു. അവരുടെ പക്കൽ നിന്നു മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിനാൽ അവർക്ക് കുടുംബാംഗങ്ങളെ പോലും ബന്ധപ്പെടാൻ സാധിക്കുന്നില്ല. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഹോളി ദിവസം എംഎ‍ൽഎമാരുടെ രാജിക്കത്തുവാങ്ങി ഭോപ്പാലിലെത്തി സ്പീക്കർക്കു സമർപ്പിച്ചു. ഏത് സാഹചര്യത്തിലാണ് എംഎ‍ൽഎമാർ രാജിക്കത്തു നൽകിയതെന്ന് ആർക്കും അറിയില്ല'- തങ്ക പറഞ്ഞു.

തങ്ങളുടെ മന്ത്രിമാർ ആക്രമിക്കപ്പെട്ടു, അറസ്റ്റിലായി. ബന്ദികളായിരിക്കുന്ന ആളുകളെ മോചിപ്പിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. പൊലീസ് ചെയ്യേണ്ട കടമയാണ് നമ്മുടെ മന്ത്രിമാർ ചെയ്യാൻ ശ്രമിച്ചത്. ഒരു പിതാവ് മകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചതിനാലാണ് ഇവരെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

'ഇതിനെതിരെ ബംഗളൂർ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം. ഞങ്ങളുടെ എംഎ‍ൽഎമാരേയും മന്ത്രിമാരേയും വിട്ടയക്കണം. അല്ലെങ്കിൽ ഞങ്ങൾക്കു സുപ്രിം കോടതിയെ സമീപിക്കേണ്ടിവരും. ഞങ്ങൾക്കു ഹൈക്കോടതിയിൽ പോകാം, പക്ഷേ, ഇത് രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. ഇപ്പോൾ ഇത് സംസ്ഥാനത്തിനകത്തെ പ്രശ്നമല്ല, മറിച്ച് ദേശീയ പ്രശ്നമാണ്. സുപ്രിം കോടതി അഭിഭാഷകനായ കപിൽ സിബലുമായി ഞങ്ങൾ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ഒരുപക്ഷേ സുപ്രിം കോടതിയെ സമീപിച്ചേക്കും. എങ്ങനെയാണ് രാജ്യത്തെ ജനാധിപത്യം അപകടത്തിലാകുന്നതെന്ന് സുപ്രിം കോടതിയെ ബോധിപ്പിക്കും. ബിജെപി ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്'- തങ്ക പറഞ്ഞു.

അതിനിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജ്യസഭാ നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിലേക്ക് എത്താതെ വിമത എംഎ‍ൽഎമാർ. നേരത്തെ വിമത വിഭാഗം എംഎ‍ൽഎമാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇവർ എത്താതിരുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ബിജെപിയിൽ ചേർന്ന് രണ്ടു ദിവസത്തിന് ശേഷമാണ് സിന്ധ്യ പാർട്ടി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചത്. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.ഡി ശർമ്മ, മുതിർന്ന നേതാവ് ഗോപാൽ ഭാർഗവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നരോത്തം മിശ്രയുടെ വീട്ടിലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് നേതാക്കൾ പത്രികാ സമർപ്പണത്തിനെത്തിയത്. സിന്ധ്യയ്ക്കൊപ്പം സുമർ സിങ് സോളങ്കിലും ബിജെപിക്കായി പത്രിക സമർപ്പിച്ചു. കോൺഗ്രസിനായി മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്, ഫുൽസിങ് ഭരയ്യ എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതിനിടെ, എന്തു കൊണ്ടാണ് വിമത എംഎ‍ൽഎമാർ ചടങ്ങിനെത്താതിരുന്നത് എന്നതിൽ വ്യക്തതയില്ല. ബംഗളൂരുവിലെ റിസോർട്ടിലാണ് ഇവരുള്ളത്. ഇവരെ കാണാനായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ജിതു പട്വാരിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചിരുന്നു എങ്കിലും സാധിച്ചിരുന്നില്ല. 22 എംഎ‍ൽഎമാരില് പത്തിലേറെ പേർക്ക് ബിജെപിയിൽ ചേരുന്നതിന് വിയോജിപ്പുണ്ട് എന്നാണ് വിവരം. എംഎ‍ൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP